റഷ്യന്‍ അധിനിവേശത്തിലുള്ള ഉക്രേനിയന്‍ പ്രദേശങ്ങളില്‍ കുട്ടികളെ നിര്‍ബന്ധിത സൈനിക പരിശീലനത്തിനും പ്രത്യയശാസ്ത്ര പ്രചാരണത്തിനും ഇരയാക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. റഷ്യ പിടിച്ചെടുത്ത ക്രിമിയയില്‍ നിന്ന് രക്ഷപ്പെട്ട ഉക്രേനിയന്‍ ചെറുപ്പക്കാരാണ് തങ്ങള്‍ നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്. തങ്ങളുടെ പൗരത്വവും സംസ്‌കാരവും ഇല്ലാതാക്കി, സ്വന്തം നാടിനെതിരെ തന്നെ പോരാടുന്ന റഷ്യന്‍ സൈനികരാക്കി മാറ്റാനാണ് അധികൃതര്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
ക്രിമിയയില്‍ വളര്‍ന്ന മാറ്റ്വി ചോസ് എന്ന പത്തൊന്‍പതുകാരന്‍, പതിനെട്ട് വയസ് തികഞ്ഞയുടന്‍ തന്നെ റഷ്യന്‍ സൈന്യത്തിലേക്ക് നിര്‍ബന്ധിത റിക്രൂട്ട്‌മെന്റ് ഉണ്ടാകുമെന്ന ഭയത്താലാണ് മോസ്‌കോയിലെ സര്‍വകലാശാലയില്‍ ചേര്‍ന്നത്. പിന്നീട് ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഇയാള്‍ റഷ്യയില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ സൈനികവല്‍ക്കരണവും റഷ്യന്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും ഇതിലും വളരെ മുന്‍പേ ആരംഭിച്ചിരുന്നതായി ചോസ് ഓര്‍ക്കുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ തങ്ങള്‍ക്ക് പ്രത്യേക കേഡറ്റ് ക്ലാസുകള്‍ ആരംഭിച്ചിരുന്നുവെന്നും ആയുധങ്ങള്‍ ഉപയോഗിക്കാനും മാര്‍ച്ച് ചെയ്യാനും തന്ത്രപരമായ വൈദ്യസഹായം നല്‍കാനുമൊക്കെയാണ് കുട്ടികളെ പഠപ്പിച്ചിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.
സ്വന്തം ഉക്രേനിയന്‍ സഹോദരങ്ങള്‍ക്കെതിരെ പോരാടാന്‍ പുതിയൊരു സൈന്യത്തെ വാര്‍ത്തെടുക്കാനാണ് റഷ്യ ഈ പ്രദേശങ്ങളിലെ കുട്ടികളെ ഇരയാക്കുന്നതെന്ന് ചോസ് സാക്ഷ്യപ്പെടുത്തുന്നു.
ഇതിനുപുറമേ ഉക്രേനിയന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും മേല്‍ ശക്തമായ നിരോധനമാണ് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2014 ല്‍ ക്രിമിയ പിടിച്ചെടുത്തതോടെ സ്‌കൂളുകളില്‍ ഉക്രേനിയന്‍ പുസ്തകങ്ങളും പഠന രീതികളും പൂര്‍ണ്ണമായി ഒഴിവാക്കിയതായി ഇരുപത്തിമൂന്നുകാരിയായ ദാരിയ ഫുര്‍സോവ പറയുന്നു. സ്‌കൂളുകളിലും പൊതുവിടങ്ങളിലും ഉക്രേനിയന്‍ ഭാഷയോ ക്രിമിയന്‍ തതാര്‍ ഭാഷയോ സംസാരിക്കുന്നത് കര്‍ശനമായി നിരോധിച്ചു. ഉക്രേനിയന്‍ ചരിത്രത്തിന് പകരം റഷ്യന്‍ ചരിത്രവും റഷ്യന്‍ ദേശീയഗാനവും പാട്ടുകളും കുട്ടികളെ നിര്‍ബന്ധമായി പഠിപ്പിച്ചു.
കുട്ടിക്കാലം മുതല്‍ റഷ്യയിലാണ് ജീവിച്ചതെന്നും അതിനാല്‍ ഇനി റഷ്യക്കാരാണെന്നുമാണ് അധികൃതര്‍ കുട്ടികളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഫുര്‍സോവയുടെ പഴയ സഹപാഠികളില്‍ പലരും ഇന്ന് റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്തുണ്ടെന്ന യാഥാര്‍ത്ഥ്യം സ്ഥിതിഗതികളുടെ വ്യാപ്തി വ്യക്തമാക്കുന്നു.
റഷ്യയുടെ അധിനിവേശത്തിന് ശേഷം ഇതുവരെ ഇരുപതിനായിരത്തോളം ഉക്രേനിയന്‍ കുട്ടികളെ കുടുംബങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായി വേര്‍പെടുത്തി റഷ്യയിലേക്ക് കടത്തിയതായാണ് കണക്കുകള്‍. ഇതില്‍ കേവലം രണ്ടായിരത്തി അറുനൂറോളം പേരെ മാത്രമാണ് ഇതുവരെ തിരികെ കൊണ്ടുവരാന്‍ സാധിച്ചിട്ടുള്ളത്. റഷ്യന്‍ ക്യാമ്പുകളില്‍ അനുസരണക്കേട് കാണിക്കുന്ന കുട്ടികളെ ഒറ്റപ്പെട്ട സെല്ലുകളില്‍ അടയ്ക്കുന്നതടക്കമുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. പല കുട്ടികള്‍ക്കും പുതിയ ഐഡന്റിറ്റികള്‍ നല്‍കി റഷ്യന്‍ പൗരന്മാരാക്കി മാറ്റുകയും ദത്തെടുക്കാന്‍ നല്‍കുകയും ചെയ്യുന്നു. ഈ ഗൗരവതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ മുന്‍നിര്‍ത്തി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവില്‍ ക്രിമിയയില്‍ നിന്നും റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്നും കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി സേവ് ഉക്രെയ്ന്‍ പോലുള്ള സന്നദ്ധ സംഘടനകള്‍ വലിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കാനഡ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം സാമ്പത്തിക സഹായവും നയതന്ത്ര പിന്തുണയും നല്‍കി ഈ ശ്രമങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. അധിനിവേശത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറ്റാന്‍ രക്ഷപ്പെടുത്തിയ കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണയും പുനരധിവാസവും നല്‍കിവരുന്നുണ്ട്.
സ്വന്തം നാട്ടില്‍ കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഈ കുട്ടികളെ തിരികെ കൊണ്ടുവരാന്‍ അടിയന്തര അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
English summary
Young Ukrainians who grew up in Russian-occupied Crimea have exposed a coordinated campaign of forced indoctrination and militarization, revealing how schools replaced Ukrainian culture and language with Russian history while subjecting children to military cadet training to groom them as future Russian soldiers. Human rights experts and officials estimate that roughly 20,000 Ukrainian children have been unlawfully deported or separated from their families since the 2022 invasion—subjected to re-education, forced adoptions, and military conscription upon turning 18—leading the International Criminal Court to issue an arrest warrant for Vladimir Putin while international organizations actively work to rescue and rehabilitate these affected youth.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
