ഹൂസ്റ്റൺ: 2027 ജനുവരി 8ന് കേരളത്തിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ നടക്കാനിരിക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമശ്രീ മാധ്യമരത്‌ന പുരസ്‌കാര സന്ധ്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐ.പി.സി.എൻ.എ ഹൂസ്റ്റൺ ചാപ്ടറിന്റെ യോഗം ചേർന്നു. ഹൂസ്റ്റണിലെ ഷുഗർലാൻഡിലുള്ള കബാബ് കഫേ റെസ്റ്റോറന്റിൽ നടന്ന താങ്ക്‌സ്ഗിവിങ് ക്രിസ്മസ് പുതുവത്സര സമ്മേളനത്തിൽ ചാപ്ടറിലെ ഭൂരിഭാഗം അംഗങ്ങളും പങ്കെടുത്തു.
ജോയ് തുമ്പമണ്ണിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാഗാനം ആലപിച്ചു. ചാപ്ടർ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഫിന്നി രാജു അധ്യക്ഷത വഹിച്ചു.
ചാപ്ടറിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും യോഗം വേദിയായി. ഐ.പി.സി.എൻ.എ ദേശീയ സെക്രട്ടറി അനിൽ ആറന്മുള കേരളത്തിൽ നടക്കാനിരിക്കുന്ന കൺവെൻഷന്റെ വിശദാംശങ്ങൾ അംഗങ്ങളുമായി പങ്കുവെച്ചു.
കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷൻ ഐ.പി.സി.എൻ.എയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും അഭിമാനകരവുമായ സമ്മേളനമായി മാറട്ടെയെന്ന് അംഗങ്ങൾ ആശംസിച്ചു. കൺവെൻഷന്റെ വിജയത്തിനായി ഹൂസ്റ്റൺ ചാപ്ടറിന്റെ പൂർണ പിന്തുണയും സഹകരണവും യോഗം പ്രഖ്യാപിച്ചു. ചാപ്ടറിനെ പ്രതിനിധീകരിച്ച് നിരവധി അംഗങ്ങൾ കൺവെൻഷനിൽ പങ്കെടുക്കുമെന്നും അറിയിച്ചു.
അമേരിക്കയിലെ താങ്ക്‌സ്ഗിവിങ് ആഘോഷത്തിന്റെ സന്തോഷവും ആശംസകളും അംഗങ്ങൾ പരസ്പരം പങ്കുവെച്ചു. വൈസ് പ്രസിഡന്റ് മോട്ടി മാത്യു, ട്രഷറർ വിജു വർഗീസ്, ജോയ് തുമ്പമൺ, സൈമൺ വളാച്ചേരിൽ, ജോൺ ഡബ്ല്യു. വർഗീസ്, അജു വാരിക്കാട്, ആൻസി ശാമുവേൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സൗഹൃദവും ഒത്തൊരുമയും നിറഞ്ഞ വിരുന്നിനുശേഷം ജോയിന്റ് സെക്രട്ടറി ഡോ. റെയ്‌ന റോക്ക് നന്ദി രേഖപ്പെടുത്തി. തുടർന്ന് യോഗം സമാപിച്ചു.
പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും നാടിനോടുള്ള പ്രതിബദ്ധതയും വിളിച്ചോതിയ ഈ സംഗമം വരാനിരിക്കുന്ന കേരള മാധ്യമ കൺവെൻഷന്റെ വിജയത്തിന് പുതിയ ഊർജവും പ്രചോദനവും പകരുന്നതായി.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
