തിരുവനന്തപുരം: തടവുകാർക്ക് ഏറെ പ്രിയപ്പെട്ട മട്ടനും മീൻ കറിയും ജയിൽ മെനുവിൽ നിന്ന് ഒഴിവാക്കാൻ സാധ്യത. ഉയർന്ന ചെലവ്, ആരോഗ്യപ്രശ്നങ്ങൾ, സംഭരണത്തിലെ ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാട്ടി ജയിൽ വകുപ്പ് സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു.
മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയാബീൻ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്തണമെന്നാണ് ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ തിങ്കളും ബുധനും 140 ഗ്രാം വീതം മീൻ കറിയും, ശനിയാഴ്ചകളിൽ 100 ഗ്രാം വീതം മട്ടനുമാണ് ഉച്ചഭക്ഷണത്തിനൊപ്പം നൽകുന്നത്.
ഈ മാറ്റത്തിലൂടെ പ്രതിവർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് ജയിൽ അധികൃതരുടെ പ്രതീക്ഷ. മട്ടന് 5.72 കോടി രൂപയും മീനിന് 4.8 കോടി രൂപയുമാണ് ചെലവാകുന്നത്. ഇതിന് പകരം കോഴിക്കറി നൽകിയാൽ 1.26 കോടി രൂപയും, സോയയും മുട്ടയും നൽകിയാൽ 3.4 കോടി രൂപയും മാത്രമേ ചെലവ് വരൂ.
കൂടാതെ, മട്ടൻ പോലുള്ള റെഡ് മീറ്റ് തുടർച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വർധിക്കുന്നതും മെനു പരിഷ്കരണത്തിന് പ്രേരണയായി. 1967-ലാണ് ജയിൽ ഭക്ഷണത്തിൽ മട്ടൻ ഉൾപ്പെടുത്തിയത്. 2014-ലാണ് ഉണക്കമീൻ ഒഴിവാക്കി പകരം പുതിയ മീൻ കറി മെനുവിൽ ഇടംപിടിച്ചത്.
മറ്റ് ഭക്ഷണക്രമങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല. മാംസാഹാരം വിളമ്പുന്ന ദിവസങ്ങളിൽ സസ്യഭുക്കുകളായ തടവുകാർക്ക് അധിക പച്ചക്കറി വിഭവങ്ങൾ നൽകും. പ്രഭാതഭക്ഷണമായി ഇഡ്ഡലി, ദോശ, ചപ്പാത്തി, ഉപ്പുമാവ് എന്നിവയും അവയ്ക്കൊപ്പം കറികളും ചായയും ലഭിക്കും.
ഉച്ചയ്ക്ക് ചോറിനൊപ്പം അവിയൽ, തീയൽ, തോരൻ, പുളിശ്ശേരി, തൈര് എന്നിവ മാറിമാറി നൽകും. അത്താഴത്തിന് കപ്പ, രസം, അച്ചാർ എന്നിവയും നൽകിവരുന്നു. രോഗികളായ അന്തേവാസികൾക്ക് മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമുള്ള പ്രത്യേക ഭക്ഷണക്രമവും ആഘോഷദിവസങ്ങളിൽ പ്രത്യേക ഭക്ഷണവും നൽകുന്നത് തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
