പാലക്കാട്: ഷൊർണൂർ – പാലക്കാട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു ക്ലിപ്പുകൾ കയറ്റിവച്ച നിലയിൽ.
പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിൽ. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ മായന്നൂർ മേൽപാലത്തിനു സമീപമാണു ക്ലിപ്പുകൾ കണ്ടെത്തിയത്.
പാലക്കാട് ഭാഗത്തേക്കു ട്രെയിനുകൾ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകൾ. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.
പിന്നാലെയെത്തിയ നിലമ്പൂർ – പാലക്കാട് പാസഞ്ചർ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയിൽ 5 ക്ലിപ്പുകൾ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളിൽ കണ്ടെത്തുകയായിരുന്നു.
കട്ടിയുള്ള ഇരുമ്പായതിനാൽ അപകടസാധ്യത ഉണ്ടായിരുന്നുവെന്നാണു വിലയിരുത്തൽ. ട്രെയിൻ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകൾ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്