കലാപക്കൊടിയുമായി മത്സരമോഹികളുടെ റോഡ് ഷോ

MARCH 19, 2026, 1:17 AM

സ്വന്തം നിലയ്ക്ക് ചുവരെഴുതി, ഫ്‌ളക്‌സ് അടിച്ച്, സോഷ്യൽ മീഡിയയിൽ റീൽസ് ഇറക്കി കാര്യങ്ങളിലേക്ക് കടന്നവർ മത്സരിക്കാൻ സീറ്റില്ല എന്നറിയുമ്പോൾ വിതുമ്പി പോകുന്നത് സ്വാഭാവികം. കെ. സുധാകരൻ മുതൽ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് വരെ പൊട്ടിക്കരയുന്ന കാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ രസികൻ കാഴ്ചകളായി കരുതാം.

പെരുമ്പാവൂരിൽ പട്ടികയിൽ കയറാൻ കഴിയാത്ത മൃദുലഹൃദയനായ എൽദോസ് കുന്നപ്പള്ളി ഏതായാലും കദനം പൊടിയുന്ന ഒരു കവിതയെങ്കിലും നമുക്കായി തരും എന്ന് പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മിന്നൽവേഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി കളത്തിലിറങ്ങിയ ഇടതുമുന്നണി അക്ഷരാർത്ഥത്തിൽ സതീശൻ ക്യാമ്പിനെ ഞെട്ടിച്ചു. പ്രചാരണത്തിന്റെ ആദ്യലാപ്പിൽ ഇടതിന്റെ മുന്നേറ്റത്തിന് മുഖ്യമന്ത്രി വരെ കളത്തിലിറങ്ങി.

ഒരു ആവേശത്തിന് 24 മണിക്കൂറിനകം കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക എന്ന് പറഞ്ഞുപോയസതീശൻ, മണിക്കൂറുകൾ നീങ്ങുമ്പോൾ, സ്വന്തം ശരീരഭാഷ പോലും മാറി മറ്റൊരാളെ പോലെയായി, വിഷാദത്തിലായി. പരാതിക്കെട്ടുമായി ഡൽഹിക്ക് വിമാനം കയറുന്നത് ചെറിയ ആൾക്കാരൊന്നുമല്ല. വിവാദങ്ങളുടെ പെരുക്കപ്പട്ടിക ഗ്രൂപ്പ് നേതാക്കളെ ശരിക്കും അമ്പരപ്പിക്കുകയാണ്. കോൺഗ്രസിൽ പ്രത്യക്ഷത്തിൽ ഗ്രൂപ്പില്ല എന്ന് തോന്നുമെങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽ എത്തുമ്പോഴാണ് ഒരോന്നും തനിഗുണം കാണിക്കുന്നത്.

vachakam
vachakam
vachakam

സതീശനും കെ.സി. വേണുഗോപാലും ചെന്നിത്തലയും മാത്രമല്ല, പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത ഗ്രൂപ്പുകളും രഹസ്യമായും പരസ്യമായും ഹൈക്കമാണ്ടിനെ സ്വാധീനിക്കുന്നുണ്ട്. ഒരോ നേതാക്കൾക്കും പിന്നാലെ പെട്ടി ചുമക്കുന്ന അണികളുടെ ഒരു നിര പണ്ടത്തേതുപോലെ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സാരം. ഹൈക്കമാന്റിന്റെ തോളോട് ചേർന്ന് നടക്കുന്ന വേണുഗോപാൽ, ഇടതുപക്ഷം തകർത്ത മുഖ്യമന്ത്രി മോഹം ഇപ്പോഴും സ്വപ്‌നമായി കൊണ്ടുനടക്കുന്ന ചെന്നിത്തല, ജയിച്ചാൽ താനല്ലാതെ മറ്റാര് മുഖ്യമന്ത്രി എന്ന മട്ടിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന പ്രതിപക്ഷനേതാവ്.

ഇവരെക്കാൾ എല്ലാം മേലെയാണ് തന്റെ സ്ഥാനമെന്ന് കരുതുന്ന കെ.സുധാകരനും മുല്ലപ്പള്ളിയും കെ. മുരളീധരനും. ഒരുകാലത്ത് ഗ്രൂപ്പിന്റെ ശിരസ്സായിരുന്ന എ.കെ. ആന്റണി സ്വതസിദ്ധമായ മൗനത്തിൽ. പാർട്ടിയുടെ പതനം കാത്തിരുന്ന കാലം കഴിക്കുന്ന നിരാശ ബാധിച്ച കടൽക്കിഴവന്മാർ മറുവശത്ത്. ഫലത്തിൽ ഒരോന്നും ഒരോ ഗ്രൂപ്പുകൾ തന്നെ.

കോൺഗ്രസിൽ കുട്ടനാട്ടിൽ കൂട്ടരാജി.

vachakam
vachakam
vachakam

പൊട്ടിക്കരഞ്ഞ സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുമ്പോൾ അതും കോൺഗ്രസിന് അഴിച്ചെടുക്കാൻ കഴിയാത്ത കുരുക്കാണ്. സീറ്റ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സജിയുടെ തീരുമാനം. അമ്പലപ്പുഴയിലും കോൺഗ്രസിനെ വിമതശല്യം വേട്ടയാടുന്നു. കാസർഗോഡ് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കിയത് ഡി.സി.സിക്ക് രസിച്ചില്ല കെട്ടിയിറക്കിയ സ്ഥാനാർത്ഥി ഇവിടെ വേണ്ട എന്ന മുദ്രാവാക്യം ഉയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിക്കുകയാണ്.

കൊച്ചിയിൽ  ദീപ്തിമേരി വർഗീസ് വെച്ച പോസ്റ്ററുകൾ നീക്കം ചെയ്തു. സർവ്വം ദീപ്തമയം എന്നായിരുന്നു പോസ്റ്റർ. മേയർ സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റർ ഇറക്കിയതെന്ന് ദീപ്തി പറഞ്ഞു. വെറും മുന്നൊരുക്കമായിരുന്നു അതത്രെ ! എന്തും നടക്കുമെന്ന അവസ്ഥ ഇപ്പോഴും കോൺഗ്രസിൽ നിലനിൽക്കുന്നു എന്ന് വേണം അനുമാനിക്കാൻ.

ദീപ്തിക്കുവേണ്ടി കെ.സി. വേണുഗോപാലും

vachakam
vachakam
vachakam

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനു വേണ്ടി സതീശനും ഡൽഹിയിൽ നടത്തുന്ന ചരട് വലികളും ഇതിനകം പാർട്ടി വൃത്തങ്ങളിൽ സജീവ ചർച്ചയാണ്. വോട്ടർമാരുടെ മനസ്സിനെ സ്വാധീനിക്കുംവിധം നെഗറ്റീവ് പോസ്റ്റർ യുദ്ധങ്ങളും ഇപ്പോൾ ട്രെൻഡാണ്. കെ.എസ്.യു നേതാവ് അലോഷ്യസിനെതിരെ മാത്രമല്ല സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ പാർട്ടി വ്യത്യാസമില്ലാതെ ഈ പ്രവണത ഇത്തവണ ശക്തമാണ്.

പാണക്കാട്ടും പട

അതിനിടെ, മലപ്പുറത്ത് ലീഗിനെ വെട്ടിലാക്കി അബ്ദുൽ റഹ്മാൻ രണ്ടത്താണി സി.പി.എം ബാനറിൽ രംഗത്ത് വരുന്നത് യു.ഡി.എഫിനെ ഒന്നാകെ പ്രതിരോധത്തിലാക്കുന്നു. തിരൂരങ്ങാടിയിൽ പി.എം.എ. സമീർ മത്സരിക്കുന്നതിൽ പ്രതിഷേധിച്ചാണ് രണ്ടത്താണി കലാപക്കൊടി ഉയർത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗമാണ് സമീർ. എല്ലാം പാണക്കാട്ട് നിന്നാണെന്ന് വിശ്വസിപ്പിച്ചിരുന്ന പഴയകാലവും പോയ് മറഞ്ഞു. ലീഗിലും ഉയരുന്നു അപശബ്ദങ്ങൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ പുനലൂർ സീറ്റിനെ ചൊല്ലിയും തർക്കം. മുസ്ലീംലീഗിന് വീണ്ടും പുനലൂർ നൽകിയാൽ ഒറ്റയ്ക്ക് മൽസരിക്കാനാണ് കോൺഗ്രസ് നീക്കം. പഞ്ചായത്തുകളിലെ സ്ഥാനങ്ങളടക്കം രാജിവെക്കുമെന്നാണ് ഭീഷണി. പുനലൂരിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് കടുത്ത തീരുമാനത്തിലേക്ക് കടക്കുകയാണ്.

സാദിക്കലി തങ്ങളെ ഒരു ജമാഅത്ത് അനുയായിയെപ്പോലെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് അസാധാരണമായ സാഹചര്യമാണ്. രാഷ്ട്രീയമായി എത്ര എതിർപ്പുകൾ ഉണ്ടെങ്കിലും പാണക്കാട് കുടുംബത്തോട് വച്ചുപുലർത്തുന്ന ആദരവും അകൽച്ചയും ഇന്നോളം ഒരു രാഷ്ട്രീയ എതിരാളികളും അതിന്റെ സീമ ലംഘിച്ചിട്ടില്ല. പിണറായി വിജയൻ അങ്ങനെ പറഞ്ഞെങ്കിൽ പാണക്കാടിന്റെ പിടി അയയുന്നു എന്ന് വേണം നിരീക്ഷിക്കാൻ. ചുരുങ്ങിയ പക്ഷം അവരുടെ അണികൾക്കിടയിലെങ്കിലും അതൊരു സൂചനയാണ്.

യുഡിഎഫ് എന്ന സംവിധാനത്തെ അചഞ്ചലമായി പിന്തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്നതിൽ മുസ്ലിം ലീഗ്, പ്രത്യേകിച്ച് പാണക്കാട് കുടുംബം നൽകുന്ന ഉറപ്പ് മറ്റ് ഒരു ഘടകകക്ഷിയ്ക്കും നൽകാൻ കഴിയാത്തതാണ്.

സ്ഥാനാർത്ഥി ചിത്രം ഇനിയും തെളിയാത്ത കോൺഗ്രസിനെ പറ്റിയും എൻ.ഡി.എ കൂട്ടുകെട്ടിനെക്കുറിച്ചും മാത്രമാണ് ഈ ലക്കത്തിൽ പറയാൻ ഉദ്ദേശിച്ചത്. അക്കാരണത്താൽ, ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പ് ചിത്രം തൽക്കാലം മാറ്റിവയ്ക്കുകയാണ്. ജി. സുധാകരൻ മുതൽ പി.കെ. ശശി വരെ നീളുന്ന കദനകഥ! പെരുമ്പാവൂരിൽ വോട്ടില്ലാത്ത ലക്ഷ്മി പ്രിയയെ സ്ഥാനാർത്ഥിയാക്കിയ എൻ.ഡി.എയുടെ തിരിച്ചടി ഒരു കൊച്ചു കഥ മാത്രം!

അവിടെ സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പിന്നീട് എടുത്തു മറ്റേണ്ടി വന്നു. കേന്ദ്രമന്ത്രി പങ്കെടുക്കേണ്ട റോഡ് ഷോയും റദ്ദാക്കി. ചുരുക്കത്തിൽ, കലാപം ഉയരാത്ത ഒരു മുന്നണിയും ഇല്ല എന്ന് എല്ലാവർക്കും പരസ്പരം ആശ്വസിക്കാം. എന്നാൽ മുന്നിൽ ഇനി അധിക സമയമില്ല എന്നോർക്കുന്നത് എല്ലാവർക്കും നല്ലതുതന്നെ !

പ്രജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam