സപ്‌ളൈകോ ഗോഡൗണുകളിൽ  ആവശ്യമുള്ള എണ്ണം മാത്രം നിലനിര്‍ത്തും, മറ്റുള്ളവ ഒഴിവാക്കും: മന്ത്രി അനൂപ് ജേക്കബ്

NOVEMBER 6, 2026, 10:59 PM

 കൊച്ചി: ഭക്ഷ്യവകുപ്പിനും സപ്‌ളൈകോയ്ക്കും കീഴിലുള്ള ഗോഡൗണുകളിൽ ആവശ്യമായവ മാത്രം നിലനിർത്തി ബാക്കിയുള്ളവ ഒഴിവാക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്. നിലവിൽ 177 എൻ.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്. ഇത്രയധികം ഗോഡൗണുകൾ ആവശ്യമില്ലെന്ന് വകുപ്പുതല പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിലാണു പുനഃക്രമീകരണ നടപടികൾ സ്വീകരിക്കുന്നത്. നിലവിലുള്ള ഗോഡൗണുകളിൽ ഭൂരിഭാഗവും ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാത്തവയും പലതും കാലപ്പഴക്കം ചെന്നവയുമാണ്. 177 എൻ.എഫ്.എസ്.എ ഗോഡൗണുകൾ ആവശ്യമില്ലെന്നാണു ഭക്ഷ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിതരണ കമ്മിഷണർക്കു നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

2019 കാലത്ത് കൃത്യമായ മാനദണ്ഡങ്ങളും ആവശ്യകതയും പരിശോധിക്കാതെ ഗോഡൗണുകൾ അനുവദിച്ചതാണു നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ആവശ്യത്തിന് സംഭരണശേഷിയില്ലാത്തതും അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായതുമായ കെട്ടിടങ്ങൾ പോലും ഗോഡൗണുകളായി ഉപയോഗിക്കുന്നതായി പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഭക്ഷ്യധാന്യം  നശിച്ചുപോകുന്നതിനൊപ്പം വാടകയിനത്തിൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാകുന്നുണ്ട്. വീടുകൾ പോലും വാടകയ്‌ക്കെടുത്ത് ഗോഡൗണുകളാക്കിയതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകളും അശാസ്ത്രീയ സംവിധാനങ്ങളും ഒഴിവാക്കുകയാണ് ലക്ഷ്യം.

സപ്ലൈകോ ഡിപ്പോ മാനേജർമാർ, ജില്ലാ സപ്ലൈ ഓഫീസർമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘം ഓരോ ജില്ലയിലെയും താലൂക്കുകളിലെയും ഗോഡൗണുകൾ അടിയന്തരമായി പരിശോധിക്കും. കാലഹരണപ്പെട്ടതും ആവശ്യകതയില്ലാത്തതുമായ ഗോഡൗണുകൾ ഒഴിവാക്കി, പകരം ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ ഗോഡൗണുകൾ കണ്ടെത്താൻ താൽപര്യപത്രം ക്ഷണിക്കും. മൂന്നുമാസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

കൊല്ലം താലൂക്കിൽ മാത്രം നിലവിൽ ഒൻപത് ഗോഡൗണുകളുണ്ടെങ്കിലും മൂന്നെണ്ണമേ ആവശ്യമുള്ളൂവെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. സമാനമായ രീതിയിൽ എല്ലാ താലൂക്കിലെയും ഗോഡൗണുകളുടെ ആവശ്യകത യുക്തിസഹമായി പരിശോധിച്ച് അനാവശ്യമായവ ഒഴിവാക്കും.

ഗോഡൗണുകളുടെ അശാസ്ത്രീയമായ നിർമ്മാണവും സംഭരണ രീതികളുമാണു ഭക്ഷ്യധാന്യങ്ങൾ നശിച്ചുപോകാൻ പ്രധാന കാരണങ്ങളിലൊന്ന്. പല ഗോഡൗണിലും ഒരേയൊരു വാതിൽ മാത്രമാണുള്ളത്. ഇതുമൂലം അകത്തേക്ക് ആദ്യം സംഭരിക്കുന്ന ധാന്യങ്ങൾ ദീർഘകാലം അവിടെത്തന്നെ കെട്ടിക്കിടക്കുകയും കാലപ്പഴക്കത്താൽ ഉപയോഗശൂന്യമാകുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ ഗുണനിലവാരം നഷ്ടപ്പെട്ട ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.

നാലുവശത്തും പ്രവേശന സൗകര്യവും സുഗമമായ ഗതാഗത സംവിധാനവും ഉറപ്പാക്കുന്ന തരത്തിലുള്ള ശാസ്ത്രീയ ഗോഡൗണുകളാണ് ഇനി പരിഗണിക്കുക. ഇത്തരം ഗോഡൗണുകൾ ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ (ബി.ഒ.ടി) അടിസ്ഥാനത്തിലോ വാടകയ്‌ക്കെടുത്തോ സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സംഭരണനഷ്ടം കുറയ്ക്കുന്നതിനും പൊതുവിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ പരിഷ്‌കാരം സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam