സമാധാന നൊബേല്‍ പ്രഖ്യാപിക്കുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പ്രഖ്യാപനം മുന്‍വര്‍ഷങ്ങളിലേക്കാള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഡിസംബര്‍ 10 ന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വച്ചാണ് നൊബേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്.
ഇത്തവണ 338 നാമനിര്‍ദേശങ്ങളാണുള്ളതെന്നാണ് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചിരിക്കുന്നത്. ഇതില്‍ 244 വ്യക്തികളും 94 സംഘടനകളുമാണുള്ളത്. നാമനിര്‍ദേശം ലഭിച്ച പേരുകള്‍ നൊബേല്‍ പുരസ്‌കാര സമിതി പരസ്യമായി സ്ഥിരീകരിക്കാറില്ലെങ്കിലും സ്വയം പ്രഖ്യാപിത നാമനിര്‍ദേശങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഏതാനും പ്രമുഖ പേരുകളാണ് പുരസ്‌കാര സാധ്യതയില്‍ പ്രചരിക്കുന്നത്.
ഡൊണള്‍ഡ് ട്രംപ്:
ഇത്തവണ സമാധാന നൊബേലിനായി ഏറ്റവുമധികം അവകാശവാദം ഉന്നയിച്ച വ്യക്തിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ഈ ബഹുമതിക്ക് അര്‍ഹനാണെന്ന് വിശദീകരിക്കാന്‍, പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് എന്നിവര്‍ പുരസ്‌കാര സമിതിക്ക് ട്രംപിനെ നാമനിര്‍ദേശം ചെയ്തവരില്‍പ്പെടുന്നു.
കൂടാതെ യുഎസിലെ കോണ്‍ഗ്രസ് അംഗം ബഡ്ഡി കാര്‍ട്ടറും ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഏഴു രാജ്യാന്തര സംഘര്‍ഷങ്ങളെങ്കിലും അവസാനിപ്പിച്ചതിന് നൊബേല്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് വെര്‍ജീനിയയില്‍ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.
'നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുമോ? തീര്‍ച്ചയായും ലഭിക്കില്ല. ഒരു കാര്യവും ചെയ്യാത്ത ഒരാള്‍ക്ക് അവര്‍ അത് നല്‍കും. ഞാന്‍ നിങ്ങളോട് പറയുന്നു, അത് നമ്മുടെ രാജ്യത്തിനു വലിയ അപമാനമായിരിക്കും. എനിക്ക് അത് വേണ്ട. എന്നാല്‍ രാജ്യത്തിന് അത് ലഭിക്കണം. രാജ്യത്തിന് തീര്‍ച്ചയായും അത് ലഭിക്കണം, കാരണം ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല' ട്രംപ് പറഞ്ഞു. തിയഡോര്‍ റൂസ്വെല്‍റ്റ് (1906), വുഡ്രൊ വില്‍സണ്‍ (1919), ജിമ്മി കാര്‍ട്ടര്‍ (2002), ബറാക് ഒബാമ (2009) എന്നിവരാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയിട്ടുള്ള യുഎസ് പ്രസിഡന്റുമാര്‍.
ഫ്രാന്‍സിസ് മാര്‍പാപ്പ:
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരിക്കെ ഏപ്രില്‍ 21ന് കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ ഈ വര്‍ഷം ആദ്യം സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തിരുന്നു. 'വ്യക്തികള്‍ക്കും, ജനവിഭാഗങ്ങള്‍ക്കും, രാജ്യങ്ങള്‍ക്കുമിടയില്‍ ദൃഢവും സമഗ്രവുമായ സമാധാനവും സാഹോദര്യവും വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ അചഞ്ചലമായ സംഭാവനകള്‍' കണക്കിലെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമാധാന നൊബേല്‍ നല്‍കണമെന്ന് നോര്‍വേയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഡാഗ് ഇന്‍ഗെ ഉള്‍സ്‌റ്റൈന്‍ നാമനിര്‍ദേശം ചെയ്തിരുന്നു. 2022-ലും ഫ്രാന്‍സിസ് മാര്‍പാപ്പ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണാനന്തരം ഈ പുരസ്‌കാരം ആര്‍ക്കും നല്‍കിയിട്ടില്ല എന്നതാണ് വാസ്തവം.
ഇമ്രാന്‍ ഖാന്‍:
നിലവില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാക്കിസ്ഥാന്‍ വേള്‍ഡ് അലയന്‍സ് (PWA) അംഗങ്ങളും നോര്‍വേയിലെ രാഷ്ട്രീയ പാര്‍ട്ടിയായ പാര്‍ട്ടിയറ്റ് സെന്‍ട്രം (Partiet Sentrum) സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. പാകിസ്ഥാനിലെ മനുഷ്യാവകാശ, ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നൊബേല്‍ സമാധാന സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തതായി തങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നുവെന്ന് പാര്‍ട്ടിയറ്റ് സെന്‍ട്രം സമൂഹമാധ്യമത്തില്‍ കുറിച്ചു. 2019-ലും ഇമ്രാന്‍ ഖാനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തിരുന്നു. അത് ദക്ഷിണ ഏഷ്യയില്‍ സമാധാനം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കണക്കിലെടുത്തായിരുന്നു.
ഇലോണ്‍ മസ്‌ക്:
ടെസ്ലാ മേധാവിയുടെ മനുഷ്യന്റെ മൗലിക അവകാശങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, സമാധാനം എന്നിവയുടെ സംരക്ഷണത്തിനായി നല്‍കുന്ന പിന്തുണ പരിഗണിച്ച് ഇലോണ്‍ മസ്‌കിനെ സ്ലൊവേനിയയില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ ബ്രാങ്കോ ഗ്രിംസാണ് സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തത്. 'നൊബേല്‍ സമാധാന സമ്മാനം 2025-നുള്ള താങ്കളുടെ നാമനിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നു' എന്ന പുരസ്‌കാര സമിതിയുടെ സ്ഥിരീകരണ ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടും ഗ്രിംസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു
അന്‍വര്‍ ഇബ്രാഹിം:
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. ഡാതുക് ഉസ്മാന്‍ ബക്കര്‍, പ്രൊഫ. ഡോ. ഫാര്‍ കിം ബെങ് എന്നിവരാണ് നാമനിര്‍ദേശം ചെയ്തത്. സംഭാഷണം, പ്രാദേശിക സൗഹൃദം, നിര്‍ബന്ധിതമല്ലാത്ത നയതന്ത്രത്തിലൂടെയുള്ള സമാധാനം എന്നിവയോടുള്ള പ്രതിബദ്ധത, തായ്ലന്‍ഡ് കംബോഡിയ വെടിനിര്‍ത്തലിന് നടത്തിയ സമയോചിതമായ പങ്ക് എന്നിവ ചൂണ്ടികാട്ടിയാണ് ഇരുവരും അന്‍വര്‍ ഇബ്രാഹിമിനെ നാമനിര്‍ദേശം ചെയ്തത്.
യുദ്ധത്തിനും ക്ഷാമത്തിനും ഇടയില്‍ സാധാരണക്കാരെ സഹായിക്കാന്‍ ജീവന്‍ പണയപ്പെടുത്താനും തയാറാകുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ശൃംഖലയായ സുഡാനിലെ അടിയന്തര പ്രതികരണ സംഘം, ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍നയ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ് (യുഎന്‍എച്ച്‌സിആര്‍), യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റ്ഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ പലസ്തീന്‍) തുടങ്ങിയ പേരുകളും സാധ്യത കല്‍പ്പിക്കപ്പെടുന്നു.
എന്നാല്‍ ഇവയൊന്നുമല്ലാത്ത പേര് പ്രഖ്യാപിച്ച് നൊബേല്‍ പുരസ്‌കാര സമിതി ഇത്തവണയും ഞെട്ടിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്