തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ വിവാദവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡഫേഷനാണ് കോടതിയെ സമീപിക്കുന്നത്.
ഇന്നലെ ചേര്‍ന്ന സംഘടനയുടെ സംസ്ഥാന നേതൃയോഗമാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വലിയൊരു അഴിമതിയാരോപണത്തില്‍ ജീവനക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
ശബരിമലയില്‍ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സംഘടനയുടെ ആരോപണം. വര്‍ഷങ്ങളായി ശബരിമലയില്‍ സ്ഥിരമായി ജോലിചെയ്തുവരുന്നവരാണ് ഇതിനു പിന്നില്‍. പലപ്പോഴും ശബരിമല ഡ്യൂട്ടിക്കായി അപേക്ഷ നല്‍കിയാല്‍പ്പോലും പലരെയും തഴയുകയാണ് പതിവ്.
അതിനു കാരണം ഇപ്പോള്‍ ഉയര്‍ന്നു വന്നതുപോലുള്ള തട്ടിപ്പു നടത്താന്‍ വേണ്ടിയാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. ഓരോ ശബരിമല സീസണ്‍ കഴിയുമ്പോഴും സ്ഥിരമായി അവിടെ ഡ്യൂട്ടിനോക്കുന്നവരുടെ ആസ്തിവിവര കണക്ക് പരിശോധിച്ചാല്‍ അതു മനസിലാകുമെന്നും അവര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് പലവിധ ഇടപാടുകളില്‍ ഇത്തരം ജീവനക്കാര്‍ നേടുന്നത്.
വിവിഐപി ദര്‍ശനം ഉള്‍പ്പെടെയുള്ളവ ഒരുക്കിക്കൊടുക്കുന്നത് ഇത്തരം ജീവനക്കാരാണ്. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്തര്‍ ലക്ഷങ്ങള്‍ സംഭാവന നല്‍കാറുണ്ട്. ഇതൊന്നും ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ പൂര്‍ണമായും എത്താറില്ലെന്നും പകുതിയിലേറെയും ഇത്തരം ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നുണ്ടെന്നും ഫെഡഫേഷന്‍ അംഗങ്ങള്‍ ആരോപിക്കുന്നു. ഇതെല്ലാം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്