ന്യൂയോര്‍ക്ക്: ജപ്പാനുമായും ഫിലിപ്പീന്‍സുമായും യുഎസ് വ്യാപാരക്കരാറില്‍ എത്തി. ജപ്പാന് 15 ശതമാനവും ഫിലിപ്പീന്‍സിന് 19 ശതമാനവുമാണ് തീരുവ ഏര്‍പ്പെടുത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കന്‍ ചരക്കുകള്‍ക്ക് ഫിലിപ്പീന്‍സില്‍ തീരുവ ഉണ്ടാവില്ല.
ജപ്പാനുമായുള്ള കരാര്‍ യുഎസിലേക്ക് 550 ബില്യണ്‍ ഡോളറിന്റെ ജാപ്പനീസ് നിക്ഷേപം കൊണ്ടുവരുമെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ കാറുകള്‍, ട്രക്കുകള്‍, അരി, മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് വിപണി പ്രവേശനം നല്‍കുന്ന വ്യവസ്ഥകളും കരാറിലുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു.
''ഞങ്ങള്‍ ജപ്പാനുമായി ഒരു വലിയ കരാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു, ഒരുപക്ഷേ, ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും വലിയ കരാറാണിത്. ജപ്പാന്‍ 550 ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കും, ഇതിന്റെ 90 ശതമാനം ലാഭവും അമേരിക്കയ്ക്ക് ലഭിക്കും. ഈ കരാര്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതുപോലൊന്ന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഏറ്റവും പ്രധാനമായി, കാറുകള്‍, ട്രക്കുകള്‍, അരി, ചില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, മറ്റ് ഇനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യാപാരത്തിനായി ജപ്പാന്‍ അവരുടെ രാജ്യം തുറക്കും. ജപ്പാന്‍ അമേരിക്കയ്ക്ക് 15 ശതമാനം തത്തുല്യമായ തീരുവ നല്‍കും.''-ട്രംപ് കൂട്ടിച്ചേര്‍ത്തു.
ജപ്പാന്റെ ഉന്നത വ്യാപാര പ്രതിനിധി റിയോസി അക്കസാവയുമായി വൈറ്റ് ഹൗസില്‍ ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ട്രംപ് ആദ്യം നിര്‍ദ്ദേശിച്ച 25 ശതമാനത്തേക്കാള്‍ കുറവാണ് നടപ്പാക്കന്‍ പോവുന്ന തീരുവ. പുതിയ നിരക്കുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറുമായി വൈറ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിലിപ്പീന്‍സുമായും പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സുമായി തുറന്ന വിപണിയിലേക്ക് യുഎസ് പ്രവേശിക്കുകയാണെന്നും യുഎസ് ചരക്കുകള്‍ക്ക് ഫിലിപ്പീന്‍സില്‍ തീരുവ ഉണ്ടാവില്ലെന്നും ട്രംപ് അറിയിച്ചു. പുതിയ കരാര്‍ പ്രകാരം അമേരിക്കയ്ക്ക് നല്‍കുന്ന ചരക്കുകള്‍ക്ക് ഫിലിപ്പീന്‍സ് 19 ശതമാനം തീരുവ നല്‍കേണ്ടി വരും. സൈനികതലത്തിലും ഇരുരാജ്യങ്ങളും സഹകരിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്