ഷിക്കഗോ: വെൽവുഡിലുള്ള മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ, ഓഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 10 മണിയുടെ വിശുദ്ധ കുർബാനയോടെ കേരളത്തിന്റെ അഭിമാനവും ആഗോള കത്തോലിക്കാ സഭയുടെ സുകൃതവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു.
ദിവ്യബലിയ്ക്ക് രൂപത മെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. കത്തീഡ്രൽ വികാരിയും വികാരി ജനറലും ആയ റവ. ഫാദർ തോമസ് കുടുകപ്പിള്ളിയും ഫാദർ യുജിനും സഹകാർമികരായിരുന്നു.
1910 കുടമാളൂർ ജനിച്ച വിശുദ്ധ, തന്റെ 36-ാമത്തെ വയസ്സിൽ 1946 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. 2008 ഒക്ടോബർ 12ന് ബെനഡിക് പതിനാറാമൻ മാർപാപ്പ, അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സഹനത്തിലൂടെ വിശുദ്ധ പദവിയിലേക്ക് കടന്നുവന്ന ഒരു പ്രകാശകിരണമാണ് വിശുദ്ധ അൽഫോൻസാമ്മ. വിശുദ്ധയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം ഇന്ന് വിശ്വാസികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്.
ദിവ്യബലിക്ക് ശേഷം തിരുനാൾ പ്രസുദേന്തിമാരായ പാലാ, മീനച്ചിൽ ഭാഗത്തു നിന്നുള്ള വനിതകൾ വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണത്തിന് നേതൃത്വം നൽകി. അനേകം ഭക്തജനങ്ങൾ മുത്തുക്കുടകൾ വഹിച്ചു കൊണ്ട് പ്രദിക്ഷണത്തിൽ പങ്കെടുത്തു.
കൈക്കാരന്മാരായ ബിജി സി. മാണി, സന്തോഷ് കാട്ടൂകാരൻ, വിവിഷ് ജേക്കബ്ബ് , ബോബി ചിറയിൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വാദ്യമേളങ്ങളും ചെണ്ടമേളങ്ങളും പ്രദിക്ഷണത്തിന് കൂടുതൽ മികവ് നൽകി. ലദീഞ്ഞിനു ശേഷം പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ എല്ലാവർക്കും സന്തോഷപ്രദമായ സ്‌നേഹവിരുന്ന് നൽകപ്പെട്ടു.
ജോർജ് അമ്പാട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്