അദ്ധ്യാത്മികതയുടെ വഴിത്താരയിലൂടെ കഴിഞ്ഞ 50 വർഷക്കാലമായി പ:സഭയെ ശുശ്രൂഷിച്ചുവരുന്ന ഈ വൈദിക ശ്രേഷ്ഠന്റെ പൗരോഹിത്വ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന സുവർണ്ണാവസരത്തിൽ തന്നെ ബ: അച്ചന്റെ തികഞ്ഞ അർപ്പണ ബോധത്തിനും നിസ്തുലമായ സഭാ സേവനത്തിനുമുള്ള ഒരംഗീകാരമെന്ന നിലയിൽ 2026 മേയ് 23 (ശനിയാഴ്ച) ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ വച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്ത തിരുമനസ്സുകൊണ്ട് പൗരോഹിത്വത്തിന്റെ ഉന്നത പദവിയായ കോർ എപ്പിസ്കോപ്പ സ്ഥാനം നൽകി ആദരിക്കുന്നു.
കണ്ടനാട് ഭദ്രാസനത്തിൽപ്പെട്ട പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ഇടവകയിൽ എരമത്ത് മത്തായി-കുഞ്ഞമ്മ ദമ്പതികളുടെ മൂത്തമകനായി 1948ൽ ജനിച്ചു. വിവാഹം കഴിഞ്ഞ് 24 വർഷമായിട്ടും തങ്ങൾക്ക് മക്കളില്ലായെന്ന ദുഃഖത്തിൽ ആയിരുന്നു മത്തായി-കുഞ്ഞമ്മ ദമ്പതികൾ. തങ്ങളുടെ ജീവിതത്തിലെ ആ ദുഃഖം മനസ്സിൽ പേറി പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന കാലത്ത് മലങ്കരയിൽ സന്ദർശനം നടത്തിയ പ: ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവാ പുത്തൻകുരിശ് ദേവാലയത്തിൽ ഒരാഴ്ചക്കാലം താമസിച്ച വേളയിൽ, പ:ബാവയോട് ഏറെ സങ്കടപൂർവ്വം തങ്ങളുടെ ദുഃഖം പങ്കുവെക്കുകയും ബാവാ തലയിൽ കൈവച്ച് പ്രാർത്ഥിച്ച് ദൈവം നിങ്ങൾക്ക് ഒരു കുഞ്ഞിനെ തരുമെന്ന് പറഞ്ഞ് അനുഗ്രഹിച്ച് പറഞ്ഞയക്കുകയും ചെയ്തു.
ദൈവത്തിൽ ആശ്രയിച്ച ദമ്പതികൾ, തങ്ങൾക്ക് ജനിക്കുന്ന കുഞ്ഞ് ആണാണെങ്കിൽ അവനെ ദൈവവേലക്കായി സമർപ്പിക്കുമെന്ന് നേർച്ച നേരുകയും ചെയ്തു. അധികം വൈകാതെ ആ ദമ്പതികൾക്ക് തങ്ങളുടെ കടിഞ്ഞൂൽ മകനായി ഏലിയാസ് ജനിച്ചു. മഞ്ഞിനിക്കര ദയറായിൽ മോർ യൂലിയോസ് ബാവയാൽ വി:മാമോദീസ ഏൽക്കുവാൻ ഭാഗ്യം ലഭിച്ച ഏലിയാസ് വളരെ ചെറുപ്പം മുതൽ തന്നെ വീടിനോട് വളരെ അടുത്തുള്ള പുത്തൻകുരിശ് ദേവാലയത്തിലെ ശുശ്രൂഷകളിൽ വ്യാപൃതനായി.
1966 ജൂൺ 13-ാം തീയതി കണ്ടനാട് ഭദ്രാസന മെത്രാപോലീത്താ ആയിരുന്ന അഭിവന്ദ്യ പൗലോസ് മോർ പീലക്സിനോസ് മെത്രാപോലീത്തായാൽ (മലങ്കര സഭയുടെ പ്രകാശ ഗോപുരമായിരുന്ന കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്കാബാവാ) പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ദേവായത്തിൽ വെച്ച് വൈദിക വൃത്തിയുടെ ആദ്യപടിയായ ശെമ്മാശ്ശ പട്ടം സ്വീകരിച്ച്, സഭാ ശുശ്രൂഷകളിൽ പൂർണ്ണ സമയ സേവകനായി. 7 വർഷക്കാലം ശ്രേഷ്ഠ പിതാവിനോടൊപ്പം മൂവാറ്റുപുഴയിലും പിറമാടത്തുമായി ഒരുമിച്ച് താമസിക്കുന്നതിനുള്ള അവസരവും ലഭിച്ചു.
മഞ്ഞിനിക്കര ദയറായിൽ നിന്നും വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാ. എരമത്ത് മലയാള ഭാഷയിൽ ഡിഗ്രി സമ്പാദിച്ച ശേഷം, 1975ൽ എറണാകുളം ജില്ലയിലെ വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിൽ അദ്ധ്യാപകനായി. 1976 ഫെബ്രുവരി 15 ന് വിവാഹിതനായ അദ്ദേഹം അതേ വർഷം മേയ് 22ന് മൂവാറ്റുപുഴ അരമയിൽ വെച്ച് ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായിൽ നിന്നും കശ്ശീശാ പട്ടവും സ്വീകരിച്ചു.
ബ: അച്ചന്റെ 5-ാംപട്ടം (ഇനദിയാക്കോനൊ) ഭാഗ്യസ്മരണാർഹനായ കാലം ചെയ്ത പെരുമ്പിള്ളി മോർ ഗ്രിഗോറിയോസ് മെത്രാപോലീത്തായുടെ ആദ്യപട്ടം കൊട ശുശ്രൂഷയോടനുബന്ധിച്ചുള്ള ചടങ്ങിലാണ് നിർവഹിക്കപ്പെട്ടതെന്നുള്ളതും ഒരു ദൈവഹിതമായി കരുതുന്നു. (തിരുമേനിയുടെ ഹൈസ്കൂൾ വിദ്യാർത്ഥി കൂടിയായിരുന്നു ബ:അച്ചൻ). പൂർണ്ണ ശെമ്മാശ്ശപട്ടം (മ്ശംശോനോ) അഭിവന്ദ്യ തോമസ് മോർ ദിവന്യാസ്യോസ് തിരുമേനിയാൽ (കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബാവ) നൽകപ്പെട്ടുവെന്നതും അനുഗ്രഹകരമാണ്.
തുടർന്ന് സെന്റ് മേരീസ് ചർച്ച് പൂതൃക്ക, സെന്റ് മേരീസ് ചർച്ച് വരിക്കോലി, സെന്റ് ജോർജ് ചർച്ച് കുന്നപ്പിള്ളി, സെന്റ് ജോൺസ് ചർച്ച് ഞാറക്കാട്, സെന്റ് ജോർജ് ചർച്ച് പാങ്കോട്, മലേക്കുരിശ് ദയറാ പള്ളി എന്നിവിടങ്ങളിൽ വൈദീക സേവനമനുഷ്ഠിച്ചു. കുന്നപ്പിള്ളിയിലേയും പാങ്കോടിയിലേയും ചാപ്പലുകൾ വലിയ ദേവാലയങ്ങളായി പടുത്തുയർത്തുവാൻ നേതൃത്വം നൽകുവാൻ ബ:അച്ചൻ സേവനകാലഘട്ടത്തിൽ സാധിച്ചുവെന്നുള്ളത് ബ:അച്ചന്റെ അർപ്പണ മനോഭാവത്തിന്റേയും അശ്രാന്ത പരിശ്രമത്തിന്റേയും മകുടോദാഹരണാണ്.
നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് (1986) കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബ:അച്ചൻ അമേരിക്കയുടെ മണ്ണിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്നതിനും അവ വരും തലമുറക്ക് പകർന്ന് കൊടുക്കുന്നതിനുമായി അശ്രാന്ത പരിശ്രമം നടത്തിയ പ്രമുഖരായ വൈദീകരിൽ ഒരാളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സെന്റ് ജോൺസ് ചർച്ച് സ്റ്റാറ്റൻ ഐലന്റ്, സെന്റ് മേരീസ് ചർച്ച് വൈറ്റ് പ്ലെയിൻസ്, ന്യൂയോർക്ക്, സെന്റ് ജോർജ് ചർച്ച്, ന്യൂജേഴ്സി എന്നീ ദേവാലയങ്ങളിലെ ശുശ്രൂഷകൾക്ക് ശേഷം 1991 മുതൽ നീണ്ട 19 വർഷക്കാലം (2010വരെ) ഡാളസ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ വികാരിയായി സ്തുത്യർഹമാം വിധം സേവനമനുഷ്ഠിച്ചു.
1991 കാലഘട്ടത്തിൽ 40 കുടുംബങ്ങൾ മാത്രം അംഗങ്ങളായുണ്ടായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിന്റെ പടിപടിയായുള്ള വളർച്ചയുടെ പിന്നിൽ ബ:അച്ചന്റെ സേവന കാലഘട്ടത്തിലെ നേതൃത്വ പാടവവും അശ്രാന്ത പരിശ്രമവും വിസ്മരിക്കാനാവാത്ത ഒരു ഘടകമാണെന്നുള്ളത് ഇത്തരണത്തിൽ പ്രസ്താവ്യമാണ്. തുടർന്ന് മെസ്ക്കീറ്റ് മോർ ഗ്രിഗോറിയോസ് ദേവാലയം, സെന്റ് മേരീസ് ചർച്ച് കരോൾട്ടൻ, സെന്റ് ജോർജ് ചർച്ച് ഓസ്റ്റിൻ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.
2008ൽ അമേരിക്കൻ അതിഭദ്രാസനത്തിലെ സീനിയർ വൈദീകരായവർക്ക് അവരുടെ സേവനത്തിനുള്ള അംഗീകാരമെന്ന നിലയിൽ കോർ എപ്പിസ്കോപ്പ സ്ഥാനം നൽകി ആദരിക്കുന്നതിനായി പാ:പാത്രിയർക്കീസ് ബാവായിൽ നിന്നും അയച്ചതായ കല്പനയിൽ ബ:അച്ചന്റെ പേര് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിലും ഈ ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധചിച്ചു അതു സാധ്യമാകുന്നു എന്നുള്ളത് ഏറെ അനുഗ്രഹപ്രദമാണ്.
തുരുത്തേൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പായുടെ മകളായ ഏലിസബേത്താണ് ഭാര്യ.
മക്കൾ: ബിനു (ഫിസിയോ തെറാപ്പിസ്റ്റ്), ജോർജ് (അഡ്മിനിസ്ട്രേറ്റർ, എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് - തിയോളജിക്കൽ മാസ്റ്റേഴ്സ് ബിരുദധാരി).
മരുമക്കൾ: രമ്യ (ഫിസിയോതെറാപ്പിസ്റ്റ്), ഷേർളി (ഫാമിലി മെഡിസൻ, ഫിസിഷ്യൻ).
കൊച്ചുമക്കൾ: നോയൽ, ഇസബേൽ, ഇമ്മാനുവേൽ, അബീഗയിൽ, ക്ലോയി.
സഹോദരങ്ങൾ: തോമസ്, യാക്കോബ്.
പൗരോഹിത്വത്തിന്റെ മഹോന്നത പദവിയിൽ 60 വർഷക്കാലം (1966 - 2026) പൂർത്തീകരിച്ച തന്റേയും അമേരിക്കൻ അതിഭദ്രാസനത്തിലെ 40 വർഷക്കാലത്തെ സേവനം പൂർത്തീകരിച്ചതിന്റേയും 50-ാം വിവാഹ വാർഷികത്തിന്റേയും സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ സുവർണ്ണാവസരത്തിൽ ബ:അച്ചന്റെ മികവുറ്റ സേവനത്തിനും കറയില്ലാത്ത സഭാ സ്നേഹത്തിനുമുള്ള അംഗീകാരമെന്ന നിലയിൽ ബ:അച്ചന് കോർ എപ്പിസ്കോപ്പാ സ്ഥാനം നൽകി ആദരിക്കുന്നത് ഏറെ സന്തോഷകരമാണെന്നും തുടർന്നുള്ള അച്ചന്റെ സേവനത്തിനും പ്രവർത്തനത്തിനുമായി സർവ്വശക്തനായ ദൈവം എല്ലാവിധ ആയുരോരോഗ്യ സൗഖ്യങ്ങളും പ്രദാനം ചെയ്യട്ടേയെന്ന് പ്രാർത്ഥിക്കുന്നതായും അഭിവന്ദ്യ ഇടവക മെത്രാപോലീത്താ കല്പനയിലൂടെ ഉദ്ബോധിപ്പിച്ചു.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
