അമേരിക്കൻ മലയാളി സമൂഹത്തോട് വിടപറഞ്ഞു ഐ.വർഗീസ് ജന്മനാട്ടിലേക്ക്

MARCH 23, 2025, 2:22 AM

ഡാളസിലെ നാല് പതിറ്റാണ്ട് നീണ്ട ഐതിഹാസിക സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവർത്തനങ്ങൾക്കു വിരാമമിട്ടു ഐ. വർഗീസ് (ഇടിച്ചെറിയ വർഗീസ്) മാർച്ച് മാസം അവസാനത്തോടെ അമേരിക്കയിൽ നിന്നും പിറന്ന മണ്ണിലേക്ക്(കേരളത്തിലേക്ക്) മടങ്ങുന്നു.
കേരള അസോസിയേഷന്റെ മാത്രമല്ല അമേരിക്കൻ മലയാളികളുടെ ചരിത്ര താളുകളിൽ തങ്കലിപികളിൽ ലിഖിതപ്പെടത്തേണ്ട അമൂല്യ വ്യക്തിത്വത്തിന്റെ ഉടമയാണ് ഐ വർഗീസെന്ന് വിശേഷിപ്പിച്ചാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ലതന്നെ.

കേരളത്തിൽ കൊല്ലം ജില്ലയിൽ ആദിത്യനെല്ലൂരിൽ ജനിച്ച ഐ. വർഗീസ് വിദ്യാർത്ഥിയായിരിക്കമ്പോൾ തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പിന്നീട് ഗവണ്മെന്റ് സർവീസിൽ (ടാക്‌സ് & റെവന്യു ഡിപ്പാർട്‌മെന്റ്) പ്രവേശിച്ചപ്പോൾ ജോലിയ്‌ക്കൊപ്പം എൻ.ജി.ഒ യൂണിയനിലും സജീവമായി പ്രവർത്തിക്കുകയും പ്രസ്തുതസംഘടനയുടെ നിർണായകസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. 1983 കേരളത്തിലെ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്ക എന്ന സ്വപ്‌നഭൂമിയിൽ ഭാര്യ മോളി, മക്കൾ റിനോ, റെനി എന്നിവരോടൊപ്പമാണ് ഡിട്രോയിറ്റിൽ ആദ്യമായി എത്തിച്ചേർന്നത്. പിന്നീട് കുടുംബത്തോടൊപ്പം 1984 ൽ ഡാലസ്സിലേക്കു താമസം മാറ്റുകയായിരുന്നു. ഡാളസ് പാർക്‌ലാൻഡ് ആശുപത്രിയിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.


vachakam
vachakam
vachakam

ഐ വർഗീസ് അമേരിക്കയിൽ എത്തുന്നതിനു മുൻപ് തന്നെ 1976 ൽ ഡാലസിൽ എൻ പണിക്കരുടെ നേതൃത്വത്തിൽ ഒരുപറ്റം മലയാളികളെ  സംഘടിപ്പിച്ചു കേരള അസോസിയേഷൻ എന്ന സംഘടനാ  രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിരുന്നു. കെ.സി. ശമവേൽ, രാമചന്ദ്രൻനായർ, എബ്രഹാം മാത്യു, എം. അനിരുദ്ധൻ, ഡോ: പി.പി. ഫിലിപ്പ്, രാജൻ കെ. ജോസഫ് എന്നീ ബഹുമാന്യ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഡാലസ് കേരള അസോസിയേഷൻ മഹത്തായ പ്രസ്ഥാനം ആയി വളർന്നു കഴിഞ്ഞിരുന്നു. പത്തു വർഷത്തിനശേഷം 1986 ജെയിംസ് പുരഷോത്തമൻ പ്രസിഡന്റായിരുന്നപ്പോളാണ് ട്രഷർ സ്ഥാനം ഏറ്റെടുത്തു ഡാളസ് കേരള അസോസിയേഷൻ പ്രവർത്തനങ്ങളിൽ ആദ്യമായി വർഗീസ് പ്രവർത്തന നിരതനാകുന്നത്.

1987 ഗോപാലപിള്ളയുടെ കമ്മിറ്റിയിൽ പുറത്തുനിന്ന ഐ വർഗീസ് 1988,1991 സെക്രട്ടറിയായി ചുമതലയേറ്റു ഇതിനിടയിൽ നല്ല സംഘാടക വൈഭവം നയചാതുര്യം സത്യസന്ധത എന്നീ ഗുണങ്ങൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കി. കേരള അസോസിയേഷനിൽ ചോദ്യം ചെയ്യാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമയായി അദ്ദേഹം ഇതിനകം മാറിക്കഴിഞ്ഞിരുന്നു.
ഡാളസ് മലയാളി സമൂഹത്തെ ജാതി-മത ഭേദമന്യേയുള്ള ഒത്തൊരുമയോടെ ഊട്ടിയുറപ്പിക്കുന്ന കലാ-സാംസ്‌കാരിക-സാഹിത്യ സിരാകേന്ദ്രമായ ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്റർ സ്ഥാപിക്കുന്നതിനും മനോഹരമായ ഒരു കെട്ടിട സമുച്ചയം സ്വന്തമാകുന്നതിനും മറ്റുള്ളവരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരിൽ ഐ വർഗീസ് മുഖ്യ പങ്കു വഹിച്ചു. ഇക്കാലമത്രയെയും സന്നദ്ധസേവനവും സമയവും പിന്തുണയും നിർലോഭം നൽകികേരള അസോസിയേഷൻ ഒരു സാംസ്‌കാരിക വിദ്യാഭ്യാസ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊതു പരിപാടികൾ കൃത്യസമയത്ത് ആരംഭിക്കുന്നതിനും സമയ പരിധി അതിക്രമിക്കമ്പോൾ അവസാനിപ്പിക്കുന്നതിനും മുഖം നോക്കാതെ ഐ വർഗീസ് പ്രകടിപ്പിച്ച അമിതാവേശവും കർശന നിർദേശങ്ങളും പലപ്പോഴും പലരുടെയും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 2000 മുതൽ 2023വരെ സംഘടനയിൽ സജീവമായും ആത്മാർത്ഥമായും പ്രവർത്തിച്ചവർ പലരും  അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ തങ്ങൾക്കുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു സ്വയം പുറത്തപോകുകയോ, മാറ്റിനിർത്തപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന വസ്തുതയും ഇത്തരുണത്തിൽ വിസ്മരിക്കപ്പെടേണ്ടതല്ല.

vachakam
vachakam
vachakam

കാലാകാലങ്ങളായി ചില വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളിൽ അംഗങ്ങളുടെക്കിടയിൽ കുമിഞ്ഞു കൂടിയിരുന്ന അമർഷം പ്രതിഫലിച്ചത്  2024ലെ തിരെഞ്ഞെടുൽ ഔദ്യോഗീക പാനലിലുള്ള ഭൂരിഭാഗം സ്ഥാനാർത്ഥികളുടെ പരാജയത്തിലൂടെയായിരുന്നു. നേതാവിന്റെ  പ്രതീക്ഷകൾക്കേറ്റ കനത്ത പ്രഹരമായിരുന്നു ഈ അപ്രതീക്ഷിത പരാജയം.പുതിയ ഭരണസമിതി അധികാരമേറ്റതോടെ  കേരള അസോസിയേഷൻ സജീവ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പ്രായാധിക്യവും ശാരീരികക്ഷീണാവസ്ഥയും മാറി നിൽക്കുന്നത്തിനുള്ള  മറ്റൊരു കാരണമാണ്. കേരള അസോസിയേഷന് ഇതുവരെയും ഒരു താങ്ങും തണലും കരുത്തുമായി നിന്നിരുന്ന ഐ വർഗീസിന്റെ അഭാവം സംഘടനയുടെ ഭാവിയെ എപ്രകാരം സ്വാധീനിക്കുമെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഇല്ലാതില്ല. 

കേരള അസോസിയേഷനെ സംബന്ധിച്ച് ഒരു പുതിയ അധ്യായം 'ഐ വർഗീസ് സമം കേരള അസോസിയേഷൻ എന്ന ആപ്തവാക്യം' ഇനി ഒരു ഓർമയായി അവശേഷിക്കമോ എന്ന് കണ്ടറിയണം. സാമ്പത്തികകാര്യങ്ങളിൽ ഐ വർഗീസ് കാണിച്ചിരുന്ന കൃത്യനിഷ്ഠത വളരെ പ്രശംസനീയം ആയിരുന്നു. ഈ ലേഖകനും അദ്ദേഹവുമായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വയ്ക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഈ അവസരത്തിൽ വിസ്മരിക്കുന്നില്ല. പലപ്പോഴും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അതൊന്നും മനസ്സിൽ വയ്ക്കാതെ എല്ലാവരോടും 'സൗമ്യമായി' പെരുമാറാൻ കഴിയുന്നത് ഐ വർഗീസിന്റെ  മാത്രം സ്വഭാവ ശ്രെഷ്ഠതയായി കാണാം. ഒരു കാര്യം കൂടി അനുസ്മരിപ്പിക്കുവാനായി ഞാൻ ആഗ്രഹിക്കുന്നു. കേരള അസോസിയേഷൻ ഇന്ത്യ കൾച്ചറൽ ആൻഡ് എജക്കേഷൻ സെൻട്രൽ സംയുക്തമായി ഞായറാഴ്ച സംഘടിപ്പിക്കുന്ന യാത്രയയപ്പ് ചടങ്ങിൽ ആരെ ക്ഷണിക്കണം ആരെ ക്ഷണിക്കാതെയിരിക്കണം എന്നുള്ളതിന്റെ വിവേചന അധികാരം പോലും പൂർണമായി ഐ വർഗീസിൽ നിക്ഷിപ്തമായിരുന്നു എന്നുള്ളത് ഇവിടെ സ്മരണീയമാണ്.

നിസ്വാർത്ഥ സാമൂഹ്യ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃക, പദവിയോ പ്രശസ്തിയോ പ്രതീക്ഷിക്കാതെ നിശബ്ദ സേവനം നടത്തുന്ന കർമയോഗിയാണ് ഐ. വർഗീസ്.അതുകൊണ്ടു തന്നെയാണ് ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്‌സസ്  അമേരിക്കയിലെ മികച്ച സാമൂഹ്യ സംഘടനാ പ്രവർത്തകൻ  ഐ. വർഗീസിനെ  കണ്ടെത്തി അവാർഡ് നൽകി ആദരിച്ചത്. ഈ അവാർഡ് വളരെ അഭിമാനത്തോടെയാണ് ഐ. വർഗീസ് ഏറ്റുവാങ്ങിയത്. നാല് പതിറ്റാണ്ട് വർഷത്തെ അമേരിക്കൻ ജീവിതം അവസാനിപ്പിച്ചു ഇവിടെ നിന്നും വിടപറയമ്പോൾ അദ്ദേഹത്തിന്റെ അസാന്നിധ്യം ഡാളസ് മലയാളികൾക്ക് വലിയൊരു നഷ്ട മാണ്. ശിഷ്ടമുള്ള ജീവിതം നാട്ടിലെ തന്റെ ബാല്യകാല സുഹൃത്തുക്കൾ ഔദ്യോഗിക ജീവിതത്ത്തിലെ സഹ പ്രവർത്തകർ, നാട്ടുകാർ സ്‌നേഹിതന്മാർ എന്നിവരോടൊപ്പം ചിലവഴിക്കുക എന്ന തീരുമാനം തികച്ചും അനയോജ്യമാണ്.

vachakam
vachakam
vachakam

സംഘടനാ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി ശക്തമായ പിന്തുണ  നൽകിയിട്ടുള്ള പ്രിയതമ മോളിയുമായിട്ടാണ് അമേരിക്കയിൽ നിന്നും ജന്മനാട്ടിലേക്ക് മാർച്ച് അവസാന വാരം യാത്ര പുറപ്പെടുന്നത്.ജന്മനാട്ടിലെ ജീവിതം അദ്ദേഹത്തിന് സന്തോഷവും സമാധാനവും പ്രധാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam