തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ശുഭയാത്ര സുരക്ഷിത യാത്ര' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 17 മുതൽ 30 വരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി (ആർ.പിഎഫ് ) ചേർന്ന് റെയിൽവേ പോലീസ് സംയുക്ത പരിശോധനകൾ നടത്തും.
ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ വർദ്ധിച്ച തിരക്കും പ്രധാന സ്റ്റേഷനുകളിലെ നവീകരണ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് സുരക്ഷ കൂട്ടുന്നത്. അനധികൃത മദ്യം, മയക്കുമരുന്ന്, കണക്കിൽപ്പെടാത്ത പണം എന്നിവയുടെ കടത്ത് തടയാൻ അതിർത്തി കടന്നെത്തുന്ന ട്രെയിനുകളിൽ പ്രത്യേക പരിശോധനയുണ്ടാകും.
യാത്രക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ലേഡീസ് കോച്ചുകളിൽ നിരീക്ഷണം ശക്തമാക്കാനും സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കാനും കേരള റെയിൽവേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ നിർദ്ദേശം നൽകി.
ലഹരിവേട്ടയ്ക്കായി ഇൻ്റലിജൻസ്, ഡാൻസാഫ് എന്നിവരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനൊപ്പം പ്ലാറ്റ്ഫോമുകളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി അവർ ട്രെയിനുകളിൽ കയറുന്നില്ലെന്ന് ഉറപ്പാക്കും. ജനറൽ കമ്പാർട്ട്മെന്റുകൾ, ലഗേജ്-പാർസൽ ബോഗികൾ, പാർക്കിംഗ് ഏരിയകൾ എന്നിവിടങ്ങളിൽ പരിശോധന കടുപ്പിക്കുന്നതിനൊപ്പം സ്നിഫർ ഡോഗ് ഉൾപ്പെടുന്ന ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ സേവനവും പ്രധാന സ്റ്റേഷനുകളിൽ ഉറപ്പാക്കും. പ്രാദേശിക ലോക്കൽ പോലീസിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും.
യാത്രയ്ക്കിടെ സംശയാസ്പദമായ വ്യക്തികളെയോ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുക്കളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെയോ റെയിൽവേ പോലീസ് കൺട്രോൾ റൂം നമ്പറുകളായ 9846200100, 9846200150, 9846200180 എന്നിവയിലോ റെയിൽ മദദ് (Rail Madad) പോർട്ടൽ നമ്പറായ 139-ലോ അല്ലെങ്കിൽ അടിയന്തര സഹായ നമ്പറായ 112-ലോ വിവരം അറിയിക്കാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
