നിയമസഭാ തെരഞ്ഞെടുപ്പും ബക്രീദ് ആഘോഷവുമെല്ലാം കഴിഞ്ഞിട്ടും ബംഗാളികളും ആസാമികളും ബിഹാറികളും അടങ്ങുന്ന അതിഥി തൊഴിലാളികൾ അഥവാ 'ഭായി'മാർ കേരളത്തിലേക്കു തിരികെപ്പോരാൻ മടിക്കുന്നത് പ്രത്യക്ഷത്തിൽ താൽക്കാലിക തൊഴിൽ പ്രശ്‌നം മാത്രം. അതേസമയം, ജനസംഖ്യാ സംബന്ധമായി സംസ്ഥാനം നേരിടുന്ന ഗൗരവ തരമായ ചില വിഷയങ്ങൾ ഇതിന്റെ അനുബന്ധമായി ചർച്ച ചെയ്യപ്പെടുന്നു. വി.ഡി. സതീശൻ സർക്കാർ വയോജന വകുപ്പിനു രൂപം നൽകിയതും അതിനു കളമൊരുക്കി.
ഒരു കാലത്ത് വികസനത്തിനു തടസ്സമായി വിലയിരുത്തപ്പെട്ടിരുന്നത് ജനസംഖ്യാ വർധനവായിരുന്നു. ലോകരാജ്യങ്ങളെല്ലാം 'ചെറിയ കുടുംബം, സന്തുഷ്ട കുടുംബം' എന്ന സന്ദേശം ശക്തമായി പ്രചരിപ്പിച്ചു. കുടുംബാസൂത്രണ ക്യാമ്പുകളും ഗർഭനിരോധന പ്രചാരണങ്ങളും വ്യാപകമായി. നിർബന്ധിതമായി തന്നെ കുടുംബാസൂത്രണം അടിച്ചേൽപ്പിച്ച രാജ്യങ്ങളുമുണ്ട്. ജനസംഖ്യ നിയന്ത്രിക്കാതെ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും പരിഹരിക്കാനാകില്ലെന്നായിരുന്നു അന്നത്തെ നിലപാട്. മനുഷ്യരുടെ എണ്ണം കുറയ്ക്കലാണ് വികസനത്തിന്റെ ഒന്നാമത്തെ മാനദണ്ഡമെന്ന ആ തെറ്റായ ധാരണ തിരുത്തിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇന്ത്യയടക്കം ലോകരാജ്യങ്ങൾ.
'മക്കൾ രണ്ട് മതി'യെന്നു പറഞ്ഞ ഭരണകൂടങ്ങൾ ഇന്ന് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചൈന 'ഒറ്റക്കുട്ടി' നയം തിരുത്തി മൂന്നാമത്തെ കുഞ്ഞിനെയും പ്രോത്സാഹിപ്പിച്ചു വരുന്നു. വിവാഹിതരാകാനും കുട്ടികളെ ജനിപ്പിക്കാനും യുവാക്കളെ പ്രേരിപ്പിക്കുന്നതിന് സാമ്പത്തികാനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. വികസിത രാഷ്ട്രങ്ങൾ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നതും നേരത്തേ സ്വീകരിച്ച ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടിന്റെ അനന്തരഫലമാണ്.
ഏതൊരു രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും യഥാർത്ഥ കരുത്തും സാമ്പത്തിക അടിത്തറയും മനുഷ്യരാണ്. ജനസംഖ്യയെ നിയന്ത്രിക്കുകയല്ല, മനുഷ്യവിഭവത്തിന്റെ വളർച്ച ദീർഘകാല വികസനത്തിന്റെ ഭാഗമായി കണ്ട് ജനസംഖ്യാ വർധനവ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ആത്മഹത്യാപരമാണ് ജനനം നിയന്ത്രിക്കുന്നതും മനുഷ്യവിഭവത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്നതും. ജനസംഖ്യാ നിയന്ത്രണത്തിന് കോടിക്കണക്കിനു രൂപ ഒഴുക്കുകയും പ്രകൃതിസഹജമായ ജനന നിരക്കിനെ കൃത്രിമമായി തളർത്തുകയും ചെയ്ത ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങൾ ഇന്ന് ആവശ്യത്തിന് മനഷ്യവിഭവമില്ലാതെ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
അന്ധമായ ജനസംഖ്യാവിരുദ്ധ പ്രചാരണങ്ങൾ വഴി രാജ്യം നേടിയത് വികസനമല്ല, വാർധക്യമേറിയ ഒരു സമൂഹത്തെയും ഉത്പാദനക്ഷമതയില്ലാത്ത ഭാവിയെയുമാണ്. ജനസംഖ്യാ ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് നിലവിലെ ജനസംഖ്യ അതേപടി നിലനിൽക്കണമെങ്കിൽ പ്രത്യുത്പാദന നിരക്ക് 2.1 എങ്കിലും വേണം. എന്നാൽ കേരളം ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് 1.5നും 1.7നുമിടയിലേക്ക് താഴ്ന്നു കഴിഞ്ഞു. ഭാവിയിൽ ജനസംഖ്യ കുത്തനെ ഇടിയുമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഏറ്റവും വലിയ സമ്പത്ത് യുവജന ശക്തിയാണ്. ശരിയായ വിദ്യാഭ്യാസവും സാങ്കേതിക പരിശീലനവും നൽകുകയും തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്താൽ മനുഷ്യ സമൂഹത്തെ വികസന ശക്തിയായി മാറ്റാനാകും. ഇന്ത്യയുടെ ഐടി വളർച്ചയും ഈ സേവന മേഖലയിലെ കുതിപ്പും മതിയായ ഉദാഹരണമാണ്. ജനസംഖ്യയെ ഭീഷണി മാത്രമായി കാണുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നത് ദൂരദർശിത്വമില്ലാത്ത നിലപാടാണ്.
അധ്വാനിക്കുന്ന കൈകളുടെ എണ്ണം കുറയുമ്പോൾ സമൂഹത്തിലെ ആശ്രിതത്വ നിരക്ക് വർധിക്കുന്നു. അഥവാ നികുതി അടയ്ക്കാനും സമ്പത്ത് ഉത്പാദിപ്പിക്കാനും പ്രാപ്തരായ യുവാക്കളുടെ എണ്ണം കുറയുകയും പെൻഷനും ആരോഗ്യപരിപാലനത്തിനും ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്ന വയോധികരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറയെ തകിടം മറിക്കും.
ഈ ദുരവസ്ഥയ്‌ക്കൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കാത്തിരിക്കുന്ന മറ്റൊരു ഭീഷണിയാണ് മണ്ഡല പുനർനിർണയം. ജനസംഖ്യ നിയന്ത്രിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ സീറ്റുകളുടെ എണ്ണം കുറയുകയും നിയന്ത്രണം കാര്യമായി നടപ്പാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കൂടുകയും ചെയ്യും. ഇത് വലിയ തോതിലുള്ള രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കും.
ജനസംഖ്യ വർധിക്കുന്നത് പാർപ്പിട പ്രശ്‌നവും ഭക്ഷ്യക്ഷാമവും സൃഷ്ടിക്കുമെന്ന വാദം ബാലിശമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ എണ്ണക്കൂടുതലല്ല, ലഭ്യമായ ഭൂമിയുടെയും വിഭവങ്ങളുടെയും വിനിയോഗത്തിലെ കാര്യക്ഷമതയില്ലായ്മയാണ് യഥാർത്ഥ പ്രശ്‌നം. ഇന്ത്യയിലുടനീളം ലക്ഷക്കണക്കിനു ഹെക്ടർ ഭൂമിയാണ് യാതൊരു ഉപയോഗവുമില്ലാതെ തരിശായി കിടക്കുന്നത്. സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും കൈവശമുള്ള ഈ തരിശുഭൂമി കൃത്യമായ പ്ലാനിംഗോടെ വിനിയോഗിച്ചാൽ പാർപ്പിട പ്രശ്‌നത്തിന് പരിഹാരമാകും.
മനുഷ്യവിഭവത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അവർക്കാവശ്യമായ പാർപ്പിടവും തൊഴിലവസരവും ഒരുക്കാൻ തരിശുഭൂമികളെ ഉപയോഗപ്പെടുത്തുകയുമാണ് ഭരണാധികാരികൾ ചെയ്യേണ്ടത്. തരിശുഭൂമി ഉത്പാദനക്ഷമമായ കാർഷിക മേഖലകളും അത്യാധുനിക വ്യവസായ പാർക്കുകളുമായി മാറ്റിയെടുക്കാൻ സാധിക്കും. പ്രകൃതിദത്തമായ മനുഷ്യവിഭവ ശേഷിയെ സന്തോഷത്തോടെ സ്വീകരിക്കുകയും അവർക്ക് ജീവിക്കാൻ തരിശുഭൂമികളെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പുതിയ വികസന മാതൃക രൂപപ്പെടുത്തേണ്ടിയിരിക്കുന്നു
ഭരണകൂടങ്ങൾ. കേരളത്തിലെവിടെ തരിശു ഭൂമിയെന്ന ചോദ്യം ഉയരാം. ഭൂവിനിയോഗത്തിന്റെ സാധ്യതകളെപ്പറ്റി പഠിച്ചവർക്ക് അതിനു മറുപടിയുണ്ട്. ശാസ്ത്രീയമായി ഉപയോഗിക്കപ്പെടാത്ത ഭൂമിയെ അവർ തരിശുഭൂമിയെന്നു വിളിക്കുന്നു.
'മുമ്പ് നാം ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നെങ്കിലും ഇപ്പോൾ ജനന നിരക്ക് വർധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേതാണ് ഈ വാക്കുകൾ. മാത്രമല്ല ആന്ധ്രാപ്രദേശിൽ ദമ്പതികൾക്ക് ജനിക്കുന്ന മൂന്നാമത് കുട്ടിക്ക് 30,000 രൂപയും നാലാമത് കുട്ടിക്ക് 40,000 രൂപയും സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ചിരിക്കുകയുമാണ് അദ്ദേഹം. കുട്ടികൾ ജനിച്ച ഉടനെ പ്രോത്സാഹന സംഖ്യ കൈമാറുമെന്നും ചന്ദ്രബാബു നായിഡു അറിയിച്ചു. ജനസംഖ്യാ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം.
ജനസംഖ്യ താഴും
കേരളത്തിലെ ജനസംഖ്യ 2041 വരെ മാത്രമേ ഉയരൂവെന്നും പിന്നീട് കുറയുമെന്നുമാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ടിലുള്ളത്. നിലവിലുള്ള ശരാശരി ആയുർദൈർഘ്യം 75.1ൽ നിന്ന് 2051ൽ 82.9 വയസ്സായി ഉയരുമെന്നും പഠനത്തിലുണ്ട്. തിരുവനന്തപുരം ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റും (ഐ.ഐ.എം.എ.ഡി) പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (പി.എഫ്്.്‌ഐ) പുറത്തിറക്കിയ കേരളത്തിലെ ജനസംഖ്യാ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
കാൽ നൂറ്റാണ്ടുകൂടി കഴിഞ്ഞാൽ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനം മാത്രമാകും കുട്ടികൾ. ആയുർദൈർഘ്യം 82 കടക്കുന്നതോടെ 'വയസ്സൻ സംസ്ഥാന'മായി കേരളം മാറുമെന്നും ഐ.ഐ.എം.എ.ഡി ചെയർമാൻ എസ്. ഇരുദയരാജനും സഹഗവേഷകൻ ജെ. രത്‌നകുമാറും തയ്യാറാക്കിയ 'ഇന്ത്യാസ് ഡെമോഗ്രാഫിക് ഫ്യൂച്ചർ അൺറാവലിങ്: പോപ്പുലേഷൻ പ്രൊജക്ഷൻസ് ഫോർ സ്റ്റേറ്റ്‌സ് ആൻഡ് യൂണിയൻ ടെറിട്ടറീസ് 2021 -2051' എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അടുത്ത വർഷം 3.58 കോടിയാകുന്ന ജനസംഖ്യ 2041ൽ 3.62 കോടിയിലെത്തും.
എന്നാൽ, 2051 ആകുമ്പോഴേക്കും 3.55 കോടിയായി കുറയും. മൊത്തം ജനസംഖ്യയിൽ 60 വയസ്സിന് മുകളിലുള്ളവർ 30.6 ശതമാനമാകും. നിലവിലിൽ ഇത് 18.6 ശതമാനം മാത്രമാണ്. അതായത്, ഈ കാലയളവിൽ കേരളത്തിലെ ശരാശരി പ്രായം 37ൽ നിന്ന് 47 ആയി ഉയരും. ദമ്പതികളുടെ കുട്ടികളുടെ എണ്ണം 1.4 ആയി താഴും. 2021ൽ 14 വയസുവരെയുള്ള കുട്ടികളുടെ എണ്ണം കൂടുതലുള്ളത് ബിഹാറിലും(30.3) കുറവ് കേരളത്തിലുമായിരുന്നു (19.3). ഇത് 2051 ആയാൽ കേരളത്തിൽ 12.8 ശതമാനമായി വീണ്ടും താഴും. ദേശീയ ജനസംഖ്യയിൽ 80 കഴിഞ്ഞവരുടെ എണ്ണത്തിൽ 2021ൽ രണ്ടു ശതമാനമാണ് കേരളത്തിലുള്ളത്. 2051ൽ ഇത് 6.4 ശതമാനമായി വർധിക്കും.
കേരളം അതിവേഗം നഗരമാകുന്നതിന്റെ കണക്കും റിപ്പോർട്ടിലുണ്ട്. 2021ൽ 47.7 ശതമാനം പേരാണ് കേരളത്തിലെ നഗരവാസികൾ. അത് 2051 ആകുമ്പോഴേക്കും 91.1 ശതമാനമാകും. ഗ്രാമവാസികൾ കേവലം 8.9 ശതമാനമായി ചുരുങ്ങും. കാനേഷുമാരി, സാമ്പിൾ, സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം, ദേശീയാരോഗ്യ സർവേ, നാഷണൽ സാമ്പിൾ സർവേ എന്നിവയുൾപ്പെടെ നിരവധി ജനസംഖ്യ ഡാറ്റാ സൈറ്റുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഇതിനിടെ, വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കേരള സർക്കാർ പ്രത്യേക 'വയോജന വകുപ്പ് ' രൂപീകരിച്ച നടപടി ശ്രദ്ധേയമായി.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരമൊരു വകുപ്പ് നിലവിൽ വരുന്നത്. നിലവിലുള്ള പദ്ധതികളുടെ ഏകോപനവും വയോജനങ്ങൾക്കായി സമഗ്രമായ പുതിയ പദ്ധതികൾ നടപ്പിലാക്കുകയുമാണ് ഈ വകുപ്പിന്റെ പ്രധാന ചുമതലകൾ. വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ മാതൃകകൾ പഠിച്ചാണ് പദ്ധതികൾ തയ്യാറാക്കുന്നത്. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, നിയമസഹായം, പാലിയേറ്റീവ് സംരക്ഷണം തുടങ്ങിയവ ഈ വകുപ്പിന് കീഴിൽ വരും.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
