കേരളത്തിൽ ഇപ്പോഴുള്ളത് ഭരണവിരുദ്ധ വികാരമാണോ, പിണറായി വിരുദ്ധ വികാരമാണോ? പിണറായിയെ തന്നെയാണ്, യു.ഡി.എഫ്. ലക്ഷ്യം വയ്ക്കുന്നത്. ബി.ജെ.പി.യാകട്ടെ, പിണറായിയെ 'മൃദുവായൊന്ന് തലോടി ' തടിതപ്പുകയാണ്. വ്യാഴാഴ്ച 2.71 കോടി വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തും. 27 ദിവസം കൊടുംചൂടിൽ പ്രചാരണം നടത്തിയ സ്ഥാനാർത്ഥികൾ ബുധനാഴ്ച വീട് കയറിക്കൊണ്ട് വോട്ടുറപ്പിക്കാൻ ശ്രമിക്കും. എന്നാൽ ആലപ്പുഴ ജില്ലയിൽ സി.പി.എം. അണികൾ എസ്.ഡി.പി.ഐ. പ്രവർത്തകരോടൊപ്പം ഇടതു പ്രവർത്തകരുടെ വീടുകളിൽ കയറി ഭീഷണിയും കൊലവിളിയും തുടങ്ങിക്കഴിഞ്ഞുവെന്ന് പരാതിയുണ്ട്.
വോട്ടർമാരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയാണെന്ന മുൻ മന്ത്രി ജി.സുധാകരന്റെ പരാതി ഹൈക്കോടതിയിൽ എത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പണം വാരാൻ ചില മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന പരാതിയുടെ പിന്നാമ്പുറങ്ങളിൽ ചില ചാനലുകളും ചില യൂട്യൂബർമാരുമുണ്ടെന്ന പരാതി കുറെയെല്ലാം സത്യമാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഇടതുപക്ഷത്തെയും പിണറായിയെയും പല്ലും നഖവും ഉപയോഗിച്ച് എത്തിർത്തുവന്നിരുന്ന തമാശക്കാരൻ വക്കീൽ പോലും പഴയ രാഷ്ട്രീയ നിലപാട് മാറ്റിയത് എന്തുകൊണ്ടാണ്? ഇടതുപക്ഷമാണ് ഭേദമെന്ന് ഇപ്പോൾ അദ്ദേഹം തട്ടിവിടുന്നത് ഒരുതരം കോമഡിയായി കണ്ടാൽ മതി.
പഴയ പ്രളയവും പുതിയ അഴിമതിക്കഥകളും
2018ലെ പ്രളയത്തിന്റെ കെടുതികൾ ഇപ്പോഴും ജനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച ദിവസം മാത്യു കുഴൽനാടൻ പൊട്ടിച്ച 'പ്രളയബോംബ് ' ഏതായാലും ഇടതുമുന്നണിയെ ഉലച്ചിരിക്കുകയാണ്. മന്ത്രി കെ. കൃഷ്ണൻകുട്ടി മുൻമന്ത്രി മാത്യു ടി. തോമസിനെ പ്രളയത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന 'ശബ്ദ രേഖ' യിൽ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. കേരളത്തിലെ 79 റിസർവോയറുകളിലെ ജലം കൈകാര്യം ചെയ്തതിലുള്ള വീഴ്ചയാണ് പ്രളയകാരണമെന്ന് മൂന്ന് ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മന്ത്രി സ്ഥാപിക്കുന്നു. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ തുറക്കാൻ ഒരു മാസം വൈകിച്ചത് കരിമണൽത്തിട്ടകൾ സംരക്ഷിക്കാനായിരുന്നുവെന്നതാണ് ആദ്യ ആരോപണം.
ജലവിഭവ വകുപ്പിലെ ചീഫ് എഞ്ചിനീയർ ജോഷി കൂടി ഈ നിഗൂഢ നീക്കത്തിൽ പങ്കാളിയാണത്രെ. ഷട്ടർ തുറന്നില്ലെങ്കിൽ കുട്ടനാട് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അന്നത്തെ മന്ത്രിയായിരുന്ന മാത്യു ടി. തോമസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി കുറ്റപ്പെടുത്തുന്നു. ക്യുബിക മീറ്ററിന് 62 രൂപ മാത്രം ക്വോട്ട് ചെയ്ത കരാർ സ്വന്തമാക്കിയ ഒരു കൺസ്ട്രക്ഷൻ കമ്പനി അതേ മണൽ പിന്നീട് 3000 കോടി രൂപയ്ക്കാണത്രെ കച്ചവടം ചെയ്തത്.
മറ്റൊരു ആരോപണം പറമ്പിക്കുളം ഡാമിലെ വെള്ളം തമിഴ്‌നാട്ടിലേയ്ക്ക് ഒഴുക്കിക്കളയാൻ വ്യവസ്ഥയുണ്ടായിരുന്നിട്ടും അതേ പ്രളയജലം മന്ത്രി ഇടപെട്ട് ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കിയത്, തമിഴ്‌നാട്ടിലെ ഒരു നിർമ്മാണ കമ്പനിയെ സഹായിക്കാനായിരുന്നുവെന്ന് കൃഷ്ണൻകുട്ടി അവകാശപ്പെടുന്നു. മൂന്നാമത്തെ ആരോപണം മാണിയാർ ഡാമിനെക്കുറിച്ചാണ്. ഈ ഡാമിൽ ജലം ശേഖരിക്കാൻ ഒരു തമിഴ്‌നാട് കമ്പനിയെ അനുവദിക്കുക വഴി കോടികളുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവർക്ക് അവസരം ലഭിച്ചുവത്രെ.
(മാത്യു ടി തോമസ് ) 'അവൻ' പുണ്യാളനൊന്നുമല്ല, 'തരികിട' കാണിക്കുന്നവൻ തന്നെയാണെന്നു കൃഷ്ണൻകുട്ടി പറഞ്ഞത് ഏത് വർഷത്തിലാണെന്നോ, ആരോട് പറഞ്ഞതാണെന്നോ കുഴൽനാടൻ വ്യക്തമാക്കിയിട്ടില്ല. ഒരു യാക്കോബായ വൈദികന്റെ പുത്രനാണ് മാത്യു ടി. തോമസ്. അഴിമതിക്കഥകളിലൊന്നുംപെടാതിരുന്ന ഈ താടിക്കാരൻ നേതാവെങ്ങനെ ഈ വിവാദത്തിൽപെട്ടുവെന്ന ചോദ്യത്തിന് തൽക്കാലം മറുപടി പ്രതീക്ഷിക്കേണ്ടതില്ല.
ഇത് ലീഗിനെതിരെയുള്ള പടയൊരുക്കം തന്നെ
എസ്.ഡി.പി.ഐ.യുടെ വോട്ടുകൾ തൽക്കാലം സി.പി.എം. കീശയിലാക്കിക്കഴിഞ്ഞു. എന്നാൽ മുസ്ലീം ലീഗ് വോട്ടുകളിൽ ഭൂരിഭാഗവും സി.പി.എം.നെതിരെ പോൾ ചെയ്യാൻ സാധ്യതയുള്ളപ്പോൾ, അടുത്ത ഭരണം ലഭിച്ചാൽ മുസ്ലീം ലീഗ് ഭരണത്തിൽ 'പിൻ സീറ്റ് ' ഡ്രൈവിങ്ങിന് മുതിരുമെന്ന് പിണറായിയും രാജീവ് ചന്ദ്രശേഖറും ഒരേ സ്വരത്തിൽ പറയുന്നു. ഉപമുഖ്യമന്ത്രി പദവും 6 മന്ത്രിമാരും ലീഗ് 'കുത്തിന് പിടിച്ച് ' വാങ്ങുമെന്നാണ് സി.പി.എം. നേതാവായ എ.വിജയരാഘവനും, ബി.ജെ.പി. പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഒരേ 'ടോണിൽ' വിളിച്ച് കൂവുന്നത്.
ലീഗ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സി.പി.എം. എല്ലാ അടവും പയറ്റുന്നുണ്ട്. പേരാമ്പ്രയിലെ 'മൈക്ക് അനൗൺസ്‌മെന്റ്' വിവാദം തന്നെ നോക്കുക. പ്രചാരണ വാഹനത്തിന്റെ നമ്പർ സഹിതം പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടായില്ല.
രാഷ്ട്രീയത്തിന് ഒരിക്കലും ചേരാത്ത വ്യക്തിത്വമാണ് മുസ്ലീം ലീഗിന്റെ പ്രഡിഡന്റ് സാദിഖലി തങ്ങളുടേത്. ആ നേതാവു പോലും ഇടതുമുന്നണിയുടെ ഇത്തരം തന്ത്രങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിക്കുന്നുമുണ്ട്. വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറി പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെ ചൊല്ലി രാജിവെച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ലീഗിനെ അലോസരപ്പെടുത്തുന്നില്ല.
ടി.പി.യുടെ ചരമ വാർഷികവും ഫലം പ്രഖ്യാപനവും
സി.പി.എം. മുഖ്യമന്ത്രി കുലം കുത്തിയെന്ന് വിളിച്ച് ആക്ഷേപിച്ച ടി.പി. ചന്ദ്രശേഖരന്റെ ചരമ വാർഷിക ദിനത്തിലാണ് ഇലക്ഷൻ ഫലം കേരളം അറിയാൻ പോകുന്നത്. ഇതുവരെ നേരിടാത്ത രാഷ്ട്രീയ പ്രതിസന്ധികളിൽ വലയുകയാണ് സി.പി.എം. ഒരു മുൻമന്ത്രി ആലപ്പുഴയിലും ഒരു മുൻ എം.എൽ.എ. കൊട്ടാരക്കരയിലും സി.പി.എം.ൽ അരനൂറ്റാണ്ട് കാലം പ്രവർത്തന പരിചയമുള്ള രണ്ട് സീനിയർ നേതാക്കൾ കണ്ണൂരിലും പാർട്ടിയെ നേർക്കുനേർ നിന്ന് വെല്ലുവിളിക്കുകയാണ്.
ജി. സുധാകരൻ തന്റെ സഹോദരനായ ഭുവനേശ്വരൻ കൊല്ലപ്പെടാൻ കാരണമായത് എസ്.എഫ്.ഐ. മൂലമാണെന്ന് അവകാശപ്പെടുന്നു. ഭൂവനേശ്വരനു പിന്നാലെ അഭിമന്യു വധക്കേസും ചർച്ചയായിട്ടുണ്ട്. എസ്.ഡി.പി.ഐ.ക്കാരാണ് ഈ കേസിലെ പ്രതികളെന്ന് അന്നേ പോലീസിന് അറിയാമായിരുന്നു.
അഭിമന്യുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ടിനെക്കുറിച്ചു ഇപ്പോൾ പാർട്ടിവൃത്തങ്ങളിൽ കുശുകുശുപ്പുയരുന്നുണ്ട്. ഗൾഫിലുള്ള അഭിമന്യു വധക്കേസിലെ മുഖ്യ പ്രതിയെ ഇനിയും പോലീസിന് നാട്ടിലെത്തിക്കാനായിട്ടില്ല. കേസിന്റെ വിചാരണ വരും ദിവസങ്ങളിൽ തുടങ്ങുമ്പോൾ അതെല്ലാം സി.പി.എംന് എതിരായി തിരിയില്ലെന്ന് ആർക്കും ഉറപ്പ് പറയാനാവില്ല.
പൊള്ളയായ വാഗ്ദാനങ്ങൾ പൊള്ളിക്കുമോ?
മൂന്ന് മുന്നണികളും കേരള ജനതയ്ക്കായി പറുദീസ വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികകൾ പുറത്തിറക്കിക്കഴിഞ്ഞു. സ്വയം പരീക്ഷയെഴുതി സ്വയം ജയിച്ചുവെന്ന് അവകാശപ്പെടുന്ന ഇടതുസർക്കാരിന്റെ പ്രോഗ്രസ് കാർഡിൽ 97 ശതമാനം മാർക്കാണ് മുഖ്യമന്ത്രി തന്റെ ഭരണത്തിനു നേരെ എഴുതിയിട്ടുള്ളത്.
ലൈഫ് മിഷൻ പദ്ധതി, മത്സ്യത്തൊഴിലാളികൾക്കുള്ള പുനർഗേഹം പദ്ധതി, പട്ടയവിതരണം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, പി.എസ്.സി നിയമനങ്ങൾ, കെ. ഡിസ്‌ക്ക്, തുരങ്കപ്പാത, വിഴിഞ്ഞം പദ്ധതി, സർക്കാർ ജീവനക്കാർക്കുള്ള അഷ്വേർഡ് പെൻഷൻ തുടങ്ങിയ അവകാശ വാദങ്ങളെല്ലാം വെറും തള്ളാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. എൻ.ഡി.എ. മുന്നണി വികസിത കേരളത്തിന്റെ ഭൂപടം വരച്ചാണ് ബി.ജെ.പി.യെ ജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നത്.
കർണ്ണാടകയും തെലങ്കാനയും നടപ്പാക്കിത്തുടങ്ങിയ ക്ഷേമപദ്ധതികൾ കേരളത്തിലും നടപ്പാക്കുമെന്നാണ് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിന്റെ പ്രകടനപത്രികയിലുള്ളത്. ഇന്ദിരാഗാന്ധി, ഉമ്മൻചാണ്ടി എന്നിവരുടെ പേരിലുള്ള ക്ഷേമ പദ്ധതികൾ ജനങ്ങളെ ആകർഷിക്കുമെന്ന് കോൺഗ്രസും സഖ്യകക്ഷികളും കരുതുന്നു.
ബി.ജെ.പി. 5 സീറ്റുകളിൽ എങ്കിലും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. പക്ഷെ സാദ്ധ്യത കുറവാണ്. കേന്ദ്ര സർക്കാരിന്റെ ന്യനപക്ഷ വിരുദ്ധ നയങ്ങൾ അവർക്ക് പാരയാകും. പണമെല്ലാം 'ഭരിക്കുന്നവർക്ക് മാത്രം' സംഭാവനയായോ മറ്റു വഴിക്കോ നൽകിയാൽ മതിയെന്ന ശാഠ്യത്തിനപ്പുറം, ജാതിയോ മതമോ നോക്കാതെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന എൻ.ജി.ഒ.കളെ വിലക്കുന്ന പുതിയ നിയമം ഏതായാലും കേരളത്തിനും കേരളീയർക്കും ഇഷ്ടപ്പെട്ട മട്ടില്ല. റോഡ് ഷോയിൽ കാണുന്ന ജനക്കൂട്ടം വോട്ടാവില്ല. ബി.ജെ.പി. ഇനിയെങ്കിലും പഠിക്കേണ്ട രാഷ്ട്രീയത്തിലെ ബാലപാഠമാണത്. വോട്ടിന് പണം നൽകിയ ആരോപണത്തിലും കിറ്റ് നൽകിയ സംഭവത്തിലും ബി.ജെ.പി ആണ് പ്രതിക്കൂട്ടിൽ.
ഇടതുമുന്നണിയുടെ മുൻഗണനകൾ തെറ്റുന്നോ ?
ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ വനത്തിനോടടുത്തു കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കുടിയൊഴിഞ്ഞു പോകേണ്ടിവരുമെന്ന പരോക്ഷമായ മുന്നറിയിപ്പുണ്ടായിരുന്നു. ഇപ്പോൾ അത് തിരുത്തിയിട്ടുണ്ട്. ദിവസേന വന്യജീവികളുടെ ആക്രമണം, കർഷകരുടെ ജീവിത ദുരിതങ്ങൾ എന്നിവയൊന്നും ഇനിയും ഇടത് സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഇല്ലേ?
അതല്ലെങ്കിൽ മാനിഫെസ്റ്റോ തയ്യാറാക്കിയ ഡോ. തോമസ് ഐസക് 'നൈസായിട്ട് ' പിണറായിക്ക് ഒരു പണി കൊടുത്തതാണോ? നമുക്കറിയില്ല. ഏതായാലും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിളിച്ചതുപോലെ ''ഡാഷ് മോനേ, രേവന്തേ'' എന്ന് വിളിക്കാൻ ആരും മടിക്കും. കൊടും ചൂടിൽ 'കിളി പോയ' രാഷ്ട്രീയക്കാർ ഇതല്ല, ഇതിനപ്പുറവും വിളിക്കും. പക്ഷെ, മെയ് 4ന് ഇതേ വിളി 'വോട്ടർമാർ' ആരെ വിളിക്കുമെന്നതാണ് മുഖ്യമായ ചോദ്യം.
ആന്റണി ചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും