തോറാസിക് ശസ്ത്രക്രിയ നിർണായകമായി: കാനഡ മലയാളി വിദ്യാർത്ഥിക്ക് പുതുജീവൻ

JANUARY 22, 2026, 8:25 AM

കൊച്ചി സൺറൈസ് ആശുപത്രിയിൽ ഒമ്പത് മണിക്കൂർ നീണ്ട സങ്കീർണ്ണ ശ്വാസകോശ ശസ്ത്രക്രിയയാണ് വിജയം കണ്ടത്.

കൊച്ചി: കാനഡയിൽ ഉപരിപഠനത്തിനിടെ ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം ഗുരുതരമായി തകരാറിലായ മലയാളി വിദ്യാർത്ഥിക്ക് കൊച്ചിയിലെ സൺറൈസ് ആശുപത്രിയിൽ നടത്തിയ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ഒന്റാറിയോയിലെ ബാരിയിൽ പ്രവർത്തിക്കുന്ന ഗ്രിഗോറിയൻ കോളേജിലെ മൂന്നാംവർഷ മെക്കാട്രോണിക്‌സ് വിദ്യാർത്ഥിയായ അനന്ത് കൃഷ്ണ ഹരീഷിന് (20) കഴിഞ്ഞ സെപ്തംബറിലാണ്  നെഞ്ചുവേദന, പനി, കടുത്ത ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് കാനഡയിലെ ഒരു പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

അവിടെ  നടത്തിയ പരിശോധനകളിൽ, ശ്വാസകോശത്തിന് ചുറ്റും പല ഭാഗങ്ങളിലായി അണുബാധിത ദ്രാവകം കെട്ടിക്കിടക്കുന്ന മൾട്ടി ലോക്കുലേറ്റഡ് പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥ കണ്ടെത്തി. കാനഡയിൽ വെച്ച് ഭാഗികമായി ദ്രാവകം നീക്കം ചെയ്യുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. എന്നാൽ ക്ഷയരോഗസാധ്യത സംശയിച്ച ഡോക്ടർമാർ മുൻകരുതൽ നടപടിയായി അനന്തിനെ ഐസൊലേഷൻ റൂമിലാക്കി. 

vachakam
vachakam
vachakam


ക്ഷയരോഗം ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും, ഇതിനിടയിൽ അനന്തിന് നാല്പത് ദിവസത്തോളം ഐസൊലേഷനിൽ തുടരേണ്ടിവന്നു. ഇതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവും കൂടുതൽ രൂക്ഷമായി. മരുന്നുകളും നെഞ്ചിൽ ട്യൂബ് ഘടിപ്പിച്ച് ദ്രാവകം നീക്കം ചെയ്യുന്ന ചികിത്സകളും നൽകിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി  കുറഞ്ഞ് സ്ഥിതി ആശങ്കാജനകമായതോടെ കുടുംബം ചികിത്സയ്ക്കായി അനന്തിനെ നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

2025 നവംബർ 18ന് കൊച്ചിയിലെത്തിയ അനന്തിനെ സൺറൈസ് ആശുപത്രിയിലെ തോറാസിക് സർജറി വിഭാഗത്തിൽ ഉടനെ പ്രവേശിപ്പിച്ചു. സി.ടി. സ്‌കാൻ ഉൾപ്പെടെയുള്ള വിശദമായ പരിശോധനകളിൽ, ഇടത് ശ്വാസകോശത്തിനുള്ളിലെ അണുബാധ പഴകി പഴുപ്പിന്  കട്ടികൂടി വിവിധ പാളികളായി കെട്ടിക്കിടന്ന് മൾട്ടി ലോക്കുലേറ്റഡ് എംപൈമ എന്ന ഗുരുതര അവസ്ഥയിലേക്ക് രോഗം പുരോഗമിച്ചതായി കണ്ടെത്തി. ഇത് കാരണം നെഞ്ച് ഭാഗം ചുരുങ്ങി ഇടത് ശ്വാസകോശം വികസിക്കാൻ കഴിയാത്ത ട്രാപ്പ്ഡ് ലങ്ങ് അവസ്ഥയിലായിരുന്നു. 

vachakam
vachakam
vachakam

അനന്ത് ഒരേയൊരു ശ്വാസകോശത്തിന്റെ സഹായത്തിലാണ് ശ്വസിച്ചിരുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കാർഡിയോ തോറാസിക് സർജൻ ഡോ. നാസർ യൂസഫ് പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അനന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 15 × 12 × 4 സെ.മീ. വലുപ്പമുള്ള സിമന്റുപോലുള്ള കട്ടിയായി മാറിയ പാളികൾ നെഞ്ച് ഭിത്തിയോടും ഡയഫ്രത്തിനോടും ചേർന്ന് ശ്വാസകോശത്തെ പൂർണ്ണമായി കുടുക്കിയ അവസ്ഥയിലായിരുന്നു. ഒൻപത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ, ഈ കട്ടിയുള്ള പാളികൾ ഓരോ മില്ലീമീറ്ററായി നീക്കം ചെയ്യുകയായിരുന്നു.

പ്ല്യൂറെക്ടമി, ഡീകോർട്ടിക്കേഷൻ എന്നിവ ഉൾപ്പെടുന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയയ്ക്കിടെ ശ്വാസകോശത്തിന്റെ ഉപരിതലത്തിൽ ഉണ്ടായ എയർ ലീക്കുകളും പരിഹരിച്ചുവെന്ന് ഡോ. നാസർ യൂസഫ് പറഞ്ഞു. ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നെഞ്ചിന്റെ ഭിത്തിയോടും ഡയഫ്രത്തിനോടും ചേർന്ന് ഒട്ടിപ്പിടിച്ച നിലയിൽ നിന്ന് സൂക്ഷ്മമായി വേർപെടുത്തി. ശസ്ത്രക്രിയക്ക് നിരവധി യൂണിറ്റ് രക്തവും  ആവശ്യമായി വന്നു. ശസ്ത്രക്രിയയ്ക്കുശേഷം അനന്തിനെ ഉടൻ വെന്റിലേറ്ററിൽ നിന്ന് മാറ്റി. വൈകുന്നേരത്തോടെ ഭക്ഷണം ആരംഭിക്കുകയും അടുത്ത ദിവസം തന്നെ നടക്കാൻ സാധിച്ചു.

തുടർ പരിശോധനകളിൽ, ഇത് സങ്കീർണ്ണമായ ബാക്ടീരിയൽ ന്യൂമോണിയ മൂലമുണ്ടായ അവസ്ഥയാണെന്നും ക്ഷയരോഗം കാൻസർ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിച്ചു. നവംബർ 27ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അനന്ത് ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് മുൻപ് ഒരു നില പോലും കയറാൻ പ്രയാസപ്പെട്ടിരുന്ന അനന്ത്, ആശുപത്രി വിട്ടപ്പോഴേക്കും ഏഴ് നിലകൾ വരെ അനായാസം കയറുന്ന നിലയിലേക്ക് ആരോഗ്യനില വീണ്ടെടുത്തിരുന്നു.

vachakam
vachakam
vachakam

ശസ്ത്രക്രിയയ്ക്കുശേഷം ശ്വാസകോശം വീണ്ടും വികസിക്കാൻ സഹായിക്കുന്ന തരത്തിൽ നേരത്തെ തന്നെ നടക്കാൻ തുടങ്ങിയതും, കൃത്യമായ  ഫിസിയോതെറാപ്പിയും ഏറെ നിർണായകമായി ഡോക്ടർമാർ പറഞ്ഞു. ന്യൂമോണിയയ്ക്ക് ശേഷം തുടരുന്ന നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഒരിക്കലും ലഘുവായി കാണരുതെന്നും സമയബന്ധിതമായ പരിശോധനയും വിദഗ്ധ ചികിത്സയും അനിവാര്യമാണെന്നും ഡോ. നാസർ യൂസഫ് വ്യക്തമാക്കി.

അനന്ത് ഇപ്പോൾ പൂർണ്ണമായും ആരോഗ്യം വീണ്ടെടുത്തു. പഠനം തുടരാനായി ഉടൻ കാനഡയിലേക്ക് മടങ്ങും. സൺറൈസ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡോ.നീതു തമ്പി, പൾമണോളജിസ്റ്റ് ഡോ. നാസർ യൂസഫ്, മിനിമലി ഇൻവേസീവ് തൊറാസിക് സർജൻ, ഡോ. ശോഭ. പി മെഡിക്കൽ സൂപ്രണ്ട്, വിദ്യാത്ഥി അനന്ത് കൃഷ്ണൻ, മാതപിതാക്കളായ ഡോ.പൂർണ്ണിമ ടി.എ., ഹരീഷ് ബി എന്നിവർ പത്ര സമ്മേളനത്തിൽ സംസാരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam