നടപ്പാക്കാനുള്ള സ്വപ്ന പദ്ധതികളുടെ കരുത്തുമായി ടീം വോയ്‌സ് ഓഫ് ഫോമായുടെ പത്ത് ഇന പ്രകടനപത്രിക

JULY 9, 2026, 8:40 AM

ന്യൂയോർക്ക്: യു.എസിലെയും കാനഡയിലെയും മലയാളി സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമയുടെ 2026 -2028 വർഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 'ടീം വോയ്‌സ് ഓഫ് ഫോമാ' പുതിയ കാഴ്ചപ്പാടുകളും വിപ്ലവകരമായ വാഗ്ദാനങ്ങളുമായി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. 'ഒരു സമൂഹം ഒരു ലക്ഷ്യം, ഒരു ടീം ഒരു ദൗത്യം, ഒരുമിച്ചു നിൽക്കാം, കരുത്തോടെ മുന്നേറാം' എന്ന ശക്തമായ മുദ്രാവാക്യവുമായാണ് ടീം വോയ്‌സ് ഓഫ് ഫോമാ ജനവിധി തേടുന്നത്. ഫോമയുടെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് കേരളത്തിൽ അർഹരായവർക്ക് 20 വീടുകൾ നിർമ്മിച്ച് നൽകുന്ന ഭവന പദ്ധതി ഉൾപ്പെടെ പത്ത് പ്രധാന കർമ്മപരിപാടികളാണ് പ്രകടനപത്രികയിൽ വിഭാവനം ചെയ്തിരിക്കുന്നത്.


ടീം വോയ്‌സ് ഓഫ് ഫോമാ മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങൾ താഴെ പറയുന്നവയാണ്:

vachakam
vachakam
vachakam

  • 1. ശക്തമായ അസോസിയേഷനുകൾ, ശക്തമായ ഫോമാ: എല്ലാ അംഗസംഘടനകളെയും ചേർത്തു നിർത്തി അവർക്ക് വിവിധ മേഖലകളിൽ കൂടുതൽ പങ്കാളിത്തവും നേതൃത്വ പിന്തുണയും റിസോഴ്‌സുകളും നൽകി ഫോമയെ അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുക.
  • 2. ആരോഗ്യ ഹെൽപ്പ് ലൈൻ : മലയാളി ഡോക്ടർമാരുടെയും ആരോഗ്യ വിദഗ്ദ്ധരുടെയും വലിയൊരു ശൃംഖല രൂപീകരിച്ച് കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി സൗജന്യ വൈദ്യസഹായവും ഉപദേശ നിർദേശങ്ങളും മാനസികാരോഗ്യ പിന്തുണയും ലഭ്യമാക്കുക. നിലവിൽ യുവാക്കൾക്ക് ആകർഷകമായ അവസരങ്ങൾ കാണാൻ കഴിയാത്തതുകൊണ്ട് തന്നെ, അവരിൽ പലരും ഫോമയിലേക്ക് അത്രയധികം ആകർഷിക്കപ്പെടുന്നില്ല എന്നത് ഒരു വെല്ലുവിളിയാണ്. ആ സാഹചര്യം മാറ്റും. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് മെന്റർഷിപ്പ് നൽകാനും അവരെ കൂടെ നിർത്തി കാര്യങ്ങൾ പഠിപ്പിക്കാനും തയ്യാറുള്ള ഡോക്ടർമാരുടെ ഒരു ശൃംഖലയാണ് രൂപീകരിക്കപ്പെടുക. ഇതിലൂടെ, വൈദ്യശാസ്ത്ര രംഗത്തെ കരിയർ സാധ്യതകൾ കണ്ടെത്തുന്നതിന് യുവാക്കളെ പ്രചോദിപ്പിക്കാനും, ഫോമ തങ്ങളുടെ വളർച്ചയ്ക്കുള്ള ഇടമാണെന്ന് അവർക്ക് തോന്നിപ്പിക്കാനും സാധിക്കും.
  • 3. കരിയർ & ലീഗൽ സപ്പോർട്ട് നെറ്റ് വർക്ക്: ജോലി അന്വേഷിക്കുന്നവർക്കായി റഫറലുകൾ, മെന്റർഷിപ്പ്, റസ്യൂം ഹെൽപ്പ് എന്നിവയ്‌ക്കൊപ്പം ഇമിഗ്രേഷൻ, ബിസിനസ്സ്, കുടുംബപരമായ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള നിയമസഹായവും ഉറപ്പാക്കുക.
  • 4. വെൽക്കം & റീലൊക്കേഷൻ സപ്പോർട്ട്: യു.എസിലേക്കോ കാനഡയിലേക്കോ പുതുതായി കുടിയേറുന്ന കുടുംബങ്ങൾക്ക് താമസം കണ്ടെത്താനും പ്രാദേശിക പിന്തുണ നൽകാനും സഹായിക്കുക. ഇന്ത്യൻ കോൺസുലേറ്റുകളുമായുള്ള പങ്കാളിത്തം ശക്തമാക്കി കോൺസുലാർ സേവനങ്ങൾ കൂടുതൽ സുഗമമാക്കുക.
  • 5. സ്റ്റുഡന്റ് സക്‌സസ് & യൂത്ത് ലീഡർഷിപ്പ്: വിദ്യാർത്ഥികൾക്ക് കോളേജ് മെന്റർഷിപ്പ്, സ്‌കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ എന്നിവ ഉറപ്പാക്കുകയും യുവജന നേതൃത്വ നിരയെ വളർത്തിയെടുക്കുകയും ചെയ്യുക.
  • 6. മുതിർന്ന പൗരന്മാർ, സംസ്‌കാരം, മലയാള ഭാഷ: മുതിർന്നവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ, മലയാള ഭാഷാ പഠന ക്ലാസുകൾ, സാംസ്‌കാരിക പൈതൃക സംരക്ഷണം എന്നിവ ഉറപ്പാക്കുക.
  • 7. കലാ കായിക മികവിന്: പ്രാദേശിക തലത്തിലുള്ള കലാകായിക മത്സരങ്ങളെ ദേശീയ തലത്തിലുള്ള ഫോമാ ചാമ്പ്യൻഷിപ്പുകളിലേക്ക് ഉയർത്തുക.
  • 8. ഫോമാ ഹെൽപ്പിംഗ് ഹാൻഡ്: യു.എസ്, കാനഡ, കൂടാതെ ഇന്ത്യ എന്നിവിടങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റ് പ്രതിസന്ധികളോ നേരിടുന്ന കുടുംബങ്ങൾക്കായി ചാരിറ്റി, ഫണ്ട് ശേഖരണം, അടിയന്തര സഹായങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുക. ഫോമായുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിൽ അർഹരായവർക്ക് 20 വീടുകൾ നിർമ്മിച്ച് നൽകുക.
  • 9. വുമൺ റൈസിംഗ് ഇനിഷ്യേറ്റീവ്: നേതൃത്വ അവസരങ്ങൾ, സംരംഭകത്വ പ്രോഗ്രാമുകൾ, എല്ലാ റീജിയനുകളിലെയും അസോസിയേഷനുകളിലുള്ള സജീവ പങ്കാളിത്തം എന്നിവയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക.
  • 10. ബിസിനസ്സ് & പ്രൊഫഷണൽ നെറ്റ്‌വർക്ക്: ബിസിനസ്സ് പ്രൊഫഷണലുകളെയും ഐ.ടി വിദഗ്ദ്ധരെയും സംരംഭകരെയും ഒരുമിച്ച് നിർത്തി കമ്മ്യൂണിറ്റിയുടെ വളർച്ചയ്ക്കായി വലിയൊരു മലയാളി ബിസിനസ്സ് ശൃംഖല കെട്ടിപ്പടുക്കുക.

സുതാര്യമായ നേതൃത്വം, രാഷ്ട്രീയത്തിനതീതമായ ഒത്തൊരുമ, കാരുണ്യത്തോടെയുള്ള സേവനം, എല്ലാ തലമുറകൾക്കും തുല്യ അവസരങ്ങൾ എന്നിവയാണ് ടീം വോയ്‌സ് ഓഫ് ഫോമാ മലയാളി സമൂഹത്തിന് നൽകുന്ന ഉറപ്പ്. പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ നേതൃത്വം നൽകുന്ന ടീം ഫോമായുടെ വിവിധ സ്ഥാനങ്ങളിലേയ്ക്ക്, പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മൽസരിക്കുന്നത്. 'ഒരു സമൂഹം, ഒരു ലക്ഷ്യം, ഒരു ഫോമാ' എന്ന ആപ്തവാക്യവുമായി മലയാളി പ്രവാസികളുടെ കരുത്തുറ്റ നാളേക്കായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ടീം വോയ്‌സ് ഓഫ് ഫോമാ പ്രചാരണത്തിൽ മുന്നേറുകയാണ്.

ശ്രീകുമാർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam