കേരളത്തിലെ ചില പൊലീസ് ഏമാന്മാർ ഭരണകക്ഷിയായ സി.പി.മ്മിന്റെ കൈക്കോടാലികളായി മാറുകയാണെന്ന ആരോപണം വ്യാപകമാണ്. കേരളത്തിൽ സംഘമായി മോഷണത്തിനെത്തുന്ന തിരുട്ട് ഗ്രാമക്കാരായ കുറുവാ സംഘത്തെ വെല്ലുന്ന പാർട്ടി പ്രീണനമാണ് പൊലീസിലെ ചിലർ നടത്തിവരുന്നതെന്ന് ജനം കുശുകുശുക്കുന്നുണ്ട്.
ബുധനാഴ്ച കേരളാ ഹൈക്കോടതിയിൽ 41-ാം നമ്പറായി വിളിച്ച കേസിൽ, മരണപ്പെട്ട കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ തന്റെ ഭർത്താവിന്റെ മരണം കൊലപാതകമാണെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നുള്ള അവരുടെ വാദത്തെക്കാൾ നമ്മെ അമ്പരപ്പിച്ചത് ചട്ടപ്രകാരമല്ലാതെ സർക്കാർ നിയമിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണ പ്രഹസനങ്ങളാണ്.
പത്തനംതിട്ടയിലെ തഹസീൽദാർമാരിൽ ഒരാളാണ് മഞ്ജുഷ. നവീൻ-മഞ്ജുഷ ദമ്പതികൾക്ക് രണ്ട് പെൺമക്കൾ മാത്രം. അങ്ങനെയുള്ള ഒരു കുടുംബത്തിന്റെ നാഥൻ നഷ്ടമായതിന്റെ ദുഃഖം ഇപ്പോഴും പൊതുസമൂഹത്തിന്റെ നെഞ്ചുലയ്ക്കുന്നുണ്ട്.
'ദിവ്യ'മായ അന്വേഷണമോ?
എസ്.ഐ.ടി. എന്ന അന്വേഷണ സംഘം നടത്തിയ 'ദിവ്യ'മായ അന്വേഷണം പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കിക്കഴിഞ്ഞു. നവീൻ ബാബു ആത്മഹത്യയ്‌ക്കൊരുങ്ങിയെന്ന മട്ടിലുള്ള വാർത്തകൾ, ഒരു രണ്ടാം നമ്പർ മുഖ്യധാരാ പത്രത്തിൽ അച്ചടിച്ചുവരികയുണ്ടായി. സംഭവമുണ്ടായതിനുശേഷമുള്ള പൊലീസ് അന്വേഷണത്തിലെ അനാസ്ഥ, പ്രതിയെന്നു കരുതുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് വരുത്തിയ കാലതാമസം, സംശയിക്കുന്നവരുടെ മൊബൈൽ നമ്പറുകൾ പിടിച്ചെടുക്കാനോ പരിശോധിക്കാനോ തയ്യാറാകാതിരുന്നത്,
സംഭവ സ്ഥലത്ത് വേണ്ടത്ര കാര്യക്ഷമതയില്ലാതെ നടത്തിയ തെളിവെടുപ്പ്, നവീൻ ബാബു അന്നേ ദിവസം സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടെത്താൻ കഴിയുന്ന സി.സി.ടി.വി ഫുട്ടേജുകൾ ശേഖരിക്കാതെ പോയത്, ബന്ധുക്കളുടെ പ്രതിനിധികളെയോ ജനപ്രതിനിധികളെയോ അറിയിക്കാതെയുള്ള പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റും തുടങ്ങി പൊലീസിന്റെ വീഴ്ചകൾ അസംഖ്യമാണ്. ഹൈക്കോടതി ഏതായാലും മഞ്ജുഷയുടെ ഹർജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. പൊലീസ് ഡിസംബർ 6ന് അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറി ഹാജരാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നു. ഡിസബർ 9ന് കോടതി ഈ കേസ് പരിഗണിക്കും. എന്തായാലും കപ്പലിൽ തന്നെയുള്ളത് കള്ളനാണോ ക്യാപ്ടനാണോ എന്നുള്ള കാര്യം അന്നറിയാം.
കേരളത്തിലെ പൊലീസിനെ കണ്ട്ക്കാ....
തിരുട്ടു ഗ്രാമത്തിൽ നിന്നുള്ള കുറുവ സംഘത്തെ കണ്ടെത്താൻ നമ്മുടെ കേരളാ പൊലീസ് നടത്തിയ അതിസാഹസികമായ അന്വേഷണങ്ങൾ ഏറെ അഭിനന്ദനീയമാണ്. എറണാകുളം ജില്ലയിലെ കൂനംതൈയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു മദ്ധ്യവയസ്‌ക്കയുടെ കൊലപാതകത്തിനും ഈയിടെ നടന്ന സ്വർണ്ണക്കവർച്ചയ്ക്കും തുമ്പുണ്ടാക്കുന്നതിലും പ്രതികളെ പിടിക്കുന്നതിലും 'മ്മടെ പൊലീസ്' പ്രകടിപ്പിച്ച മിടുക്കും മാധ്യമങ്ങൾ കൊണ്ടാടുക തന്നെ ചെയ്തു. ചുരുക്കത്തിൽ, കേരളാ പൊലീസ് സ്വതന്ത്രമായ അന്വേഷണത്തിനു മുതിർന്നാൽ 'കണ്ണൂർ സ്‌ക്വാഡിൽ' മമ്മൂട്ടി പറയുന്നതുപോലെ 'ഏത് പുന്നാര മോനായാലും പൊക്കി അകത്തിട്ടിരിക്കും !'
പക്ഷെ, രാഷ്ട്രീയം അന്വേഷണത്തിൽ കലർന്നു പോയാൽ കേരളാ പൊലീസിനു കാലിടറുന്ന അവസ്ഥയാണിപ്പോൾ. ഒരാഴ്ചയ്ക്കിടെ കേരളാ ഹൈക്കോടതി രണ്ടുവട്ടം കേരളാ പൊലീസിനെ വല്ലാതെ കുടഞ്ഞു. സുപ്രീം കോടതിയാകട്ടെ, ചൊവ്വാഴ്ച (നവ.26) 57 സാക്ഷികളുണ്ടായിട്ടും മുസ്ലീം ലീഗിലെ ഒരു നേതാവിനെതിരെയുള്ള പ്ലസ്ടു കോഴക്കേസിൽ പോലീസിനെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച പോലെയാണ് വിധിപ്രസ്താവം നടത്തിയത്. ഒപ്പം കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇ.ഡി.ക്കും കോടതിക്കു മുമ്പിൽ ഇളിഭ്യരായി നിൽക്കേണ്ടിവന്നു. 57 പേരുടെ മൊഴികളിൽ ഒരാളെങ്കിലും പ്രതി കോഴ ചോദിച്ചതായി പറയുന്നുണ്ടോ എന്നുള്ള കോടതിയുടെ ചോദ്യം ഏതെങ്കിലും ഒരു നേതാവിനെ മനഃപൂർവം കേസിൽ കുടുക്കുന്നതിനു സമമല്ലേയെന്ന് സുപ്രീം കോടതി പരോക്ഷമായി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കുകയും ചെയ്തു. ഇതിൽ പരം നാണക്കേടുണ്ടോ?
ഇലക്ഷനും പൊലീസും 'തരികിട'യും
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും, ആ നിയോജകമണ്ഡലത്തിൽ വരണാധികാരിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന സ്‌ക്വാഡുകൾ രൂപീകരിക്കാറുണ്ട്. വിവാദമായ പാലക്കാട്ടെ പാതിരാ റെയ്ഡ് സംബന്ധിച്ച് ഇതുവരെ ജില്ലാ കളക്ടർ ഡോ. ചിത്രയും, സി.പി.എം. സ്ഥാനാർത്ഥിയുടെ പ്രചരണം നിയന്ത്രിച്ചിരുന്ന മന്ത്രി എം.ബി. രാജേഷും മാധ്യമങ്ങൾക്കു മുമ്പിൽ സത്യം പറഞ്ഞുവോയെന്ന് പലരും സംശയിക്കുന്നു. പാലക്കാട്ടെ വിവാദ ഹോട്ടലിൽ 47 മുറികളാണുള്ളത്. ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുടെയും നേതാക്കൾ താമസിച്ചിരുന്നു. വെളുപ്പിന് 2 മണിക്ക് വനിതാ പൊലീസില്ലാതെ മഹിളാ കോൺഗ്രസ് നേതാക്കളുടെ മുറിയിലേക്ക് ഇരച്ചെത്തിയ പൊലീസ് സംഘമാണ് എല്ലാ പുകിലുകൾക്കും കാരണമായത്.
ജില്ലയിൽ ഇലക്ഷൻ കമ്മീഷന്റെ 57 സ്‌ക്വാഡുകളുണ്ടായിട്ടും, അവരെയോ വരണാധികാരിയായ കളക്ടറെയോ അറിയിക്കാതെ പൊലീസ് റെയ്ഡിനെത്തുന്നതിനു മുമ്പേ, സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും നേതാക്കളും അനുയായികളും അവിടെ തടിച്ചു കൂടിയിരുന്നു! ഈ സംഭവം ഇത്രയേറെ വിവാദമായിട്ടും, കോൺഗ്രസിന്റെ വനിതാ നേതാക്കൾ ഡി.ജി.പി.ക്ക് നേരിട്ട് പരാതി നൽകിയിട്ടും ഇനിയും അന്വേഷണം നടക്കാത്തതിനെ എങ്ങനെയാണ് ന്യായീകരിക്കുക? ഈ 'പാതിരാ വിവാദ'ത്തെക്കുറിച്ച് ഇലക്ഷൻ കമ്മീഷൻ റിപ്പോർട്ട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കളക്ടറുടെ ന്യായവാദം. മാധ്യമങ്ങളിൽ മന്ത്രി പോലും പക്ഷം പിടിച്ച രംഗങ്ങൾ കണ്ടിട്ടും, കളക്ടർ ഇക്കാര്യം കമ്മീഷനെ അറിയിക്കാത്തത് പൊലീസും ഇലക്ഷൻ കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ?
ഗൺമാമെന്റ് 'ഗന്നം സ്റ്റൈൽ'!
പണ്ടൊരു കൊറിയൻ പാട്ട് വൈറലായത് ഓർമ്മയില്ലേ? 'ഓപ്പൺ ഗന്നം സ്റ്റൈൽ' എന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ ഒരു ഗൺമാൻ നടത്തിയ രക്ഷാപ്രവർത്തനമെന്ന് കേരളമാകെ പാടി നടന്ന മുഖ്യന്റെ തൊലിക്കട്ടി അപാരമായിരുന്നു. എന്നാൽ, ഈ സംഭവത്തിനുശേഷം 10 മാസം കഴിഞ്ഞ് (2023 ഡിസംബർ 15 നാണ് ഗൺമാന്റെ വീരശൂര നാടകം ആലപ്പുഴയിൽ അരങ്ങേറിയത്) കുറ്റപത്രം സമർപ്പിച്ച പൊലീസിനെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കരിങ്കൊടി കാണിക്കുന്നതും, പ്രതിഷേധം പ്രകടിപ്പിക്കുന്നതും ഒരു ജനാധിപത്യ ഭരണത്തിൽ സാധാരണമല്ലേയെന്ന് കോടതി ചോദിക്കുകയുണ്ടായി. ഈ കേസിലും പൊലീസിന് കോടതിക്കു മുമ്പിൽ തലകുനിച്ച് നിൽക്കേണ്ടിവന്നു!
കുന്തം, കൊടച്ചക്രം, ഭരണഘടന....
മന്ത്രി സജി ചെറിയാന്റെ മല്ലപ്പിള്ളി പ്രസംഗത്തിന്റെ പേരിലും കേരളാ പൊലീസ് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണ്. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികം രാജ്യമെങ്ങും ആചരിക്കുമ്പോൾ, നമ്മുടെ കൊച്ചു കേരളം സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ ഭരണഘടനയെക്കുറിച്ചുള്ള ജൽപ്പനങ്ങൾ ചർച്ച ചെയ്യേണ്ടിവരുന്നത് ദൗർഭാഗ്യകരമാണ്. ഇവിടെയും കീഴ്‌വായ് പൂര് എന്ന സ്ഥലത്തെ പൊലീസുകാരാണ് പ്രതിക്കൂട്ടിൽ. വിവാദ പ്രസംഗം ഭരണഘടനയോട് അനാദരവ് കാണിക്കുകയെന്ന ലക്ഷ്യം വച്ചായിരുന്നില്ലെന്നും ഈ സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്നും ഏതോ പെരിയ പൊലീസ് ഏമാൻ കോടതിയിൽ നൽകിയ വിശദീകരണമാണ് കോടതി ചുരുട്ടിയെറിഞ്ഞത്. മാത്രമല്ല ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. പക്ഷെ, കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടില്ല
ഈ.പി., ഡീ സി, ഐസീ....
വയനാട്, ചേലക്കര പോളിംഗ് ദിനത്തിൽ ഇ.പി. ജയരാജൻ എഴുതിയെന്നു പറയപ്പെടുന്ന ആത്മകഥയുടെ ഭാഗങ്ങൾ മാധ്യമങ്ങളിൽ വന്നതിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കോട്ടയം ഗുഡ്‌ഷെപ്പേർഡ് സ്ട്രീറ്റിലുള്ള ഡി.സി. ബുക്‌സിൽ ചെന്ന് രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡി.ജി.പി.ക്ക് ഇ.പി. നൽകിയ പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു രണ്ട് മണിക്കൂറോളം നീണ്ട തെളിവെടുപ്പ് നടന്നത്. അതിനു മുമ്പായി കണ്ണൂരുള്ള കീച്ചേരിയിലെ വീട്ടിൽ വച്ച് ഇ.പി.യുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
'ഞാനറിയാതെ എന്റെ ആത്മകഥയോ' എന്ന മട്ടിൽ ഇ.പി. പൊലീസിനു മുമ്പിൽ ഡയലോഗ് കാച്ചിയപ്പോൾ, ഇ.പി.യുമായി കരാറല്ല ധാരണയാണുണ്ടായിരുന്നതെന്നാണ് ഡി.സി. രവി പൊലീസിനോട് പറഞ്ഞത്.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്