വിസ്മയനടനം - 1 - മുടവൻമുകളിലെ കുസൃതിക്കണ്ണൻ

AUGUST 26, 2026, 2:09 AM

അപ്പൂപ്പൻ വേഷത്തിൽ ആദ്യമായി ക്യാമറയ്ക്കും ജനങ്ങൾക്കും മുന്നിലെത്തിയ ഒരു ആറാം ക്ലാസ്സുകാരൻ! മോഹൻലാൽ എന്ന നടന്റെ ബാല്യകാല കുസൃതികളിലേക്കും ആദ്യ അരങ്ങേറ്റത്തിലേക്കും ഒരു കണ്ണോട്ടം...

പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഗ്രാമത്തിലുള്ള മനപ്പാടത്ത് മേമുറിയിലാണ് മോഹൻലാൽ ജനിച്ചത്. പിതാവ് വിശ്വനാഥൻ നായർ സർക്കാർ ലോ സെക്രട്ടറിയായിരുന്നു. ജോലിസംബന്ധമായ കാരണങ്ങളാൽ തിരുവനന്തപുരത്ത് പൂജപ്പുരയിലെ മുടവൻമുകളിലായിരുന്നു കുടുംബത്തിന്റെ താമസം. ചെറുപ്രായത്തിൽ ലാൽ തികച്ചും അന്തർമുഖനായിരുന്നു; അധികമൊന്നും സംസാരിക്കില്ല. എങ്കിലും എപ്പോഴും എന്തെങ്കിലും വേലത്തരങ്ങൾ ഒപ്പിച്ചുകൊണ്ടിരിക്കും. ചുറ്റുമുള്ള എല്ലാ കാര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ഒരു പ്രത്യേക പാടവം അന്നേ അവനിൽ പ്രകടമായിരുന്നു.

മുറ്റത്തു വന്നിരിക്കുന്ന കാക്കകളെയും കൗശലത്തോടെ പതുങ്ങിയിരുന്ന് ഇരപിടിക്കുന്ന പൂച്ചകളെയും പറമ്പിലൂടെ ഓടിക്കളിക്കുന്ന പശുക്കുട്ടികളെയുമെല്ലാം അവൻ കൗതുകത്തോടെ വീക്ഷിച്ചു. അവയുടെ നേരിയ ചലനങ്ങൾ പോലും മനസ്സിൽ പതിപ്പിച്ചുവെക്കുകയും പിന്നീട് അവയെ അതേപടി അനുകരിച്ചു കാണിക്കുകയും ചെയ്യുമായിരുന്നു. ആരെയെങ്കിലും അനുകരിച്ചു കാണിക്കാമോ എന്ന് ചോദിച്ചാൽ, ലാൽ അത് അപ്പടി തന്മയത്വത്തോടെ ചെയ്തു കാണിക്കും.

vachakam
vachakam
vachakam

മോഹൻലാലിന്റെ അമ്മ ശാന്താദേവിക്ക് ഒരു പെൺകുഞ്ഞ് വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ, ബാല്യത്തിൽ ഒരു പെൺകുട്ടിയെപ്പോലെയാണ് അവർ ലാലിനെ വളർത്തിയത്. ചെറുപ്പത്തിൽ നല്ല തുടുതുടുത്ത ശരീരപ്രകൃതമായിരുന്നു അവന്റേത്. ഇടതൂർന്ന മുടി നീട്ടിവളർത്തി, കൈകളിൽ കരിവളയണിയിച്ച്, കണ്ണെഴുതി പൊട്ടും കുത്തിച്ച് നടത്തുമായിരുന്നു അമ്മ. ഏവരുടെയും മനംകവരുന്ന രീതിയിലുള്ള വശ്യമായ ചിരിയും പെരുമാറ്റവും അന്നേ മോഹൻലാലിന് വശമായിരുന്നു. ശാന്താദേവി നന്നായി പാടുമായിരുന്നു. തനിക്കറിയാവുന്ന പാട്ടുകളൊക്കെ അവർ മകനെയും പഠിപ്പിച്ചു.

മോഹൻലാലിനെ സ്‌കൂളിൽ ചേർക്കേണ്ട കാലമായി. ജ്യേഷ്ഠൻ പ്യാരിലാൽ പഠിക്കുന്ന മുടവൻമുകൾ എൽ.പി. സ്‌കൂളിലാണ് ലാലിനെയും ചേർത്തത്. നാലാം ക്ലാസ് പാസ്സായതോടെ തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്‌കൂളിലേക്ക് മാറ്റി. പത്താം ക്ലാസ് വരെയുള്ള മോഡൽ സ്‌കൂൾ ജീവിതം ലാലിന് തികച്ചും ഒരു പുത്തൻ അനുഭവമായിരുന്നു.

മുതിർന്ന കുട്ടികൾ, വിശാലമായ ക്ലാസ് മുറികൾ, ബഹളമയം! എല്ലാ ദിവസവും കൃത്യസമയത്ത് സ്‌കൂൾ ബസ് വരും; യാത്രയും സുഖകരം. സ്‌കൂളിലെത്തി ഏതാനും ദിവസങ്ങൾക്കകം ലാലിന് രണ്ട് നല്ല കൂട്ടുകാരെ കിട്ടി സരേഷ് കുമാറും മധുമതിയും. ആ സുരേഷ് കുമാറാണ് പിന്നീട് ''പൂച്ചയ്‌ക്കൊരു മൂക്കുത്തി'', ''ആറാം തമ്പുരാൻ'' തുടങ്ങിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രങ്ങൾ നിർമ്മിച്ചത്. മധുമതിയാകട്ടെ, പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ അനിയത്തിയും.

vachakam
vachakam
vachakam

പ്രിയദർശൻ ലാലിനേക്കാൾ മൂന്ന് വയസ്സിന് മൂത്തതായിരുന്നു. മോഡൽ സ്‌കൂളിൽത്തന്നെയാണ് പ്രിയനും പഠിച്ചിരുന്നതെങ്കിലും, അക്കാലത്ത് മോഹൻലാലിന്റെ ''മുഖ്യശത്രു'' പ്രിയദർശനായിരുന്നു!

അന്ന് മോഡൽ സ്‌കൂളിലെ കുട്ടികളുടെ പ്രധാന ''ഹീറോ'' സുധീർകുമാർ ആയിരുന്നു. അഭിനയമായിരുന്നു സുധീർകുമാറിന്റെ പ്രധാന പ്ലസ് പോയിന്റ്. സ്‌കൂളിലെ സ്ഥിരം ''ബെസ്റ്റ് ആക്ടർ''. ''രാജു'' എന്ന് ഓമനപ്പേരുള്ള ഈ സുധീർകുമാറാണ് ഇന്നത്തെ പ്രശസ്ത നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു!

മോഡൽ സ്‌കൂളിൽനിന്നും പത്താം ക്ലാസ് പാസ്സായ രാജു, ഒരു പാരലൽ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. മോഹൻലാൽ അന്ന് ആറാം ക്ലാസ്സിലും. അങ്ങനെയിരിക്കെ സ്‌കൂൾ യുവജനോത്സവം വന്നെത്തി. മോഹൻലാലിനാണെങ്കിൽ നാടകത്തിൽ അഭിനയിക്കണമെന്ന് കടുത്ത ആഗ്രഹം.

vachakam
vachakam
vachakam

അതിനായി അഞ്ചെട്ടു കൂട്ടുകാരെ ലാൽതന്നെ സംഘടിപ്പിച്ചു. എന്നാൽ നാടകം വേണം, അത് പഠിപ്പിക്കാൻ ഒരാളും വേണമല്ലോ! സംഘത്തിലെ സനൽകുമാറാണ് ആ ചോദ്യം ഉന്നയിച്ചത്. ചോദ്യം ന്യായമായിരുന്നു. ആ എട്ടംഗ സംഘത്തിന് നാടകത്തിന്റെ ''എബിസിഡി'' പോലും അറിഞ്ഞുകൂടായിരുന്നു. അപ്പോഴാണ് സ്‌കൂളിലെ അഭിനയപ്രതിഭയായിരുന്ന, മോണോ ആക്ടിലും നാടകത്തിലുമൊക്കെ തുടർച്ചയായി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന രാജുവിനെ ലാലിന് ഓർമ്മവന്നത്.

രാജുവും മോഹൻലാലിന്റെ ജ്യേഷ്ഠൻ പ്യാരിലാലും ഒരുമിച്ചാണ് പഠിച്ചിരുന്നത്. അങ്ങനെ എല്ലാവരും കൂടി രാജുവിനെ തേടിയിറങ്ങി. ലാലായിരുന്നു സംഘത്തിന്റെ നായകൻ.
അവർ സുധീർകുമാർ എന്ന രാജുവിന്റെ മുന്നിലെത്തി. മോഹൻലാൽ പറഞ്ഞു:

''ചേട്ടാ, ഞങ്ങൾക്ക് ഒരു നാടകത്തിൽ അഭിനയിക്കണം. ഞങ്ങൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ, പക്ഷെ ഭയങ്കര ആഗ്രഹമാണ്. എങ്ങനെയെങ്കിലും ചേട്ടൻ ഞങ്ങളെ ഒരു നാടകം പഠിപ്പിക്കണം!''

രാജുവിന് ആ പീക്കിരിപ്പിള്ളേരുടെ നാടകക്കമ്പം അത്ര പിടിച്ചില്ലെന്നു തോന്നുന്നു. അല്പം ചെരിഞ്ഞും തിരിഞ്ഞുമൊക്കെ നോക്കി മണിയൻപിള്ള സ്‌റ്റൈലിൽ രാജു പിള്ളേരെ വിലയിരുത്തി. എന്നിട്ട് ഒരു നാടകസംവിധായകന്റെ എല്ലാ ഗമയുമെടുത്ത് ഒരു വിരട്ടൽ:

''എന്താടാ, ഈ നാടകാഭിനയം എന്നൊക്കെപ്പറഞ്ഞാൽ പിള്ളേരുകളിയാണെന്നാണോ വിചാരം?''
പിള്ളേർസംഘം ഒന്നു പരുങ്ങി. ഹൈസ്‌കൂൾ കുട്ടികളുടെ, പ്രത്യേകിച്ച് എസ്.എസ്.എൽ.സി.ക്കാരുടെ കുത്തകയായിരുന്നു അന്ന് നാടകം കളിക്കൽ. ഒന്നു 'ഷൈൻ' ചെയ്യാൻ വേണ്ടി മാത്രമായിരുന്നു ഭൂരിഭാഗം പേരും ഇത്തരം കലാപരിപാടികളിൽ മത്സരിച്ചിരുന്നത്.

അതോടെ വെറും ആറാം ക്ലാസുകാരായ മോഹൻലാലിനും കൂട്ടർക്കും ചെറിയൊരു ചമ്മൽ.

സംഗതി അതിമോഹമായിപ്പോയോ എന്നൊരു തോന്നും. എങ്കിലും, ഒരു ''അമൂൽ ബേബി''യെപ്പോലിരിക്കുന്ന മോഹൻലാൽ തന്റെ സ്മാർട്ട്‌നെസ്സ് ഒട്ടും ചോർന്നുപോകാതെ രാജുവിനോട് ചോദിച്ചു:

''പിള്ളേരുകളിയല്ല നാടകം എന്ന് ശരിക്കറിയാവുന്നതുകൊണ്ടല്ലേ ഞങ്ങൾക്ക് ചേട്ടന്റെ അടുത്ത് തന്നെ വരേണ്ടി വന്നത്? എങ്ങനെയെങ്കിലും ഒരു നാടകം പഠിപ്പിച്ചു തന്നേ പറ്റൂ!''

''ശ്ശെടാ... ഇവനാള് കൊള്ളാമല്ലോ!'' എന്ന് രാജു മനസ്സാ പറഞ്ഞുപോയി. എന്നിട്ട്, ഒരു സൂപ്പർ സംവിധായകന്റെ ഗമ ഒട്ടും കുറയ്ക്കാതെ പറഞ്ഞു:

''ആട്ടെ... രണ്ടു ദിവസം കഴിഞ്ഞ് എന്റെ വീട്ടിലേക്ക് വാ.''

രാജുവിന്റെ വീട് തൈക്കാടാണ്. ശ്വാസമടക്കിയാണ് അടുത്ത രണ്ടുദിവസം ലാൽ കഴിച്ചുകൂട്ടിയത്. നിശ്ചിത ദിവസം രാവിലെതന്നെ കൂട്ടുകാരെയും സംഘടിപ്പിച്ച് രാജുവിന്റെ വീട്ടിലെത്തുമ്പോൾ, സംവിധായകന് പഴയ ''ജനയുഗം'' വാരികകളും വാർഷികപ്പതിപ്പുമൊക്കെ തപ്പിപ്പെറുക്കി അതിൽനിന്നൊരു നാടകം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

ഹാസ്യനാടകമാണ് വേളൂർ കൃഷ്ണൻകുട്ടിയുടെ ''കമ്പ്യൂട്ടർ ബോയ്''.

രാജുവിന്റെ വീടിന്റെ വരാന്തയിലിരുന്ന് മോഹൻലാലും കൂട്ടരും നാടകം പകർത്തിയെഴുതി. റിഹേഴ്‌സൽ ക്യാമ്പും ആ വരാന്തതന്നെയായിരുന്നു! നൂറ്റാണ്ടുകൾക്കപ്പുറമുള്ള ശാസ്ത്രവളർച്ചയെ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഒരു രസികൻ ഏകാങ്കനാടകമായിരുന്നു ''കമ്പ്യൂട്ടർ ബോയ്''.
''കല്ലുകൊത്താനുണ്ടോ കല്ല്...'' എന്ന് നാടോടികൾ ചോദിക്കുന്നതുപോലെ, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെ റോഡിലൂടെ തെക്കുവടക്ക് നടന്ന് വിളിച്ചുചോദിക്കുന്നതാണ് പ്രമേയം:

''ഹൃദയം മാറ്റിവെക്കാനുണ്ടോ ഹൃദയം...'', ''വീടുവെക്കാനുണ്ടോ വീട്...'', ''പ്ലാൻ വരയ്ക്കാനുണ്ടോ പ്ലാൻ...'' എന്നിങ്ങനെ തികച്ചും തമാശ നിറഞ്ഞൊരു സംഭവം!

തൊണ്ണൂറ് വയസ്സായ ഒരു വൃദ്ധന്റെ റോളായിരുന്നു മോഹൻലാൽ അഭിനയിക്കേണ്ടിയിരുന്നത്. രാജുവിന്റെ സംവിധാനത്തിൽ റിഹേഴ്‌സൽ പൊടിപൊടിച്ചു. ആകെ ആറു ദിവസത്തെ റിഹേഴ്‌സൽ.

യൂത്ത് ഫെസ്റ്റിവൽ അടുത്തെത്തി. ഒരു ദിവസം രാജു അവരെ വിളിച്ചിട്ടു പറഞ്ഞു:

''അപ്പോഴേ... ചുമ്മാ റിഹേഴ്‌സൽ കളിച്ചതുകൊണ്ടു മാത്രം കാര്യം നടക്കില്ല. ചുരുങ്ങിയത് ഒരു അമ്പത് രൂപയെങ്കിലും വേണ്ടിവരും. മേക്കപ്പിനുതന്നെ മുപ്പത് രൂപയോളം ചെലവാകും.''

അത് ആ നാടകസംഘത്തിന് വലിയൊരു ആഘാതമായിരുന്നു. അൻപത് രൂപ (അന്നതൊരു വലിയ തുകയാണല്ലോ) ഇനി എങ്ങനെ ഉണ്ടാക്കും? ഒടുവിൽ ഓരോരുത്തരായി പിരിവെടുക്കാൻ തീരുമാനിച്ചു. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും വെറും 27 രൂപ മാത്രമേ ആ കുട്ടിത്താരങ്ങൾക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞുള്ളൂ!

ഒടുവിൽ ആ 27 രൂപയുമായി അവർ രാജുവിന്റെ മുന്നിലെത്തി പണം കൊടുത്തു. രാജു പണം എണ്ണിനോക്കിയിട്ട്:

''ഇരുപത്തേഴ് ഉലുവായോ... ഇതുകൊണ്ട് എന്തുണ്ടാക്കാനാ!''

എന്നു പറഞ്ഞ് പണം പോക്കറ്റിലിട്ടു.

അങ്ങനെ യൂത്ത് ഫെസ്റ്റിവൽ ആരംഭിച്ചു. മോഹൻലാൽ അതിരാവിലെ കുളിച്ചൊരുങ്ങി. വീട്ടിലെ ഗണപതിവിഗ്രഹത്തിന് മുന്നിൽ വണങ്ങി, ചെറുപ്പത്തിലേ പഠിച്ച ഗണപതിമന്ത്രം ജപിച്ചു. തൊണ്ണൂറ് വയസ്സുള്ള ഒരാൾക്ക് ചേരുന്ന തുണിത്തരങ്ങളൊക്കെ ബാഗിലാക്കി രാവിലെതന്നെ സ്‌കൂളിലെത്തി. വൈകാതെ സംവിധായകൻ രാജുവും എത്തിച്ചേർന്നു. ഒരു ഫൈനൽ റിഹേഴ്‌സൽ കൂടി നടത്തിയ ശേഷം, എല്ലാവരോടും മുഖം നന്നായി കഴുകിവരാൻ രാജു ഉത്തരവിട്ടു.

അഭിനേതാക്കൾ മുഖം കഴുകി വന്നപ്പോഴേക്കും പിൻവശത്തെ ഒരു ക്ലാസ് മുറി സ്‌കൂൾ സ്‌ക്രീനൊക്കെ വെച്ച് മറച്ച് 'മേക്കപ്പ് റൂം' ആക്കി മാറ്റിയിരുന്നു. ഒരു വാഴയിലയിൽ റോസ് പൗഡർ, റെഡ് പൗഡർ, ഉമിക്കരി, ഭസ്മം, ഈർക്കിലി, പഞ്ഞി, വെളിച്ചെണ്ണ, ഒട്ടിക്കുന്ന നരച്ച ക്രേപ്പ് ഹെയർ, സ്പിരിറ്റ് ഗം... അങ്ങനെ കുറെ സാധനങ്ങൾ നിരത്തിവെച്ചിരിക്കുന്നു. രാജുതന്നെയായിരുന്നു മേക്കപ്പ്മാൻ!

ആദ്യം മോഹൻലാലിനെ വിളിച്ചു. വലിയ അഭിമാനത്തോടെയാണ് മോഹൻലാൽ മണിയൻപിള്ള രാജുവിന്റെ മുന്നിൽ മേക്കപ്പിടാൻ ഇരുന്നത്. അങ്ങനെ തന്റെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെടാൻ പോകുന്നു; താനും ഒരു നടനായി മാറാൻ പോകുന്നു!

രാജു ലാലിന്റെ മുഖത്ത് പൗഡർ ഇടുന്നതിന് മുൻപ് ലാൽ ഇരുകൈകളും കൂപ്പി കണ്ണടച്ച് ഈശ്വരനെ ധ്യാനിച്ചു. രാജു ശക്തിയോടെ മുഖത്ത് പൗഡർ അടിച്ച പിടിപ്പിച്ചു. ചുണ്ടിനു മുകളിലും കവിളിലും താടിയിലുമൊക്കെ ഈർക്കിലിയിൽ പഞ്ഞിചുറ്റി, സ്പിരിറ്റ് ഗമ്മിൽ മുക്കി തേച്ചുപിടിപ്പിച്ചു. ആ സ്പിരിറ്റ് ഗമ്മിന്റെ രൂക്ഷഗന്ധം ഇപ്പോഴും തന്റെ മൂക്കിൻതുമ്പത്തുണ്ടെന്ന് ലാൽ ഇപ്പോഴും അവകാശപ്പെടാറുണ്ട്! തുടർന്ന് നരച്ച ക്രേപ്പ് ഹെയർ ഒട്ടിച്ചു വെച്ചു.

എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ ലാൽ അമ്പരന്നുപോയി! താനതാ ഒരു അപ്പൂപ്പനായി മാറിയിരിക്കുന്നു! ഏറെനേരം കണ്ണാടിയിൽനിന്ന് കണ്ണെടുക്കാൻ ലാലിനായില്ല.
പിന്നീടെപ്പോഴോ അവരുടെ നാടകത്തിന്റെ പേര് (കമ്പ്യൂട്ടർ ബോയ്) അനൗൺസ് ചെയ്തു.

ആരൊക്കെയോ ചേർന്ന് ലാലിനെയും കൂട്ടരെയും സ്റ്റേജിലേക്ക് തള്ളിവിട്ടു. തൊണ്ണൂറ് വയസ്സുള്ള പടുകിഴവനായി ലാൽ രംഗത്തെത്തിയപ്പോൾത്തന്നെ സദസ്സിൽനിന്ന് വൻ കൈയടി ഉയർന്നു! മാത്രമല്ല, ''കമ്പ്യൂട്ടർ ബോയി'ൽ അഭിനയിച്ച് എല്ലാവരും കസറി. എല്ലാം സംവിധായകൻ കൃത്യമായി ആസൂത്രണം ചെയ്തതിന്റെ ഫലം!

മത്സരത്തിനുള്ള നാടകങ്ങളെല്ലാം അരങ്ങേറി. റിസൾട്ടറിയാൻ അഭിനേതാക്കളും കൂട്ടരും ശ്വാസമടക്കി നിൽക്കുകയാണ്. ഏതാണ്ട് അരമണിക്കൂറിനു ശേഷം ആ ഫലപ്രഖ്യാപനം വന്നു...! 

(തുടരും)

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam