ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു ജനങ്ങളുടെ പരമാധികാരം വിനിയോഗിക്കാനുള്ള മാർഗത്തിനു നേരെയാണു സംശയത്തിന്റെ മുൾമുന നീളുന്നത്.
1982ൽ ഇന്ത്യയിൽ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂർ ഉപതിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. അവിടെ 50 ബൂത്തുകളിൽ മാത്രമാണ് അന്ന് യന്ത്രം ഉപയോഗിച്ചത്. എന്നാൽ ഈ തിരഞ്ഞെടുപ്പ് പിന്നീട് കേസുകളിൽ അകപ്പെടുകയും വീണ്ടും ബാലറ്റ് പേപ്പർ ഉപയോഗിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
വോട്ടിംഗ് മെഷീൻ തിരിമറി സാധ്യമോ..?
വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്താനും തെരഞ്ഞെടുപ്പു ഫലങ്ങൾ അട്ടിമറിക്കാനുമുള്ള സാധ്യതകൾ യഥാർഥ വോട്ടിങ് മെഷീൻ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ തെളിയിച്ചു എന്നൊരു അവകാശവാദം ഒരിക്കൽ ഉണ്ടായി. 14 സംവത്സരങ്ങൾക്കു മുമ്പ് ഒരു ഓഗസ്റ്റ് മാസം. സ്ഥലം നെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ എൻജിനീയർ ഹരി കെ. പ്രസാദിന്റെ ഹൈദരാബാദിലെ വസതി. പുലർച്ചെ അഞ്ചരയോടെ ചില സന്ദർശകരെത്തി പത്തോളം പൊലീസ് ഉദ്യോഗസ്ഥർ. ഇന്ത്യയിലെ പ്രമുഖ ഇലക്ഷൻ സെക്യൂരിറ്റി റിസെർച്ചർ എന്നാണു ഹരിപ്രസാദിനെ സഹപ്രവർത്തകർ വിശേഷിപ്പിച്ചിരുന്നത്.
പൊലീസുകാർക്കാകട്ടെ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മോഷ്ടിച്ച കേസിലെ പ്രതിയും.
ഇന്ത്യയിൽ ഉപയോഗിച്ചു വരുന്ന വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്താനും തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പു ഫലങ്ങളും അട്ടിമറിക്കാനുമുള്ള സാധ്യതകൾ യഥാർഥ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെ ഹരി തെളിയിച്ചു എന്നാണ് ഒപ്പം ഗവേഷണത്തിൽ പങ്കെടുത്തവർ പറയുന്നത്. പക്ഷേ, അതീവ സുരക്ഷയിൽ കാത്തുസൂക്ഷിക്കുന്ന, തെരഞ്ഞെടുപ്പ് ഉള്ളപ്പോൾ മാത്രം പുറത്തെടുക്കാറുള്ള വോട്ടിംഗ് മെഷീനുകളിലൊന്ന് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹരിക്ക് എങ്ങിനെ കിട്ടി..?
മെഷീനുകൾ കൈകാര്യം ചെയ്യാൻ അധികാരമുള്ള, ഉത്തരവാദപ്പെട്ട ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ ആരോ കൈമാറിയെന്നു വേണം കരുതാൻ. ഗവേഷണം നടത്താൻ മെഷീൻ സംഘടിപ്പിച്ചു കൊടുത്ത ആളാരാണെന്നു വെളിപ്പെടുത്താൻ കഴിയില്ലെന്നു ഹരിയും കൂട്ടരും പറഞ്ഞു. അതാരാണെന്നു മാത്രമായിരുന്നു പൊലീസുകാർക്കും സർക്കാരിനും അറിയേണ്ടതും!ഹൈദരാബാദിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത ഹരിയെ മുംബൈയിലേക്കാണു കൊണ്ടപോയത്.
14 മണിക്കൂർ റോഡ് യാത്ര. ഹരിക്കൊപ്പം ഗവേഷണത്തിൽ പങ്കെടുത്ത, മിഷിഗൺ യൂണിവേഴ്‌സിറ്റി പ്രൊഫസർ ജെ. അലക്‌സ് ഹോൾഡർമാനുമായി ഹരി പൊലീസ് വാഹനത്തിലിരുന്ന് സംസാരിച്ചു എന്നാണു പറയുന്നത്. ഈ സംഭാഷണത്തിൽനിന്നു ലഭിച്ചു എന്നു പറയുന്ന വിവരങ്ങളാണു മുകളിൽ സൂചിപ്പിച്ചത്.
''മെഷീൻ ആരു നൽകിയെന്നു പറഞ്ഞാൽ പിന്നെ ഒരാളും നിങ്ങളെ തൊടില്ല. മുകളിൽനിന്നു ഞങ്ങൾക്കു നല്ല പ്രഷറുണ്ട്'', പൊലീസദ്യോഗസ്ഥർ ഹരിയോടു പറഞ്ഞതായി ഹോൾഡർമാൻ വെളിപ്പെടുത്തുന്നു.
''ഞാൻ രഹസ്യം വെളിപ്പെടുത്തിയാൽ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ ഇനിയാരും ധൈര്യപ്പെടില്ല. ഈ മെഷീനുകൾ തെരഞ്ഞെടുപ്പിനു യോഗ്യമല്ലെന്നു ബോധ്യപ്പെടുത്തുകയാണു ഞങ്ങളുടെ അന്തിമ ലക്ഷ്യം. ഞങ്ങൾ ചെയ്തതെല്ലാം ശരിയാണെന്നു തന്നെ ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു'', ഹരിയുടെ വാക്കുകളായി ഹോൾഡർമാൻ ഇതുകൂടി കൂട്ടിച്ചേർക്കുന്നു.
സെക്യൂരിറ്റി അനാലിസിസ് ഒഫ് ഇന്ത്യൻ വോട്ടിംഗ് മെഷീൻസ് എന്ന തലക്കെട്ടിലുള്ള ഗവേഷണ പ്രബന്ധം തയാറാക്കിയിരിക്കുന്നത് എട്ടു പേർ ചേർന്നാണ്. ഹരിയെയും ഹോൾഡർമാനെയും കൂടാതെ, മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള സ്‌കോട്ട് വോൽചോക്ക്, എറിക് വുസ്‌ട്രോ, നെറ്റ് ഇന്ത്യയിൽനിന്നുള്ള അരുൺ കൻകിപതി, സായ്കൃഷ്ണ സഖമൂരി, വാസവ്യ യാഗതി, പ്രത്യേകിച്ചു വിലാസമൊന്നും നൽകിയിട്ടില്ലാത്ത റോപ് ഗോൻഗ്രിജ്പ് എന്നീ പേരുകളാണ് പ്രബന്ധത്തിലുള്ളത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു ജനങ്ങളുടെ പരമാധികാരം വിനിയോഗിക്കാനുള്ള മാർഗത്തിനു നേരെയാണു സംശയത്തിന്റെ മുൾമുന നീളുന്നത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന ഹോൾഡർമാന്റെ ആരോപണം നമ്മൾ മുഖവിലയ്‌ക്കെടുക്കണമെന്നില്ല. പരമ സുരക്ഷയിൽ വച്ചിരിക്കുന്ന വോട്ടിംഗ് മെഷീൻ എങ്ങനെ പുറത്തു പോയി എന്നന്വേഷിക്കേണ്ടത് സർക്കാരിന്റെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും ചുമതലയാണ്. ഒപ്പം, ശരിയോ തെറ്റോ എന്ന് ഇനിയും നിർണയിക്കെപ്പെടേണ്ട മാർഗത്തിലൂടെ ഇവർ കണ്ടെത്തിയതു സത്യമോ എന്നറിയുക ഓരോ ഇന്ത്യക്കാരന്റെയും അവകാശവുമാണ്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ ഉൾവശം എങ്ങനെയിരിക്കുമെന്നു നമ്മളാരും കണ്ടിട്ടില്ല. പീസ് പീസായി ഇളക്കിയിട്ടിരിക്കുന്ന മെഷീന്റെ ദൃശ്യങ്ങൾ ഹരി കെ. പ്രസാദിന്റെയും ജെ. അലക്‌സ് ഹോൾഡർമാന്റെയും സംഘത്തിന്റെയും ഗവേഷണ പ്രബന്ധത്തിനൊപ്പം ചേർത്തിരിക്കുന്നു. കൺട്രോൾ യൂണിറ്റ്, മെയിൻ ബോർഡ്, ഡിസ്‌പ്ലേ ബോർഡ് എന്നിവയൊക്കെ ഇത്തരത്തിൽ കാണിച്ചിട്ടുണ്ട്. ഗവേഷകർ മെഷീനും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം വേറെ.
ഇവിഎമ്മിന്റെ ഡിസൈനും പ്രവർത്തനരീതിയും ഗവേഷണ പ്രബന്ധത്തിൽ വിശദീകരിക്കുന്നു. രണ്ടു തരത്തിൽ തിരിമറി നടക്കാനുള്ള സാധ്യതകളാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, ഡിസ്‌പ്ലേ ബോർഡിൽ നടത്തുന്ന തിരിമറി. യഥാർഥ ബോർഡിനു പകരം, കണ്ടാൽ ഒരു വ്യത്യാസവും തോന്നാത്ത മറ്റൊന്ന് ഘടിപ്പിക്കും. വോട്ടർമാർ എങ്ങനെയൊക്കെ വോട്ടു ചെയ്താലും, ഏതു സ്ഥാനാർഥിക്കനുകൂലമായിരിക്കണം വിധി എന്നു മൊബൈൽ ഫോൺ ഉപയോഗിച്ചു സിഗ്‌നൽ നൽകുന്നതു പ്രകാരം ഈ ബോർഡ് ഡിസ്‌പ്ലേ ചെയ്യിക്കും.
രണ്ടാമത്തേത്, മെമ്മറിയിൽ തന്നെയുള്ള തിരിമറി. ഇതിൽ ഘടകങ്ങളൊന്നും അപ്പാടെ മാറ്റിവയ്‌ക്കേണ്ട ആവശ്യം വരുന്നില്ല. പകരം ഒരു ചെറിയ ഹാർ ഡ്രയർ താത്കാലികമായി പ്രവർത്തിപ്പിക്കുക മാത്രം ചെയ്യുന്നു. വോട്ടുകൾ രേഖപ്പെടുത്തുന്ന മെമ്മറി ചിപ്പിൽ ഇതു ക്ലിപ്പ് ചെയ്യാൻ കഴിയും. ഇന്ത്യയിൽ വോട്ടെടുപ്പു കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം മാത്രം വോട്ടെണ്ണുന്ന സമ്പ്രദായമായതിനാൽ, ഇതിനിടെ എപ്പോൾ വേണമെങ്കിലും റിമോട്ട് കൺട്രോൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പു ഫലത്തിൽ തിരിമറി നടത്താൻ കഴിയുമെന്നും ഇവർ സ്ഥാപിക്കുന്നു.
ഇതുകൂടാതെ, തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത പരസ്യമാക്കാനും മെഷീനുകളിലൂടെ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. വോട്ട് രേഖപ്പെടുത്തുന്ന മുറയ്ക്കു തന്നെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്. ഗവേഷകർ വികസിപ്പിച്ചെടുത്ത സംവിധാനം ഉപയോഗിച്ച് ഇതിന്റെ പ്രിന്റൗട്ട് എടുക്കാം. ഇത് പോളിങ് ബൂത്തിലെ രേഖകളുമായി ഒത്തുനോക്കിയാൽ ആര് ആർക്ക് വോട്ടു ചെയ്തു എന്നു വ്യക്തമാകുമത്രെ.
ഇവിഎമ്മിനെ നിയന്ത്രിക്കുന്ന കംപ്യൂട്ടർ ചിപ്പുകളെ ഏതു രീതിയിലും പ്രതികരിക്കാൻ കഴിയും വിധം പ്രോഗ്രാം ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിലൊരു വാദം. അതായത്, നിശ്ചിത എണ്ണം ആളുകൾ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ ബാക്കി വോട്ടുകൾ യാതൊരു സംശയവും ഉണ്ടാകാത്ത തരത്തിൽ, ഉദ്ദേശിക്കുന്ന സ്ഥാനാർഥിക്കു മറിക്കാൻ കഴിയുമത്രെ.
പതിനായിരക്കണക്കിനല്ല, ആയിരക്കണക്കിനോ നൂറു കണക്കിനോ മാത്രമായിരിക്കും ഇത്തരത്തിൽ മറിക്കുന്നത്. ഭൂരിപക്ഷം ലക്ഷക്കണക്കിനായിരിക്കില്ല, ആയിരക്കണക്കിനു മാത്രമായിരിക്കും. വിജയിക്കുന്ന സ്ഥാനാർത്ഥിക്കനുകൂലമായ പോളിങ് 90-95 ശതമാനമായിരിക്കില്ല, 40-45 ശതമാനമായിരിക്കും. അതിനാൽ സംശയത്തിന് അവസരമുണ്ടാകണമെന്നില്ല.
ഇലക്ഷൻ കഴിയുന്നതോടെ ആവശ്യത്തിന് അട്ടിമറികൾ നടത്തിയ ശേഷം സ്വയം നശിപ്പിക്കാൻ കഴിയുന്ന ട്രോജൻ പ്രോഗ്രാമുകൾ എഴുതാൻ കഴിയുമെന്നൊരവകാശവാദവും ഉയർന്നുവന്നിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിൽ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ വരുത്തിയ ശേഷം ഈ ട്രോജൻ പ്രോഗ്രാമിനു സ്വയം നശിപ്പിക്കാൻ കഴിയും എന്നതിനാൽ തെളിവുകളൊന്നും ശേഷിക്കില്ല. വോട്ടിങ്ങിനു മുൻപുള്ള പരിശോധനകളിലും ഇവ കണ്ടെത്താൻ കഴിയില്ല. കാരണം, വോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന കീ സ്‌ട്രോക്കുകൾ നിശ്ചിത എണ്ണം പിന്നിടുമ്പോൾ മാത്രമാണത്രെ ഇവ പ്രവർത്തനക്ഷമമാകുക.
ഇലക്ട്രോണിക് വോട്ടിംഗ് വേണ്ടെന്ന ശക്തമായ ആവശ്യം ഇന്ത്യയിൽ ആദ്യമായി ഉന്നയിക്കുന്നത് ബി.ജെ.പിയും അണ്ണാ ഡി.എം.കെയും പോലുള്ള രാഷ്ട്രീയ കക്ഷികളാണ്. കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു പിന്നാലെയായിരുന്നു ഇത്. ഗവേഷണം നടത്തുന്ന സമയത്ത് രാജ്യത്തെ 16 രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കണ്ടെത്തലുകളോടു യോജിക്കുന്നു എന്നാണു ഹോൾഡർമാൻ അന്ന് അവകാശപ്പെട്ടത്. അതേസമയം, മാഗ്‌നറ്റിക് ഫീൽഡ് ഉപയോഗിച്ച് തിരിമറി നടത്തുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ച് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും, ഇതിൽ അട്ടിമറികൾ നടക്കാൻ യാതൊരു സാധ്യതയും നിലനിൽക്കുന്നില്ലെന്നുമാണ് തെരഞ്ഞെടുപ്പു കമ്മിഷനും നിർമാതാക്കളായ പൊതുമേഖലാ കമ്പനികളും അവകാശപ്പെട്ടു വരുന്നത്.
1990ലും 2006ലും ഇത്തരം സാങ്കേതിക പരിശോധനകൾ നടന്നതായി ഗവേഷകർ സമ്മതിക്കുന്നുണ്ട്. പക്ഷേ, ഇതു ശരിയായ മോഡലുകൾ ഉപയോഗിച്ചായിരുന്നില്ലെന്നും കംപ്യൂട്ടർ സുരക്ഷാ വിദഗ്ധർ ഇതിൽ പങ്കെടുത്തിട്ടില്ലെന്നും ഇവർ പറയുന്നു. സ്വതന്ത്ര പരിശോധനകൾക്ക് മെഷീനുകൾ ഒരിക്കലും വിധേയമായിട്ടില്ലെന്നും, ഇവയുടെ സാങ്കേതിക പ്രവർത്തനങ്ങൾ ഒരിക്കലും പൊതുജനങ്ങൾക്കു വിശദീകരിച്ചു കൊടുത്തിട്ടില്ലെന്നുമാണു ഹോൾഡർമാന്റെ പക്ഷം.
ഹരി കെ. പ്രസാദും സഹപ്രവർത്തകരും മെഷീനുകളുടെ സുരക്ഷ പരിശോധിക്കാൻ സഹകരിക്കാമെന്നു തെരഞ്ഞെടുപ്പു കമ്മിഷനു പല തവണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണു പറയുന്നത്. ഒരിക്കലും അനുമതി കിട്ടിയിട്ടില്ലത്രെ. അങ്ങനെയിരിക്കെയാണു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനിൽനിന്ന് അവർ പരിശോധനയ്ക്ക് മെഷീൻ സംഘടിപ്പിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് എന്നിവ ചേർന്നാണ് വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ വോട്ടിംഗ് മെഷീൻ വികസിപ്പിച്ചെടുത്തത്. എങ്ങനെയാണിവ പ്രവർത്തിക്കുന്നതെന്നു പുറത്താർക്കുമറിയില്ല. സോഫ്റ്റ്‌വെയറിന്റെ സോഴ്‌സ് കോഡ് പുറത്തുവിടണമെന്ന ആവശ്യങ്ങൾ ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. സോഴ്‌സ് കോഡ് കിട്ടാതെ ഇവിഎമ്മിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ കഴിയില്ലെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ, സോഴ്‌സ് കോഡ് പുറത്തുവിട്ടാൽ അട്ടിമറികൾക്കുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്നതു മറ്റൊരു വശം.
കാലിഫോർണിയ, ഫ്‌ളോറിഡ, അയർലൻഡ്, നെതർലൻഡ്‌സ്, ജർമനി എന്നിവിടങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചു തുടങ്ങിയ ശേഷം ഉപേക്ഷിച്ചിട്ടുണ്ടെന്നു പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇവയെ അപേക്ഷിച്ച് അതീവ ലളിതമാണ് ഇന്ത്യയിലെ വോട്ടിംഗ് മെഷീന്റെ ഡിസൈനും പ്രവർത്തനവും. അതുകൊണ്ടു തന്നെ അവിടങ്ങളിൽനിന്നു വ്യത്യസ്തമായ അട്ടിമറി സാധ്യതകളാണ് ഇവിടെ നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ വിദേശികളുടെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടാം. പക്ഷേ, സംശയനിവാരണം ജനങ്ങളുടെയും അവകാശമാണെന്നുമറക്കരുത്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്