മകര താരമില്ല; പകരം കരിന്തിരി

DECEMBER 25, 2024, 7:05 PM

എല്ലാ പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതികരണമുണ്ടെന്നത് ഐസക് ന്യൂട്ടന്റെ മൂന്നാം ചലന നിയമം. ക്രിസ്തീയ സഭാ സമൂഹങ്ങളുടെ സ്‌നേഹാദരം പിടിച്ചുപറ്റാൻ ദേശീയ നേതൃത്വത്തിന്റെ  നിർദ്ദേശ പ്രകാരം ബി.ജെ.പി മുന്നോട്ട് കൊണ്ടു പോകുന്ന നീക്കം ദുർബലപ്പെടുത്തുന്ന ചുഴലികൾ സംഘപരിവാറിൽ നിന്നു തന്നെ ഉയരുമ്പോൾ ന്യൂട്ടന്റെ ചലന നിയമത്തിന് പുതിയ അർത്ഥ വിന്യാസം കൈവരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സി.ബി.സി.ഐ ആസ്ഥാനം സന്ദർശിക്കുന്നതിന്റെയും ക്രിസ്തുമസ് ആശംസ നേരുന്നതിന്റെയും വാർത്തകൾ സംഘ്പരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നതിനിടയിലാണ് കേരളത്തിലും ചിലയിടങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ തടയുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയത്.

പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷം തടയാൻ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾ തന്നെ നേരിട്ടു  ശ്രമിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘമാണ് അതിക്രമം നടത്തിയത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള സംഘ്പരിവാറിന്റെ പങ്ക് സുവ്യക്തം. എന്തായാലും ഇത് കേരളമാണ് മണിപ്പൂർ അല്ലെന്ന് ബോധ്യപ്പെടുത്തുന്ന വിധം പൊലീസ് നടപടിയുണ്ടായത് ശുഭകരം തന്നെ. അതേസമയം, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അപലപിച്ചു എന്നതുകൊണ്ട് ഇതിന്റെ പാപക്കറ മായുന്നില്ല.

vachakam
vachakam
vachakam

സാന്താക്ലോസിന്റെ വേഷം അണിഞ്ഞ് വിദ്യാർത്ഥികളും അധ്യാപകരും കരോൾ നടത്തുന്നിനിടെയെത്തിയ വിഎച്ച്പി നേതാക്കൾ ക്രിസ്തുമസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമത്തിനു തുനിഞ്ഞത്. ആഘോഷത്തിന് നേതൃത്വം നൽകിയ അധ്യാപകർക്കു നേരേ അസഭ്യവർഷവും നടത്തി. കുട്ടികൾക്ക് താല്പര്യമില്ലാതെ ഇത്തരം ആഘോഷങ്ങൾ പാടില്ലെന്നായിരുന്നു ഭീഷണി. സംഭവത്തിൽ വിഎച്ച്പി ജില്ലാസെക്രട്ടറി കെ. അനിൽകുമാർ, ബജറംഗ്ദൾ ജില്ലാ സംയോജക് വി. സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേലായുധൻ എന്നിവർ സബ് ജയിലിലായി. ഇതിന് പിന്നാലെ പാലക്കാട് തന്നെ തത്തമംഗലം സ്‌കൂളിലെ പുൽക്കൂട് തകർത്ത സംഭവവുമുണ്ടായി. വെള്ളിയാഴ്ചത്തെ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നകുട്ടികൾക്ക് കാണുന്നതിനായി നിലനിർത്തിയ പുൽക്കൂടാണ് തകർക്കപ്പെട്ടത്.

കേരളത്തിൽ മുൻകാലങ്ങളിൽ അപൂർവമായിരുന്നു ഇത്തരം കൃത്യങ്ങൾ. കുട്ടികളിൽ മതസൗഹാർദ, സാഹോദര്യബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ  എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങൾ പല സ്‌കൂളുകളിലും സംഘടിപ്പിക്കാറുണ്ട്. വർഗീയ ശക്തികളെ പടിക്കു പുറത്തുനിർത്തുന്നത് ഇത്തരം കൂട്ടായ്മകളിലൂടെ സൃഷ്ടിക്കപ്പെട്ട അവബോധത്തിലൂടെയാണ്. അതിൽ അസഹിഷ്ണുക്കളായ ഛിദ്രശക്തികളാണ് ഇത്തരം ചെയ്തികൾക്ക് പിന്നിലെന്നാണ് നല്ലേപ്പള്ളി സ്‌കൂളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഘടനാ ബന്ധത്തിലൂടെ വെളിവായത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്‌കൂളുകളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് സംഘപരിവാർ ആവശ്യപ്രകാരമായിരുന്നു.

കഴിഞ്ഞ വർഷം ക്രിസ്തുമസ് വേളയിലും അപ്രതീക്ഷിതമെന്ന് വരുത്തിയുള്ള പള്ളി സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്തകളിൽ ഇടംനേടിയിരുന്നു. ഇത്തവണയും അത്തരം നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ മോദിയുടെ ക്രൈസ്തവരോടുള്ള ആഭിമുഖ്യപ്രകടനം സംഘപരിവാറിന് അത്രയൊന്നും സുഖിക്കുന്നില്ലെന്നു തെളിയിക്കപ്പെട്ടു പാലക്കാട്ടെ സംഭവത്തിലൂടെ. ഇവിടെ മാത്രമല്ല രാജ്യത്താകെ മോദിയുടെ തന്ത്രത്തെ തുരങ്കം വയ്ക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട ഉദാഹരണം മണിപ്പൂർതന്നെ്. ലോകരാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെപോലും മതസൗഹാർദത്തെയും സാമുദായിക ഐക്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി, മണിപ്പൂരിൽ സംഘർഷമുണ്ടായി ഒന്നരവർഷം പിന്നിട്ടിട്ടും അവിടമൊന്ന് സന്ദർശിക്കുവാൻ തയാറാകാത്തത് സംഘപരിവാറിനെ അലോസരപ്പെടുത്തരുതെന്ന ലക്ഷ്യത്തോടെയാണെന്ന വിമർശനം പരക്കെയുയരുന്നുണ്ട്.

vachakam
vachakam
vachakam

യു.സി.എഫ് റിപ്പോർട്ട്

രാജ്യത്ത് ക്രൈസ്തവർക്കെതിരായി അതിക്രമങ്ങൾ കൂടുന്നുവെന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. ഈ വർഷം ഇതുവരെ 745 അതിക്രമക്കേസുകൾ ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മണിപ്പൂരിൽ ഏറ്റവും കൂടുതൽ അതിക്രമത്തിനിരയായ ക്രൈസ്തവവിശ്വാസികളുടെയും പള്ളികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കണക്കുകൾക്ക് പുറമേയാണിത്. 200 ലധികം ദേവാലയങ്ങൾ ഇവിടെ തകർക്കപ്പെട്ടതായി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശിലാണ് ഏറ്റവുമധികം ആക്രമണങ്ങൾ ഉണ്ടായത്, 182. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഢിൽ 163 സംഭവങ്ങളുണ്ടായി.

ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി ക്രൈസ്തവർ അക്രമങ്ങളും വിവേചനങ്ങളും നേരിടേണ്ടിവരുന്നു. ഈ സംസ്ഥാനങ്ങളിൽ പൊലീസും സർക്കാരും തങ്ങളുടെ രക്ഷയ്ക്കുണ്ട് എന്നതിനാലാണ് സംഘ്പരിവാർ അതിക്രമങ്ങൾ നടത്തുന്നതെന്ന് മതന്യൂനപക്ഷ നേതാക്കൾ പറയുന്നു. ക്രൈസ്തവർ മാത്രമല്ല മുസ്ലിം, ദളിത് വിഭാഗങ്ങളിൽപ്പെട്ടവരും വേട്ടയ്ക്കിരയാകുന്നുണ്ട്. അതുതന്നെ, എല്ലാ മതസ്ഥരും ഒറ്റക്കെട്ടായി നിൽക്കുന്ന സംസ്ഥാനമായ കേരളത്തിലും ഇത്  ആവർത്തിക്കാനുള്ള ശ്രമം കൂടുതൽ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇവിടെ തങ്ങളുടെ രാഷ്ട്രീയ, സാമുദായിക അജണ്ട വിലപ്പോവില്ലെന്ന് സംഘ്പരിവാർ മനസിലാക്കാത്തതിന്റെ ഫലമാണിപ്പോഴുണ്ടായ സംഭവങ്ങൾ.

vachakam
vachakam
vachakam

ഹിന്ദുഭവനങ്ങളിൽ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്നും പകരം മകരം നക്ഷത്രങ്ങൾ തൂക്കണമെന്നുമുള്ള സംഘ പരിവാർ ആഹ്വാനം നേരത്തെ പുറത്തുവന്നിരുന്നു. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് ജി. വാര്യർ  ഇതിനെതിരെ ശക്്തമായി പ്രതികരിക്കുകയും ചെയ്തു. 'വെറുപ്പിന്റെ ഫാക്ടറി ക്രിസ്തുമസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നുവെന്നും അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന, സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണ'മെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും നാട്ടിലുടനീളം പതിവുപോലെ  ഹിന്ദുഭവനങ്ങളിലും ക്രിസ്തുമസ് നക്ഷത്രം തൂങ്ങി. മകരം നക്ഷത്രമെന്തെന്നന്വേഷിക്കാൻ പോലും ആരും മിനക്കെട്ടില്ല.

'ഹിന്ദു ഭവനങ്ങൾ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്തുമസ് സ്റ്റാറുകൾ ഉപയോഗിച്ചല്ല. പവിത്രമായ മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകര നക്ഷത്രങ്ങൾ ഉപയോഗിക്കൂ' എന്ന പരസ്യത്തെ അതിനിശിതമായാണ് സന്ദീപ് ജി. വാര്യർ അപലപിച്ചത്. ' ക്രിസ്തുമസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും. എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്തുമസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും. വെറുപ്പിന്റെ ഫാക്ടറി ക്രിസ്തുമസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക?

ഒരുവശത്ത് ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കാൻ വേണ്ടി നാടകം കളിക്കുന്നു. മറുവശത്ത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. ഈ വെറുപ്പിനെയും വിദ്വേഷത്തെയും അംഗീകരിക്കാത്തവരാണ് ബഹുഭൂരിപക്ഷം ഹിന്ദുക്കളും. അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും വർഗീയമായി ചിത്രീകരിക്കുന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കുക തന്നെ വേണം.' സന്ദീപ് ജി. വാര്യർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.


'അതൊരു നാടകം'

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ക്രിസ്തുമസ് വിരുന്ന് നാടകമെന്ന് ഇതിനിടെ, ഓർത്തഡോക്‌സ് സഭ ബിഷപ് യുഹാന്നോൻ  മാർ മിലിത്തിയോസ് ആക്ഷേപിച്ചു. 'അവിടെ മെത്രാൻമാരെ വന്ദിക്കുകയും ഇവിടെ പുൽക്കൂട് നശിപ്പിക്കുകയുമാണെ'ന്നും തൃശൂർ ഭദ്രാസന മെത്രോപ്പൊലീത്തയായ മാർ മിലിത്തിയോസ് പറഞ്ഞു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോയെന്നും ബിഷപ് പരിഹസിച്ചു.  'പ്രധാനമന്ത്രി ബി.ജെ.പിയുടെ പ്രതിനിധിയാണ്. ഇതേ ബി.ജെ.പിയുടെ പോഷക സംഘടനയാണ് പാലക്കാട് പുൽക്കൂടുകൾ നശിപ്പിച്ചത്. ഇവർ തന്നെയാണ് ക്രൈസ്തവ, മുസ്ലിം പള്ളികൾ പൊളിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു.

അതേസമയം ഉപഘടകങ്ങൾ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറ്റൊരു ശൈലിയിലേ കേരളത്തിൽ കാര്യങ്ങൾ നടത്താനാകൂ എന്ന് അവർക്കറിയാം. അത് സവർക്കറുടെ പദ്ധതിയാണ്.' മാർ മിലിത്തിയോസ് പറഞ്ഞു. ഒന്നുകിൽ രാജ്യം വിട്ടുപോകുക അല്ലെങ്കിൽ സവർണ്ണ ഹിന്ദുക്കൾക്ക് അടിമയായി ജീവിക്കുക എന്നതാണ് ഇവരുടെ നിലപാട് എന്നും സംഘപരിവാറിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ നാടകീയ മാർഗമാണിതെല്ലാമെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ സി.ബി.സി.ഐ ആസ്ഥാനത്തെ ക്രിസ്തുമസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത് ആശംസകൾ നേർന്നതിനു പുറമേ പുതിയ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ അഭിനന്ദിക്കാനും മറന്നില്ല.

ഭാരതപുത്രൻ കർദിനാൾ ആയതിൽ അഭിമാനമെന്നും പറഞ്ഞു. സ്‌നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശമെന്നും അതിനെ ശക്തിപ്പെടുത്തണമെന്നും പറഞ്ഞ പ്രധാനമന്ത്രി ജർമ്മനിയിലെ ക്രിസ്തുമസ് മാർക്കറ്റ് ആക്രമണത്തിലും ശ്രീലങ്കയിലെ പള്ളിയാക്രമണത്തിലും തനിക്ക് വേദനയുണ്ടെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. ദേശ താൽപര്യത്തിനൊപ്പം മാനുഷികതയ്ക്കും ഇന്ത്യ മുൻഗണന നൽകുന്നു എന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ക്രിസ്തുമസ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. കർദിനാൾമാരും ബിഷപ്പുമാരും പുരോഹിതന്മാരും കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കം മൂന്നൂറോളം പേരാണ് വിരുന്നിൽ പങ്കെടുത്തത്.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam