പഴയകാല നെഹ്‌റു ഗാന്ധി പ്രതിച്ഛായ നേടിയെടുക്കാൻ സോണിയ ഗാന്ധിയുടെ രംഗപ്രവേശനത്തിലൂടെ മാത്രമേ കഴിയൂ എന്ന് കോൺഗ്രസിലെ ഒരു വലിയ വിഭാഗം നേതൃത്വത്തിന് അറിയാം. പക്ഷേ കോൺഗ്രസിന്റെ പ്രതാപം തിരിച്ചുകൊണ്ടുവരാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ മക്കളുടെ സുരക്ഷിതത്വം അവർക്കൊരു തലവേദനയാണ്..! ചോദ്യം പഴയതുതന്നെ..! സോണിയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങമോ?. ഇറങ്ങുമെന്ന് തന്നെയാണ് ബഹുഭൂരിപക്ഷം കോൺഗ്രസുകാരും കരുതുന്നത്.
രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ഒരു സവിശേഷത ഗാന്ധി തൊപ്പി തിരിച്ചുവന്നു എന്നതാണ്. കോൺഗ്രസുകാർ വലിച്ചെറിഞ്ഞ ആ ഗാന്ധി തൊപ്പി വീണ്ടും തരംഗമായി. എന്നാൽ ആ തൊപ്പി തിരിച്ചു വരുന്നതോടെ പഴയ ആദർശങ്ങളും കോൺഗ്രസിലേക്ക് തിരിച്ചു വരുന്നു എന്ന് അർത്ഥമില്ല.
ആദർശങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന അന്നത്തെ പാർട്ടിയിൽ നിന്ന് അഴിമതിയെ താലോലിക്കാൻ വെമ്പുന്ന വരുടെ എണ്ണം അനുദിനം ഏറി വരികയാണ്.
നരസിംഹ റാവുവിനെ നേതൃസ്ഥാനത്തുനിന്ന് പുറത്താക്കുന്നതിൽ വിജയിച്ച സീതാറാം കേസരിക്ക് അഴിമതിയും ജീർണ്ണതയും ഇല്ലാതാക്കാൻ ആയിട്ടില്ല മുമ്പ് റാവുവിന്റെ പാദസേവരായിരുന്നു അവർ ഇപ്പോൾ പിൻഗാമിയുടെ മുമ്പിൽ സാഷ്ടാംഗം നമസ്‌കരിക്കുന്നു. നിരന്തരം കൂറുമാറി കൊണ്ടിരിക്കുന്ന കോൺഗ്രസുകാർക്ക് ജനങ്ങളുടെ വികാരവും വീക്ഷണവും അറിയാൻ കഴിയാതെ പോകുന്നതിൽ അത്ഭുതമില്ല.
കോൺഗ്രസിന്റെ വോട്ട് ബാങ്കുകൾ തകർന്നു തുടങ്ങിയിരിക്കുന്നു. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകലുന്നു. സുഖലോലുപന്മാരുടെയും അഴിമതിക്കാരുടെയും പാർട്ടിയായിട്ടാണ് ജനങ്ങൾ കോൺഗ്രസിന് ഇപ്പോൾ കാണുന്നത്. വേഷഭൂഷാദികളിൽ ഉള്ള മാറ്റമല്ല കോൺഗ്രസ് പാർട്ടിക്ക് ഇന്ന് ആവശ്യം. അത് തിരിച്ചറിയാൻ കഴിയുന്ന നേതാക്കളുടെ എണ്ണം വളരെ ചുരുക്കവുമാണെന്ന് ഉമ്മൻ ചാണ്ടിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹമത് ആന്റണിയുമായി പങ്കുവയ്ക്കാറുമുണ്ട്.
കോൺഗ്രസിനെ ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്ന നേതാവ് കേസരിക്ക് വയസ്സായി. എന്നാൽ അദ്ദേഹം അത് സമ്മതിക്കുന്നില്ല. കേസരി വിശ്രമം എന്തെന്നറിയാതെ തന്റെ ലക്ഷ്യം കാണാൻ മുന്നിട്ടിറങ്ങുകയാണ്. കോൺഗ്രസ് വീണ്ടും അധികാരത്തിലേറുന്നതാണ് തന്റെ സ്വപ്‌നം. പാർട്ടിയുടെ ഖജാൻജി പദവിയിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട കേസരി അദ്ദേഹത്തെക്കാൾ കരുത്തരായ പലരും തോൽവി സമ്മതിച്ച കാര്യങ്ങളിൽ വിജയം നേടി.
അണിയറയിൽ കരുക്കൾ നീക്കിയിരുന്ന കേസരി പാർട്ടിയുടെ ഭാവി നിർണയിക്കുന്ന കേന്ദ്ര വ്യക്തിത്വമായി മാറി. എങ്കിലും അത് വകവച്ചു കൊടുക്കാൻ പല നേതാക്കളും തയ്യാറായില്ല. അവർ എങ്ങിനെയും സോണിയ ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള തത്രപ്പാടിലാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഓരോ തവണയും സോണിയ ഗാന്ധിയെ കാണുമ്പോഴും അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുന്നു. നരസിംഹറാവു പുറുത്തുപോയതോടെ സോണിയ ഗാന്ധിയുടെ ഭവനത്തിലേക്കുള്ള സന്ദർശകർ കൂടി.
എല്ലാ സന്ദർശകർക്കും ഒരേയൊരു കാര്യമേ പറയാനുള്ളൂ. അവരെ കോൺഗ്രസിലേക്ക് ക്ഷണിക്കുക. ഭർത്താവു മരിച്ച് ഒറ്റപ്പെട്ടു കഴിയുന്ന സോണിയ പക്ഷേ വലിയൊരു ശക്തി കേന്ദ്രമാണ്. സോണിയ ഗാന്ധിയെ സംബന്ധിച്ചിടത്തോളം 1997 ധർമ്മസങ്കടത്തിന്റെ കൂടി വർഷമാണ്. കഴിഞ്ഞവർഷം അവർ നൽകിയ സൂചനകളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാനുള്ള പ്രക്രിയ ഏതായാലും ആരംഭിച്ചുകഴിഞ്ഞു. രാഷ്ടീയ കാര്യങ്ങളിൽ അകലം പാലിച്ചിരുന്ന സോണിയായെ ഇന്ന് കേസരി ചുരുങ്ങിയത് ആഴ്ചയിൽ ഒരു തവണയെങ്കിലും കാണുന്നു.
പാർട്ടിയിലെ റാവു എതിരാളികളെ ഒന്നിപ്പിക്കാൻ സോണിയയുടെ സഹായം മുമ്പ് തേടിയിരുന്നു. അമേതി സീറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം സോണിയ ഒരു സുഹൃത്തിനോട് ഇങ്ങനെ പറഞ്ഞു അത്ര: 'നരസിംഹ റാവുവിനോട് സീറ്റ് ചോദിക്കേണ്ടി വരുന്ന ഗതികേട് ആലോചിച്ചു നോക്കൂ'. മുമ്പെല്ലാം രാജീവ് ഗാന്ധി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആയിരുന്ന സോണിയ ഇന്ന് അതിനൊക്കെ വളരെക്കുറച്ചു സമയമേ വിനിയോഗിക്കുന്നുള്ളൂ. പഴയ നെഹ്‌റു ഗാന്ധി പ്രതിച്ഛായ നേടിയെടുക്കാൻ സോണിയയുടെ രംഗപ്രവേശത്തിലൂടെ മാത്രമേ കഴിയൂ എന്ന് കോൺഗ്രസിലെ ഒരു വലിയ വിഭാഗം നേതൃത്വത്തിന് അറിയാം. പക്ഷേ കോൺഗ്രസിന്റെ പ്രതാപം തിരിച്ചുകൊണ്ടുവരാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ മക്കളുടെ സുരക്ഷിതത്വം അവരുടെ വലിയൊരു തലവേദനയാണ്..!
ചോദ്യം പഴയതുതന്നെ സോണിയ രാഷ്ട്രീയത്തിലെക്ക് ഇറങ്ങമോ?. ഇറങ്ങുമെന്ന് തന്നെയാണ് ബഹുഭൂരിപക്ഷം കോൺഗ്രസുകാരും ഇപ്പോൾ കരുതുന്നത്. 1997 ഓഗസ്റ്റ് രണ്ടാം വാരം കൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയം സത്യത്തിൽ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കം കുറിക്കുകയായിരുന്നു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ സോണിയ ഗാന്ധിയുടെ ചെറു പ്രസംഗം ഡെലിഗേറ്റുകളിൽ വൈദ്യുത തരംഗമായി പ്രസരിച്ചു എന്നാണ് ഇതേക്കുറിച്ച് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടത്. പ്ലീനറി സമ്മേളനം ഓഗസ്റ്റ് 8, 9, 10 തീയതികളിൽ ആയിരുന്നു.
എന്നാൽ അതേ ഒമ്പതാം തീയതി തന്നെ തൊട്ടടുത്ത ബ്രിഗേഡ് മൈതാനത്ത് നടന്ന പടുകൂറ്റൻ റാലിയിൽ ബംഗാളിലെ ശക്തയായ കോൺഗ്രസ്സ് നേതാവ് മമതാ ബാനർജി എന്നന്നേക്കുമായി കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചു. അത് കോൺഗ്രസ്സിന്റെ എക്കാലത്തേയും കനത്ത നഷ്ടമായിരുന്നെന്ന് അന്ന് അധികം പേരും അറിഞ്ഞില്ല. അഥവ അറിഞ്ഞതായി നടിച്ചില്ല.
ഇതിനിടെ സമ്മേളനത്തിൽ നടന്ന പ്രവർത്തകസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ കരുണാകരനെയും വയലാർ രവിയേയും അകറ്റി. കോൺഗ്രസ് അധ്യക്ഷൻ സീതാറാം കേസരിയുടെ ഔദ്യോഗിക പാനലിൽ കരുണാകരൻ ഉൾപ്പെട്ടിരുന്നില്ല.
അദ്ദേഹം മത്സരിക്കാൻ തീവ്രമായി ആഗ്രഹിക്കുകയും ചെയ്തു. ഉടനെ നാമനിർദേശ പത്രിക ഒപ്പിട്ടു നൽകുകയും ചെയ്തു. താൻ പറഞ്ഞിട്ട് പത്രിക നൽകിയാൽ മതി എന്ന നിർദ്ദേശിച്ചിരുന്നു. അതിനാൽ കരുണാകരന്റെ അനുമതി ലഭിച്ചശേഷം പത്രികയുമായി വയലാർ രവിയും ചാക്കോയും എത്തിയപ്പോഴേക്കും അത് സ്വീകരിക്കുന്ന സമയം കഴിഞ്ഞിരുന്നു. വിവരമറിഞ്ഞ കരുണാകരൻ ഞെട്ടിപ്പോയി. ഇത് മനപ്പൂർവ്വം പി.സി. ചാക്കോയും വയലാർ രവിയും ചേർന്ന് തന്നെ ചതിച്ചതാണെന്ന ഒരു തോന്നൽ കരുണാകരനിൽ ഉടലെടുത്തു. അതോടെ അവരുമായി ഉള്ള കരുണാകരന്റെ ബന്ധത്തിന് വിള്ളൽ വീണു.
1998 ജൂൺ അഞ്ചിന് വയലാർ രവി കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവച്ചു. തെന്നല ബാലകൃഷ്ണപിള്ള ആയിരുന്നു പിന്നീട് വന്ന പ്രസിഡന്റ്. കെ. മുരളീധരനെ ഏക വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. എ.കെ. ആന്റണിയുടെ പ്രതിപക്ഷ നേതൃത്വ കാലവും പ്രത്യേകതയുള്ളതായിരുന്നു. ആദ്യമായി അവസാനമായും അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നതും അന്നാണ്. എന്തിനും ഏതിനും പ്രക്ഷോഭം എന്ന ശൈലി അദ്ദേഹം ഉപേക്ഷിച്ചു.
പുതിയ പ്രതിപക്ഷ സംസ്‌കാരം കൊണ്ടുവന്നു. ഹൈക്കോടതി ബന്ദ് നിരോധിച്ചപ്പോൾ അതിനെ പിന്താങ്ങാൻ ഒരു മടിയും കാണിച്ചില്ല. ഉമ്മൻ ചാണ്ടിയുടെ അഭിപ്രായവും അതുതന്നെയായിരുന്നു. അതേസമയം ഭരണകൂട ദുഷ് ചെയ്തികളെയും ജനവിരുദ്ധ നയങ്ങളെയും ശക്തിയായി എതിർക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ ചൊടിയും ചുണയുമില്ലാത്ത ഇല്ലാത്ത പ്രതിപക്ഷ പ്രവർത്തനം എന്ന് വിമർശിച്ചവർ ഒട്ടേറെയുണ്ട്.
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്