ഫ്‌ളോറിഡ: സാമൂഹിക പ്രതിബദ്ധത സേവന മുദ്രാവാക്യമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികൾ നടപ്പാക്കാൻ 2026'28 ഭരണ സമിതിയിലേയ്ക്ക് ആർജവത്തോടെ മൽസരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'യ്ക്ക് പുഷ്പങ്ങളുടെ നാടായ ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിൽ വൻ ജനപങ്കാളിത്തത്തോടെ ഊഷ്മളമായ സ്വീകരണം. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ, മയാമി മലയാളി അസോസിയേഷൻ, നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡ തുടങ്ങിയ സംഘടനയുടെ ഭാരവാഹികളുമായി ടീം വോയ്‌സ് ഓഫ് ഫോമാ കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്മരണകൾ തുടിക്കുന്ന ഗാന്ധി സ്‌ക്വയറിൽ നടന്ന യോഗത്തിൽ ബിജു തോണിക്കടവിൽ നേതൃത്വം നൽകുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനൽ അംഗങ്ങൾ ഫോമായെ നയിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ളവരാണെന്ന് വിവിധ സംഘടനാ നേതാക്കൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
ടീം വോയ്‌സ് ഓഫ് ഫോമാ ദീർഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ജനവിധി തേടുന്നതെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കർമഭൂമിയിലും ജൻമഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്. തങ്ങൾ ഭരണത്തിലെത്തിയാൽ അമേരിക്കൻ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതൽ ഊർജസ്വലമായി സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും അതിനായി ഏവരുടെയും പ്രാർത്ഥനാ പൂർണമായ പിന്തുണയും പ്രോത്‌സാഹനവും അഭ്യർത്ഥിക്കുന്നുവെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങൾ പറഞ്ഞു.
ശക്തമായ വികസനോൻമുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകൾ നൽകി ആശീർവദിക്കണമെന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി), ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ സ്‌നേഹനിർഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്‌ളോറിഡയിലെ പരിണതപ്രജ്ഞരായ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂർവം അഭ്യർത്ഥിച്ചു.
ഫോമാ മുൻ പ്രസിഡന്റ് ആനന്ദൻ നിരവേൽ, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിസിഡന്റും ഫോമാ നാഷണൽ കമ്മിറ്റി മുൻ അംഗവുമായ നോയൽ മാത്യു, നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് കുര്യൻ വർഗീസ്, കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ് ജൂന തോമസ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ സെക്രട്ടറി സഞ്ജയ് നെടുംപറമ്പിൽ, നവകേരള സെക്രട്ടറി രാജൻ ജോർജ്, ബിജു ജോൺ (കേരള സമാജം മുൻ പ്രസിഡന്റ്), മോൾ മാത്യു (മയാമി മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി നാഷണൽ കമ്മറ്റി കാൻഡിഡേറ്റ്), ചെറിയാൻ എബ്രഹാം (കേരള സമാജം വൈസ് പ്രസിഡന്റ്), ഷിബു ജോസഫ് (കേരള സമാജം കമ്മറ്റി മെമ്പർ), ഏലിയാസ് പനങ്ങയിൽ (നവകേരള മുൻ പ്രസിഡന്റ്), സാന്റിച്ചൻ മാത്യു, ജിയോ ജോസഫ് (കേരള സമാജം ഓഫ് പാം ബീച്ച് മുൻ കമ്മിറ്റി മെമ്പർ), ഡോ. ബാബു, ഗോപൻ നായർ, നിതീഷ് (കേരള സമാജം ട്രഷറർ), ദീപക് (കേരള സമാജം ജോയിന്റ് സെക്രട്ടറി), സാജൻ മാത്യു (നാഷണൽ കമ്മറ്റി മെമ്പർ), സജോ പെല്ലിശ്ശേരി (നവകേരള മുൻ പ്രസിഡന്റ്), ബിനോയ് സേവ്യർ (അഡൈ്വസറി ജോയിന്റ് സെക്രട്ടറി), ഷാന്റി വർഗീസ് (നവകേരള മുൻ പ്രസിഡന്റ്ആർ.വി.പി കാൻഡിഡേറ്റ്), നിതീഷ് (കേരള സമാജം ട്രഷറർ), ബിജോയി ജോസഫ് (നവകേരള ട്രഷറർ) തുടങ്ങിയവർ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേർന്നു.
2022 -24 ഫോമാ എക്യിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവിൽ എൺപതിനായിരത്തിലധികം ഡോളർ മിച്ചമുണ്ടാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. 2026 -28ൽ സ്ത്രീകൾക്കും യുവജനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്ന ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി അമേരിക്കയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് എല്ലാവിധ സഹായങ്ങളും പുതിയ കമ്മറ്റി ഉറപ്പുനൽകുന്നു. വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴിൽ രംഗങ്ങളിൽ പുത്തൻ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ ആവർത്തിച്ച് വ്യക്തമാക്കി.
എ.എസ്. ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
