കൊടും ചൂടിന്റെ വറചട്ടിയിലാണ് കേരളം. അടിച്ച് പാമ്പാകുന്നവരുടെ അക്രമവും കൊലയുമെല്ലാം ഒരു വശത്ത്. ശരിക്കുമുള്ള പാമ്പുകളുടെ വിളയാട്ടം വീടുകളിലും പറമ്പുകളിലും. കോൺഗ്രസിലാണെങ്കിൽ പഴയ ഗ്രൂപ്പ് മാളങ്ങളിൽ നിന്ന് പുറത്തിറങ്ങിയ രാജവെമ്പാലയും ശംഖ്‌വരയനും എന്തിന് ഞാഞ്ഞൂളുകൾ പോലും പത്തിവിടർത്തി ഫ്‌ളെക്‌സുകളിലും പരസ്യങ്ങളിലുമെല്ലാം നിറയുന്നു.
വെടിക്കെട്ടില്ലാതെ നടന്ന പൂരം തൃശ്ശൂർ സ്വരാജ് റൗണ്ടിനെ കണ്ണീരിലാഴ്ത്തി. രണ്ട് മാസത്തെ അരി ഒരുമിച്ച് റേഷൻകടയിൽ നിന്ന് കിട്ടുമെന്ന് സർക്കാർ പ്രഖ്യാപനമുണ്ടായെങ്കിലും ഒരു മണിപോലും കിട്ടാതെ പലരും മടങ്ങിയെന്ന വാർത്തകളും കണ്ടു. കാട്ടാന ജീവനെടുത്തതിന്, കൊല്ലപ്പെട്ടവൻ എന്തിന് അവിടെ പോയെന്ന് വനം വകുപ്പുകാർ മറു ചോദ്യം ഉന്നയിച്ചതും നാം കേട്ടു.
ഇതിനിടയിൽ മുസ്ലീം ലീഗ് മുണ്ടക്കൈചൂരൽമല ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകിയ മൂന്ന് ബെഡുറൂമുകളുള്ള വീട് രാഷ്ട്രീയത്തിൽ ചിലരുടെയെങ്കിലും തള്ളിനെ കടത്തിവെട്ടി കിരീടമണിഞ്ഞിട്ടുണ്ട്.
പവർകട്ടിന് പുതിയ പേരോ?
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 'ഇരുണ്ട കാലം' ഇല്ലാതാക്കിയ സർക്കാർ എന്നൊരു 'സൂപ്പർ പുളു' കേട്ടിരുന്നു. അപ്രഖ്യാപിത പവർകട്ട്, ലോഡ്‌ഷെഡ്ഡിംഗ് എന്നീ ഓമനപ്പേരുകളിൽ അറിയപ്പെട്ടിരുന്ന 'ഫ്യൂസ് ഊരൽ' കലാരൂപത്തിന് വൈദ്യുതി മന്ത്രി ഒരു പുതിയ പേരിട്ടിട്ടുണ്ട്, പീക്ക് ലോഡ് മാനേജ്‌മെന്റ്! എന്തു പേരായാലും ലൈനിൽ കറന്റുണ്ടാവില്ലെന്ന നിലവിളിയാണ് ജനങ്ങളിൽ നിന്നുയരുന്നത്. എല്ലാ മാർച്ച് ഏപ്രിൽ മാസങ്ങളിലും വൈദ്യുതി ഉപയോഗം കൂടും.
പാചകവാതക പ്രതിസന്ധി, ഏ.സി.യുടെ വ്യാപക ഉപയോഗം തുടങ്ങിയ നിരവധി കാരണങ്ങൾ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് മന്ത്രി കാരണമായി പറയുന്നുണ്ട്. എന്നാൽ, വേനൽ ഉണ്ടാകുമെന്നും ഇതുമൂലം വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടിവരുമെന്നും മന്ത്രിക്ക് അറിയാത്തതല്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ളഅനുമതിക്കുവേണ്ടി ബോർഡ് കമ്മീഷന് കത്ത് നൽകിയത് ഇക്കഴിഞ്ഞ ഏപ്രിൽ 8നായിരുന്നു. ഈ ആവശ്യം കഴിയുന്നത്ര വേഗം നേടിയെടുക്കാനുള്ള തന്ത്രപ്പാടൊന്നും ബോർഡിലെ ഏമാന്മാരോ മന്ത്രിയോ കാണിച്ചില്ല. മാത്രമല്ല, പുറത്തുനിന്ന് എത്ര യൂണിറ്റ് വൈദ്യുതി വാങ്ങേണ്ടിവരുമെന്ന് കൃത്യമായി
കണക്കാക്കാത്തതുകൊണ്ട് കമ്മീഷൻ കെ.എസ്.ഇ.ബി.യുടെ കത്ത് മാറ്റിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച (23 ഏപ്രിൽ) കമ്മീഷന്റെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും വീണ്ടും അവർ സിറ്റിംഗ് മാറ്റിവയ്ക്കുകയായിരുന്നു. ഒടുവിൽ കമ്മീഷന്റെ അനുമതി ലഭിച്ചപ്പോഴാകട്ടെ വൈദ്യുതിയുടെ വില യൂണിറ്റിന് 10 രൂപയായി ഉയരുകയും ചെയ്തു. 250 മെഗാവാട്ട് വൈദ്യുതി വാങ്ങാമെന്ന് ബോർഡ് തീരുമാനിച്ചപ്പോഴേയ്ക്കും വിപണിയിൽ വൈദ്യുതി കിട്ടാതായി. അതുകൊണ്ട് ചൊവ്വാഴ്ച (ഏപ്രിൽ 28) അരമണിക്കൂർ വീതം പീക്ക് ലോഡ് മാനേജ്‌മെന്റ് ഏർപ്പെടുത്താൻ ബോർഡിന്റെ ഉന്നതസമിതി തീരുമാനിക്കുകയായിരുന്നു.
ഈ ഉത്തരവിലും ഒരു കളിപ്പീരുണ്ട്. അരമണിക്കൂറല്ല ചിലപ്പോൾ ഈ 'തരികിട പരിപാടി' ഒരു മണിക്കൂർവരെ നീണ്ടേക്കാമെന്ന സൂചന ഈ അറിയിപ്പിലുണ്ട്. ഇപ്പോൾ ഡാമുകളിൽ 34% വെള്ളമേയുള്ളൂ. അത് 14.5 ശതമാനം വരെ താഴ്ത്താമെന്ന് ബോർഡിന്റെ രേഖകളിലുണ്ട്. മൺസൂൺ കാലത്ത് യൂണിറ്റിന് 2.63 രൂപയ്ക്ക് വൈദ്യുതി വിൽക്കുകയും വേനൽക്കാലത്ത് 10 രൂപയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയുമാണ് ഇപ്പോൾ ബോർഡ് ചെയ്തുകൊണ്ടിരിക്കുന്നതത്രെ.
ബോർഡിലെ 'യൂണിയൻ ഏമാന്മാർ'
കെ.എസ്.ഇ.ബി.യിലെ ചില യൂണിയൻ ഏമാന്മാർ പണ്ടേ കുപ്രസിദ്ധരാണ്. ഇവർക്കെതിരെ ഒരിക്കൽ എൻക്വയറി പ്രഖ്യാപിച്ചിട്ടും, ആ നീക്കത്തിന്റെ ഫ്യൂസ് ഊരിയത് പഴയ സി.എം. ന്റെ ഓഫീസിൽ നിന്ന് നേരിട്ടായിരുന്നുവെന്നത് അന്നേ തലസ്ഥാനത്ത് പാട്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഒരു ഫെഡറേഷൻ വക്താവ്, നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിയോജക മണ്ഡലത്തിൽ വൈദ്യുത ലൈൻ വലിക്കാൻ സമ്മതിക്കാത്തതുകൊണ്ടാണെന്നുവരെ പറഞ്ഞുകേട്ടു.
പവർകട്ട് എന്ന വാക്കുപോലും ഉപയോഗിക്കാൻ മന്ത്രിയും ഇടതു യൂണിയൻ നേതാക്കളും മടിക്കുന്നതെന്തുകൊണ്ടാണ്? യാഥാർത്ഥ്യം അംഗീകരിച്ച് ജനങ്ങളോട് സത്യം തുറന്നുപറയാൻ ഇവരെന്തിനു മടിക്കണം? മന്ത്രി ഇൻഡക്ഷൻ കുക്കറുകളുടെ എണ്ണം 2 ലക്ഷമാണെന്ന് പറഞ്ഞുവെങ്കിൽ, നേതാവിന്റെ കണക്കിൽ അത് 24 ലക്ഷമായി! വൈദ്യുതി വൻവിലയ്ക്ക് വാങ്ങുന്നതിനു പിന്നിൽ മറ്റു പല താൽപ്പര്യങ്ങളുമുണ്ടെന്നത് രഹസ്യമേയല്ല.
എന്നാൽ അത്തരം ആരോപണങ്ങൾ തെറ്റാണെന്ന് സ്ഥാപിക്കാൻ ചില യൂണിയൻ ഏമാന്മാർക്ക് കഴിയുന്നില്ല. ഇലക്ട്രിസിറ്റി ബോർഡ് ചില യൂണിയനുകൾക്ക് ചേർന്ന് കൊള്ളക്കാരുടെ താവളമാക്കിക്കഴിഞ്ഞു. ഇത് നിയന്ത്രിക്കേണ്ട വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുജനത്തിൽ നിന്നുള്ള തെളിവെടുപ്പ് പോലും പലപ്പോഴും പ്രഹസനമായി മാറാറുണ്ട്.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു കാരണം അമേരിക്കൻ പ്രസിഡന്റ് ട്രംപാണെന്നും പ്രകൃതി ചതിച്ചതാണെന്നുമെല്ലാം മന്ത്രിയെ കൊണ്ടു പറയിക്കുന്നതിലെ 'ഡ്രാമ' ജനം പരിഹാസത്തോടെയാണ് കാണുന്നത്. ആതിരപ്പിള്ളി പദ്ധതിയടക്കമുള്ള ജലവൈദ്യുത പദ്ധതികളെ എതിർത്തതിന്റെ പേരിൽ പരിസ്ഥിതിവാദികളെയും ചൊവ്വാഴ്ച നടത്തിയ അഭിമുഖത്തിൽ മന്ത്രി പരിഹസിക്കുകയുണ്ടായി.
ബഹുമാനപ്പെട്ട മന്ത്രിക്ക് സർക്കാർ എല്ലാ അനുമതികളും നൽകിയ 12 ജലവൈദ്യുതി പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് പറയാൻ കഴിയുമോ? ഉദാഹരണത്തിന് മൂന്ന് പദ്ധതികളുടെ കാര്യം മാത്രം പറയാം: ഇടുക്കി ജില്ലയിലെ ലാഡ്രം പദ്ധതി പൂർത്തിയാക്കിയാൽ 3.5 മെഗാവാട്ട് വൈദ്യുതി ലഭിക്കുമായിരുന്നു. 2017 ഏപ്രിൽ 27ന്, കൃത്യം ഒമ്പതു വർഷം മുമ്പ് അനുമതി ലഭിച്ച പദ്ധതി പൂർത്തിയാക്കാൻ 44.9 ലക്ഷം രൂപ ബോർഡ് ചെലവഴിച്ചിട്ടുണ്ട്.
പക്ഷെ പദ്ധതി പൂർത്തിയാക്കാൻ ബോർഡിന് കഴിഞ്ഞിട്ടില്ല. ഇടുക്കി ജില്ലയിലെ പീച്ചാട് പദ്ധതിക്ക് 2014 നവംബർ 11ന് അനുമതി ലഭിച്ചിരുന്നു. 17.48 ലക്ഷം രൂപ ചെലവാക്കിയാൽ പദ്ധതി പൂർത്തിയാകുമായിരുന്നു. ഇനി പുതിയ ഡി.പി.ആർ. തയ്യാറാക്കിയാലേ പദ്ധതി മുന്നോട്ട് നീങ്ങൂ. കോട്ടയം ജില്ലയിലെ മാർമല ജലവൈദ്യുതപദ്ധതിക്ക് 2015 ഫെബ്രുവരി 16ന് അനുമതി കിട്ടി. പദ്ധതിച്ചെലവ് 70.18 ലക്ഷം മാത്രമായിരുന്നു. പക്ഷെ പണി തുടങ്ങിയിട്ടേയില്ല. അതിനും വേണം ഇനി പുതിയ ഡി.പി.ആർ.
ചില ഉദ്യോഗസ്ഥരുടെ മോഹിനിയാട്ടം
മന്ത്രിക്കോ ബോർഡ് ചെയർമാനോ ബോർഡ്നടത്തിപ്പിൽ വലിയ റോളൊന്നുമില്ല. പഴയൊരു കാര്യം പറയാം: 201112ൽ ബോർഡിന്റെ വാർഷികക്കണക്ക് റഗുലേറ്ററി കമ്മീഷനുവേണ്ടി എഴുതിയുണ്ടാക്കിയ ഉദ്യോഗസ്ഥനെ തന്നെ കമ്മീഷന്റെ മുമ്പിൽ ആ കണക്ക് അവതരിപ്പിക്കാൻ പറഞ്ഞുവിടുകയുണ്ടായി !
കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലെ രണ്ട് സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ഉൽപ്പാദനക്കരാർ നീട്ടിക്കൊടുത്തത് അന്നത്തെ മുഖ്യന്റെ പ്രത്യേക താൽപ്പര്യപ്രകാരമായിരുന്നു. ഭൂതത്താൻകെട്ട് ചെറുകിട ജലസേചന പദ്ധതിയുടെ നിർമ്മാണം സ്തംഭിച്ചതു മൂലം ബോർഡിനുണ്ടായ നഷ്ടം കോടികളാണ്. ചൈനയിൽ നിന്ന് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ലഭിക്കേണ്ട റോട്ടറും റണ്ണറുമെല്ലാം കരാറനുസരിച്ച് കിട്ടാതെ പോയതായിരുന്നു പദ്ധതി ഉപേക്ഷിക്കാൻ കാരണമായത്. ഇതുമൂലമുണ്ടായ നഷ്ടം 500 കോടിയിലേറെയാണ്.
പദ്ധതികൾ ഉപേക്ഷിക്കുമ്പോഴും ഈ പദ്ധതികളുടെ നിർമ്മാണ ജോലികൾക്ക് ചുക്കാൻ പിടിക്കേണ്ട ഉദ്യോഗസ്ഥന്മാർ എല്ലാവരും കനത്ത ശമ്പളവും വാങ്ങി പുട്ടടിച്ച് സുഖമായി കഴിയുന്നുണ്ട്. ലോകത്തിൽ ആദ്യമായിട്ടാണ് ഒരു സംരംഭത്തിലെ ജോലിക്കാർ തന്നെ അവരുടെ ശമ്പള സ്‌കെയിൽ നിർണ്ണയിച്ചതെന്ന കുപ്രസിദ്ധിയും ബോർഡിനുണ്ട്. ഈ ശമ്പളക്കരാറിന് സർക്കാർ അനുമതിയും ഈയിടെ ലഭിക്കുകയുണ്ടായി. ഈ കരാർ നടപ്പാക്കൽ ചോദ്യം ചെയ്തു കേരളാ ഹൈക്കോടതിയിൽ ഒരു കേസും ഇപ്പോൾ നിലവിലുണ്ട്.
പുതുക്കാത്ത കരാറും പ്രതിസന്ധിയും
വൈദ്യുതി ബോർഡ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ ഇടതു സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ റദ്ദാക്കുകയുണ്ടായി. 2026 മേയ് വരെയുള്ള ആറരമാസക്കാലത്തേയ്ക്ക് 684 കോടി രൂപയാണ് ബോർഡ് നീക്കിവച്ചത്. യൂണിറ്റിന് ശരാശരി 6.02 രൂപയായിരുന്നു വില.
2026 ഏപ്രിൽ മാസത്തിൽ മാത്രം ഈ കരാർ പുതുക്കൽ മൂലം നഷ്ടമായത് 245 കോടി രൂപയാണ്. യു.ഡി.എഫ്. സർക്കാർ ഒപ്പുവച്ച കരാറുകൾ റദ്ദാക്കി പുതിയ കരാർ ഇടതുസർക്കാർ ഒപ്പുവച്ചപ്പോൾ ആ ചർച്ചയിൽ ഒരൊറ്റ സാങ്കേതിക വിദദ്ധനുമുണ്ടായിരുന്നില്ലെന്ന് അന്നു തന്നെ റഗുലേറ്ററി കമ്മീഷൻ സംസ്ഥാനത്തോട് പരാതി പറഞ്ഞിരുന്നു;
ചെറിയ ജലവൈദ്യുതി പദ്ധതികളോട് പണ്ടുമുതലേ ബോർഡിന് പഥ്യമില്ല. 2025 സെപ്തംബറിൽ 6 ചെറുകിട പദ്ധതികൾ കൂടി ബോർഡ് വേണ്ടെന്ന് വയ്ക്കുകയുണ്ടായി. കോട്ടയം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ മിനി പ്രൊജക്ടുകളാണ് ബോർഡ് ഉപേക്ഷിച്ചത്. ഇടുക്കിയിലെ തൂവൽ (1 മെഗാവാട്ട്) തോണിയാർ ( 2 മെഗാവാട്ട്) അവർകുടി (10 മെഗാവാട്ട്) തൃശ്ശൂർ ജില്ലയിലെ കണ്ണൻകുഴി (7.5 മെഗാവാട്ട്) കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലി എന്നീ പദ്ധതികളാണ് ഉപേക്ഷിച്ചതായി ബോർഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. 24 പദ്ധതികൾ ബി.ഒ.ടി. അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചവയിൽ 7 എണ്ണം മാത്രമാണ് കമ്മീഷൻ ചെയ്തത്. ഈ പട്ടികയിൽപെട്ട പദ്ധതികൾക്ക് വനംവകുപ്പിന്റെ അനുമതി നേടിയെടുക്കാനുള്ള താൽപ്പര്യവും ബോർഡ് കാണിച്ചതേയില്ല.
പുതിയ സർക്കാരും പ്രതിസന്ധികളും
ഖജനാവിൽ പണമില്ല. ഡാമുകളിൽ വെള്ളമില്ല. 5 ലക്ഷത്തോളം ഫയലുകൾ സെക്രട്ടറിയേറ്റിൽ മാത്രം കെട്ടിക്കിടക്കുന്നു. സർക്കാർ കരാറുകാരും ജീവനക്കാരും കുടിശ്ശികയുടെ കുറ്റൻ ലിസ്റ്റുമായി തിക്കിത്തിരക്കി നിൽപ്പുണ്ട്. മെയ് ആദ്യവാരത്തിലോ രണ്ടാംവാരത്തിലോ അധികാരമേൽക്കുന്ന സർക്കാർ ഏതായാലും നക്ഷത്രമെണ്ണുമെന്ന കാര്യം തീർച്ചയണ്. അപ്പം ചുട്ടെടുക്കുന്നതുപോലെ വൈദ്യുതി കിട്ടില്ലെന്നും പെൻഷൻ അവകാശമല്ലെന്നുമെല്ലാം പറഞ്ഞ് തടിതപ്പുന്ന ഇടതുഭരണകൂടത്തെ പോലെയാവില്ല,
യു.ഡി.എഫ്. ഭരണം. കേന്ദ്രവും പാർട്ടികളും കൂടി പുതിയ സർക്കാരിനെ ഞെരുക്കുമെന്ന കാര്യം തീർച്ചയാണ്. ഇത്തരമൊരു ഭരണ സാഹചര്യത്തിൽ അസാമാന്യമായ ഇച്ഛാശക്തിയും മെയ് വഴക്കവും പുതിയ മന്ത്രിമാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. അതിനുപകരം 'അച്ചാ പോറ്റി' പറഞ്ഞാൽ ജനം തെരുവിലിറങ്ങും. ആ ജനത്തിന്റെ കൈയിൽ ബോബും മറ്റ് സ്‌ഫോടക വസ്തുക്കളും കൊടുത്ത് ശക്തി പകരാൻ ''നിക്ഷിപ്ത താൽപ്പര്യക്കാർ'' ഇപ്പോൾ തന്നെ തിക്കിത്തിരിക്കി നിൽപ്പുണ്ട്.
വരുന്ന മിഥുനവും കർക്കിടകവുമെല്ലാം 'കടന്നുകയറാൻ' മഴക്കാലമായാൽ പോലും പുതിയ ഭരണകൂടം വിയർക്കേണ്ടിവരാം. ഇനി വോട്ട് 'യന്തിരനി' ൽ എന്തെങ്കിലും 'പുകില്' കാണിച്ച് കാരണഭൂതൻ തന്നെ തിരികെ വന്നാലോ? അപ്പോഴും ജനം 'ഒന്നൊന്നര' ദുരിതം പേറേണ്ടിവരുമെന്ന കാര്യം തീർച്ചയല്ലേ?
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
