ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി.
നിമിഷ പ്രിയയുടെ കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകുന്നുണ്ട്. അവരെ സഹായിക്കാൻ അഭിഭാഷകനെയും നിയമിച്ചിട്ടുണ്ട്. യെമനിലെ പ്രാദേശിക ഭരണകൂടവുമായും കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായും ബന്ധപ്പെടുന്നതിനും ചര്‍ച്ചകള്‍ തുടരുന്നതിനും കോണ്‍സുലേറ്റ് ഇടപെടലുകള്‍ തുടരുന്നുണ്ട്.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിനുശേഷവും നിമിഷ പ്രിയയുടെ കുടുംബത്തിനാവശ്യമായ പിന്തുണയും സഹായവും സര്‍ക്കാര്‍ നൽകുന്നുണ്ടെന്നും സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേസിൽ ഇടപെടല്‍ നടത്തുന്നുണ്ടെന്നും രണ്‍ധീര്‍ ജയ്സ്വാൽ മാധ്യമങ്ങളോട് പറഞ്ഞു.
സെന്‍സിറ്റീവായ വിഷയമായതിനാൽ സാധ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നൽകുന്നുണ്ട്. നിമിഷ പ്രിയയുടെ കുടുംബത്തിന് തലാലിന്‍റെ കുടുംബവുമായി സംസാരിക്കുന്നതിനും ഇക്കാര്യത്തിൽ ഇരുക്കൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാകുന്നതിനും കൂടുതൽ സമയം ലഭിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്.
ഇതിനുപുറമെ ഇന്ത്യയുമായി സൗഹാര്‍ദത്തിലുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായതെല്ലാം തുടര്‍ന്നും ചെയ്യുമെന്നും രണ്‍ധീര്‍ ജയ്സ്വാൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്