കൊച്ചി: പാലാരിവട്ടത്ത് കൊച്ചി മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഇന്നലെ രാത്രി എട്ടിന് പാലാരിവട്ടം സെന്റ് മാർട്ടിൻസ് പള്ളിക്ക് സമീപം തുടങ്ങിയ ഉപരോധം മണിക്കൂറുകൾ നീണ്ടു.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പൈലിംഗിനിടെ വെള്ളിയാഴ്ച മെട്രൊ പില്ലർ 540ന് സമീപം പൈപ്പ് പൊട്ടി തമ്മനം, പാലാരിവട്ടം പ്രദേശങ്ങളിൽ ദിവസങ്ങളായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ ചോർച്ച പരിഹരിച്ച് പമ്പിംഗ് പുനരാരംഭിച്ചെങ്കിലും വീണ്ടും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു.
വെള്ളിയാഴ്ച പൈപ്പ്‌ലൈൻ തകർന്നതിന് 100 മീറ്റർ മാറിയാണ് വീണ്ടും പൈപ്പ് തകർന്നത്. ഈ ഭാഗത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. തുടർന്നാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്.
പ്രദേശത്ത് ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തണമെന്നും കൊച്ചി മെട്രോയുടെയും വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ അടിയന്തരമായി പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്നും എം.എൽഎ ആവശ്യപ്പെട്ടു. നിയുക്ത കൗൺസിലർമാരായ ദീപ്തി മേരി വർഗീസ്, ഗേളി റോബർട്ട്, മോളി ചാർലി എന്നിവരും പങ്കെടുത്തു.
പാലാരിവട്ടം പൊലീസ് സ്ഥലത്ത് എത്തി. അതേസമയം, നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ കെ.എം.ആർ.എല്ലിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് കൊച്ചി മെട്രോയുടെയും വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്ത് സംയുക്ത പരിശോധന നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
