അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പുതിയ “ആഡംബര ഹാൾ” (Ballroom) പണിയുന്നതിനായി വൈറ്റ് ഹൗസിന്റെ മുഴുവൻ ഈസ്റ്റ് വിംഗ് ഭാഗവും പൊളിച്ചു മാറ്റുകയാണെന്ന് റിപ്പോർട്ട്. ഈ നീക്കം, നിലവിലുള്ള കെട്ടിടം തൊടില്ലെന്ന് ട്രംപ് നേരത്തെ നൽകിയ വാഗ്ദാനത്തെ മറികടക്കുന്നതാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം തിങ്കളാഴ്ച മുതൽ തന്നെ ഫസ്റ്റ് ലേഡിയുടെയും അവരുടെ സ്റ്റാഫിന്റെയും ഓഫീസുകൾ ഉൾപ്പെടുന്ന ഈസ്റ്റ് വിംഗിലെ പൊളിക്കൽ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. കെട്ടിടം പൊളിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ട്രംപ് തന്നെ പദ്ധതിക്ക് തുടക്കമിട്ടതായി പ്രഖ്യാപിച്ചു. എന്നാൽ, മുഴുവൻ വിങ് തന്നെ പൊളിക്കുന്നതായി പിന്നീട് ആണ് വ്യക്തമായത്.
ശരിയായി പണിയാനായി പഴയ ഘടനം നീക്കം ചെയ്യേണ്ടി വന്നു എന്നാണ് ട്രംപ് ബുധനാഴ്ച ഒവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “പൊളിക്കൽ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ആഡംബര വിരുന്ന് ഹാളിനായി ആധുനികത കൊണ്ടുവരാനുള്ള ഭാഗമാണ് ഇത്” എന്നാണ് ഒരു ഭരണകൂട ഉദ്യോഗസ്ഥൻ അറിയിച്ചത്.
അതേസമയം ഈസ്റ്റ് വിംഗ് പൊളിക്കുന്നതിൽ ഡെമോക്രാറ്റ് നേതാക്കൾക്കും ചരിത്രസംരക്ഷകർക്കും കടുത്ത വിമർശനമുണ്ട്. പക്ഷേ വൈറ്റ് ഹൗസ് അതിനെ “കൃത്രിമ പ്രതിഷേധം” എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു.
ഈസ്റ്റ് വിംഗ് ആദ്യം 1942-ൽ ഫ്രാങ്ക്ലിൻ ഡി. റൂസെവെൽട്ടിന്റെ ഭരണകാലത്ത് പണിതതാണ്. വൈറ്റ് ഹൗസിൽ കാലാനുസൃതമായി വിവിധ പ്രസിഡന്റുമാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ട്രംപിന്റെ ഈ മാറ്റം കഴിഞ്ഞ പല ദശകങ്ങളിലെയും ഏറ്റവും വലുതായിരിക്കും. “വൈറ്റ് ഹൗസിന്റെ ഈ ഘടന പൊളിക്കുന്നത് അമേരിക്കൻ ജനതയോടുള്ള അനാദരവാണ്,” എന്നാണ് സെനറ്റർ ആംഗസ് കിംഗ് പ്രതികരിച്ചത്.
പുതിയ ഹാളിന്റെ നിർമ്മാണ പദ്ധതികൾ ഉടൻ നാഷണൽ ക്യാപിറ്റൽ പ്ലാനിംഗ് കമ്മീഷന്‍ (NCPC) സമർപ്പിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ പദ്ധതിയുടെ ചെലവ് 200 മില്ല്യൺ ഡോളറിൽ നിന്ന് 300 മില്ല്യൺ ഡോളറായാണ് വർദ്ധിച്ചതെന്ന് ട്രംപ് അറിയിച്ചു. ചെലവ് താനും സ്വകാര്യ ദാതാക്കളും വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സമ്പൂർണ്ണ ധനവിവരങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
അതേസമയം നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ ഭരണകൂടത്തോട് കെട്ടിടം പൊളിക്കൽ തൽക്കാലം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 90,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ഹാൾ, 55,000 ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള വൈറ്റ് ഹൗസിനെ മറികടക്കും എന്നതാണ് അവരുടെ ആശങ്ക. എന്നാൽ ഈസ്റ്റ് വിംഗിന്റെ വലിയൊരു ഭാഗം പൊളിച്ചുമാറ്റിയതിനാൽ, പദ്ധതി നിർത്തിവയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്