സർക്കാർ വിലാസം പിആർ വക വലിയവെടി നാല്, ഗോവിന്ദൻ മാഷിന്റെ വക ചെറിയ വെടി നാല്

FEBRUARY 25, 2026, 7:17 AM

അച്ചടി മാധ്യമങ്ങളിൽ സർക്കാരിന്റെ തെരഞ്ഞെടുപ്പ് വെടിവഴിപാടുകൾ നിറയെ കാണാം. ചാനലുകളിൽ പരസ്യമായും പെയിഡ് പ്രോഗ്രാമുകളായും സർക്കാർ സ്തുതിഗീതങ്ങൾ നാം കണ്ടുകൊണ്ടേയിരിക്കുന്നു. പരസ്യങ്ങളിലെ ഗീർവാണങ്ങൾ അടിമുടിപൊളിക്കുന്ന വാർത്തകൾ മനോരമ തപ്പിപ്പിടിച്ച് നൽകുന്നു. എല്ലാ സർക്കാർ പരസ്യങ്ങളും എന്റെ തല മാത്രം മതിയെന്ന് തലൈവരുടെ കോക്കസ് പി.ആർ.ഡി.ക്കാരോട് നിർദ്ദേശിച്ചിട്ടുണ്ടാവാം.

ഘടകകക്ഷികളുടെ വകുപ്പ് പരസ്യങ്ങളിൽ ചിലപ്പോൾ മുഖ്യമന്ത്രിക്കൊപ്പം വകുപ്പ് മന്ത്രിയുടെ പടം ചേർത്താലായി. റവന്യൂ ദിനത്തിനായി നൽകിയ ചെറു പരസ്യത്തിൽ പോലും സി.എം.മാത്രമേയുള്ളു. ഒരർത്ഥത്തിൽ, സർക്കാർ പ്രചരണങ്ങളും അവകാശവാദങ്ങളും പിണറായി മാത്രം പറയുന്നു, ഞങ്ങൾ ഇവിടെ മൂലയ്ക്ക് ഒതുങ്ങിയിരിക്കുന്നുവെന്ന മട്ടിലുള്ള വകുപ്പ് മന്ത്രിമാരുടെ അടിയറവ് പറയലിലും ഒരു കള്ളത്തരമില്ലേയെന്ന് തോന്നിപ്പോകും. കാരണം ഇടതുമുന്നണി അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റാൽ എല്ലാ പഴിയും പിണറായിക്ക് എന്ന മട്ടിലുള്ള പി.ആർ.വർക്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 

ഈ സർക്കാരിനെ വികസനത്തിന്റെ പുതിയാപ്‌ള വേഷത്തിൽ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് കിഫ് ബി യും പരസ്യങ്ങളിലൂടെ അവകാശപ്പെടുന്നുണ്ട്. കിഫ്ബി നിർമ്മിച്ച ചില പാലങ്ങൾ പഞ്ചവടിപ്പാലം പോലെ തകർന്നുപോയത് ജനഹൃദയങ്ങളിലുണ്ട്. മസാലബോണ്ടിലൂടെ ബ്ലെയ്ഡ് പലിശയ്ക്ക് പണം കടം വാങ്ങി സർക്കാർ നടത്തിയ വികസനത്തിന്റെ പിന്നാമ്പുറക്കഥകൾ പിന്നാലെ പുറത്തായേക്കാം. 

vachakam
vachakam
vachakam

തന്ത്രിയുടെ തന്ത്രമോ, സങ്കടമോ?

ശബരിമല തന്ത്രിയെ അകത്തിട്ടത് മനഃപൂർവമാണെന്ന വാർത്തകൾക്ക് കൊല്ലം വിജിലൻസ് കോടതിയുടെ വക സർട്ടിഫിക്കറ്റുണ്ട്. ചൊവ്വാഴ്ച ഈ നിയമസഭയുടെ അവസാന സമ്മേളനത്തിൽ പ്രതിപക്ഷം കെ.ബാബുവിന്റെ നേതൃത്വത്തിൽ സഭയിൽ നിന്നിറങ്ങിപ്പോയത് തന്ത്രി വിഷയത്തെ ചൊല്ലിയാണ്. തന്ത്രി വിഷയത്തിൽ ദേവസ്വം മന്ത്രി രാജി സന്നദ്ധതയറിയിച്ചാൽ ഈ നിയമസഭയുടെ അവസാന സമ്മേളനം സ്മൂത്തായി അവസാനിക്കുമായിരുന്നില്ലേയെന്ന ബാബുവിന്റെ അഭിപ്രായം കേട്ട് സ്പീക്കർ ഷംസീറിനുവരെ ചിരിയടക്കാനായില്ല.

ഏതായാലും ഭരണ പ്രതിപക്ഷ കക്ഷികളുടെ നിയമസഭയിലെ വാഗ്വാദങ്ങളും വാൾപ്പയറ്റുമെല്ലാം ചൊവ്വാഴ്ചയോടെ അവസാനിച്ചുകഴിഞ്ഞു. ഇനി നേതാക്കളിൽ പലരും സീറ്റ് ചർച്ചകളിലേക്കാണ്. ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ചർച്ചകൾ അടുത്തയാഴ്ച മാത്രമേ തുടങ്ങൂ. യു.ഡി.എഫും സ്ഥാനാർത്ഥി പട്ടിക പൂർണ്ണമാക്കിയിട്ടില്ല. ബി.ജെ.പി.യാകട്ടെ നേമത്ത് രാജീവ് ചന്ദ്രശേഖറിനെയും തൃശൂരിൽ പത്മജാ വേണുഗോപാലിനെയും പാലക്കാട്ട് ശോഭാ സുരേന്ദ്രനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ വട്ടിയൂർക്കാവ് സീറ്റിൽ കെ.മുരളീധരൻ പോരിനിറങ്ങിയിട്ടുണ്ട്. ജയിച്ചാൽ മന്ത്രിയെന്ന, കസേര സ്വപ്‌നം, മുരളീധരൻ ഇവിടെ നന്നായി മാർക്കറ്റ് ചെയ്യും. 

vachakam
vachakam
vachakam

തന്ത്രി പെരുങ്കള്ളനാണെന്ന പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ ചെറിയ വെടി ഈ  നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എംന് ദോഷം ചെയ്യും. ഒപ്പം പിണറായി വിജയൻ പൊതുവേദികളിൽ പ്രകടിപ്പിക്കുന്ന നീരസവും അസ്വസ്ഥതയുമെല്ലാം മുഖ്യ ചാനലുകളും യൂട്യൂബ് ചാനലുകളുമെല്ലാം ഒപ്പിയെടുത്ത് നാട്ടുകാരെ കാണിക്കുന്നുണ്ട്.

കൊതിപ്പിച്ച് കടന്നുകളയാനാണോ പരിപാടി ?

സർക്കാർ പ്രഖ്യാപിക്കുന്ന പല ആനുകൂല്യങ്ങളും തെരഞ്ഞെടുപ്പ് കഴിഞ്ഞേ ജനത്തിന് കൈയിൽ തടയൂ എന്നതിൽ സർക്കാർ ജീവനക്കാർ മാത്രമല്ല പലരും കലിപ്പിലാണ്. ആ കലിപ്പ് വോട്ട് കുത്തലിൽ നിഴലിക്കാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓട്ടോമേറ്റഡ് മെസേജ് എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പി.ആർ.ഡി. പാടുപെട്ടയച്ചത്. ഇപ്പോൾ മുഖ്യമന്ത്രിയുടെ കരുതൽ സന്ദേശ ത്തിന് ഹൈക്കോടതി കുരുക്കിട്ടുകഴിഞ്ഞു. അതിബുദ്ധി കാണിച്ച പി.ആർ. പയ്യന്മാരുടെ പരോക്ഷമായ വോട്ട് അഭ്യർത്ഥന അങ്ങനെ കോടതി കൈയ്യോടെ പിടികൂടിയിരിക്കുകയാണ്.

vachakam
vachakam
vachakam

സ്ത്രീകളായ വോട്ടർമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 3000 രൂപ അയയ്ക്കുന്നത് കോടതി ഈയിടെ തടയുകയുണ്ടായി. സുപ്രീംകോടതിയിൽ പോകാൻ ആലോചിച്ചു കേരളം, തമിഴ്‌നാട് സർക്കാരിനെ സുപ്രീംകോടതി ഇതേ പ്രശ്‌നത്തിൽ കുടഞ്ഞതോടെ ക്ഷേമം അവർ വേണ്ടെന്നുവച്ചിട്ടുണ്ട്. മോദി സ്‌റ്റൈലിൽ എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് വോട്ടർമാർക്ക് ഗിഫ്റ്റ് മണിയും വികസന പദ്ധതികളും പ്രഖ്യാപിക്കുന്ന രീതിയാണ് പിണറായിയും കോപ്പിയടിച്ചത്. ജനക്ഷേമമെല്ലാം കുടിശ്ശികയാക്കി കഴിയുന്നതും ഇലക്ഷനു മുമ്പ് നൽകി വോട്ടർമാരെ പ്രീണിപ്പിക്കുന്ന രീതി ഭരണകൂടങ്ങൾ പിന്തുടരുന്നത് നന്നല്ല. പക്ഷെ വോട്ടിന്റെ കാര്യം വരുമ്പോൾ ഏത് തരികിടയ്ക്കും ഭരണകർത്താക്കൾ തയ്യാറാവുകയാണിപ്പോൾ.

വയനാട് പുനരധിവാസം ക്യൂവിലാണ് 

മുണ്ടക്കൈചൂരൽമല പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ടം ഫെബ്രുവരി 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. അന്നത്തെ പരിപാടി മാറ്റി. പുതിയ തിയതി മാർച്ച് ഒന്നാണ്. കൈ വിരലിൽ എണ്ണാവുന്ന ദിവസത്തിനുള്ളിൽ പരസ്യത്തിനായുള്ള സ്‌കോപ്പിനുവേണ്ടിയാണ് ഉദ്ഘാടനച്ചടങ്ങ് മാറ്റിയെങ്കിലും വീടുകൾ പതിച്ചു കിട്ടിയാലും ഉടനെയൊന്നും അവിടെ ദുരിത ബാധിതർക്ക്  താമസം തുടങ്ങാനാവില്ല.

കാരണം അപ്രോച്ച് റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവയൊന്നും നിർദ്ദിഷ്ട ടൗൺഷിപ്പിലേയ്‌ക്കെത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ദുരിതബാധിതർക്ക് പുതിയതായി 178 വീടുകളുടെ താക്കോൽ ദാനം നടത്തുമെന്നു പറഞ്ഞിട്ടുണ്ട്. മൊത്തം 327 ഗുണഭോക്താക്കൾ സർക്കാർ പട്ടികയിലുണ്ട്. പക്ഷെ അവർക്കെല്ലാം മഴക്കാലത്തിനു മുമ്പ് പുതിയ വീട് കിട്ടുമോയെന്നു സംശയിക്കണം. അതായത് ഈ സർക്കാർ ഉദ്ഘാടനം ചെയ്യും പദ്ധതി പൂർത്തിയാക്കേണ്ടത് അടുത്ത സർക്കാരായിരിക്കുമെന്നു ചുരുക്കം. 

പുതിയ സർക്കാരിന് കഴിയാവുന്നത്ര ബാധ്യത വരുത്തിവയ്ക്കാൻ ഇപ്പോഴത്തെ ധനവകുപ്പ് പോലും ശ്രദ്ധിക്കുന്നുണ്ട്. ഉദാഹരണമായി ജീവനക്കാർക്ക് നേരിട്ട് സർക്കാർ ഭവന വായ്പ അനുവദിച്ചിരുന്നത് ഇടതുഭരണകൂടം. കാരണം പറയാതെ നിർത്തിവയ്ക്കുകയുണ്ടായി. പകരം ബാങ്ക് വഴി വായ്പയെടുത്താൽ സർക്കാർ 3.25% സബ്‌സിഡി നൽകുമെന്നു പറഞ്ഞിരുന്നു. ഒന്നും നടന്നില്ല. ഇപ്പോൾ ജീവനക്കാർക്ക് ഭവനവായ്പ സർക്കാർ നേരിട്ട് നൽകാൻ തീരുമാനിച്ചതായി പത്രക്കുറിപ്പിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചമാണെന്നു പറഞ്ഞ ധനമന്ത്രി ഫെബ്രുവരിയിൽ തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.

വല്യേട്ടന്റെ ചവിട്ടും വോട്ടർമാരുടെ കുത്തും

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ.യുടെ ഗതിയെന്തായിരിക്കും? ഒട്ടും ശോഭനമല്ലെന്നാണ് ഇലക്ഷൻ നിരീക്ഷകരുടെ പ്രവചനങ്ങൾ. സി.പി.എം.ന്റെയും സി.പി.ഐ.യുടെയും അണികൾ തമ്മിൽ ഇപ്പോൾ പ്രാദേശികമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. സി.പി.എം.ലെ പുത്തൻ പണക്കാരായ പിണറായി പക്ഷ നേതാക്കൾ ഈ തെരഞ്ഞെടുപ്പിൽ സി.പി.ഐയോട് പക തീർത്തേക്കാം. പി.എം. ശ്രീയിലും സി.പി.ഐ. നല്ല പിള്ള ചമഞ്ഞത് പിണറായിയും മറന്നിട്ടില്ല. മാത്രമല്ല, സി.പി.ഐ.യുടെ വകുപ്പുകളിൽ പോലും മുഖ്യമന്ത്രിയുടെ ഓഫീസും ധനവകുപ്പും നടത്തിയ കടന്നുകയറ്റങ്ങൾ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തെ പോലും പ്രകോപിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റിലാണ് സി.പി.എം. മൽസരിച്ചത്. ഇത്തവണ സി.പി.ഐ.യിലെ 4 മന്ത്രിമാരും മൽസരിക്കാനാണ് സാധ്യത. മൂന്ന് വട്ടം മൽസരിച്ചവർ മാറിനിൽക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടാൽ 6 എം.എൽ.ഏ.മാർക്ക് സീറ്റുണ്ടാവില്ല. ഇവരിൽ പുനലൂർ എം.എൽ.എ. എസ്. സുപാലിന് ഒരു അവസരം കൂടി നൽകണമെന്ന അഭിപ്രായം ചില നേതാക്കൾക്കുണ്ട്. ഇ.ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), ചിറ്റയം ഗോപകുമാർ (അടൂർ), ഈ.കെ.വിജയൻ (നാദാപുരം), വി.ശശി (ചിറയിൻകീഴ്), ജി.എസ്. ജയലാൽ (ചാത്തന്നൂർ) എന്നിവരാണ് സുപാലിനെ ഒഴിച്ച് 3 ടേം പൂർത്തിയാക്കിയവർ. കൃഷി, റവന്യൂ, മൃഗസംരക്ഷണം, ഭക്ഷ്യം എന്നീ വകുപ്പുകളെയെല്ലാം ജനം പ്‌രാകിക്കൊണ്ടിരിക്കുന്ന വകുപ്പുകളാണ്.

പട്ടയ വിതരണത്തിന്റെ പേരിൽ റവന്യൂ വകുപ്പും, കൃത്യമായി പക്ഷിപ്പനി ഓരോ സീസണിനു മുമ്പും പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം കണ്ടുപിടിക്കാത്ത മൃഗസംരക്ഷണ വകുപ്പും, നെല്ല് സംഭരണം കുളമാക്കിയ ഭക്ഷ്യകൃഷി വകുപ്പുകളുമെല്ലാം സി.പി.ഐ.യ്ക്ക് ദുഷ്‌പ്പേരേ ഉണ്ടാക്കിയിട്ടുള്ളൂ. കുട്ടനാട് പാക്കേജ് സംബന്ധിച്ച പദ്ധതിയിൽ നിന്നുപോലും കൃഷിവകുപ്പിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പുറത്താക്കിയത് വിവാദത്തിലാണ്. ഏറെ പഴി കേൾക്കുന്ന സപ്ലൈകോയുടെ കണക്കുകൾ 2022 മുതൽ ഓഡിറ്റ് ചെയ്യാത്തത് മൂലം കേന്ദ്രഫണ്ട് തടഞ്ഞുവച്ചിട്ടുള്ളതും സി.പി.ഐ.യെ കുഴപ്പത്തിലാക്കി. പറവൂരിൽ പ്രതിപക്ഷ നേതാവിന് തോൽപ്പിക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയെ ഓരോ തെരഞ്ഞെടുപ്പിലും നൽകിക്കൊണ്ടിരിക്കുന്ന സി.പി.ഐ.യിൽ നിന്ന് ആ സീറ്റ് പിടിച്ചെടുക്കാൻ സി.പി.എം.ന്റെ  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതെല്ലാം സൂചിപ്പിക്കുന്നത് വരുന്ന തെരഞ്ഞെടുപ്പിൽ സി.പി. ഐ.യുടെ പ്രകടനം മെച്ചപ്പെടില്ലെന്നു തന്നെയാണ്.

ഏഷ്യാനെറ്റും മനോരമയും പ്രതിപക്ഷവും

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഏഷ്യാനെറ്റിനെ പരസ്യമായി വെല്ലുവിളിക്കുന്നത് നാം ചാനലുകളിൽ കണ്ടു. ആരോഗ്യവകുപ്പിലെ സിസ്റ്റം തകരാറിലാണെന്ന് വരുത്തിത്തീർക്കാൻ ഏഷ്യാനെറ്റ് ഏറെ പാടുപെടുന്നുണ്ടെന്നാണ് വീണയുടെ കണ്ടെത്തൽ. വീണയായാലും ദിവ്യയായാലും ആര്യയായാലും മുഖ്യമന്ത്രി അവരെയെല്ലാം നല്ലപോലെ സംരക്ഷിക്കും. പയ്യന്നൂർ ഫണ്ട് വിവാദത്തിൽ പാർട്ടി ആകെ പുകഞ്ഞു നിൽക്കേ സി.പി.എം.ന്റെ രാഷ്ട്രീയത്തടവുകാർക്ക് കഴിയാവുന്നതിലധികം പരോൾ അനുവദിക്കാൻ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് സന്നദ്ധരാണ്. ഈ നടപടികളെ എതിർക്കുന്നവരെ കണ്ട മട്ട് നടിക്കുന്നില്ല പിണറായി. വിവാദനായിക പി.പി. ദിവ്യയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിക്കഴിഞ്ഞു.

മാധ്യമ രംഗത്തെ രണ്ട് നമ്പർ വൺ സ്ഥാനക്കാരാണ് പിണറായി ഭരണകൂടത്തെ നഖശിഖാന്തം എതിർക്കുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നു തിരിച്ചറിയുന്ന മാധ്യമങ്ങൾ എപ്പോഴും പ്രതിപക്ഷത്തേയ്ക്ക് ചായാറുണ്ട്. ഉമ്മൻചാണ്ടിയെ മനഃപൂർവം കുടുക്കിയ സോളാർ കേസ് പ്രമേയമാക്കി ഒരു സിനിമ കൂടി ഇലക്ഷൻ കാലത്ത് റിലീസ് ചെയ്യുന്നുണ്ട്. ബാലചന്ദ്ര മേനോൻ, നിവിൻപോളി, ഷറഫുദീൻ തുടങ്ങിയവരാണ് താരങ്ങൾ. സി.പി.എം. ചതിച്ച നേതാവെന്ന നിലയിലായിരിക്കും ഉമ്മൻചാണ്ടിയെ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സോളാർ നായിക സരിതയും, സരിതയെ ഇതിനായി ഉപയോഗിച്ച മന്ത്രിയുമെല്ലാം കഥാപാത്രങ്ങളായി സിനിമയിലെത്താം.

ഷറഫുദീനാണ് ഈ സിനിമയിലെ വില്ലൻ. പത്രങ്ങളും ചാനലുകളും സിനിമയുമെല്ലാം ചേർന്ന് നിയമസഭാ ഇലക്ഷൻ ഒരു തമിഴ് കച്ചവട സിനിമ പോലെ മസാലമയമായേക്കാം. കിക്ക് ആകാൻ ഇതൊന്നും പോരെങ്കിൽ, സർക്കാർ വക ബെസ്റ്റ് ബ്രാൻഡിയായ മിന്നൽ മാജിക്ക് വാങ്ങുക. ബാറുകളുടെ സമയം രാത്രി 12 മണിവരെ നീട്ടിയത് വെറുതെയല്ല. ഉൽസവ വെടിക്കെട്ടുകളെല്ലാം 12 മണി കഴിഞ്ഞല്ലേ പൊടിപൊടിച്ച് നടത്തുക? എല്ലാം ടൂറിസ്റ്റുകളുടെ പേരിലാണത്രെ. പാവം ടൂറിസ്റ്റുകൾ, അല്ലേ?    

അടുത്ത ലക്കം ആഴ്ച്ചക്കുറിപ്പിന്റെ പേര്  കേരള വിൻഡോ, എന്നതിന് പകരം കേരളം വിൻഡോ എന്നാക്കേണ്ടിവരുമത്രെ. മോദിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥിൽ വച്ച് കേരളത്തിനായി പിഎം ഒപ്പിട്ട ആദ്യ ഫയലാണത്രെ ഇത്. കേരം തമിഴ്‌നാട്ടിൽ എത്തിക്കഴിഞ്ഞപ്പോഴാണ്, ഇവിടെ കേരം കൊണ്ട് പുതിയ പ്രതിച്ഛായ സൃഷ്ടിക്കാൻ നാമൊരുങ്ങുന്നത്. പേപ്പട്ടി, കാട്ടുപന്നി, കാട്ടാന, ഗുണ്ട, മദ്യം, മയക്കുമരുന്ന്, തുടങ്ങിയ പദങ്ങളുമായി കൂട്ടിച്ചേർത്ത് ഒരു സൊയമ്പൻ പേരിടാൻ എക്‌സൈസ് വകുപ്പിന് സെക്കൻഡുകൾ പോരെ? വേണമെങ്കിൽ പുതിയ പേരിനായി ഒരു മത്സരവും നടത്താം. പിആർ വർക്ക് ആ വഴിക്കൊന്ന് അടിപൊളിയാക്കണം, മിനിസ്റ്ററും മിസ്റ്ററുമായ എം.ബി. രാജേഷേ....

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam