'നാട്ടുമൃഗ'ങ്ങൾക്ക് വായിക്കാൻ ഒരു ഫ്‌ളെക്‌സ്; ചക്കക്കൊമ്പാ നേതാവേ, ധീരതയോടെ തകർത്തോളൂ ...

MARCH 13, 2024, 7:49 PM

സംസ്ഥാനത്തെ റേഷൻ വിതരണം മസ്റ്ററിംഗ് എന്ന കുന്ത്രാണ്ടം മൂലം ഇപ്പോൾ തകരാറിലാണ്. ജില്ലകളെ രണ്ടായി തിരിച്ച് ഷിഫ്റ്റ് ആയി. റേഷൻ നൽകാൻ ശ്രമിച്ചിട്ടും കമ്പ്യൂട്ടർ സംവിധാനങ്ങൾ കാല് വാരിയതോടെ വീണ്ടും റേഷൻകടകൾ നിശ്ചലമായി.
ഭരണീയവർഗത്തിന് അറിയാത്തതല്ല, ഒരു റേഷൻ കാർഡുടമയുടെ യാതനകൾ. പ്രായമായവരാണ് മിക്കവാറും റേഷൻകടകളിൽ പോകാൻ നിയോഗിക്കപ്പെടുന്നത്.

മറ്റുള്ളവർ ദിവസക്കൂലിക്കാരായതിനാൽ, അവർ റേഷൻ വാങ്ങാൻ പോയാൽ ഒരു ദിവസത്തെ തച്ച് കാശ് (ദിവസക്കൂലി) നഷ്ടമാകും. പൊരിവെയിലത്ത് ചിലർ എങ്ങനെയെങ്കിലും റേഷൻ കടയിലെത്തുമ്പോഴാണ് ഈ പോസ് മെഷീൻ പണിമുടക്കിയതു മൂലം റേഷൻ വിതരണം തടസ്സപ്പെട്ടതായി അറിയുന്നത്. ശാരീരികമായി അവശതയുള്ളവർ ഒട്ടോ പിടിച്ചാണ് റേഷൻ വാങ്ങാനെത്തുക. തപ്പിപ്പെറുക്കി ഒരു വിധത്തിൽ ഒപ്പിച്ച റേഷൻ വാങ്ങാനുള്ള പണവും ഒട്ടോ കൂലിയും മാത്രമുള്ള ആ പാവങ്ങളുടെ മടിശ്ശീല ഒന്നുകൂടി മെലിഞ്ഞ് പിടയും.

ഏതായാലും ഇടുക്കി ജില്ലയിലെ പന്നിയാറിൽ അരിക്കൊമ്പൻ സ്ഥിരമായി ആക്രമിച്ചിരുന്ന റേഷൻ കട, ഈ പട്ടിണിപ്പാവങ്ങളുടെ പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ, 14-ാം തവണയും ആക്രമിച്ചത് ചക്കക്കൊമ്പനാണ്. ചക്കക്കൊമ്പൻ ഭരണവിരുദ്ധ സമരക്കാരനാണെന്ന് ഇടുക്കി സി.പി.എം. ജില്ലാ കമ്മറ്റിക്ക് സംശയമുണ്ട്. കാരണം, ചക്കക്കൊമ്പൻ റേഷൻ കടയുടെ മുമ്പിൽ സ്ഥാപിച്ച ഹാങ്ങിംഗ് ഫെൻസിംഗ് തകർക്കാൻ വലിച്ചു പറിച്ചെറിഞ്ഞത് സി.ഐ.ടി.യുവിന്റെ കൊടിമരമാണ്. റേഷൻ കിട്ടാതെ നെട്ടോട്ടമോടുന്ന പട്ടിണിപ്പാവങ്ങൾക്ക് പാങ്ങില്ലാത്തതുകൊണ്ട് റേഷൻ കട തകർത്ത ചക്കക്കൊമ്പന് അഭിവാദ്യമർപ്പിക്കുന്ന ഫ്‌ളെക്‌സ് ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നേ പറയാനാവൂ.

vachakam
vachakam
vachakam

ഇരുട്ടിൽ കരിംപൂച്ചയില്ലെങ്കിലും...

എൽ.ഡി.എഫും യു.ഡി.എഫും പൗരത്വ പ്രശ്‌നത്തിന്റെപേരിൽ കേരളത്തിൽ സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സി.എ.എ. എന്ന ചുരുക്കപ്പേരിലുള്ള ബിൽ കേരളത്തിൽ ബാധകമാകില്ലെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും ഇല്ലാത്ത കരിപൂച്ചയെ ഇരുട്ടുണ്ടാക്കി തപ്പുന്ന മരമണ്ടൻ ഏർപ്പാട് വോട്ട് ബാങ്ക് പ്രീണനമാണ്. കേരളത്തിൽ ബില്ലിൽ പരാമർശിക്കുന്ന അഭയാർത്ഥികളില്ല. മാത്രമല്ല, കേരളത്തിന്റെ പ്രതിഷേധം നിയമസഭയിൽ ബില്ലായി മാറിയപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും 'നോ' എന്നു പറഞ്ഞതുമാണ്. എന്നിട്ടും തിളച്ചു മറിയുന്ന മീനച്ചൂടിൽ പ്രവർത്തകരെ  കഷ്ടപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ എന്തിന് തയ്യാറാകുന്നു? സുബോധമുള്ളവർക്കു പോലും ഇക്കാര്യത്തിൽ മറുപടി നൽകാനാവില്ല.

രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്. എങ്ങനെയും എറണാകുളം ഡി.സി.സി പ്രസിഡന്റായ മുഹമ്മദ് ഷിയാസിനെ പൂട്ടിയേ പറ്റൂ എന്ന മദപ്പാടിലാണ് മൂവാറ്റുപുഴ ഡിവൈ.എസ്.പി. തോമസ്. കോടതികളുടെ കനിവിലാണ് ഷിയാസ് ഇപ്പോൾ പ്രതീക്ഷയർപ്പിക്കുന്നത്. കോതമംഗലത്തെ കെ.പി.വർക്കി ആൻഡ് സൺസിന്റെ ജ്വല്ലറിയുടെ മുമ്പിൽ നിന്ന് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷിയാസിനെ പൊലീസ് വാഹനത്തിൽ കയറ്റി മൂന്നു മണിക്കൂറോളം പട്ടണ പ്രദക്ഷിണം നടത്തിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

vachakam
vachakam
vachakam

പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥന്റെ മരണത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ട എസ്.എഫ്.ഐക്കാരായ വിദ്യാർത്ഥികളെ വിനോദയാത്രയ്ക്ക് പോയപോലെയാണ് കോളജിനടുത്തുള്ള വാട്ടർ ടാങ്കിനു ചുറ്റിലും മലമുകളിലുമായി തെളിവെടുപ്പിനു കൊണ്ടുപോയത്. എന്തൊരു വേർതിരിവ്? അല്ലേ?

എന്റെ പിള്ളേരും, വല്ലവന്റെ പിള്ളേരും

''എന്റെ പിള്ളേരെ തൊട്ടാൽ വെവരമറിയുമെന്ന'' മോഹൻലാൽ ശൈലിയിലുള്ള നിർദ്ദേശമാണ് പൊലീസിന് ക്യാപ്റ്റന്റെ ഓഫീസിൽ നിന്നു ലഭിക്കുന്ന നിർദ്ദേശമെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് അരങ്ങേറിയ പൊലീസ് ബല പ്രയോഗങ്ങൾ. ഫലത്തിൽ കെ.എസ്.യുക്കാരെ എസ്.എഫ്. ഐക്കാരും പൊലീസും ചേർന്ന് അടിച്ച് പപ്പടമാക്കുകയാണുണ്ടായത്.

vachakam
vachakam
vachakam

ജഡ്ജിമാരെ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും എസ്.എഫ്.ഐ. ഭരിക്കുന്ന കോളജിൽ നിന്നുള്ള കലാകാരന്മാരെയും കലാകാരികളെയും ജയിപ്പിക്കാൻ എസ്.എഫ്.ഐയുടെ ഉഡായിപ്പ് സംഘങ്ങൾ മൽസര വേദികൾക്ക് ചുറ്റുമുണ്ടായിരുന്നു. യഥാർത്ഥത്തിൽ ജേതാക്കളാകേണ്ട കലാലയ ടീമുകളെ മനഃപൂർവ്വം തോൽപ്പിച്ചതോടെ കെ.എസ്.യു വിദ്യാർത്ഥികൾ രംഗത്തിറങ്ങി. ഇവർക്കു നേരെയാണ് പൊലീസ് സംരക്ഷണത്തിൽ എസ്.എഫ്.ഐ. അക്രമം അഴിച്ചുവിട്ടത്.

വിശ്വാസമല്ലേ എല്ലാം, എന്നിട്ടും....?

റിസർവ് ബാങ്കിൽ നിന്ന് സംസ്ഥാനങ്ങൾക്ക് കടമെടുക്കാവുന്ന രണ്ട് തീയതികളേ ഇനി ഈ മാസം ബാക്കിയുള്ളു. ഇന്നലെ (ചൊവ്വാഴ്ച) 500 കോടി കേരളം കടമെടുത്തു. 30, 20, 10 വർഷങ്ങൾക്കു ശേഷം അടച്ചു തീർക്കാമെന്ന വ്യവസ്ഥയിലായിരുന്നു ഈ കടമെടുപ്പ്. കേരളത്തിന് അർഹമായത് കേന്ദ്രം പിടിച്ചു വയ്ക്കുന്നുവെന്ന മന്ത്രി ബാലഗോപാലിന്റെ ആരോപണത്തിന് കേരളം പാഴാക്കിയ കേന്ദ്ര ഫണ്ടുകളും മറ്റ് ധനവിഹിതങ്ങളും അക്കമിട്ട് നിരത്തുന്ന ഒരു വിശദീകരണം എന്തായാലും ജനം പ്രതീക്ഷിക്കുന്നുണ്ട്. സ്‌കൂൾ കുട്ടികൾക്ക് കൊടുത്ത ഉച്ചഭക്ഷണത്തിനായി 8 രൂപ വീതമാണ് കേരളം നൽകുന്നത്. ആ പണം കുടിശ്ശികയാണ്.

എസ്.എസ്.എൽ.സി. പരീക്ഷാ നടത്തിപ്പിനും, പരീക്ഷ നടത്തിയതിനുശേഷമുള്ള ഉത്തരക്കടലാസുകൾ തപാലിൽ അയയ്ക്കാനും സ്‌കുളുകൾക്ക് ഇനിയും സർക്കാർ പണം നൽകിയിട്ടില്ല. എന്നാൽ മുഖ്യന്റെ 25 ലക്ഷം പോസ്റ്ററുകൾ അച്ചടിക്കുന്നതിന് ചെലവായ 9.16 കോടി രൂപ സർക്കാർ തിടുക്കപ്പെട്ട് അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി മറ്റൊരു കാര്യം സർക്കാരിന്റെ ക്രെഡിബിലിറ്റി അഥവാ വിശ്വാസ്യതയെക്കുറിച്ചാണ്. ഒരു മാസം മുമ്പ് കേരളത്തിലെ സിനിമാ തിയറ്ററുകാർക്കായി കേരളാ സർക്കാർ ഒരു 'ആപ്പ്' കൊണ്ടുവരാമെന്ന് അറിയിക്കുകയുണ്ടായി.

ഈ ആപ്പിലൂടെ സിനിമാ ടിക്കറ്റുകൾ വിറ്റഴിക്കാമെന്നും, തിയറ്ററുകാർക്ക് ഈ പണം സർക്കാർ പിന്നീട് നൽകുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ സർക്കാരിന്റെ ഉറപ്പ് വിശ്വസിക്കാനാവില്ലെന്നും, അതുകൊണ്ട് സർക്കാരിന്റെ ആപ്പ് നിഷ്‌കരുണം തള്ളിക്കളയുന്നതായും തിയറ്ററുകാരുടെ സംഘടനയായ ഫിയോക് അറിയിച്ചു. ധനപ്രതിസന്ധി മറികടക്കാൻ സർക്കാർ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം തേടിയ കഥ കൂടി കേൾക്കുക. ട്രഷറി നിക്ഷേപങ്ങൾക്കുവേണ്ടിയാണ് സർക്കാർ ജനങ്ങൾക്കു മുമ്പിൽ കൈ നീട്ടിയത്.

പക്ഷെ, റിട്ടയർമെന്റ് ആനുകൂല്യവും ഗ്രാറ്റുവിറ്റിയുമെല്ലാം ട്രഷറിയിൽ നിക്ഷേപിച്ച് ആ നിക്ഷേപത്തിന്റെ പലിശ വാങ്ങിയിരുന്ന മുതിർന്ന പൗരന്മാരെ കഴിഞ്ഞ മാസം സർക്കാർ കബളിപ്പിച്ചു. പലിശ ട്രഷറിയിൽ നിന്ന് നേരിട്ട് അവരവരുടെ ബാങ്ക് അക്കൗണ്ട് വഴി പിൻവലിക്കാമെന്ന വ്യവസ്ഥ സർക്കാർ വിഴുങ്ങി. അതോടെ, ട്രഷറി നിക്ഷേപങ്ങളിലുള്ള വിശ്വാസ്യത സർക്കാർ തന്നെ തവിടുപൊടിയാക്കി. അതുകൊണ്ടാകാം, പൊതുജനം ട്രഷറിയിൽ പണം നിക്ഷേപിക്കാനുള്ള സർക്കാരിന്റെ ആഹ്വാനം പുല്ലുപോലെ തള്ളിക്കളഞ്ഞതും.

ചീറ്റിപ്പോയ താരനിശ

ആന്റോ ജോസഫ് പ്രസിഡന്റായുള്ള സിനിമാ നിർമ്മാതാക്കളുടെ സംഘടന എറണാകുളം ചിറ്റൂർ റോഡിൽ സ്വന്തമായി സ്ഥലം വാങ്ങിയതിന്റെ പേരിൽ കടബാധ്യതയിലാണ്. ഈ ബാധ്യത തീർക്കാൻ താര   സംഘടനയായ 'അമ്മ' സഹായ വാഗ്ദാനം നൽകിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ഏഴാം തീയതി ഖത്തറിൽ വച്ച് ഒരു താരനിശ നടത്തി പണമുണ്ടാക്കാൻ പദ്ധതിയൊരുക്കി. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വി, ഇന്ദ്രജിത്ത് തുടങ്ങിയ നടന്മാരും മലയാള സിനിമയിലെ എല്ലാ നടിമാരും (മൊത്തം 200 പേർ) പങ്കെടുക്കുന്ന താരനിശ പിഷാരടിയുടെ നേതൃത്വത്തിൽ ഒരുക്കി.

മോഹൻലാൽ യു.എസിലെ എമ്പുരാന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് പറന്നെത്തി. പൃഥ്വിയും ഇന്ദ്രജിത്തും അമ്മ മല്ലികാ സുകുമാരന്റെ യു.എസിലെ  ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ഖത്തറിലെത്തുമെന്നായിരുന്നു അറിയിപ്പ്. മമ്മൂട്ടിയും ഷൂട്ടിംഗിൽ നിന്ന് ഇടവേളയെടുത്ത് ഖത്തറിലെത്തി. ഹാരിസ് എന്നൊരാളായിരുന്നു സ്‌പോൺസർ. പക്ഷെ അവസാന നിമിഷം താരനിശ റദ്ദക്കേണ്ടി വന്നു. നാട്ടിലേക്ക് മടങ്ങാൻ പോലും പല താരങ്ങളും പണത്തിനു വേണ്ടി നെട്ടോട്ടമോടി.

പൃഥ്വിയും ഇന്ദ്രജിത്തും ഷോ റദ്ദായതോടെ അമേരിക്കയിൽ കുറച്ചുനാൾ കൂടി തങ്ങിയെന്നാണ് റിപ്പോർട്ട്. ഇനി ട്വന്റി ട്വന്റി പോലെ ഒരു സിനിമയോ, താരനിശയോ നിർമ്മാതാക്കളെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനായി ചെയ്തു കൊടുക്കാമെന്ന് 'അമ്മ'യുടെ ഭാരവാഹികൾ വാക്ക് പറഞ്ഞിട്ടുണ്ട്. പടം പിടിക്കുന്നവരുണ്ടായാലേ താരങ്ങൾക്ക് നിലനിൽപ്പുള്ളുവെന്ന് നടീനടന്മാർക്കറിയാം.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam