സിൽവർ ലൈൻ എന്നും കെ-റെയിൽ എന്നും പേരിട്ടിരുന്ന അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ. ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച, 529 കി. മീറ്റർ നീളം വരുന്ന, കാസർകോട് തിരുവനന്തപുരം യാത്രാ സമയം നിലവിലെ 10-12 മണുക്കൂറിൽ നിന്നു നാല് മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ട സിൽവർ ലൈൻ പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും ഭീമമായ സാമ്പത്തിക ഭാരവും പ്രയോഗിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഉപേക്ഷിക്കേണ്ടിവന്നത്.
വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്ന വാഗ്ദാനം യു.ഡി.എഫ് പ്രകടന പത്രികയിൽ ചേർത്തിരുന്നു. ഈ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി മുൻ സർക്കാർ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. നിർദിഷ്ട പദ്ധതി പ്രദേശങ്ങളിൽ സ്വന്തം ഭൂമി വിൽക്കനോ പണയപ്പെടുത്തനോ ബുദ്ധിമുട്ടുകയായിരുന്ന സ്ഥലമുടമകളുടെ പ്രയാസങ്ങൾ ക്രമേണ ഇല്ലാതാകുമെന്നു കരുതാം. സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെപ്പറ്റി വാചാലനാകവേ, പാലക്കാട് കൂറ്റനാട് ഉണ്ടാക്കുന്ന അപ്പം മണിക്കൂറുകൾക്കകം കൊച്ചിയിൽ കൊണ്ടുപോയി വിൽക്കാൻ സാധിക്കുമെന്ന് വരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസംഗിക്കുകയുണ്ടായി.
എം.വി. ഗോവിന്ദന്റെ 'മിൽക്ക് മെയ്ഡ് സ്റ്റോറി' തമാശയാണെന്നും സിൽവർ റെയിലിലെ 'അപ്പക്കച്ചവടം' മുതലാവില്ലെന്നും മുസ്ലീം ലീഗിലെ എൻ. ഷംസുദ്ദീൻ അന്ന് നിയമസഭയിൽ പരിഹസിച്ചിരുന്നു. പദ്ധിതക്കാവശ്യമായ തുക വിദേശ ബാങ്കുകളിൽ നിന്നു കടമെടുക്കാനായിരുന്നു മുൻ സർക്കാരിന്റെ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന, ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന കേരളം അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വലിയ കടബാധ്യത എങ്ങനെ തീർക്കുമെന്ന ചോദ്യത്തിന് മറുപടി കിട്ടിയിരുന്നില്ല. സാമ്പത്തികമായും സംസ്ഥാനത്തിനു താങ്ങാനാകാത്തതാണ് പദ്ധതി. വിഭാവനം ചെയ്ത ചെലവ് ഏകദേശം 64,000 കോടിയാണെങ്കിലും ഒന്നേകാൽ ലക്ഷം കോടി വരുമെന്നു നിതി ആയോഗ് അടക്കമുള്ള ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമാണ് കേരളം. പടിഞ്ഞാറ് ഭാഗത്തെ അറബിക്കടലിനും കിഴക്ക് പശ്ചിമഘട്ടത്തിനുമിടയിൽ നീണ്ടുകിടക്കുന്ന, തുടർച്ചയായ പ്രളയങ്ങളും ഉരുൾപൊട്ടലുകളും സംഭവിക്കുന്ന ദുർബല പ്രദേശം. കെ-റെയിൽ പദ്ധതിക്കായി 300 കി. മീറ്റർ നീളത്തിൽ വലിയ മൺതിട്ടകളാലുള്ള ട്രാക്കുകൾ പടുത്തുയർത്തേണ്ടിവരുമായിരുന്നു. ഇത് കേരളത്തിന്റെ സ്വാഭാവികമായ കിഴക്ക് പടിഞ്ഞാറ് ജലമൊഴുക്കിനെ തടസ്സപ്പെടുത്തും. 'ചൈനീസ് മതിൽ' പോലെ സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുമായിരുന്നു. ഒരു കനത്ത മഴപെയ്താൽ പോലും വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളുള്ള കേരളത്തിൽ ഇത്തരമൊരു നിർമിതി വലിയ പാരിസ്ഥിതിക ദുരന്തത്തിനു വഴിവെക്കുമെന്നു പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. നിരവധി വീടുകളും കൃഷിയിടങ്ങളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുകയും ചെയ്യും.
അതിവേഗ ഗതാഗത സംവിധാനം ആധുനിക കേരളത്തിന് അത്യാവശ്യമാണെന്ന കാര്യം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മനുഷ്യരെയും പരിസ്ഥതിയെയും ബലിയാടാക്കുന്ന വേഗത നന്നല്ലെന്നു മാത്രം. ബദൽ പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും പരിസ്ഥിതി ആഘാതവും സാമ്പത്തിക ചെലവും കുറഞ്ഞ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പ് നൽകുകയുണ്ടായി. നിലവിലുള്ള റെയിൽവേ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു അതിവേഗ റെയിൽ പദ്ധതി മെട്രോ വിദഗ്ധൻ ഇ. ശ്രീധരൻ നിർദേശിക്കുന്നുണ്ട്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയുടെ ആദ്യഘട്ടം കണ്ണൂർ മുതൽ തിരുവനന്തപുരം വരെയായിരിക്കും. രണ്ടാം ഘട്ടമായി കണ്ണൂർ കാസർകോട് പാതയും നിർമിക്കും.
പദ്ധതിക്കാവശ്യമായ 56.500 കോടി രുപയിൽ 70 ശതമാനം, 51-49 ആനുപാതത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കണം. ഇതനുസരിച്ചു സംസ്ഥാന വിഹിതം 19,380 കോടിയാണ്. ബാക്കി വരുന്ന മുപ്പത് ശതമാനം നിക്ഷേപമായോ മറ്റു മാർഗങ്ങളിലൂടെയോ കണ്ടെത്താമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ടു മലപ്പുറത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ ശ്രീധരൻ പറഞ്ഞത്. അതിവേഗ റെയിലിൽ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം മൂന്ന് മണിക്കൂർ 20 മിനിട്ട് മാത്രം. പദ്ധതിക്കാവശ്യമായ മുഴുൻ വൈദ്യുതിയും സോളാർ പാനൽ വഴി ഉത്പാദിപ്പിക്കും. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) ഉടനെ തന്നെ തയ്യാറാക്കുമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യൻ റെയിൽവേയുടെ ബ്രോഡ്‌ഗേജ് പാതയുമായി പൊരുത്തപ്പെടാത്ത സ്റ്റാൻഡേഡ് ഗേജ് ആയിരുന്നു നേരത്തെ സിൽവർ ലൈനിൽ വിഭാവനം ചെയ്തിരുന്നത്. ഇതുകാരണം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകൾക്ക് ഈ ലൈനിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നില്ല. നിലവിലുള്ള ബ്രോഡ്‌ഗേജ് പാതകൾ നിലനിർത്തിക്കൊണ്ടാണ് അതിവേഗ റെയിൽ പദ്ധതി വിഭാവനം ചെയ്യുന്നത്. ജലപാതാ വികസനവും വ്യോമയാന ശൃംഖലയുടെ വിപുലീകരണവും പരിഗണിക്കാവുന്നതാണ്. കോവളം മുതൽ ബേക്കൽ വരെ 500 കി. മീറ്റർ ദൈർഘ്യമുളള വെസ്റ്റ് കോസ്റ്റ് കനാൽ പൂർണമായി പ്രവർത്തന സജ്ജമാക്കിയാൽ ചരക്കുനീക്കവും ഒരു പരിധി വരെ വിനോദ സഞ്ചാര യാത്രകളും ഇതുവഴിയാക്കാനാകും. വൻകിട ലോറികളുടെ എണ്ണവും തിരക്കും കുറയ്ക്കാനും ഇത് സഹായമാകും. പരിസ്ഥിതിക്ക് ഒട്ടും പോറലേൽപ്പിക്കാത്ത വികസന മാതൃക.
പുതിയ പാതകൾ മാത്രമല്ല വികസനം; നിലവിലുള്ള ഗതാഗത സംവിധാനങ്ങളെ കാര്യക്ഷമമാക്കുന്നതും വികസനമാണ്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര വിമാന സർവീസുകൾ വർധിപ്പിക്കുന്നതും അടിയന്തിര പ്രാധാന്യമുള്ള യാത്രക്കാർക്ക് ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ 'ഉഡാൻ പദ്ധതി' മാതൃകയിൽ സബ്‌സിഡി നിരക്കിൽ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളെ ഉൾപ്പെടുത്തി ചെറിയ വിമാന ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കാൻ കഴിയും.
നിരക്കട്ടെ ഇ-ബസ്
നമ്മുടെ ഭൗതിക ചുറ്റുപാടുകൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങൾ ചിട്ടപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നത് പുരോഗതിയിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന ഏതൊരു സമൂഹത്തിനും ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. വിവിധ ഘട്ടങ്ങളിൽ ശാസ്ത്ര സങ്കേതിക രംഗങ്ങളിലുണ്ടായ കണ്ടുപിടുത്തങ്ങളും മുന്നേറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഒരോ സമൂഹവും അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളത്. അതുകൊണ്ട് ജീവിതം കൂടുതൽ പ്രശ്‌നരഹിതമാക്കാനും കുറ്റമറ്റതാക്കാനും ലഭിക്കുന്ന ഏതവസരവും നമുക്ക് ഉപയോഗിച്ചേ പറ്റൂ. ഇവിടെയാണ് യാത്രാസൗകര്യത്തിലെ ഒരു മാതൃകാ വ്യതിയാനം പോലെ നമ്മെ ആകർഷിക്കുന്ന ഇലക്ട്രിക്കൽ ബസ്സുകളുടെ സാംഗത്യം കുടികൊളളുന്നത്.
നമ്മുടെ ജീവിത ചുറ്റുപാടുകളുടെ സങ്കീർണത, അത് സൃഷ്ടിക്കുന്ന കാലികവും കാലാതീതവുമായ പ്രശ്‌നങ്ങൾ, അവ ഒഴിവാക്കുന്നതിനു സഹായകമായ മാർഗങ്ങൾ, അവ ഉപയോഗപ്പെടുത്തുമ്പോഴുണ്ടാകുന്ന ലാഭനഷ്ടങ്ങൾ, അതുളവാക്കുന്ന സൗകര്യസാദ്ധ്യത എന്നിങ്ങനെ നാനാ വശങ്ങൾ പരിശോധിച്ചു വേണം പുതുമയാർന്ന ഏതൊരു സംവിധാനവും നാം പ്രയോജനപ്പെടുത്തേണ്ടത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഇ-ബസുകൾ പരീക്ഷിക്കുന്നത് പലനിലകളിൽ ആശ്വാസകരവും പ്രതീക്ഷാനിർഭരവുമാണ്.
ഡീസൽ ഉപയോഗിക്കുന്ന ബസുകളേക്കാൾ കുറഞ്ഞ ഇന്ധനച്ചെലവ്, ഡ്രൈവറുടെയും ശമ്പളത്തിന്റെയും ബാദ്ധ്യതയില്ലായ്മ, വൈദ്യുതി ചാർജിങ്ങ് നികുതി, ഇൻഷ്വറൻസ് എന്നിവയുടെ ചെലവിൽ നിന്നുള്ള മോചനം എന്നിവ ഇ-ബസുകളുടെ ആകർഷണീയതയാണ്. പുക കൊണ്ടുള്ള മലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാകുന്നു എന്നതും ഇ-ബസുകളുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ യാത്ര ഡീസൽ വാഹനങ്ങളിലേതിനേക്കാൾ താരതമ്യേന സുഖകരമാണെന്ന് ഇപ്പോൾത്തന്നെ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ ഇ-ബസുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അടിക്കടി ഉണ്ടാകുന്ന ഡീസൽ വില വർദ്ധനവിന്റെ ഭാരം ഒഴിവാക്കാനും ഇ-ബസുകൾ സഹായകമാകും. 12 വർഷത്തെ ഗ്യാരന്റിയോടെ കേന്ദ്ര സർക്കാരാണ് 950 ഇബസുകൾ നൽകുന്നത് എന്നതുകൊണ്ട് നമുക്ക് ബാദ്ധ്യതകളൊന്നും ഉണ്ടാകുന്നുമില്ല. കണ്ടക്ടറെ വച്ച് കിലോമീറ്ററിന് 8 രൂപ വേതനം നൽകണമെന്ന ബാദ്ധ്യതയേയുള്ളൂ. ഇങ്ങനെ നാനാ തലങ്ങളിൽ ആലോചിക്കുമ്പോൾ നഗരയാത്രയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ഇലക്ട്രിക് ബസുകൾ എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയാൻ കഴിയും.
ലോകത്തിന്റെ ഏതു ഭാഗത്തുമുണ്ടാകുന്ന സങ്കേതിക വിദ്യയുടെ നവീകരണ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഔത്സുക്യം കാണിക്കുന്നവരാണ് മലയാളികൾ. കമ്പ്യൂട്ടർ ഉപയോഗത്തിനോട് തുടക്കത്തിൽ കാട്ടിയ വൈമുഖ്യം ഒഴിവക്കേണ്ടതായിരുന്നു എന്നു തിരിച്ചറിഞ്ഞവരാണ് നമ്മൾ. അതുകൊണ്ട് ഇന്ധനം, ഊർജം, കാലാവസ്ഥ എന്നിവയിലെയെല്ലാം കയറ്റിറക്കങ്ങൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ ഭാവി കൂടി മുന്നിൽക്കണ്ട് ഇ-ബസുകളുടെ ഉപയോഗത്തിലേക്കു നഗര ഗതാഗത സംവിധാനം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കെ.എസ്.ആർ.ടി.സി സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുമ്പോഴും കൂടുതൽ ബസുകൾ ആവശ്യമാണ്. പിണറായി ഗവൺമെന്റിന്റെ കാലത്ത് ഈ സാദ്ധ്യത പ്രയോജനപ്പെടുത്താതിരുന്നത് മന്ത്രിയായിരുന്ന കെ.ബി. ഗണേശ് കുമാറിന്റെ അനാവശ്യ പിടിവാശിയിലാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇവിടെ ആവശ്യത്തിനു ബസ് ഉണ്ടെന്ന ന്യായീകരണമാണ് അദ്ദേഹം പറഞ്ഞത്. ഇനി ആ തർക്കവിതർക്കങ്ങളിലേക്ക് പോകുന്നതിനു പകരം, കൃത്യമായ നിലപാടെടുത്ത് മുന്നോട്ടു പോവുകയാണാവശ്യം. ഗതാഗത വകുപ്പിന്റെ സാരഥ്യത്തിലേക്കു വന്ന മന്ത്രി സി.പി. ജോണിന് അതിനുള്ള ഇച്ഛാശക്തിയും കർമ കുശലതയും പുറത്തെടുക്കാൻ കഴിയട്ടെ.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
