തിരുവനന്തപുരം: സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ക്ക് വേണ്ടി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ട തുക കോടതി മുഖാന്തിരം എത്രയും പെട്ടെന്ന് തിരികെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളെയും ഉള്‍പ്പെടുത്തി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 286 പേരെയാണ് വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്തത്. 6.5 കോടി രൂപ പരാതിക്കാര്‍ക്ക് തിരികെ ലഭ്യമാക്കുകയും ചെയ്തു.
2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 9539 പരാതികളാണ്. ഇതിലൂടെ നഷ്ട്ടപ്പെട്ട തുകയില്‍ 26.26 കോടി രൂപ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ബാങ്കുകളില്‍ തടഞ്ഞുവയ്ക്കുവാനും സാധിച്ചിട്ടുണ്ട്. കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന മുറയ്ക്ക് തടഞ്ഞുവയ്ച്ചിരിക്കുന്ന ഈ തുക പരാതിക്കാര്‍ക്ക് തിരികെ ലഭ്യമാകുന്നതുമാണ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച 61,361 ബാങ്ക് അക്കൗണ്ടുകള്‍, 18,653 സിം കാര്‍ഡുകള്‍, 59,218 മൊബൈല്‍ / ഐ.എം.ഇ.ഐ കള്‍ എന്നിവ മരവിപ്പിക്കാനും സൈബര്‍ ഡിവിഷന്റെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുവേണ്ടി ബോധവത്കരണക്ലാസുകളും കേരള പോലീസിന്റെയും സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റേയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പോസ്റ്റുകള്‍, വീഡിയോകള്‍ വഴിയുള്ള ബോധവത്ക്കരണവും നടത്തിവരുന്നുണ്ട്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ പണം നഷ്ടപ്പെട്ട സമയം മുതല്‍ ഒരു മണിക്കൂറിനകം (GOLDEN HOUR) പരാതി റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട തുക പൂര്‍ണ്ണമായും തിരികെ ലഭിക്കുന്നതാണ്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്