ഹൂസ്റ്റൺ: ഫോമാ ഫാമിലി കൺവൻഷൻ രജിസ്‌ട്രേഷന് ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഏർളി ബേർഡ് രജിസ്‌ട്രേഷൻ ഈ മാർച്ച് 30ന് അവസാനിക്കുമെന്നും പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. നൂറ് അംഗസംഘടനകൾ തികച്ച് റിക്കാർഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണൽ കൺവൻഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്.
2008ൽ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കൺവൻഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ എൻ.ആർ.ജി സ്റ്റേഡത്തിന് തൊട്ട് എതിർവശത്തുള്ള 'വിൻധം ഹൂസ്റ്റണി'ൽ അരങ്ങേറുന്ന കൺവൻഷൻ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകർ.
കൾച്ചറൽ പ്രോഗ്രാം ഉൾപ്പെടെയുള്ള പരിപാടികൾ എല്ലാം പ്രൊഫഷണലായി നടത്തുന്നതിനുള്ള കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയായിട്ടുണ്ടെന്ന് ബേബി മണക്കന്നേൽ പറഞ്ഞു. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ കേരളത്തനിമയാർന്ന ഘോഷയാത്രയോടെയാണ് കൺവൻഷന് തുടക്കം കുറിക്കുക. തുടർന്ന് ഉദ്ഘാടന സമ്മേളനമാണ്. മെഗാ തിരുവാതിര, ഫാഷൻ ഷോ, ആവേശോജ്വലമായ മലയാളി മന്നൻ, മലയാളി മങ്ക മൽസരം, ഏവരും ഉറ്റനോക്കുന്ന മിസ്റ്റർ ആന്റ് മിസ് ഫോമാ കോമ്പറ്റീഷൻ, പോരിന്റെ പര്യായമായ 56, 28 ചീട്ട് കളി, ശ്രദ്ധേയമായ ബിസിനസ് മീറ്റ്, വിജ്ഞാനം പകരുന്ന വിവിധ സെമിനാറുകൾ, വിമൻസ് സമ്മിറ്റ്, യൂത്ത് സമ്മിറ്റ്, അമേരിക്കയിൽ മികവ് തെളിയിച്ച കലാ പ്രതിഭകൾ അണിനിരക്കുന്ന അടിപൊളി ഗാനമേള, മനം നിറഞ്ഞ് പൊട്ടിച്ചിരിക്കാൻ ചിരിയരങ്ങ് തുടങ്ങിയവ വിവിധ ദിനങ്ങളിൽ അരങ്ങേറും.
ആഗസ്റ്റ് 1-ാം തീയതി ശനിയാഴ്ച രാത്രി ബാങ്ക്വറ്റിന് ശേഷം നടക്കുന്ന സ്റ്റേജ് ഷോയോടെ കൺവൻഷന് തിരശീല വീഴുമെന്ന് ബേബി മണക്കുന്നേൽ വിശദീകരിച്ചു. മൂന്ന് രാത്രികളിലും നാല് പകലുകളിലുമായി നടക്കുന്ന കൺവൻഷനിൽ മൂവായിരം പേർക്ക് തീയേറ്റർ സ്‌റ്റൈലിലും രണ്ടായിരം പേർക്ക് ബാങ്ക്വറ്റ് സ്‌റ്റൈലിലും ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് ഉള്ളത്.
1200 വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റുന്ന പാർക്കിങ്ങ് ലോട്ട് നമുക്ക് വേണ്ടി റെഡിയാണ്. 800 മുറികളുള്ള ഹോട്ടലാണ് നേരത്തെ തന്നെ ബുക്ക് ചെയ്തത്. 1000 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ്ങ് ഏരിയയുമുണ്ട്. വിമൻസ് ഫോറത്തിനും യൂത്തിനും വേണ്ടി പ്രത്യേക ഹാളുകളും ക്രമീകരിക്കും. മീഡിയയ്ക്കും മറ്റും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.
ഫോമായുടെ പ്രസിഡന്റുമാരെന്ന നിലയിൽ സ്തുത്യർഹമായി പ്രവർത്തിച്ച ഒൻപതു പേരും കൺവൻഷന്റെ വൻ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു. പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ തുടങ്ങിയവർ ഫാമിലി കൺവൻഷൻ സംബന്ധിച്ച വിവിധ കമ്മിറ്റികളുടെ തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു.
സുബിൻ കുമാരൻ കൺവൻഷൻ ചെയർമാനും ജോയി എൻ സാമുവേൽ ജനറൽ കൺവീനറുമാണ്.
ഏർളി ബേർഡ് രജിസ്‌ട്രേഷനുള്ള ലിങ്ക്: https://fomaafamilyconvention2026.com/Registration.php
എ.എസ് ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
