ഇന്ത്യയില്‍ 'കുബേര' കുതിപ്പ്: ചരിത്രത്തിലാദ്യമായി ശതകോടീശ്വരന്മാരുടെ ആസ്തി ഒരു ലക്ഷം കോടി ഡോളര്‍ കടന്നു!

MAY 22, 2026, 6:56 AM

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് ഇപ്പോള്‍ പണക്കിലുക്കത്തിന്റെ പൂരം തന്നെയെന്ന് പറയാം. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആസ്തി വര്‍ദ്ധനവിനാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഫോബ്സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി ഡോളര്‍ എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍ ഏകദേശം 97.5 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 94,100 കോടി ഡോളറായിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് നിലവില്‍ ആകെ 229 ശതകോടീശ്വരന്മാരാണുള്ളത്.

സിംഹാസനം വിടാതെ അംബാനി

രാജ്യത്തെ ഏറ്റവും വലിയ ധനികനെന്ന പദവി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി തന്നെ നിലനിര്‍ത്തി. 9,970 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനി തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്. സാവിത്രി ജിന്‍ഡാലും കുടുംബവും മൂന്നാമതും ലക്ഷ്മി മിത്തല്‍ നാലാമതുമാണ്.

എന്നാല്‍ മുന്‍നിരയിലുള്ള പത്ത് കോടീശ്വരന്മാരില്‍ ഒന്‍പത് പേരുടെയും സമ്പത്ത് വര്‍ദ്ധിച്ചപ്പോള്‍ എച്ച്.സി.എല്‍ സ്ഥാപകന്‍ ശിവ് നാടാറിന് മാത്രം ഇത്തവണ തിരിച്ചടിയുണ്ടായി. അഞ്ചാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 3,450 കോടി ഡോളറില്‍ നിന്നും 3,090 കോടി ഡോളറായി കുറഞ്ഞു.

ഒരു വര്‍ഷത്തിനിടെ ഏറ്റവും വലിയ വളര്‍ച്ച നേടിയവര്‍

ലക്ഷ്മി മിത്തല്‍: 61.5% വര്‍ദ്ധനവ് (പട്ടികയില്‍ ഒന്നാമത്)

ജോയ് ആലൂക്കാസ്: 57.6% വര്‍ദ്ധനവ് (രണ്ടാം സ്ഥാനം)

അല്‍പന ഡാംഗി: 57.1% വര്‍ദ്ധനവ് (മൂന്നാം സ്ഥാനം)

കൂടാതെ പോളികാബ് ഗ്രൂപ്പിന്റെ ഇന്ദര്‍ ജെയ്സിംഘാനി, രമേഷ് ജെയ്സിംഘാനി, അജയ് ജെയ്സിംഘാനി എന്നിവരും 56.3% സാമ്പത്തിക വളര്‍ച്ചയോടെ തൊട്ടുപിന്നിലുണ്ട്. എന്നാല്‍ വിപണിയിലെ എല്ലാ ചലനങ്ങളും എല്ലാവര്‍ക്കും അനുകൂലമാകണമെന്നില്ല. പത്ത് പ്രമുഖ ശതകോടീശ്വരന്മാര്‍ക്ക് ഇത്തവണ വലിയ രീതിയില്‍ ആസ്തി നഷ്ടപ്പെടുകയുണ്ടായി.

രവി മോദി (മാന്യവര്‍ ഗ്രൂപ്പ്): ഇത്തവണ ഏറ്റവും കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വന്നത് ഇദ്ദേഹത്തിനാണ്; 43.5% ആസ്തിയാണ് ഇടിഞ്ഞത്. മാതൃ കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ വിറ്റഴിച്ചതാണ് ഇതിന് പ്രധാന കാരണം.

ആചാര്യ ബാലകൃഷ്ണ (പതഞ്ജലി): പതഞ്ജലി ഫുഡ്സിനോടുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയിലുണ്ടായ കുറവ് കാരണം നഷ്ടത്തിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇദ്ദേഹം.

രാധേ ശ്യാം അഗര്‍വാള്‍ (ഇമാമി): അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കമ്പനിയുടെ ലാഭത്തെ ബാധിച്ചതാണ് ഇദ്ദേഹത്തിന് തിരിച്ചടിയായത്.

വിപണി ഭരിക്കുന്ന 'വനിതാ കരുത്ത്'

ഫോബ്സ് പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 21 വനിതാ ശതകോടീശ്വരന്മാരും ഇടംപിടിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബിസിനസ്സ് രംഗത്ത് വനിതകളുടെ സ്വാധീനം വര്‍ദ്ധിക്കുന്നതിന്റെ തെളിവാണിത്.
വനിതാ കോടീശ്വരന്മാര്‍
1. സാവിത്രി ജിന്‍ഡാല്‍ (രാജ്യത്ത് ഒന്നാമത്)
2. രേഖ ജുന്‍ജുന്‍വാല
3. രേണുക ജഗതിയാനി
4. സ്മിത കൃഷ്ണ ഗോദ്‌റെജ്
5. ഫാല്‍ഗുനി നായര്‍ (നൈക)

പണം ഒഴുകുന്നത് എങ്ങോട്ട്?

ഇന്ത്യന്‍ കോടീശ്വരന്മാരുടെ സമ്പത്ത് ഏതെല്ലാം മേഖലകളിലാണ് കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് പരിശോധിച്ചാല്‍ ഹെല്‍ത്ത് കെയര്‍ തന്നെയാണ് മുന്നില്‍.

ഹെല്‍ത്ത് കെയര്‍ (ആരോഗ്യ പരിപാലനം): 16,970 കോടി ഡോളര്‍

മാനുഫാക്ചറിങ് (ഉത്പാദനം): 9,860 കോടി ഡോളര്‍

മെറ്റല്‍സ് & മൈനിങ് (ലോഹ-ഖനനം): 7,470 കോടി ഡോളര്‍

ടെക്നോളജി (സാങ്കേതികവിദ്യ): 6,920 കോടി ഡോളര്‍

ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് (നിക്ഷേപം): 6,120 കോടി ഡോളര്‍

ടെലികോം, മാധ്യമം, ഊര്‍ജ്ജം, വിനോദസഞ്ചാരം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് നിലവില്‍ ഏറ്റവും കുറഞ്ഞ ആസ്തിയുള്ളത്.

സ്റ്റാര്‍ട്ടപ്പുകളിലൂടെ വിപ്ലവം സൃഷ്ടിക്കുന്ന 'യുവതുര്‍ക്കികള്‍'

ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഏറ്റവും ആവേശകരമായ വശം 45 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരുടെ സാന്നിധ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിന്‍ടെക്, എഡ്ടെക്, ഇ-കോമേഴ്സ് തുടങ്ങിയ ആധുനിക മേഖലകളിലൂടെയാണ് ഇവര്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയത്.

അരവിന്ദ് ശ്രീനിവാസ് (31 വയസ്സ്): പെര്‍പ്ലെക്സിറ്റി എഐ എന്ന പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ഇദ്ദേഹമാണ് 210 കോടി ഡോളര്‍ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍.

നിഖില്‍ കാമത്ത് (39 വയസ്സ്): ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമായ സിറോദയുടെ അമരക്കാരന്‍. ആസ്തി: 330 കോടി ഡോളര്‍.

പ്രസന്ന ശങ്കര്‍ (37 വയസ്സ്): റിപ്ലിങ് സഹസ്ഥാപകന്‍. ആസ്തി: 150 കോടി ഡോളര്‍.

ദീപീന്ദര്‍ ഗോയല്‍ (43 വയസ്സ്): ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമന്മാരായ സൊമാറ്റോയുടെ സ്ഥാപകന്‍. ആസ്തി: 140 കോടി ഡോളര്‍.

ബിന്നി ബന്‍സാല്‍ (43), സച്ചിന്‍ ബന്‍സാല്‍ (44): ഫ്‌ലിപ്കാര്‍ട്ടിന്റെ മുന്‍സാരഥികള്‍. യഥാക്രമം 140 കോടി, 120 കോടി ഡോളര്‍ ആസ്തി.

അലഖ് പാണ്ഡെ (33), പ്രതീക് ബൂബിന്‍ (37): പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ഫിസിക്സ്വാലയുടെ സ്ഥാപകര്‍. ഇരുവരുടെയും സംയുക്ത ആസ്തി 100 കോടി ഡോളറാണ്.

പരമ്പരാഗത വ്യവസായങ്ങള്‍ക്കൊപ്പം തന്നെ സാങ്കേതിക വിദ്യയുടെ കരുത്തില്‍ വളരുന്ന പുതിയ തലമുറയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ആഗോളതലത്തില്‍ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam