ബാഡ്മിന്റൺ താരമായ ബാലികയ്ക്ക് തൃശൂർ മെഡിക്കൽ കോളേജിൽ പുതുജന്മം

NOVEMBER 21, 2024, 5:38 PM

തൃശൂർ: ബാഡ്മിന്റൺ കളിക്കാരിയായ ബാലികയ്ക്ക് തൃശൂർ സർക്കാർ മെഡിക്കൽ കോളേജിൽ പുതുജന്മം. പാലക്കാട് കോങ്ങാട് സ്വദേശിനിയായ 12 വയസുള്ള ബാലികയാണ്, തൃശൂർ മെഡിക്കൽ കോളേജിൽ ശിശു ശസ്ത്രക്രിയ വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മികച്ച പരിചരണം നൽകി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ജന്മനാ കേൾവിക്കുറവുള്ള ബാലിക രണ്ടാഴ്ച മുൻപ് നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ടൂർണമെന്റിന്റെ പിറ്റേന്ന് കുട്ടിക്ക് കലശലായ വയറുവേദനയും വയറിൽ വീർപ്പും അനുഭവപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില അപകടകരമാണെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ഡയഫ്രത്തിന് (വയറിനും നെഞ്ചിനും ഇടയിൽ ഉള്ള ഭിത്തിയാണ് ഡയഫ്രം) നടുവിലായി കുറച്ചു ഭാഗത്ത് കനം കുറഞ്ഞ് നെഞ്ചിനുള്ളിലേക്ക് തള്ളിനിൽക്കുന്ന ഒരു അപാകത കുട്ടിക്ക് ജന്മനാ ഉണ്ടായിരുന്നു. ഡയഫ്രമാറ്റിക് ക്രൂറൽ ഇവൻട്രേഷൻ എന്ന വളരെ അപൂർവമായി കണ്ടുവരുന്ന രോഗമായിരുന്നു കുട്ടിയുടെ രോഗാവസ്ഥക്ക് കാരണം.

vachakam
vachakam
vachakam

ബാഡ്മിന്റൺ കളിയുടെ സമയത്ത് വയറിനകത്തെ മർദം കൂടുകയും, തൽഫലമായി, ആമാശയം ഡയഫ്രത്തിലെ കനം കുറഞ്ഞ ഭാഗത്തിലൂടെ നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയും, അവിടെ വച്ചു, ആമാശയം മടങ്ങി, തടസപ്പെട്ട് വീർത്ത് ഗ്യാസ്ട്രിക് വോൾവുലസ് എന്ന അവസ്ഥ ഉണ്ടാവുകയും ആമാശയം പൊട്ടി കഴിച്ച ഭക്ഷണമെല്ലാം വയറിനകത്ത് ചിതറി കിടക്കുകയുമായിരുന്നു.

ശസ്ത്രക്രിയ സമയത്ത് ഭക്ഷണശകലങ്ങൾ എല്ലാം നീക്കി ആമാശയത്തിലെ ദ്വാരം അടച്ചു, പിന്നീട് ഇതു പോലെ വോൾവുലസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിവിധികളും ചെയ്തു.

ഓപ്പറേഷനുശേഷം കുട്ടി രണ്ട് ദിവസം തീവ്ര പരിചരണ യൂണിറ്റിലായിരുന്നു. അതിനുശേഷം ശിശു ശസ്ത്രക്രിയ വാർഡിലേക്ക് മാറ്റി ചികിത്സ തുടർന്നു. കുട്ടിയെ കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലമായിരുന്നു ഈ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചത്.

vachakam
vachakam
vachakam

ശിശു ശസ്ത്രക്രിയ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. നിർമ്മൽ ഭാസ്‌കറിന്റെ നേതൃത്വത്തിൽ, അസിസ്റ്റന്റ് പ്രൊഫസർ ഡോ ശശികുമാർ, ജൂനിയർ റെസിഡന്റ് ഡോ. ഫിലിപ്‌സ് ജോൺ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പിഡിയാട്രിക് സർജറി ഹൗസ് സർജൻ ഡോ അതുൽ കൃഷ്ണ ചികിത്സയിൽ സഹായിച്ചു. അതോടൊപ്പം, അനസ്‌തേഷ്യ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ സുധീർ എൻ, ഡോ ഇഷിത, ഡോ അഞ്ജന, ഡോ അർപ്പിത, ഡോ സംഗീത, ഡോ.അമൃത, അനസ്‌തേഷ്യ ഐസിയുവിന്റെ ചുമതലയുള്ള പ്രൊഫസർ ഡോ. ഷാജി കെആർ, ശിശുരോഗവിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. അജിത്കുമാർ, സീനിയർ റെസിഡന്റ് ഡോ. നൂന കെകെ, ജൂനിയർ റെസിഡന്റ് ഡോ. സതീഷ്, പിഡിയാട്രിക് മെഡിസിൻ ഹൗസ് സർജൻ ഡോ ജിതിൻ; എമർജൻസി ഓപ്പറേഷൻ തിയറ്റർ സീനിയർ നഴ്‌സിംഗ് ഓഫീസർ മിനി പി ശ്രീധരന്റെ നേതൃത്വത്തിൽ നഴ്‌സിംഗ് ഓഫീസമാരായ രമ്യ പിപി, റിൻകുമാരി സിഐ, ശിശു ശസ്ത്രക്രിയ വിഭാഗം വാർഡ് സീനിയർ നഴ്‌സിംഗ് ഓഫീസർ ശ്രീദേവി ശിവന്റെ നേതൃത്വത്തിൽ നഴ്‌സിംഗ് ഓഫീസർമാരായ സീന ജോസഫ്, അക്ഷയ നാരായണൻ, ലേഖ ടിസി, ജോളി ദേവസി, ലിജി ഡേവിസ്, സൗമ്യ എ, നീതു രാജൻ, അഞ്ജന ബി, എന്നിവർ ചികിൽസയുടെ ഭാഗമായിരുന്നു.

തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ എൻ, വൈസ് പ്രിൻസിപ്പൽ ഡോ. സനൽ കുമാർ, സൂപ്രണ്ട് ഡോ. രാധിക, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. സന്തോഷ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam