കെയ്‌റോ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലവിലിരിക്കെ, ഗാസയിൽ ബുധനാഴ്ചയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകരും രണ്ട് കുട്ടികളുമടക്കം 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും മാരകമായ ദിവസങ്ങളിലൊന്നായി ഇത് മാറി.
മധ്യ ഗാസയിലെ നെറ്റ്‌സാറിം മേഖലയിൽ ഈജിപ്ഷ്യൻ ദുരിതാശ്വാസ സമിതിയുടെ പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. മുഹമ്മദ് സ്വലാഹ് ഖഷ്ത, അബ്ദുൽ റൗഫ് ഷാത്ത്, അനസ് ഗ്‌നീം എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ വാഹനം ദുരിതാശ്വാസ സമിതിയുടേതാണെന്ന് ഇസ്രായേൽ സൈന്യത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സമിതി വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ രണ്ട് 13 വയസ്സുകാരുണ്ട്. വിറക് ശേഖരിക്കാൻ പോയ മൊതാസെം അൽഷറഫി എന്ന ബാലനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. മറ്റൊരു സംഭവത്തിൽ ബുറൈജ് അഭയാർത്ഥി ക്യാമ്പിന് സമീപം ഡ്രോൺ ആക്രമണത്തിലാണ് രണ്ടാമത്തെ ബാലനും പിതാവും കൊല്ലപ്പെട്ടത്.
ഹമാസുമായി ബന്ധമുള്ള ഡ്രോൺ പ്രവർത്തിപ്പിച്ചവരെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടവർ മാധ്യമപ്രവർത്തകരാണോ എന്ന കാര്യത്തിൽ സൈന്യം വ്യക്തമായ മറുപടി നൽകിയില്ല.
ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇതുവരെ 470ലധികം പാലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ നേതൃത്വത്തിൽ വെടിനിർത്തലിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ ദാരുണമായ ആക്രമണങ്ങൾ നടന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
