'നൈന'യുടെ 'നൈറ്റിംഗേൽ പുരസ്‌കാരം' ബ്രിജിറ്റ് വിൻസെന്റിന്; ബെസ്റ്റ് ലീഡർഷിപ് അവാർഡ് സാറ ഐപ്പിന്, ഡോ. ബിനു ഷാജിമോന് പ്രത്യേക പുരസ്‌കാരം

NOVEMBER 26, 2024, 8:08 PM

അമേരിക്കയിലെ നഴ്‌സിംഗ് രംഗത്ത് തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതിനു നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് നോർത്ത് അമേരിക്ക (NAINA)യുടെ പുരസ്‌കാരങ്ങൾ ലഭിച്ച ബ്രിജിറ്റ് വിൻസെന്റ്്, സാറ ഐപ്, ഡോ. ബിനു ഷാജിമോൻ എന്നിവർക്ക് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആദരം. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളീ സംഗമ വേദിയായ മയൂരാ റസ്റ്റോറന്റ് കേന്ദ്രീകരിച്ച് നടന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളം ദിനോത്സവം പരിപാടിയുടെ വേദിയിൽ വെച്ചാണ് അനുമോദനച്ചടങ്ങ് നടന്നത്.

ഒൻപതാമത് 'നൈന' ബൈനിയൽ കോൺഫറൻസിൽ വെച്ചാണ് നഴ്‌സിംഗിന്റെ വിവിധ വിഭാഗങ്ങളിലെ മികച്ച സേവനങ്ങൾക്ക് അവാർഡുകൾ നൽകിയത്. സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ സമർപ്പിച്ച വ്യക്തികളെയാണ് നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് നോർത്ത് അമേരിക്ക ചടങ്ങിൽ അനുമോദിക്കുകയും പ്രശസ്തി പത്രങ്ങൾ സമ്മാനിക്കുകയും ചെയ്തത്. ഇന്ത്യൻ നഴ്‌സുമാരെ ഏകോപിപ്പിച്ച് ഒരു കുടകീഴിൽ അണിനിരത്തുന്ന ബൃഹത്തായ സംഘടനയാണ് 'നൈന'. 24 ചാപ്റ്ററുകളുള്ള നൈനയുടെ ശക്തമായ ചാപ്റ്ററുകളിലൊന്നാണ് പെൻസിൽവാനിയ നഴ്‌സസ് അസോസിയേഷൻ എന്ന 'പിയാനോ'. വിവിധ സംഘടനകളുടെ ഒരുമയിൽ പ്രവർത്തിക്കുന്ന ട്രൈസ്റ്റേറ്റ് ഫോറത്തിന്റെ ഒരു പ്രധാന പോഷക സംഘടന കൂടിയാണ് 'പിയാനോ'.


vachakam
vachakam
vachakam

നഴ്‌സിംഗ് പ്രൊഫഷണലുകൾ നൽകുന്ന സ്തുത്യർഹമായ സേവനങ്ങൾക്കുള്ള അംഗീകാരമായി നൈന നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് 'നൈറ്റിംഗേൽ' പുരസ്‌കാരം. പിയാനോയുടെ സ്ഥാപക പ്രസിഡന്റും പെൻസിൽവേനിയ നേഴ്‌സസ് ബോർഡ് മെമ്പറുമായ ബ്രിജിറ്റ് വിൻസെന്റാണ് നൈനയുടെ നൈറ്റിംഗേൽ പുരസ്‌കാരത്തിനർഹയായത്. നഴ്‌സിങ് രംഗത്ത് 48 വർഷമായി തുടരുന്ന ബ്രിജിറ്റ് വിൻസെന്റിന്റെ സ്തുത്യർഹ സേവനങ്ങൾക്കുള്ള ബഹുമതിയായി അവാർഡ്. നഴ്‌സിങിലെ ദീർഘകാല സേവനവും ആതുരശുശ്രൂഷാ രംഗത്തെ അതുല്യമായ പ്രവർത്തനങ്ങളും ബ്രിജിറ്റിനെ വേറിട്ടു നിർത്തുന്നു. പെൻസിൽവേനിയാ നേഴ്‌സിങ്ങ് ബോർഡ് മെംബറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന ബഹുമതിക്ക് ഉടമ കൂടിയാണ് ബ്രിജിറ്റ് വിൻസെന്റ്.

പിയാനോ സ്ഥാപക പ്രസിഡന്റായ ബ്രിജിറ്റ് ഏറെക്കാലം റ്റെമ്പിൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം നേഴ്‌സായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയാ ഹോസ്പിറ്റലിൽ നേഴ്‌സ് പ്രാക്ടീഷനറുമായിരുന്നു. നിലവിൽ ലാങ്ങ്‌ഹോൺ സെന്റ് മേരീസ് മെഡിക്കൽ സെന്ററിൽ നേഴ്‌സ് പ്രാക്ടീഷണറാണ്്. കോതമംഗലം സ്വദേശിയായ ബ്രിജിറ്റ് വിൻസെന്റ് അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകനും ബിസിനസുകാരനുമായ, വിൻസെന്റ് ഇമ്മാനുവലിന്റെ ഭാര്യയാണ്. ആരോഗ്യ, ആതുര പരിശീലന രംഗത്തെ നേതൃനിരയിലേക്ക് കൂടുതൽ നേഴ്‌സുമാർ കടന്നുവരാൻ പ്രചോദനമാകുന്ന തരത്തിലാണ് നൈനയുടെ പ്രവർത്തനങ്ങളെന്ന് പുരസ്‌കാരം സ്വീകരിച്ച് ബ്രിജിറ്റ് വിൻസെന്റ്് പ്രതികരിച്ചു. ആരോഗ്യമേഖലയിൽ അസമത്വമനുഭവിക്കുന്നവർക്കും സമൂഹത്തിനും ഗുണമേന്മയുള്ള പരിചരണം ഉറപ്പുവരുത്താൻ പെൻസിൽവാനിയ നഴ്‌സസ് അസോസിയേഷൻ എല്ലാക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ടെന്നും ബ്രിജിറ്റ് വിൻസെന്റ് പറഞ്ഞു.


vachakam
vachakam
vachakam

പിയാനോയുടെ നിലവിലെ പ്രസിഡന്റായ സാറ ഐപ് നൈന 'ബെസ്റ്റ് ലീഡർഷിപ്' അവാർഡിനർഹയായി. പിയാനോയുടെ നേതൃത്വമേറ്റെടുത്ത ശേഷം മികച്ച രീതിയിൽ സംഘടനയെ നയിക്കുകയും പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്യുകയും ചെയ്തതിനാണ് പുരസ്‌കാരം. നഴ്‌സിങ് രംഗത്ത് നീണ്ട 37 വർഷത്തെ സർവീസ് സാറ ഐപിന്റെ നേതൃത്വപാടവത്തിനു കരുത്താകുന്നു. ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഈ പുരസ്‌കാരം തങ്ങളെ സമൂഹത്തോടും സഹപ്രവർത്തകരോടും കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കുന്നുവെന്നും സാറ ഐപ് പ്രതികരിച്ചു. പെൻസിൽവാനിയ നഴ്‌സസ് അസോസിയേഷൻ കഴിഞ്ഞ രണ്ടു വർഷക്കാലം ഏറ്റവും നല്ല രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. ആതുസേവന രംഗത്തും അതോടൊപ്പം സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കിടയിലും പിയാനോ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റവുമുചിതമായ രീതിയിൽ തന്നെ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും സാറ ഐപ് പറഞ്ഞു. നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് നോർത്ത് അമേരിക്കയുടെ ഈവന്റ് ഫണ്ട് റെയ്‌സിങ് കോഡിനേറ്റർ ആയും സാറ ഐപ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

'നൈന' ബൈനിയൽ കോൺഫറൻസിൽ അടുത്ത ഭരണസമിതിയിലേക്കുള്ള എപിആർഎൻ ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബിനു ഷാജിമോനെയും ട്രൈസ്റ്റേറ്റ് കേരളാ ഫോറം ആദരിച്ചു. അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്‌സിംഗിൽ (എപിഎൻ) 21 വർഷത്തിലേറെ പരിചയസമ്പത്തുള്ള പ്രഗത്ഭയായ അക്യൂട്ട് കെയർ നഴ്‌സ് പ്രാക്ടീഷണറാണ് ബിനു ഷാജിമോൻ. തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാർഡിയോളജി നഴ്‌സ് പ്രാക്ടീഷണറായി മുഴുവൻ സമയവും ജോലി ചെയ്യുന്നതിനിടെ തന്നെ ഡ്രെക്‌സൽ യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കുകയും ചെയ്തു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ അസോസിയേറ്റ് ആയി അടുത്തിടെ പ്രവേശനം നേടിയത് ബിനു ഷാജിമോന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകുന്നു. നൈനയുടെ 2025 ഭരണസമിതിയിലേക്ക് എപിആർഎൻ ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് വഴി താൻ കൂടുതൽ സേവനസന്നദ്ധതയാകുന്നുവെന്ന് ബിനു ഷാജിമോൻ പറഞ്ഞു. ആതുരശുശ്രൂഷാ മേഖലയ്ക്കും നഴ്‌സിങ് കമ്യൂണിറ്റിക്കും കൂടുതൽ വളർച്ചയുണ്ടാകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ സഹകരണം ഉണ്ടാകുമെന്നും ബിനു ഷാജിമോൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam