തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം പകർച്ചവ്യാധികൾക്കെതിരെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ജില്ലകൾ ഉറപ്പാക്കണം. ഫീൽഡ്തലത്തിലും ജില്ലാതലത്തിനും സംസ്ഥാനതലത്തിലും കൃത്യമായി പ്രവർത്തനങ്ങൾ നടത്തണം.
പൊതുജനാരോഗ്യ സമിതികൾ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കണം. പൊതുജനരോഗ്യ നിയമ പ്രകാരം പകർച്ചവ്യാധി പ്രതിരോധത്തിനായി ശക്തമായ നടപടികൾ സ്വീകരിക്കണം. നിപ പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധിക്കണം.
കഠിനമായ ചൂടും തുടർന്നുണ്ടാകാൻ സാധ്യതയുള്ള ഇടവിട്ടുള്ള മഴയും കാരണം പകർച്ചവ്യാധികൾ വർധിക്കാൻ സാധ്യതയുണ്ട്. അത് മുന്നിൽ കണ്ട് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ മന്ത്രി ജില്ലകൾക്ക് നിർദേശം നൽകി. ആശുപത്രികൾ സജ്ജമായിരിക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കാനും നിർദേശം നൽകി. മഴക്കാലപൂർവ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധവും സംബന്ധിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളത്തിന്റെ ക്ഷാമം ഉണ്ടാകുമ്പോൾ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് എ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സമൂഹസദ്യകൾ നൽകുന്നവർ ഉൾപ്പെടെ ശുദ്ധമായ ജലം ഉപയോഗിക്കേണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ശീതള പാനീയങ്ങൾ വിൽക്കുന്നവരും ഹോട്ടലുകളും പ്രത്യേകം ശ്രദ്ധിക്കണം. പരിശോധനകൾ ശക്തമാക്കും.
ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്‌ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവ ഇപ്പോഴും പല സ്ഥലങ്ങളിലും കാണുന്നുണ്ട്. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം.
പല സ്ഥലങ്ങളിലും ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. വെള്ളം കെട്ടിനിൽക്കുന്ന ഏത് വസ്തുവിലും കൊതുക് മുട്ടയിടുമെന്നതിനാൽ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയരുത്. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളും റെസിഡൻസ് അസോസിയേഷനുകളും ശ്രദ്ധിക്കണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം. വെള്ളം പാത്രങ്ങളിൽ ശേഖരിച്ച് വയ്ക്കുന്നവർ കൊതുക് വളരാതെ മൂടി വയ്ക്കണം.
പല ജില്ലകളിലും എലിപ്പനി കാണുന്നുണ്ട്. എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും ആഴ്ചയിൽ ഒരിക്കൽ ഡോക്‌സിസൈക്ലിൻ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്. വേനൽക്കാലത്ത് ജലസ്രോതസുകളിൽ വെള്ളം മലിനമാകാൻ സാധ്യതയുള്ളതിനാൽ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം.
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്