ഏതിലെ പോയാൽ വീട്ടിലെത്താം എന്ന് കുട്ടികൾക്കായി ഒരു കളിച്ചിത്രം ഇല്ലേ, അതുപോലെ മുതിർന്നവർക്കായി ഒരു സമസ്യ ഇതാ: ഇവിടെ കളി തമാശയല്ല, കാര്യം തന്നെയാണ് സമസ്യ എന്നുള്ളതാണ് പ്രധാന വ്യത്യാസം. കള്ളനെ കണ്ടുപിടിക്കുക എന്നാണ് ഈ കളിയുടെ പേര്.
ചോദ്യം ഇതാണ്: 30 കൊല്ലം ജോലി ചെയ്ത ഒരാൾ റിട്ടയർ ചെയ്‌പ്പോൾ കിട്ടിയ സമ്പാദ്യം 12 ലക്ഷം രൂപ ഒരു നാഷണലൈസ്ഡ് ബാങ്കിൽ നിക്ഷേപിച്ചു. പത്തു കൊല്ലം മുമ്പായിരുന്നു ഇത്. അന്ന് ഒരു കിലോ അരിക്ക് 12 ഉറുപ്പികയായിരുന്നു വില. എല്ലാറ്റിന്റെയും വിലനിലവാരം ആ തോതിൽ തന്നെ. ഇപ്പോൾ അരിക്ക് വില കിലോക്ക് 60 ഉറുപ്പിക. ഇതേ തോതിൽ എല്ലാറ്റിനും വില കൂടി. അഥവാ ഉറുപ്പികയുടെ വില അഞ്ചിലൊന്നായി കുറഞ്ഞു. അതായത് അയാൾ ബാങ്കിലിട്ട തുകയുടെ അഞ്ചിൽ നാലു ഭാഗവും ആരോ അടിച്ചുമാറ്റിയിരിക്കുന്നു!
ഈ മോഷണം നടത്തിയത് ആരാണ് എന്നാണ് കണ്ടെത്തേണ്ടത്. കള്ളന്മാരോ കൊള്ളക്കാരോ അല്ല. ഒരു പൂട്ടും ആരും പൊളിച്ചിട്ടില്ല. ലക്ഷം 12ഉം ബാങ്കിൽ തന്നെ ഉണ്ടല്ലോ. കൊള്ളയടിച്ചത് ബാങ്ക് അല്ല. കടലാസിൽ എഴുതി കൊടുത്ത മുഴുവൻ തുകയും അയാൾക്ക് എപ്പോൾ വേണമെങ്കിലും തിരിച്ച് എടുക്കാമല്ലോ.
എലിയോ ചിതലോ തിന്നതല്ല. ബാങ്കിൽ ആവശ്യത്തിനു കീടനാശിനികളും എലി കെണികളും ഒക്കെ ഉണ്ട്. പണ്ട് കലക്കത്ത് കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴ തമ്പുരാനോട് പറഞ്ഞപോലെയാണ് കാര്യം:
ഉണ്ട് എന്നാൽ ഇല്ല! ഇല്ല എന്ന് പറയാൻ വയ്യ!
കാരണം, ഉണ്ട്! 'ഉണ്ടില്ല' എന്ന അവസ്ഥ!!
ഞാൻ എന്റെ വീട്ടുകാരിയോട് ചോദിച്ചു. സാമ്പത്തിക ശാസ്ത്രം പഠിച്ച അവൾക്കും അറിയില്ല. ഒന്നുരണ്ടു ബാങ്ക് മാനേജർമാരോട് അന്വേഷിച്ചു. അവർ ചിരിച്ചതേ ഉള്ളൂ. അറിവുണ്ടെങ്കിലും പറയാൻ മടി!
പണമിടപാട് നടത്തുന്നവർ ആരും തന്നെ അറിയാമെങ്കിലും പറയില്ല എന്ന് ഒരു സൂത്രക്കാരൻ പറഞ്ഞു തന്നു. കാരണം, എല്ലാ കച്ചവടക്കാർക്കും ഇതാണ് ലാഭം. അവർ ഉറങ്ങുമ്പോൾ അവരുടെ സ്റ്റോക്കിന്റെ വില കൂടിക്കൊണ്ടിരിക്കും! എല്ലാ കച്ചവടവും ലാഭം!
നമ്മുടെ മുതലും നമ്മളെയും സംരക്ഷിക്കേണ്ട സർക്കാർ തന്നെയാണ് നമ്മുടെ മുതൽ മോഷ്ടിക്കുന്നത് എന്ന് പറഞ്ഞുതന്നത് നാട്ടിലെ ഒരു വക്കീൽ ഗുമസ്തൻ ആണ്. നോട്ട് അച്ചടിക്കാൻ അവർക്കേ അവകാശമുള്ളൂ. അവർ ആവശ്യം പോലെ അത് ചെയ്യുന്നു. കേടായ നോട്ടിന് പകരം മാത്രമല്ല അവർക്ക് ആവശ്യമുള്ളതൊക്കെ അച്ചടിച്ചെടുക്കും.
അങ്ങനെ ദിനംതോറും പണപ്പെരുപ്പം വർദ്ധിക്കും. അതനുസരിച്ച് പണത്തിന്റെ വില കുറയും. 12 ലക്ഷത്തിന് 10 കൊല്ലം മുമ്പ് ഉണ്ടായിരുന്നതിന്റെ ആറിൽ ഒന്ന് മതിപ്പേ ഉള്ളൂ ഇപ്പോൾ എങ്കിൽ അതിന്റെ ആറിൽ അഞ്ചും കൊള്ളയടിച്ചു കൊണ്ടുപോയത് സാക്ഷാൽ സർക്കാർ! എന്നാൽ അതിപ്പോൾ അവരുടെ കയ്യിൽ ഉണ്ടോ? ഇല്ല! അത് ലോകത്തുള്ള കച്ചവടക്കാരുടെ ലാഭമായി മാറി.
പക്ഷേ, പരാതി പറയാൻ നിവൃത്തിയില്ല. കാരണം, ഭരണം ജനാധിപത്യമാണ്. എന്നുവെച്ചാൽ നമുക്ക് വേണ്ടി നമ്മെ നാം തന്നെ ഭരിക്കുന്ന വ്യവസ്ഥിതി! അതായത് തത്വത്തിൽ നമ്മുടെ മുതൽ നാം തന്നെ മോഷ്ടിച്ചു! ഈ ഉത്തരം എഴുതിയാലേ നൂറു മാർക്ക് കിട്ടു!!
കാതലായ കാര്യം: തന്റെ മുതൽ സൂക്ഷിക്കാൻ അറിയാത്തവന്റെ സമ്പാദ്യം നാണമില്ലാത്തവർ കട്ടു കൊണ്ടു പോകുന്നു!!
സത്യമേവ ജയതേ!!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1