ഷിക്കാഗോ: ഷിക്കാഗോ സബർബായ അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ് നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ അറസ്റ്റിലായ 19 വയസ്സുകാരനെ കസ്റ്റഡിയിൽ തുടരാൻ കുക്ക് കൗണ്ടി കോടതി ഉത്തരവിട്ടു. ഒക്ടോബർ 30 വെള്ളിയാഴ്ച റോളിങ് മെഡോസിലെ കോടതിയിൽ ഹാജരാക്കിയ പാലറ്റൈൻ സ്വദേശി അലക്‌സാണ്ട്രോസ് പപ്പോറാക്കിസിനെ പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ജഡ്ജി ജാമ്യമില്ലാതെ തടങ്കലിൽ തുടരാൻ നിർദേശിച്ചത്.
കോടതി നടപടികൾക്കിടെ പ്രതിഭാഗം അഭിഭാഷകൻ അതവേഗ വിചാരണ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. കേസിലെ കുറ്റപത്ര നടപടികൾക്കായി നവംബർ ഒമ്പതിന് അടുത്ത കോടതി തീയതി നിശ്ചയിച്ചിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകർ മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
ഒക്ടോബർ 11ന് അറോറയിലെ ശ്രീ വെങ്കടേശ്വര സ്വാമി ബാലാജി ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ് നടത്താൻ പ്രതി ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ക്ഷേത്രത്തിന്റെ പാർക്കിങ് സ്ഥലത്തെത്തിയ പ്രതിയുടെ തോക്ക് പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് ആക്രമണശ്രമം പരാജയപ്പെട്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.
എന്നാൽ തോക്ക് പ്രവർത്തനരഹിതമായെന്ന അവകാശവാദം പോലീസ് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടുള്ള ആക്രമണപദ്ധതിയെക്കുറിച്ച് പ്രതി സഹപ്രവർത്തകനോട് വെളിപ്പെടുത്തിയതിനെത്തുടർന്നാണ് വിവരം പോലീസിലെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തോക്കുകളും വെടിയുണ്ടകളും വദ്വേഷപരമായ പരാമർശങ്ങളടങ്ങിയ രേഖകളും കണ്ടെത്തിയിരുന്നു. ഭീകരാക്രമണ ഭീഷണി മുഴക്കിയതും നിയമവിരുദ്ധമായി തോക്ക് കൈവശംവച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തെ വിദ്വേഷക്കുറ്റമായി പരിഗണിക്കണമെന്ന ആവശ്യം ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനിടയിലും രാഷ്ട്രീയ നേതാക്കൾക്കിടയിലും ശക്തമാണ്. എഫ്ബിഐയുടെ സഹകരണത്തോടെ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ കുറ്റങ്ങൾ ചുമത്തുമോയെന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടായിട്ടില്ല.
അനിൽ മറ്റത്തിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
