ടെഹ്റാൻ: കടുത്ത ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കേ മകളുടെ വിവാഹവേഷത്തിന്റെ പേരിൽ ഇറാനിലെ പരമോന്നത നേതാവ് ഖമനയ്‌യുടെ വിശ്വസ്തൻ വിവാദത്തിൽ. അധികാരശ്രേണിയിലെ ഉന്നതൻകൂടിയായ റിയർ അഡ്മിറൽ അലി ഷംഖാനിയാണു മകളുടെ കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന വിവാഹവുമായി ബന്ധപ്പെട്ട് വിവാദത്തിലായിരിക്കുന്നത്. തലസ്ഥാനമായ ടെഹ്റാനിലെ ആഡംബര ഹോട്ടലായ എസ്പിനാസ് പാലസിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങിൽ ഷംഖാനിയുടെ മകൾ ധരിച്ചിരിക്കുന്ന ഗൗൺ ശരീരഭാഗങ്ങൾ കാണുന്ന വിധമുള്ളതാണ്. അദ്ദേഹത്തിൻറെ ഭാര്യയും സമാനമായ വസ്ത്രമാണു ധരിച്ചിരിക്കുന്നത്.
വിവാഹവേദിയിലുള്ള മറ്റു സ്ത്രീകളും ഹിജാബോ ഇറാനിലെ മറ്റു സ്ത്രീകൾക്ക് നിർബന്ധമാക്കിയിട്ടുള്ള ഇസ്ലാമിക വേഷങ്ങളോ അല്ല ധരിച്ചിരിക്കുന്നത്. കൂടാതെ യാഥാസ്ഥിതിക ഇസ്ലാമിക മൂല്യങ്ങളെ പാടെ അവഗണിച്ചാണ് വിവാഹം നടത്തിയിരിക്കുന്നത്. പിതാവ് വധുവിനെ ആനയിച്ചു കൊണ്ടുവരുന്ന പാശ്ചാത്യശൈലിയിലുള്ള രീതിയാണു ഷംഖാനിയും കുടുംബവും സ്വീകരിച്ചിരിക്കുന്നത്. വിവാഹത്തിന്റെ വീഡിയോ ശനിയാഴ്ചയാണ് പുറത്തുവന്നത്. വീഡിയോയിൽ അഡ്മിറൽ ഷംഖാനി മകളുടെ കൈപിടിച്ച് ഒരു ഇടനാഴിയിലൂടെ വിവാഹ ഹാളിലേക്കു പ്രവേശിക്കുന്നതു കാണാം. വീഡിയോ പെട്ടെന്നുതന്നെ ഓൺലൈനിൽ വൈറലാകുകയും ചെയ്തു.
ഇറാനിലെ ഏറ്റവും മുതിർന്ന പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളായ ഷംഖാനിയാണ് അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്കു മേൽനോട്ടം വഹിച്ചിരുന്നത്. ഇറാനിലെ കർശനമായ ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. സ്ത്രീകളും പെൺകുട്ടികളും ഇസ്ലാമിക നിയമങ്ങൾ പിന്തുടരണമെന്ന് ഇദ്ദേഹം നിർബന്ധം പിടിച്ചിരുന്നു. എതിർക്കുന്നവരെ അടിച്ചമർത്താനായിരുന്നു ഷംഖാനി എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
ഇസ്ലാമിക രീതിയിലുള്ള വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് 2022 സെപ്റ്റംബർ 16ന് മാഷാ അമിനി എന്ന 22കാരിയെ പോലീസ് പിടികൂടുകയും കസ്റ്റഡിയിൽ അവൾ മരിക്കുകയും ചെയ്തത് ഇറാനിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ 200ഓളം പേരാണു കൊല്ലപ്പെട്ടത്. നിരവധി പേരെ ഭരണകൂടം അറസ്റ്റ് ചെയ്യുകയുമുണ്ടായി. അതേസമയം, 2024ലെ വിവാഹദൃശ്യങ്ങൾ ചോർന്നതിൽ ഇസ്രയേലിനെ കുറ്റപ്പെടുത്തി അലി ഷംഖാനി രംഗത്തെത്തി. ജനങ്ങളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്നത് ഇസ്രയേലിൻറെ പുതിയ കൊലപാതകരീതിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ചടങ്ങ് സ്ത്രീകൾക്കു മാത്രമായിരുന്നുവെന്നും ചില സ്ത്രീകൾ മൂടുപടം ധരിച്ചിരുന്നുവെന്നും ബാക്കിയുള്ളവർ അടുത്ത ബന്ധുക്കളായിരുന്നുവെന്നുമായിരുന്നു മുൻ ഇറേനിയൻ മന്ത്രി എസത്തൊള്ള സർഗാമി ഷംഖാനിയെ ന്യായീകരിച്ചത്.'അഴിമതിയിൽ കുഴിച്ചുമൂടപ്പെട്ടു' എന്ന തലക്കെട്ടോടെ ഷംഖാനിയുടെ ഫോട്ടോ ഇറാനിലെ പരിഷ്‌കരണവാദികളോട് ചായ്ലുള്ള പത്രമായ ഷാർഗ് തിങ്കളാഴ്ച ഒന്നാം പേജ് ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്