ബെംഗളൂരു: അമ്മയുടെ പങ്കാളിയുടെ ക്രൂരമായ ആക്രമണത്തില്‍ പതിനെട്ടുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. ബെംഗളൂരു പദ്മനാഭനഗറിലെ രാഘവേന്ദ്ര ലേഔട്ടിലുള്ള എസ്.ആര്‍.ആര്‍.കെ തുളസി അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന സോഹം ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സോഹമിന്റെ അമ്മ സീമാ ദാസിന്റെ പങ്കാളിയായ സുദീപിനെ ബനശങ്കരി പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 16-ന് രാത്രി നടന്ന കൊലപാതകത്തിന് ശേഷം സീമയെ നാല് ദിവസത്തോളം ഫ്‌ലാറ്റിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
2024 ഒക്ടോബര്‍ മുതല്‍ സീമയും സുദീപും സോഹമും ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി ഇവരുടെ ഫ്‌ലാറ്റില്‍ നിരന്തരം വഴക്കുകള്‍ നടക്കാറുണ്ടെന്ന് അയല്‍വാസികള്‍ വീട്ടുടമസ്ഥന് പരാതി നല്‍കിയിരുന്നു. നവംബര്‍ 16-ന് രാത്രി ഫ്‌ലാറ്റില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായി അയല്‍വാസികള്‍ വീട്ടുടമയെ വിളിച്ച് അറിയിച്ചു. എന്നാല്‍ അല്പസമയത്തിന് ശേഷം സെക്യൂരിറ്റി ജീവനക്കാരന്‍ പരിശോധിച്ചപ്പോള്‍ വീട് ശാന്തമാണെന്ന മറുപടിയാണ് ലഭിച്ചത്.
നാല് ദിവസങ്ങള്‍ക്ക് ശേഷം, നവംബര്‍ 19-ന് വീട്ടുടമസ്ഥന്‍ ഫ്‌ലാറ്റിലെത്തി വാതിലില്‍ മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. സംശയം തോന്നിയ ഉടമ അയല്‍വാസികളുടെ സഹായത്തോടെ സീമയുടെ സുഹൃത്തിനെ ബന്ധപ്പെടുകയും, ഇരുവരും ചേര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് രാത്രി പതിനൊന്ന് മണിയോടെ പോലീസെത്തി വാതില്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരകൃത്യം പുറത്തറിയുന്നത്. ഫ്‌ലാറ്റിന്റെ തറയിലും ചുമരുകളിലും രക്തക്കറകള്‍ തളംകെട്ടി നിന്നിരുന്നു. പൂട്ടിയിട്ട മുറിക്കുള്ളില്‍ നിന്നും സീമയുടെ നിലവിളി കേട്ട പോലീസ് വാതില്‍ തുറന്ന് അവരെ രക്ഷപ്പെടുത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സോഹമിന്റെ മൃതദേഹം ബാത്ത്‌റൂമിനുള്ളില്‍ നിന്നും കണ്ടെത്തി.
നവംബര്‍ 16-ന് രാത്രി ഒമ്പതിനും പതിനൊന്നിനും ഇടയില്‍ സുദീപ് കത്തിയും ചുറ്റികയും ഉപയോഗിച്ച് തന്നെയും മകനെയും ആക്രമിച്ചതായി സീമ പോലീസിന് മൊഴി നല്‍കി. ആക്രമണത്തില്‍ ഭയന്ന് താന്‍ ഓടി മുറിയില്‍ കയറിയപ്പോള്‍ സുദീപ് പുറത്തുനിന്നും വാതില്‍ പൂട്ടുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ഇതിന് ശേഷമാണ് സുദീപ് സോഹമിനെ ക്രൂരമായി മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1), 109(1) എന്നീ വകുപ്പുകള്‍ പ്രകാരം കൊലപാതകത്തിനും വധശ്രമത്തിനും ബനശങ്കരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
