ലണ്ടൻ: ഒരു കൗമാരക്കാരിയെ 25 വർഷത്തിലേറെ കാലം വീട്ടുഅടിമയായി താമസിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ ബ്രിട്ടീഷ് സ്വദേശിനി അമാൻഡ വിക്‌സൺ (56) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഗ്ലോസ്റ്റർഷെയറിലെ ട്യൂക്‌സ്ബറിയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
പഠനവൈകല്യമുള്ള പെൺകുട്ടി തന്റെ 16 -ാം വയസ്സിൽ 1995ലാണ് അമാൻഡയുടെ വീട്ടിലെത്തിയത്. 2021ൽ പോലീസ് രക്ഷപ്പെടുത്തുന്നത് വരെ അവൾ അവിടെ നരകയാതന അനുഭവിച്ചു.
യുവതിയെ നിരന്തരം മർദ്ദിക്കുകയും ചൂൽ കൊണ്ട് അടിച്ച് പല്ലുകൾ കൊഴിക്കുകയും ചെയ്യുമായിരുന്നു. മുഖത്ത് ബ്ലീച്ച് ഒഴിക്കുക, നിർബന്ധപൂർവ്വം തല മുണ്ഡനം ചെയ്യുക, തൊണ്ടയിലേക്ക് ലിക്വിഡ് സോപ്പ് ഒഴിക്കുക തുടങ്ങിയ ക്രൂരതകൾക്കും അവൾ ഇരയായി.
എച്ചിൽ ഭക്ഷണം മാത്രം നൽകിയിരുന്ന യുവതിയെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. വർഷങ്ങളോളം കുളിക്കാൻ പോലും അനുവാദം നൽകിയിരുന്നില്ലെന്ന് യുവതി വെളിപ്പെടുത്തി. തറ തുടച്ചും മറ്റും മുട്ടുകാലിൽ ഇഴഞ്ഞത് കാരണം കാലുകളിൽ തഴമ്പുകൾ വീണിരുന്നു.
യുവതിയുടെ പേരിൽ ലഭിച്ചിരുന്ന സർക്കാർ ആനുകൂല്യങ്ങൾ അമാൻഡ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 33,000 പൗണ്ട് (ഏകദേശം 35 ലക്ഷം രൂപ) ഇത്തരത്തിൽ തട്ടിയെടുത്തു.
അമാൻഡയുടെ തന്നെ മക്കളിലൊരാൾ നൽകിയ രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. അടിമപ്പണി ചെയ്യിപ്പിക്കൽ, മർദ്ദനം, തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ കോടതി ശരിവെച്ചു. അമാൻഡയ്ക്കുള്ള ശിക്ഷ മാർച്ച് 12ന് വിധിക്കും. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
നിലവിൽ ഒരു വളർത്തു കുടുംബത്തോടൊപ്പം കഴിയുന്ന യുവതി, വിദേശയാത്രകൾ നടത്താനും കോളേജിൽ പോകാനും തുടങ്ങിയതായും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
