ശാപമോക്ഷം 'കോമാളി'ക്ക് മാത്രം; 'ചെറ്റ'കളെ വോട്ടർമാർ കണ്ടെത്തും

MARCH 26, 2026, 3:38 AM

അത്യുഷ്ണകാലത്ത് അരങ്ങേറുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേതാക്കളുടെ വായിൽ നിന്ന് വാക്കുകൾ മിസൈൽ ആയും ഡ്രോൺ ആയും വിക്ഷേപിക്കപ്പെടുന്നത് സമ്മിശ്രവികാരങ്ങളോടെ കേരളം കാണുന്നു. അരുതാത്തതു പറഞ്ഞ് വിവാദം ആളിക്കത്തുമ്പോൾ 'വാമൊഴി വഴക്ക'ത്തിന്റെ ആഖ്യാന യത്‌നവുമായുള്ള അഗ്‌നിശമന അഭ്യാസമാകട്ടെ അപഹാസ്യമായി മാറുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ രണ്ട് പ്രയോഗങ്ങളാണ് ഇങ്ങനെ വീണു കിട്ടിയത്.   

പഴയ 'പരനാറി' പ്രയോഗത്തോളം ഉച്ചസ്ഥായി കൈവരിച്ചില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ആദ്യത്തെ വെടി പൊട്ടിച്ചത്. ജി സുധാകരൻ കാണിച്ചത് ' ചെറ്റത്തരം ' ആണെന്ന് പ്രമുഖ വാർത്താ ചാനലിലെ അഭിമുഖത്തിനിടയിൽ അദ്ദേഹം പറഞ്ഞു. തുടർന്ന് വലിയ വിമർശനങ്ങളാണ് പിണറായിക്കെതിരെ വന്നത്. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ മുതിർന്ന സി.പി.എം നേതാവ് ഡോ. തോമസ് ഐസക് 'കോമാളി' എന്ന് വിശേഷിപ്പിച്ചു. അദ്ദേഹം വൈകാതെ മാപ്പ് പറഞ്ഞ് തടിയൂരി. അതേസമയം പിണറായി തന്റെ അമ്ല സ്വഭാവമാർന്ന വാക്ക് തിരിച്ചെടുത്തില്ല.

പിണറായിയുടെ 'പ്രയോഗച്ചൊരുക്ക് ' അനുഭവിച്ച ജി.സുധാകരനും ഇത്തരം വിക്ഷേപണങ്ങളിലൂടെ എക്കാലവും വീര്യം തെളിയിച്ചിരുന്നയാൾ തന്നെ. 2019ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിക്കെതിരെ നടത്തിയ വിവാദ പരാമർശം വെറും തമാശയായിരുന്നില്ല. അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാനെ സുധാകരൻ 'പൂതന' എന്നാണ് വിശേഷിപ്പിച്ചത്.'പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ. കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നത് ' ജി. സുധാകരൻ പറഞ്ഞതിങ്ങനെ.

vachakam
vachakam
vachakam

മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച വാക് പ്രയോഗങ്ങൾ സി.പി.എമ്മിന് മൊത്തത്തിൽ തിരിച്ചടിയായ ചരിത്രമുണ്ട്. എൻ.കെ. പ്രേമചന്ദ്രനെ ലാക്കാക്കി 'പരനാറി' എന്നു വിളിച്ചതോടെ കൊല്ലം ലോക്‌സഭാ സീറ്റ് പാർട്ടിക്ക് കൈവിട്ടു പോയി. പ്രേമചന്ദ്രനോട് ദയനീയമായി തോറ്റത് സാക്ഷാൽ എം.എ. ബേബി തന്നെ. ആ സീറ്റ് തിരിച്ചു പിടിക്കാൻ സി.പി.എമ്മിന് പിന്നീട് സാധിച്ചിട്ടില്ല.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരുന്നു സംഭവം. അന്ന് മുന്നണി വിട്ട് യു.ഡി.എഫിൽ ചേർന്ന എൻ.കെ. പ്രേമചന്ദ്രനെതിരായ കടുത്ത പ്രയോഗം പിൻവലിക്കാൻ പിണറായി ഒരിക്കലും തയ്യാറായില്ല. മികച്ച വാഗ്മിയും മികച്ച പാർലമെന്റേറിയനുമായി പേരെടുത്ത പ്രേമചന്ദ്രന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി കിട്ടിയ പിന്തുണയ്ക്കു മുന്നിൽ ഈ പ്രയോഗം ബൂമറാങ് ആകുന്നതും കേരളം കണ്ടു.

തെക്കൻ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നിർണായക സ്ഥാനം തന്നെയുണ്ട് പിണറായി വിജയന്റെ 'പരനാറി' എന്ന പ്രയോഗത്തിന്. അദ്ദേഹത്തിന്റെ ഫാൻ ബേസ് എന്നു പറയാവുന്ന വിഭാഗം ആഘോഷമാക്കിയ പ്രയോഗമാണെങ്കിലും, ഇത് സി.പി.എമ്മിന് അന്നു രാഷ്ട്രീയമായി ദോഷം ചെയ്തു എന്നാണ് പിൽക്കാലത്ത് വിലയിരുത്തപ്പെട്ടത്. പിണറായി ആ വാക്ക് പിൻവലിക്കാൻ തയ്യാറാകാതിരുന്നതിനാലാണ് ഇന്നും ചില കടുത്ത സി.പി.എമ്മുകാർ പ്രേമചന്ദ്രനെ സോഷ്യൽ മീഡിയയിൽ ഈ വിശേഷണം കൂട്ടിച്ചേർത്ത് വിളിക്കുന്നതെന്ന് കരുതുന്നു പലരും.

vachakam
vachakam
vachakam

താൻ ചെയ്യുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്ന് സ്വയം തിരിച്ചറിഞ്ഞ് തന്നെയായിരുന്നു പിണറായിയുടെ പ്രസ്താവന. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ സ്ഥാനാർത്ഥികളെ വ്യക്തിപരമായി പറയുകയെന്നത് സാധാരണയായി സ്വീകരിക്കുന്ന രീതിയല്ല. പക്ഷേ പരനാറിയായാൽ എങ്ങനെ പറയാതിരിക്കും?'

പലപ്പോഴും പിണറായിയുടെ പരുക്കൻ ശൈലിയുടെയും 'ധാർഷ്ട്യം' എന്ന് എതിരാളികൾ വിശേഷിപ്പിക്കുന്ന പെരുമാറ്റത്തിന്റെയും ഉദാഹരണങ്ങളായി ഇവയെല്ലാം ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. മലയാള ഭാഷാ പ്രയോഗത്തിലേക്ക് ഏറ്റവും കൂടുതൽ ട്രോൾ മെറ്റീരിയൽ സംഭാവന ചെയ്തിട്ടുള്ള രാഷ്ട്രീയ നേതാക്കളിലൊരാളാണ് പിണറായി. മലബാറിന്റെ വാമൊഴി വഴക്കമാണെന്നാണ് പിണറായി ആരാധകർ അദ്ദേഹത്തിന്റെ പ്രയോഗങ്ങളെ കുറിച്ച് പറയാറ്. മാധ്യമപ്രവർത്തകരോട് 'കടക്ക് പുറത്ത് ' പറഞ്ഞയാളാണദ്ദേഹം. പിന്നീട് 'കേറിവാടാ മക്കളേ' മട്ടിൽ പി ആർ അഭിമുഖം നടത്തി. പക്ഷേ, ചോദ്യം ഉന്നയിച്ച ആളോട് 'അത് വീട്ടിൽ പോയി ചോദിച്ചാൽ മതി'യെന്ന് പറയാനും തുനിഞ്ഞു.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ബി.ജെ.പി ആർ.എസ്.എസ് നേതാക്കളുമായുള്ള സമാധാന ചർച്ചയ്ക്ക് എത്തിയപ്പോൾ, ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരോടാണ് 'കടക്ക് പുറത്ത ്' എന്ന് മുഖ്യമന്ത്രി  പ്രകോപിതനായി പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ മാധ്യമവിരുദ്ധ നിലപാടായി ഇന്നും വിമർശിക്കപ്പെടുന്നു. കൊച്ചിയിൽ ഒരു പൊതുപരിപാടിക്കിടെ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ രൂക്ഷമായ ഭാഷയിൽ ആട്ടിയകറ്റിയ സംഭവം പിന്നീടുണ്ടായി. മാറി നിൽക്ക് അങ്ങോട്ട് എന്നു പറഞ്ഞായിരുന്നു അന്ന് പിണറായിയുടെ രോഷപ്രകടനം.

vachakam
vachakam
vachakam

2012ൽ മുഹമ്മദ് നബിയുടെ 'തിരുകേശ'വുമായി ബന്ധപ്പെട്ട വിവാദം കേരളത്തിൽ കത്തി നിൽക്കുന്ന കാലത്ത് പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ കേരളത്തിലെത്തിച്ച, മുഹമ്മദ് നബിയുടേത് എന്ന് അവകാശപ്പെടുന്ന മുടി ആയിരുന്നു വിവാദ വിഷയം. വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകന് പിണറായി കൊടുത്ത മറുപടി ഇങ്ങനെ: 'മുടിയായാലും നഖമായാലും ശരീരത്തിൽ നിന്ന് മുറിച്ചു മാറ്റിയാൽ പിന്നെ അതു വെറും ബോഡി വേസ്റ്റ് മാത്രമാണ്.'

പിണറായിയുടെ വിമർശനത്തിനു പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. പിണറായിയുടെ അന്നത്തെ പ്രസംഗത്തിന്റെ വീഡിയോ 2020ൽ വീണ്ടും വൈറലായി. അപ്പോഴും താൻ മുൻപ് പറഞ്ഞ ബോഡി വേസ്റ്റ് പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു എന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്.

നികൃഷ്ട ജീവി, വിവരദോഷി

കുപ്രസിദ്ധമായ നികൃഷ്ട ജീവി പ്രയോഗം 2007ലായിരുന്നു. ഇതിലൂടെ പിണറായി ഉന്നം വച്ചത് താമരശേരി ബിഷപ് ആയിരുന്ന മാർ പോൾ ചിറ്റിലപ്പിള്ളിയെ. തിരുവമ്പാടി എം.എൽ.എ ആയിരുന്ന മത്തായി ചാക്കോ മരിക്കും മുൻപ് അന്ത്യകൂദാശ സ്വീകരിച്ചിരുന്നു എന്നു ബിഷപ് പറഞ്ഞത് നുണയായിരുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ പ്രതികരണം.'സത്യം മാത്രം പറയുമെന്നു നാം കരുതുന്ന ഒരു മാന്യൻ ഈ രീതിയിൽ നുണ പറയുകയാണെങ്കിൽ, എന്തുമാത്രം നികൃഷ്ടജീവിയായിരിക്കും അയാൾ' എന്നായിരുന്നു പിണറായിയുടെ വാക്കുകൾ.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ 'വിവരദോഷി' പ്രയോഗം വന്നതും ഒരു ബിഷപ്പിനു നേരെ. നിരണം ഭദ്രാസനത്തിന്റെ മുൻ അധിപൻ ഗീവർഗീസ് മാർ കൂറിലോസ് ആയിരുന്നു ഇര. ഇടതുപക്ഷ ആശയങ്ങളോട് പരസ്യമായി തന്നെ അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ഗീവർഗീസ് മാർ കൂറിലോസ്, തെരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ കേരളത്തിലെ സി.പി.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് അഭിപ്രായപ്പെട്ടതായിരുന്നു പിണറായിയെ പ്രകോപിപ്പിച്ചത്.

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ ഉദ്ദേശിച്ചായിരുന്നു പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം. 'കുലംകുത്തികൾ എന്നും കുലംകുത്തികൾ തന്നെ' എന്ന പരാമർശം കടന്നുവന്നത് സി.പി.എമ്മിന്റെ അണികളെ അഭിസംബോധന ചെയ്യുന്നതിനിടെ. സോവ്യറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ തന്റെ രാഷ്ട്രീയ എതിരാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പ്രയോഗമായിരുന്നു അത്. വർഗവഞ്ചകൻ എന്നർത്ഥം. യഥാർത്ഥത്തിൽ ടി.പി. ചന്ദ്രശേഖരനെ മാത്രമല്ല, അന്നു പാർട്ടിയിൽ തന്റെ മറുപക്ഷത്തായിരുന്ന മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ കൂടി ഉദ്ദേശിച്ചാണ് പിണറായി ഈ കുലംകുത്തി പ്രയോഗം നടത്തിയതെന്നും വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു.

പ്രമുഖ മാധ്യമത്തിന്റെ എഡിറ്ററെ 'എടോ ഗോപാലകൃഷ്ണാ' എന്ന് അഭിസംബോധന ചെയ്ത് പിണറായി വിജയൻ നടത്തിയ പ്രസംഗവും അനുയായികളെ സംബന്ധിച്ച് മാസ് ഡയലോഗ് ആയിരുന്നു. 'കത്തി കണ്ടാൽ ഭയപ്പെടുന്നവരല്ല ഞങ്ങൾ, ഒരുപാട് കത്തികൾ പല വഴിക്ക് വരുമ്പോൾ ആ വഴി നടന്നവരാണു ഞങ്ങൾ' എന്നായിരുന്നു അനുബന്ധ വാക്കുകൾ. താനടക്കമുള്ള സി.പി.എം നേതാക്കൾ കത്തിയും ബോംബുമായി നടക്കുന്നവരാണ് എന്ന ആരോപണമാണ് അന്നു പിണറായിയെ ചൊടിപ്പിച്ചത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നടന്ന എൽ.ഡി.എഫ് കൺവൻഷനിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ എൽ.ഡി.എഫ് കൺവീനറായിരിക്കെ എ. വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസംഗിച്ചു. തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ബിജു തോറ്റു. രമ്യ എം.പിയായി പാർലമെന്റിലെത്തി.

വി.എസ്. അച്യുതാനന്ദനും സമാനമായ രീതിയിൽ കടുത്ത വാക്കുകൾ പ്രയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ചൂടു പിടിപ്പിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്നു വി.എസ്. യു.ഡി.എഫ് സ്ഥാനാർത്ഥി ലതികാ സുഭാഷിനെ അദ്ദേഹം വ്യക്തിപരമായി ആക്ഷേപിച്ചു. 'ലതികാ സുഭാഷിനെ എല്ലാവർക്കും അറിയാമല്ലോ. അവർ പ്രശസ്തയാണ്, ഏത് തരത്തിൽ എന്ന് നിങ്ങൾ അന്വേഷിച്ചാൽ മതി.' കടുത്ത വിമർശനമാണ് തുടർന്ന് വി.എസിന് നേരിടേണ്ടി വന്നത്.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam