ചികിത്സയ്ക്ക് ശേഷം കെ. കരുണാകരൻ അമേരിക്കയിൽ നിന്നും മടങ്ങിയെത്തുമ്പോൾ

SEPTEMBER 12, 2024, 12:09 PM

അമേരിക്കയിൽ മാസങ്ങളോളം കെ. കരുണാകരന് ചികിത്സ വേണ്ടിവന്നു. അപ്പോഴാണ് കേരളത്തിലെ കോൺഗ്രസിൽ തിരുത്തൽവാദം ഉയിർത്തെഴുന്നേറ്റത്. കരുണാകരന്റെ ചൂടും ചൂരും അനുഭവിച്ച കോൺഗ്രസിന്റെ യുവനേതൃത്വം തിരുത്തൽവാദികളായി. എന്ത് തിരുത്തണമെന്നും ആരെ തിരുത്തണമെന്നും വ്യക്തമല്ലെങ്കിലും പുതിയൊരു ഗ്രൂപ്പ് രൂപം കൊള്ളുകയായിരുന്നു. അതുവരെ 'ലീഡർ' എന്ന ഓമനപ്പേര് ചാർത്തിക്കൊടുത്തവർ തന്നെ 'ഡീലർ' എന്നു രഹസ്യമായി പരിഹസിക്കാൻ വരെ തയ്യാറായി.

യു.ഡി.എഫ് മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങൾ അതിരൂക്ഷമായിക്കൊണ്ടിരിക്കെ വയലാർ രവിയും സി.വി. പത്മരാജനും സടകുടഞ്ഞ് എഴുന്നേറ്റു. അവർ ഷാനവാസിനെയും കൂട്ടി നേരെ ശിഹാബ് തങ്ങളെ പോയി കണ്ടു. ഏറെനേരം സംസാരിച്ചു. ഇതിനിടെ മറ്റൊരു സംഭവം ഉണ്ടായി. കരുണാകര പക്ഷത്ത് പുതിയ ചേരിതിരിവുകളും സമവാക്യങ്ങളും ഉരുണ്ടുകൂടുന്നതായി പ്രധാന പത്രങ്ങളിൽ എക്‌സ്‌ക്ലൂസീവ് വാർത്തകൾ വന്നുകൊണ്ടിരുന്നു.

മുഖ്യമന്ത്രിയായിരിക്കെയാണല്ലോ കെ.കരുണാകരൻ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. മാസങ്ങളോളം കരുണാകരന് അമേരിക്കയിൽ ചികിത്സ വേണ്ടിവന്നു. അപ്പോഴാണ് കേരളത്തിലെ കോൺഗ്രസിൽ തിരുത്തൽവാദം ഉയിർത്തെഴുന്നേറ്റത്. കരുണാകരന്റെ ചൂടും ചൂരും അനുഭവിച്ച കോൺഗ്രസിന്റെ യുവനേതൃത്വം തിരുത്തൽവാദികളായി. എന്ത് തിരുത്തണമെന്നും ആരെ തിരുത്തണമെന്നും വ്യക്തമല്ലെങ്കിലും പുതിയൊരു ഗ്രൂപ്പ് രൂപം കൊള്ളുകയായിരുന്നു.

vachakam
vachakam
vachakam


അതുവരെ 'ലീഡർ' എന്ന ഓമനപ്പേര് ചാർത്തിക്കൊടുത്തവർ തന്നെ ഡീലർ എന്നു രഹസ്യമായി പരിഹസിക്കാൻ വരെ തയ്യാറായി. മന്ത്രി രാമകൃഷ്ണന്റെ വീട്ടിൽ രഹസ്യ ഗ്രൂപ്പ് യോഗം. മുഖ്യമന്ത്രി കരുണാകരന്റെ അഭാവത്താൽ ചില വ്യക്തികൾ എടുക്കുന്ന തീരുമാനങ്ങളും രീതികളും പിടിക്കാത്തവരാണ് ഗ്രൂപ്പ് യോഗങ്ങളിൽ സജീവമായി പങ്കുകൊണ്ടത്.

തിരുവല്ലയ്ക്ക് അടുത്ത് ചരൽകുന്നിൽ കേരള കോൺഗ്രസിന്റെ (എം) ഒരു നേതൃ ക്യാമ്പ് നടന്നിരുന്നു. അവിടെയും യു.ഡി.എഫ് സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മന്ത്രിസഭ ഉപസമിതി യോഗത്തിലും പൊട്ടിത്തെറി ഉണ്ടായി. ഉന്നത പോലീസ് മേധാവികൾക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സി.വി. പത്മരാജന് സർക്കാരിന്റെ രൂക്ഷമായ വിമർശനം അവരെ അറിയിക്കേണ്ടിവന്നു.

vachakam
vachakam
vachakam

പിന്നീട് പത്രസമ്മേളനം വിളിച്ച് ആ വിവരം പരസ്യമാക്കുകയും ചെയ്തു. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് വാഷിംഗ്ടൺ നിന്ന് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു കരുണാകരൻ. അതിനുമുമ്പ് ഡൽഹിയിൽ എത്തുമ്പോൾ  ഒരു അനുരഞ്ജന ചർച്ച വേണ്ടി വരുമെന്ന് കരുണാകരൻ കണക്കുകൂട്ടി. അതിനുള്ള കരുക്കൾ നീക്കി. അങ്ങനെ ആഗസ്റ്റ് 11 രാത്രി എയർ ഇന്ത്യ വിമാനത്തിൽ മുഖ്യമന്ത്രി കരുണാകരൻ ഡൽഹിയിൽ എത്തി. ഉമ്മൻചാണ്ടിയും സുധീരനും തിരുവഞ്ചൂരും ആര്യാടൻ മുഹമ്മദും ആ സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്നു. പിറ്റേദിവസം രാവിലെ കേരള ഹൗസിലെ 14-ാം നമ്പർ മുറിയിൽ കരുണാകരൻ വിശ്രമിച്ചു. ആരോഗ്യം തിരിച്ചുകിട്ടിയതിലുള്ള സന്തോഷം ലീഡറുടെ മുഖത്ത് പ്രകടമായിരുന്നു.എന്നാൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കാണാനെത്തിയപ്പോൾ കാര്യമായ ചർച്ചകൾക്കൊന്നും കരുണാകരൻ മുതിർന്നില്ല.

ഉമ്മൻചാണ്ടിയും കൂട്ടരും മുറി വിട്ടതിന്‌ശേഷം എ.കെ. ആന്റണി ആ മുറിയിലെത്തി. രോഗി സന്ദർശനം ആയിരുന്നു ലക്ഷ്യമെന്ന മട്ടിലാണ് ആന്റണി എത്തിയത്. എന്നാൽ അതൊരു രാഷ്ട്രീയ ചർച്ചാവേദിയായി മാറാൻ ഏറെ നേരം വേണ്ടി വന്നില്ല. സത്യത്തിൽ അത് ഐ പക്ഷ നേതാക്കൾ തന്നെ ഒരുക്കിയ ഒരു തന്ത്രമായിരുന്നു. ആന്റണി മുറിയിൽ എത്തിയശേഷം കരുണാകരനും ആന്റണിയും ചർച്ച നടത്തി.കുറെക്കഴിഞ്ഞ് പത്മരാജൻ, വയലാർ രവി, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ മുറിയിലേക്ക് വന്നതോടെ ചർച്ച മറ്റൊരു ദിശയിലേക്ക് നീങ്ങി.

കേരളത്തിലെ ഒട്ടുമിക്ക നേതാക്കളും ഡൽഹിയിലുള്ള സ്ഥിതിക്ക് പ്രധാനമന്ത്രി നരസിംഹ റാവുവിനോട് കേരള രാഷ്ട്രീയ പ്രശ്‌നങ്ങൾ ഡൽഹിയിൽ വെച്ച് തന്നെ ചർച്ച ചെയ്‌തൊരു പരിഹാരം ഉണ്ടാക്കി കൂടെ എന്ന് കരുണാകരൻ ചോദിച്ചു. നരസിംഹറാവു കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെ വിളിച്ച് വേണ്ടത് ചെയ്യാൻ നിർദ്ദേശം നൽകി.

vachakam
vachakam
vachakam

അദ്ദേഹം കേരള ഹൗസിൽ എത്തി കരുണാകരനെയും വയലാർ രവിയേയും കണ്ട ശേഷം ഇരുവരെയും ജവഹർ ഭവനിലേക്ക് വിളിപ്പിച്ചു. ആന്റണി ഗ്രൂപ്പിന്റെ പ്രതിനിധിയായി ഉമ്മൻചാണ്ടിയും സുധീരനും ആര്യാടൻ മുഹമ്മദും തിരുവഞ്ചൂരും എത്തി. കരുണാകര പക്ഷത്ത് നിന്ന് വയലാർ രവി, കാർത്തികേയൻ, കെ. മുരളീധരൻ, എം.ഐ.ഷാനവാസ് എന്നിവരാണ് എത്തിയത്.

ആദ്യമേ തന്നെ ഉമ്മൻചാണ്ടി ഗ്രൂപ്പിനോട് ഏതാണ്ട് 20 മിനിറ്റ് നേരം അഹമ്മദ് പട്ടേൽ സംസാരിച്ചു, പിന്നെ മറുഭാഗവുമായി ഏതാണ്ട് അത്രയും സമയം തന്നെ സംസാരിച്ച ശേഷം ഇരു കൂട്ടരെയും ഒരുമിച്ചിരുത്തി. ആ ചർച്ച പുരോഗമിക്കവേ എ.കെ. ആന്റണിയും അവിടെയെത്തി. ആറുമാസത്തിനുള്ളിൽ പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കാനാകുമെന്ന് ഉറപ്പാണ് അഹമ്മദ് പട്ടേൽ നൽകിയത്.

ഇതിനിടെ കേരളത്തിൽ മറ്റൊന്ന് സംഭവിച്ചു, നിയമസഭാ കക്ഷി യോഗം ചേരുക. യു.ഡി.എഫ് ഭരണത്തിൽ സമൂലമായ അഴിച്ചുപണി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പോലീസിൽ മാത്രമല്ല അഴിച്ചു പണി. എല്ലാ മേഖലയിലും അതുണ്ടായേ പറ്റൂ. ലീഗിനെ ഒതുക്കാൻ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസിലും ഉള്ളവർ ശ്രമിക്കുന്നുണ്ടെന്ന് ആശങ്കപ്പെട്ടു.

എന്നാൽ മുഖ്യമന്ത്രി വന്നതിനുശേഷം ഇതിനൊരു പരിഹാരം ഉണ്ടായില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് തങ്ങൾ പോകുമെന്ന് അവർ പ്രഖ്യാപിച്ചു. ഈ വിവരങ്ങൾ അത്രയും പ്രധാനമന്ത്രി നരസിംഹറാവുവിനെ അറിയിക്കാൻ കുഞ്ഞാലിക്കുട്ടിയെ നിയോഗിച്ചു. തൊട്ടടുത്ത ദിവസം തന്നെ കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രിയെ കണ്ടു. 20 മിനിറ്റോളം സംസാരിച്ചു. കേരളത്തിൽ യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തന ശൈലി മാറ്റിയെ പറ്റൂ എന്നാണ് ലീഗിന്റെ ഖണ്ഡിതമായി അഭിപ്രായം എന്ന് പ്രധാനമന്ത്രി റാവുവിനെ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം വ്യാമസേനയുടെ വിമാനമായ രാജഹംസത്തിൽ കെ. കരുണാകരൻ തിരുവനന്തപുരത്തെത്തി. വൻ സ്വീകരമാണ് അദ്ദേഹത്തിന് ലഭിച്ചത്. അന്നുതന്നെ അദ്ദേഹം മുഖ്യമന്ത്രിയുടെ  ചുമതല ഏറ്റെടുത്തു. കാറ്റും കോളും ഉരുണ്ടു കൂടുന്നുണ്ടെങ്കിലും രംഗം ഇപ്പോൾ ശാന്തമാണ്. ഓഗസ്റ്റ് 16ന് ഞായറാഴ്ച എ.കെ. ആന്റണി പുതുതായി നിർമ്മിച്ച അഞ്ജനം എന്ന മനോഹരമായ കൊച്ചു വീടിന്റെ ഗൃഹപ്രവേശം നിശ്ചയിച്ചിരിക്കുകയാണ്. ആന്റണി പ്രത്യേകിച്ച് ആരെയും ക്ഷണിച്ചില്ലെങ്കിലും പാലുകാച്ചൽ എന്ന ചടങ്ങിന് ഉമ്മൻചാണ്ടി ഉൾപ്പെടെ പലരും അറിഞ്ഞും കേട്ടും എത്തി. പിറ്റേദിവസം ഒരു ദുഃഖ വാർത്തയുമായാണ് കേരളം ഉണർന്നത് കെ.കെ. വിശ്വനാഥൻ അന്തരിച്ചു.

അത് സത്യത്തിൽ കോൺഗ്രസിന് ഒരു തീരാനഷ്ടമായിരുന്നു. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും ആദർശ്ശാത്മകതയുടെയും ഇടതുപക്ഷ ആഭിമുഖ്യത്തിന്റെയും പരിവേഷം നൽകുന്നതിൽ സി.കെ. ഗോവിന്ദൻ നായർ എന്ന സി.കെ.ജി ക്കൊപ്പം മുഖ്യ പങ്കുവഹിച്ച ആളായിരുന്നു വിശ്വനാഥൻ വക്കീൽ. കെ.എസ്.യുവിന്റെ നിർണായക വളർച്ചഘട്ടത്തിൽ കെ.സി. എബ്രഹാം മാസ്റ്റർ കെ.പി.സി.സി പ്രസിഡന്റും കെ.കെ. വിശ്വനാഥൻ, ടി.ഒ. ബാവ എന്നിവർ ജനറൽ സെക്രട്ടറിമാരും ആണ്. മൂവരും കെ.എസ്.യുവിനെയും യൂത്ത് കോൺഗ്രസിനെയും വളർത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.

ചെറുപ്പക്കാരിൽ പുരോഗമന ചിന്ത വളർത്തിക്കൊണ്ടുവരാനും അവർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുവാനും വിശ്വനാഥൻ വക്കീൽ മുൻകൈയെടുത്തു. 1969ലെ പിളർപ്പിൽ കെ.പി.സി.സി നേതൃത്വം രണ്ട് തട്ടിൽ ആയപ്പോൾ വിശ്വനാഥൻ വക്കീൽ ഇന്ദിരാഗാന്ധിയോടൊപ്പം നിന്നു. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി. 1970ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വിശ്വനാഥൻ വക്കീൽ സി.എം. സ്റ്റീഫൻ, കെ. കരുണാകരൻ എന്നിവർ കോൺഗ്രസ് ഐയുടെ മുഖ്യ നേതാക്കളായി മാറിയിരുന്നു.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam