ഇത് അവസാനത്തിന്റെ ആരംഭമോ?

AUGUST 27, 2026, 12:53 AM

കണ്ണൂരിൽ മണ്ണിടിഞ്ഞതിൽ  മനംനൊന്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സർക്കാരിനോട് വികാരാധീനനായി പറയുന്നു, അതീവ ജാഗ്രത വേണമെന്ന്. തികച്ചും ന്യായമായ ഒരു ആവശ്യമാണ് അത്. സ്വന്തം പ്രസ്ഥാനത്തിൽ നടക്കുന്ന മടവീഴ്ച അറിയാതെയാണോ പഴയ പാർട്ടി സെക്രട്ടറിയുടെ ഈ ആവശ്യം.

ഒരു പ്രസ്ഥാനം വളരുന്ന ഘട്ടത്തിൽ അതിന്റെ ക്യാപ്ടനായി പുതുകാലത്ത് നിലകൊണ്ട ഒരാൾ പറയുന്ന ഈ വാക്കുകൾ വളരെ വലുതാണ്. ഇത്തരം വ്യാധികൾ അലട്ടുന്ന ഒരാൾ എന്ന നിലയിൽ പിണറായി വിജയൻ എന്ന നേതാവിനെ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ,സ്വന്തം ഘടകകക്ഷിയെ തോളിൽ ചേർത്തുനിർത്താൻ കഴിയുന്നില്ലെങ്കിൽ ആ നേതൃത്വത്തിന് എന്താണ് പ്രസക്തി ?

തൊട്ടരികിൽ സ്വന്തം കൂട്ടുകാരനെ ഇരുത്താൻ മനസ്സില്ലാത്ത ഒരു മനുഷ്യൻ എന്ന നിലയിൽ സി.പി.എമ്മിന്റ പരമോന്നത നേതാവിനെഅവർ കാണുന്നുവെങ്കിൽ അത് അർത്ഥം ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതി അവർക്കു മുന്നിൽ നിൽക്കുന്നു എന്നു തന്നെയാണ്.

vachakam
vachakam
vachakam

കമ്മ്യൂണിസത്തിന്റെ പേരിൽ അധികാരത്തിൽ ഏറുകയും ഏകാധിപതികളായി മാറുകയും ചെയ്ത ആളുകൾ ലോക ചരിത്രത്തിൽ നമുക്കു മുന്നിൽ നിലകൊള്ളുകയാണ്. അപ്പോഴാണ് കേവലം ഒരു രാജ്യത്തിലെ ഒരു തുണ്ട് ഭൂമിയിൽ മാത്രം അസ്ഥിത്വമുള്ള ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരൻ ഇവിടെ ഏകാധിപതി കളിക്കുന്നത്.ഇത്തരക്കാർ എന്നും ചരിത്രത്തിൽ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം അതാണ് പറയുന്നത്.

ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അധികാരത്തിൽ വരികയും ഏകാധിപത്യ ഭരണം കാഴ്ചവെക്കുകയും ചെയ്ത പ്രധാന നേതാക്കൾ നിരവധിയാണ്. ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയന്റെ (യൂഎസ്എസ്ആർ) ഭരണാധികാരിയായിരുന്നു. കടുത്ത അടിച്ചമർത്തലുകളിലൂടെയും രാഷ്ട്രീയ ശുദ്ധീകരണങ്ങളിലൂടെയും അദ്ദേഹം രാജ്യം നിയന്ത്രിച്ചു.

മാവോ സേതുങ് - പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനും ആദ്യകാല ഭരണാധികാരിയുമായിരുന്നു. അദ്ദേഹം നടപ്പാക്കിയ 'ഗ്രേറ്റ് ലീപ് ഫോർവേഡ്', 'കൾച്ചറൽ റെവല്യൂഷൻ' തുടങ്ങിയ നയങ്ങൾ വലിയ തോതിലുള്ള മനുഷ്യനാശത്തിനും പട്ടിണിക്കും കാരണമായി. പോൾ പോട്ട്  കംബോഡിയയിലെ ഖെമർ റൂഷ് ഭരണകൂടത്തിന്റെ നേതാവായിരുന്നു.
രാജ്യത്ത് നടത്തിയ കടുത്ത നവീകരണങ്ങളുടെയും കൂട്ടക്കൊലകളുടെയും പേരിൽ കുപ്രസിദ്ധനായി.

vachakam
vachakam
vachakam

ഇമ്മാതിരി കുപ്രസിദ്ധി നേടി കാല യവനികയിൽ മറയാനാണ് പിണറായി വിജയന്റെയും മോഹമെന്ന് നമുക്ക് കരുതാം.

വെറുതെ ഒരു തർക്കം

ഇപ്പോൾ നമുക്ക് ആവശ്യം ചെറിയ സംസ്ഥാനത്തെ പ്രതിപക്ഷ ഉപ നേതാവിന്റെ പദവിയെ ചൊല്ലിയുള്ള ചെറിയ കാര്യമല്ല. ആഴ്ചകൾക്ക് മുൻപ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സി.പി.എം നേതാക്കൾക്ക് നിർദേശം പാർട്ടി നൽകിയിരുന്നു. ഇക്കാര്യത്തിൽ സി.പി.ഐ എന്ന കൊച്ചനുന്റെ കരച്ചിൽ കേൾക്കണ്ട എന്നായിരുന്നു ഏട്ടന്റെ തീരുമാനം. ഇതൊരു രാഷ്ട്രീയ വിവാദം ആകുമെന്ന് ദയന്നിട്ടാവാം സി.പി.ഐയെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സ.ിപി.എം തീരുമാനിച്ചത്.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിൽ മറുപടി പറയേണ്ടതില്ലെന്ന് സി.പി.എം തീരുമാനം വന്നു.
സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിൽ സി.പി.എമ്മിന് അതൃപ്തിയുണ്ടായി. എന്നാൽ പാർട്ടി മറുപടി പറയേണ്ടതില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പിണറായി വിജയൻ തന്നെ മറുപടി പറയട്ടെയെന്നുമാണ് സി.പി.എം നിലപാട്. അനുനയ നീക്കത്തിലേക്കും സി.പി.എം കടക്കില്ലത്രേ ! വിഷയം അടുത്ത സി.പി.എം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ഓണക്കാലമായതിനാൽ പതിവ് സെക്രട്ടറിയറ്റ് ഒഴിവാക്കി പ്രശ്‌ന പരിഹാരത്തിന് സമയമുണ്ടെന്നാണ് വിലയിരുത്തൽ.

എന്നാൽ കേവലം ഒരു പ്രതിപക്ഷ ഉപ നേതാവ് പദവിയുടെ പേരിൽ കമ്മ്യൂണിസ്റ്റ് സ്ഥാനത്തിന്റെ അതിശക്തനായ നേതാവ് നടത്തുന്ന ബാലിശമായ നിലപാടുകൾ കേരള ജനതയെ അമ്പരപ്പിക്കുകയാണ്.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.എമ്മിനാണെന്നും ഉപനേതാവിന്റെ പേരുള്ള കത്ത് സ്പീക്കർക്ക് വൈകാതെ കൈമാറുമെന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞത്. പിന്നാലെ അത്തരമൊരു പ്രസ്താവന പിണറായി വിജയൻ നടത്തിയെങ്കിൽ അത് അദ്ദേഹത്തിന്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പ്രസ്താവനയാണെന്ന് ബിനോയ് വിശ്വം മറുപടി പറഞ്ഞതോടെ മുന്നണിയിൽ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുത്ത നിലപാടിലേക്ക് സി.പി.ഐ കടന്നേക്കും. പ്രതിപക്ഷ ഉപനേതൃപദവിയിൽ സി.പി.ഐ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പിണറായി വിജയൻ നിലപാട് കടുപ്പിച്ചതോടെ ഇനിയെന്ത് ചെയ്യുമെന്നതിൽ സി.പി.ഐയിൽ ആശയക്കുഴപ്പം ശക്തമാകുകയാണ്.

പദവി സി.പി.ഐക്ക് നൽകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കിയതോടെയാണ് വിയോജിപ്പും ശക്തമാക്കി സി.പി.ഐയും രംഗത്ത് വന്നത്. അതിനാൽ പാർട്ടിയുടെ അഭിമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി പ്രതികരിച്ചിരുന്നു. എൽ.ഡി.എഫ് യോഗങ്ങളിൽ പങ്കെടുക്കുമെങ്കിലും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗങ്ങളുമായി സഹകരിക്കേണ്ടതില്ലെന്നാണ് സി.പി.ഐയുടെ തീരുമാനം.

അതേസമയം, ദേശീയ നേതൃത്വത്തെ വീണ്ടും സമീപിക്കാനാണ് ആലോചന. വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ. സെപ്തംബർ ഒന്നിന് ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരേ സി.പി.ഐ സംഘടിപ്പിക്കുന്ന സമരത്തിന് ശേഷം കൂടുതൽ തീരുമാനങ്ങളുണ്ടാകും.

സി.പി.ഐ പറയുന്നു:


പാരമ്പര്യമാണ് സി.പി.ഐയുടേത്. അതിന്റെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് സഖാവ് സി. അച്യുതമേനോന്റെ കാലഘട്ടം. 1969 നവംബർ മുതൽ 1970 ഓഗസ്റ്റ് വരെയും 1970 ഒക്ടോബർ മുതൽ 1977 മാർച്ച് വരെയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

കേരള ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയും സി.പി.ഐ നേതാവ് സഖാവ് സി. അച്യുതമേനോനായിരുന്നു. ഭരണപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമാകുന്ന പതിവിനെ മറികടന്ന അപൂർവമായ ചരിത്രത്തിനും അദ്ദേഹം സാക്ഷിയായി. അന്നൊന്നും സി.പി.ഐ, സി.പി.എമ്മിന്റെ കൂടെയായിരുന്നില്ല.

പിന്നീട് സഖാവ് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ, വിശാലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടേണ്ട സാഹചര്യം വന്നപ്പോൾ, അധികാരത്തിന്റെ കണക്കുപുസ്തകം തുറന്നുവെക്കാതെ മുഖ്യമന്ത്രി പദം കൈവശം വെക്കാനുള്ള അവസരത്തേക്കാൾ ഇടതുപക്ഷത്തിന്റെ വിശാലമായ രാഷ്ട്രീയ ഐക്യത്തിനാണ് സി.പി.ഐ മുൻതൂക്കം നൽകിയത്. പി.കെ.വി 1979 ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും ഇടതുപക്ഷ ഐക്യത്തിനുള്ള രാഷ്ട്രീയ പുനഃസംഘടനയുടെ പശ്ചാത്തലത്തിലായിരുന്നു.

സ്വന്തം രാഷ്ട്രീയ ശക്തിക്ക് ലഭിക്കാവുന്ന അധികാര പങ്കുപോലും മാറ്റിവെച്ച് വിശാലമായ ഇടതുപക്ഷ ഐക്യത്തിന് വഴിയൊരുക്കിയ ആ സമീപനത്തെ വെറും രാഷ്ട്രീയ 'വിട്ടുവീഴ്ച'യായി ചുരുക്കാനാകില്ല. അധികാരത്തെ എങ്ങനെ കാണുന്നു എന്നതിന്റെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു അത്.

അധികാരം ലഭിക്കുമ്പോൾ അത് നിലനിർത്താൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അധികാരത്തേക്കാൾ വലിയൊരു രാഷ്ട്രീയ ലക്ഷ്യം മുന്നിൽ വരുമ്പോൾ സ്വന്തം സ്ഥാനവും അവകാശവാദവും മാറ്റിവയ്ക്കാൻ തയ്യാറാകുന്നതിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മഹത്വം. ഇടതുപക്ഷ ഐക്യത്തിനും ജനാധിപത്യ രാഷ്ട്രീയത്തിന്റെ വിശാലമായ മുന്നേറ്റത്തിനുമായി അധികാരത്തോട് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായ സി.പി.ഐയുടെ ചരിത്രം അതുകൊണ്ടുതന്നെ രാഷ്ട്രീയ ത്യാഗത്തിന്റെ ചരിത്രം കൂടിയാണ്.

ഈ ചരിത്ര ഘട്ടത്തിൽ ചിന്തിക്കേണ്ടത് പിണറായി വിജയന്റെ ഭാവിയെക്കുറിച്ചല്ല;
സാക്ഷാൽ ഇ.എം.എസ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്ഭവവും വളർച്ചയും എന്ന ചരിത്ര രേഖയിൽ പറയും പോലെ, പിണറായി സമ്മേളനം എന്നറിയപ്പെടുന്ന ഒന്നുണ്ടായിരുന്നു. 1939 അവസാനത്തോടെ അർദ്ധ നിയമവിരുദ്ധാവസ്ഥയിൽ ചേർന്ന ആ സമ്മേളനത്തിൽ സി.പി.ഐയുടെ കേരള ഘടകം ആവിർഭവിച്ച കഥയാണത്.

അതാണ് പിന്നീട് ഇന്ന് കാണുന്ന സി.പി.ഐ (എം) എന്ന പ്രസ്ഥാനമായി വളർന്നത്.
പിണറായിയിലെ പാറപ്പുറത്ത് തുടങ്ങി വളർന്നു പന്തലിച്ച ആ പ്രസ്ഥാനം ആ പേരുകാരന്റെ പേരിൽത്തന്നെ ഇല്ലാതാവുന്നത് കണേണ്ടി വരുമോ. അങ്ങനെ ചിന്തിക്കുന്നവരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ. ആചാര്യന്മാർ അങ്ങനെ ചിന്തിക്കുന്നില്ലെങ്കിലും !

പ്രിജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam