ഇനി ഇരുവാരം ചാരുതയേറും പ്രചാരണകാലം 

MARCH 26, 2026, 3:45 AM

എത്ര നല്ല മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന ശ്രീനിവാസൻ ഡയലോഗ് പോലെയാണ് സ്ഥാനാർത്ഥികളുടെയും മുന്നണികളുടെയും ചില നേരത്തെ അവകാശവാദങ്ങൾ. അണികൾ കൂടി അതിനൊപ്പം ചേരുമ്പോൾ വ്യത്യസ്തമായ സിംഫണി ആസ്വദിക്കാനുള്ള അവസരമാണ് പ്രിയപ്പെട്ട വോട്ടർമാർക്ക് കിട്ടുന്നത്. ചിലരുടെ  വാഗ്‌ധോരണി കേട്ടാൽ മെയ് 4 കഴിഞ്ഞെന്ന് തോന്നും;ഫലപ്രഖ്യാപനവും വിജയാഹ്ലാദവും !

ചിലരൊക്കെ ജയിച്ചു കഴിഞ്ഞു; മറ്റുചിലർ ഡീലുകൾ ഉറപ്പിച്ചു കഴിഞ്ഞു. ഡീലിന്റെ പുറത്തുള്ള ജയ പരാജയങ്ങളും പ്രവചിച്ചു കഴിഞ്ഞു. അതെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് സ്വാഭാവികമാണെന്ന് കരുതാം. എന്നാൽ, ജനാധിപത്യ സംവിധാനം സി.പി.എമ്മിനെക്കാൾ കൂടുതൽ ഉണ്ടെന്ന് അവകാശപ്പെടുന്നത് കൊണ്ടാവാം കോൺഗ്രസിൽ, ആരാവണം അടുത്ത മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോഴേ തുടങ്ങി വെച്ചിട്ടുള്ളത്. നടക്കാത്ത സ്വപ്‌നങ്ങളുമായി നടക്കുന്ന മലർപ്പൊടിക്കാരനെ പോലെ നേതാക്കൾ കാണുന്നവരോടെല്ലാം സ്വപ്‌നം പങ്കുവെക്കുകയാണ്.

പാർട്ടിയിൽ സീറ്റ് മോഹിച്ചു ലഭിക്കാതെ പോയ കെ.സുധാകരൻ മുന്നണി ജയിച്ചാൽ ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് പ്രവചിക്കുന്നു. അമ്മാതിരി പ്രവചനം ഒന്നും വേണ്ടെന്ന് കെ.സി. വേണുഗോപാൽ ഇടങ്കോലിടുന്നു. കർണാടക മാതൃകയിൽ അക്കാര്യം നേതാക്കൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ. അപ്പോൾ ശരിക്കും ആരായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി? ഹൈക്കമാന്റിന് അക്കാര്യത്തിൽ വല്ല റോളും ഉണ്ടാവുമോ. അങ്ങനെയെങ്കിൽ ഹൈക്കമാന്റിൽ ആർക്കാണ് കൂടുതൽ പിടി ?

vachakam
vachakam
vachakam

ഹൈക്കമാൻഡ് ഇപ്പോൾ പഴയതുപോലെ കെട്ടുറപ്പുള്ളതല്ല. മൂന്നുപ്രാവശ്യം കേന്ദ്രത്തിൽ അധികാരത്തിൽനിന്ന് മാറി നിൽക്കേണ്ടി വന്ന കോൺഗ്രസിന് ദേശീയതലത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ കേരളത്തിൽ പോലും ഇനിയും പ്രതിപക്ഷ ബെഞ്ചിൽ ഇടുന്നു കൂടാ. ഭരണ വിരുദ്ധ വികാരം എന്ന  സ്വാഭാവിക പ്രതിഭാസത്തിൽ വിശ്വസിക്കുകയാണെങ്കിൽ, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുൻകൈയെടുത്ത് അക്കാര്യം നടത്തിക്കൊടുക്കുമെന്ന മട്ടിലാണ് ഈ പ്രചാരണകാലം കഴിച്ചുകൂട്ടുന്നത്. രാഷ്ട്രീയ ശത്രുക്കളോടും പാർട്ടി ബന്ധുക്കളോടും ഒരേ ശൗര്യം.

പ്രതിപക്ഷത്തിന് എന്നും കടിച്ചു കീറാൻ ഒരു ഇരയെ ഇട്ടുകൊടുത്ത് വിവാദങ്ങളുടെ യുദ്ധഭൂമിയായി തെരഞ്ഞെടുപ്പ് വേദിയെ മാറ്റാനുള്ള പിണറായി വിജയന്റെ കാഞ്ഞ ബുദ്ധിയാണ് ഇതിന് പിന്നില്ലെന്ന് നിരീക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്. പ്രത്യക്ഷമായി നിൽക്കുന്ന ഭരണ വീഴ്ചകളിലേക്ക് കണ്ണും കാതും എത്താത്ത വിധം രംഗം പൊടിപടലമാക്കുക. ശത്രുവിന് പോലും കണ്ണ് കാണാൻ വയ്യാത്ത അവസ്ഥ.

സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള പെടാപ്പാടിൽ നിന്ന് ഒരു വിധം കരകയറിയിട്ടേയുള്ളൂ ഇരു മുന്നണികളും. ആ കടമ്പ ഒരുവിധം മറികടന്നപ്പോൾ ഇനി തെരഞ്ഞെടുപ്പ് നാളിലേക്കുള്ള ദൂരം കുറഞ്ഞുപോയി എന്നായി. എങ്കിൽ കിട്ടുന്ന സമയത്ത് തെരഞ്ഞെടുപ്പ് ഉത്സവം ഗംഭീരമാക്കാനാണ് ഇരുചേരുവാരവും ശ്രമിക്കുന്നത്. അതിനൊപ്പം കളത്തിൽ കൃത്യമായ നീക്കങ്ങൾക്ക് പുതിയ കൂട്ടുകെട്ടുകളുടെ ബലത്തിൽ ബി.ജെ.പിയും.

vachakam
vachakam
vachakam

സി.പി.എമ്മിലെ പ്രതിഷേധത്തിന്റെ പ്രതിനിധിയായി തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദനും ജി. സുധാകരനും ഈ പ്രചരണ കാലത്തെ താരങ്ങളാണ്. പാർട്ടി തഴഞ്ഞപ്പോൾ ശൗര്യം കാട്ടുകയും പിന്നീട് ഞങ്ങളും പാർട്ടിയും ഒന്നാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കെ. സുധാകരനും എൽദോസ് കുന്നപ്പള്ളിയും യു.ഡി.എഫ് പക്ഷത്തെ പ്രതീകങ്ങളാണ്. അറിയാവുന്ന മലയാളം കൊണ്ട് കേരളത്തിൽ ബി.ജെ.പിയെ നനച്ചു വളർത്താൻ എത്തിയിട്ടുള്ള രാജീവ് ചന്ദ്രശേഖർ, ട്വന്റി 20 യുമായി നടത്തിയിട്ടുള്ള കൂട്ടുകച്ചവടം പ്രത്യക്ഷത്തിൽ മണ്ടത്തരം ആണെന്ന് തോന്നുമെങ്കിലും പ്രദേശിക കൂട്ടുകെട്ടുകളിൽ ഒരു ദേശീയ പാർട്ടി നടത്തേണ്ട ആദ്യ ചുവടുവെപ്പാണ് ബിസിനസുകാരനായ രാജീവ് ചന്ദ്രശേഖർ നടത്തിയത്.

ചോറ്റാനിക്കരയമ്മയെക്കുറിച്ചുള്ള ഭക്തിഗാനം സമൂഹമാധ്യമത്തിൽ പങ്കുവെച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ തന്റെ പ്രചരണ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. വരുംദിവസങ്ങളിൽ മോദിയും രാഹുൽ ഗാന്ധിയും കേരളത്തിന്റെ കളത്തിൽ ഇറങ്ങുമ്പോൾ സി.പി.എമ്മിന് വേണ്ടി എത്തുന്ന ദേശീയ നേതാവ് ആരായിരിക്കും എന്ന് ചിന്തിക്കുന്നത് കൗതുകകരമാണ്.

ഡീൽ ഓർ നോ ഡീൽ

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് കാലത്ത് ആരോപിക്കപ്പെടുന്ന ഡീലുകളുടെ കഥ പുതിയതല്ല. 1991ൽ ഉണ്ടാക്കിയ കോലീബി സഖ്യം ഒരോ തിരഞ്ഞെടുപ്പ് കാലത്തും ചർച്ചാവിഷയമാണ്. വിമോചന സമരത്തിന് ശേഷം ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ ഇ.എം.എസിന് എതിരെ അന്നത്തെ ജനസംഘം കോൺഗ്രസുമായി കൈകോർത്ത് മത്സരിച്ച ചരിത്രമുണ്ട്.

1980ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കരുണാകരപക്ഷം ജനതാ പാർട്ടിയുമായി ധാരണ ഉണ്ടാക്കിയതും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠമാണ്. കെ.ജി. മാരാർ പെരിങ്ങള്ളത്ത് നിന്ന് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചു. അയോധ്യ സംഭവത്തിനുശേഷം രഥയാത്രയോടെ കൂടുതൽ സീറ്റുകൾ കയ്യടക്കിയ ബി.ജെ.പി, വി.പി.സിങ്ങിനെ പ്രധാനമന്ത്രിയാക്കാൻ കൈകോർത്തപ്പോൾ സി.പി.എമ്മും ബി.ജെ.പിക്ക് പിന്തുണ നൽകി. എന്നാൽ രണ്ടുവർഷം കഴിഞ്ഞ് കേരളത്തിൽ കോൺഗ്രസ്സും ബി.ജെ.പിയും ഒരിക്കൽ കൂടി കൈകോർത്തു. ബേപ്പൂരിൽ പൊതുസ്ഥാനാർത്ഥിയായി ഡോ. മാധവൻ കുട്ടിയും വടകര ലോക്‌സഭാ മണ്ഡലത്തിൽ രത്‌നസിംഗും മത്സരിച്ചു.

ചുരുക്കിപ്പറഞ്ഞാൽ, സംഘപരിവാർബന്ധം ഒരു ആക്ഷേപമായി ഉന്നയിക്കാൻ ഇവിടെ  ഇടതിനും വലതിനും അവകാശമില്ല. ഡീലുകൾ എക്കാലത്തും ഉണ്ടായിരുന്നുവെന്ന് ചുരുക്കം. പ്രതിയോഗിയെ ഇല്ലാതാക്കാൻ ഡീലുകളിൽ അധാർമികമായി ഒന്നുമില്ലെന്ന് കരുതുന്ന രാഷ്ട്രീയ നീക്കുപോക്കുകൾ!

യു.ഡി.എഫ് പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി-സി.പി.എം ഡീൽ ആരോപിക്കുന്നത് എൽ.ഡി.എഫ് സ്ഥാനാർഥി മുസ്ലീം നാമധാരിയാതുകൊണ്ടോ എന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ ചോദിക്കുന്നു. പാലക്കാട്ട് 1996ൽ എൽ.ഡി.എഫ് ജയിച്ചിരുന്നു. മുസ്ലിമായ നൗഷാദായിരുന്നു അന്ന് സ്ഥാനാർഥി. എങ്ങനെയാണ് അത് ബി.ജെ.പിയുമായുള്ള ഡീൽ ആയി മാറുകയെന്ന് ചോദിച്ച മുഖ്യമന്ത്രി പറയുന്നത് പച്ച വർഗീയതയാണോ എന്ന് ചോദിച്ചാൽ ഡീലുകളുടെ കഥ അങ്ങനെയാണ്.

പുഞ്ചിരിയും കണ്ണീരും

പ്രചരണകാലം ഉഷാറാകുമ്പോൾ രാഷ്ട്രീയ പൊതുവേദികൾ വികാരപ്രകടനങ്ങളുടെ കൂടി രംഗ വേദിയായി മാറുകയാണ്. സീറ്റ് കിട്ടാതെ നിരാശരായവർ കണ്ണീരണിയുക മാത്രമല്ല പ്രത്യാശയോടെ പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്.കാരണം സീറ്റ് നിഷേധം നാളെ മറ്റൊരു നല്ല 'സീറ്റി' ന് എവിടെയെങ്കിലും അവസരമാകുമെന്ന് കരുതുന്നവരാണ് അവർ.

പൊതുവേദിയിൽ കെ.സി. വേണുഗോപാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞ പ്രവർത്തകന് പരസ്യമായി ഭാവിയിൽ നല്ലൊരു പദവി അദ്ദേഹം വാഗ്ദാനം ചെയ്യുന്നത് കേരളം കണ്ടു. എം. ലിജു പ്രസംഗത്തിനിടെ  വികാരാധീനനായി. എറണാകുളത്ത് ദീപ്തി മേരി വർഗീസ് അച്ചടിച്ച പോസ്റ്ററുകൾ നശിപ്പിക്കുന്നതിനിടയിലും കണ്ണീരണിഞ്ഞില്ല. കാരണം വലിയ ചുവടുകളിലേക്കുള്ള വഴികളാണ് പലർക്കും ഇത്തവണ സീറ്റ് നിഷേധത്തിലൂടെ കൈവരുന്നത്. ജോസഫ് വാഴക്കൻ മൂവാറ്റുപുഴയാറിൽ അച്ചടിച്ച പോസ്റ്ററുകൾ ഒഴുക്കിക്കളഞ്ഞ് തന്റെ സ്വപ്‌നം അലിയിച്ചു കളഞ്ഞു.

ഇത്തവണ, തദ്ദേശ തെരഞ്ഞെടുപ്പിലെ മേൽക്കൈ നിയമസഭയിൽ ആവർത്തിക്കുമെന്ന് കോൺഗ്രസ് ക്യാമ്പ് പ്രതീക്ഷ വെച്ചിരിക്കുന്നതിനാൽ കോൺഗ്രസിലെ എൽദോസ് കുന്നപ്പള്ളി ഉൾപ്പെടെയുള്ള നിരാശാബാധിതർ ഇടഞ്ഞ് മറുകണ്ടം ചാടാൻ തയ്യാറായിട്ടില്ല. ഒന്ന് കണ്ണീരണിയുകയും വാക്കുകളിൽ പരിഭവം നിറയ്ക്കുകയും മാത്രം ചെയ്തുകൊണ്ട് അവർ പാർട്ടിക്കൊപ്പം നിൽക്കുകയാണ്;പ്രതീക്ഷ കൈവിടാതെ.

കോർപ്പറേഷനുകളും ബോർഡുകളും അവിടെയുള്ള കാലത്തോളം ബോർഡ് വെച്ച കാറിൽ അടുത്ത അഞ്ചുവർഷം മണ്ഡലത്തിന്റെ വിരിമാറിലൂടെ സഞ്ചരിക്കാമെന്ന് അവർ കരുതുന്നുണ്ടാവാം. രണ്ടാഴ്ച മാത്രം ശേഷിക്കുന്ന ഈ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് സ്ഥാനാർത്ഥി സൂക്ഷ്മപരിശോധന കൂടി കഴിഞ്ഞാൽ, പ്രത്യേകം നാടകങ്ങളൊന്നും ഇനി സംഭവിക്കാൻ ഇടയില്ല. ഏപ്രിൽ 9 എന്ന ആ മാന്ത്രിക ദിനത്തിലേക്ക് അടുക്കുന്ന ഒരോ മണിക്കൂറും അപരന്മാരും വിമതരും എല്ലാ മുന്നണിയിലെയും സ്ഥാനാർത്ഥികൾക്ക് ചങ്കിടിപ്പ് ഏറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഉത്സവം വരെ പലർക്കും അത് വിലപേശലിന്റെ കൂടി കാലമാണ്.

പറവൂരിൽ വി.ഡി സതീശന്റെ  അപരനെ വീട്ടിൽ ചെന്ന് കണ്ട് കോൺഗ്രസ് നേതാക്കൾ പിന്മാറാൻ പ്രേരിപ്പിക്കുമ്പോൾ, പണ്ട് ഒരു അപരൻ 8000 ത്തിൽപ്പരം വോട്ടുപിടിച്ച് വി.എം. സുധീരൻ എന്ന സമുന്നത നേതാവിനെ ആലപ്പുഴയിൽ കേവലം ആയിരത്തിൽപ്പരം വോട്ടുകൾക്ക് തോൽവി സമ്മാനിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. പ്രവചനാതീതമാണ് ഈ പ്രചാരണക്കാലം. അതിനാൽത്തന്നെയാണ് ഒരോ തിരഞ്ഞെടുപ്പുകളെയും ' മത്സരം' എന്ന് വിളിക്കുന്നതും.

പ്രജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam