സൂറത്ത്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ച് യുവാവ്. ഗുജറാത്തിലെ സൂറത്തിൽ 39-കാരിയായ ഡയറ്റീഷ്യൻ ശിൽപ സാൽവിയെയാണ് ഭർത്താവ് വിശാൽ സാൽവി (40) കൊലപ്പെടുത്തിയത്. നാല് ദിവസം മുമ്പ് ഭാര്യയെ കാണാതായെന്ന് പറഞ്ഞ് വിശാൽ തന്നെയായിരുന്നു പോലീസിനെ സമീപിച്ചത്. എന്നാൽ, ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും ലഭിച്ച ഒരു കുറിപ്പ് കേസന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായി.
ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകൻ കണ്ടെത്തിയ കുറിപ്പാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. താൻ വലിയൊരു തെറ്റ് ചെയ്തുവെന്നും ശിൽപ ഇനി ജീവനോടെയില്ലെന്നും വിശാൽ സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ സാൽബത്പുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള, പ്രതിയുമായി ബന്ധമുള്ള ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടത്തിൽ നിന്നും ശിൽപയുടെ മൃതദേഹം കണ്ടെടുത്തു. കെട്ടിടത്തിനുള്ളിലെ ഒരു തടിപ്പെട്ടിക്കുള്ളിൽ സിമന്റിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
ദമ്പതികൾക്കിടയിൽ ഏറെക്കാലമായി നിലനിന്നിരുന്ന കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന വിശാലിന്റെ സംശയമാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് സംശയിക്കുന്നു. കാണാതായെന്ന പരാതി നൽകുന്നതിന് നാലോ അഞ്ചോ ദിവസങ്ങൾക്ക് മുമ്പ് തന്നെ മരണം നടന്നിരിക്കാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ വിശാൽ സാൽവിയെ കണ്ടെത്താൻ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചുവരികയാണ്. മൃതദേഹം സിമന്റിട്ട് മൂടി ഒളിപ്പിക്കാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
