വിർജീനിയ: നോർത്ത് അമേരിക്കയിലും കാനഡിയിലുമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2025 ജൂലായ് 16 മുതൽ ജൂലായ് 19-ാം തീയതി വരെ വിർജീനിയയിലുള്ള ഹിൽട്ടൺ ഡാളസ് എയർപോർട്ട് ഹോട്ടലിൽ വച്ച് അതിഗംഭീരമായി നടന്നു. ''വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും'' എന്നുള്ളതായിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ചിന്താവിഷയം
. അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് തിരുമേനിയായിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കേരളത്തിൽ മൂവാറ്റുപുഴ, അങ്കമാലി മേഖലകളുടെ ചുമതലയുള്ള മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ അന്തിമോസ് മാത്യൂസ് തിരുമേനിയും, സിറിയയിൽ ഡമാസ്ക്കസ് ഭദ്രാസനാധിപനും പാത്രിയർക്കൽ അസിസ്റ്റന്റുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ ജോസഫ് സാലി തിരുമേനിയും യുകെയിൽനിന്നും മലങ്കര മാനേജിംഗ് കമ്മിറ്റി മെമ്പറും സുറിയാനി സഭാചരിത്രത്തിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുള്ള ഡോ. സാറ നൈറ്റ് (കീനോട്ട് സ്പീക്കർ) ഉം തദവസരത്തിൽ സന്നിഹിതരായിരുന്നു.
ഈ കൺവൻഷനോടനുബന്ധിച്ച് 2025-27 വർഷത്തേക്കുള്ള അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 600ൽ അധികം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ നിന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികൾ: മോർ ടൈറ്റസ് യെൽദോ ആർച്ച് ബിഷപ്പ് - പ്രസിഡന്റ് (പാത്രിയർക്കൽ വികാരി), റവ. ഫാദർ പോൾ തോട്ടക്കാട്ട് - സെക്രട്ടറി (ഡാളസ്, ടെക്സസ്), റവ. ഫാദർ ബെൽസൺ കുര്യാക്കോസ് - ജോയിന്റ് സെക്രട്ടറി (ന്യൂയോർക്ക്), സിമി ജോസഫ് - ട്രഷറാർ (ഹൂസ്റ്റൺ, ടെക്സസ്), ബോബി കുര്യാക്കോസ് - ജോയിന്റ് ട്രഷറാർ (ന്യൂജേഴ്സി) എന്നിവരും കൗൺസിൽ അംഗങ്ങളായി വെരി. റവ. കോറെപ്പിസ്കോപ്പോസ് ജോസഫ് ഡി ജോസഫ് (അറ്റ്ലാന്റ), റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി (സാക്രമെന്റോ, കാലിഫോർണിയ), റവ. ഫാദർ എബി മാത്യു (കാനഡ), ഷെവലിയാർ ജെയ്മോൻ സ്കറിയ (ഷിക്കാഗോ), ജെനു മഠത്തിൽ (കാനഡ), അലക്സ് ജോർജ് (ഡാളസ്, ടെക്സസ്), എൽദോ യോയാക്കി (കാനഡ), ജെയി ഇട്ടൻ (ന്യൂയോർക്ക്), ഷിറിൻ മത്തായി (ഷിക്കാഗോ), സാബു സ്കറിയ (ഫിലാഡെൽഫിയ) എന്നിവരേയും തിരഞ്ഞെടുത്തു.
ജൂലായ് 19-ാം തീയതി വിശുദ്ധ കുർബ്ബാനാനന്തരം പുതിയ ഭാരവാഹികളെ സത്യപ്രതിജ്ഞയോടു കൂടി ഈ വർഷത്തെ ഫാമിലി കോൺഫറൻസ് സമാപിച്ചു.
വർഗീസ് പാലമലയിൽ, പി.ആർ.ഒ. 224-659-0911
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്