ലണ്ടൻ: റസ്റ്റോറന്റുകളിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അതിൽ നിന്ന് മുടിയിഴ കിട്ടിയാൽ നമ്മളൊക്കെ സാധാരണയായി ജീവനക്കാരോട് പരാതിപ്പെടാറുണ്ട്. എന്നാൽ, കഴിച്ച ഭക്ഷണത്തിന് പണം നൽകാതിരിക്കാനും സൗജന്യമായി മറ്റൊരു വിഭവം തട്ടിയെടുക്കാനുമായി സ്വന്തം തലമുടി മനഃപൂർവ്വം ഭക്ഷണത്തിലിട്ട ഒരു സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ യുകെയിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. യുകെയിലെ 'ദി വൂൾപാക്ക്' എന്ന പ്രശസ്തമായ റെസ്റ്റോറന്റിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്.
റെസ്റ്റോറന്റ് അധികൃതർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളിലാണ് സ്ത്രീയുടെ ഈ തട്ടിപ്പ് വ്യക്തമായി പതിഞ്ഞിരിക്കുന്നത്.കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീ, പകുതി കഴിച്ചുതീർത്ത ഭക്ഷണത്തിലേക്ക് സ്വന്തം തലയിൽ നിന്ന് മുടി പറിച്ചെടുത്ത് ഇടുന്നത് ദൃശ്യങ്ങളിൽ കാണാം.
മുടി ഭക്ഷണത്തിലേക്ക് ഇട്ട ശേഷം ആരും കാണാതിരിക്കാൻ സ്പൂൺ ഉപയോഗിച്ച് അത് നന്നായി ഇളക്കി ചേർക്കുകയും ചെയ്തു.തുടർന്ന് വെയ്റ്ററെ വിളിച്ച് ഭക്ഷണത്തിൽ മുടിയിരിക്കുന്നു എന്ന് പരാതിപ്പെടുകയും ഇതിന് പകരം മറ്റൊരു വിഭവം ആവശ്യപ്പെടുകയും ചെയ്തു.
'മാക്രോണി ചീസ്' എന്ന വിഭവത്തിലാണ് മുടി കണ്ടെത്തിയതെന്ന് കുടുംബത്തിലെ മുതിർന്ന വ്യക്തി ജീവനക്കാരോട് പരാതിപ്പെട്ടത്. ജീവനക്കാർ ഉടൻ തന്നെ ആ പ്ലേറ്റ് മാറ്റുകയും അവർ ആവശ്യപ്പെട്ടതനുസരിച്ച് പുതിയൊരു വിഭവം ഷെഫിനെക്കൊണ്ട് പുതുതായി തയ്യാറാക്കി നൽകുകയും ചെയ്തു. എന്നാൽ, ഓർഡർ ചെയ്ത ആദ്യത്തെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും കുട്ടി നേരത്തെ തന്നെ കഴിച്ചുതീർത്തിരുന്നതിനാൽ, പകരം നൽകിയ പുതിയ വിഭവം ഇവർ കഴിക്കാതെ വീട്ടിലേക്ക് കൊണ്ടുപോകാനായി പാർസൽ വാങ്ങി മുങ്ങുകയായിരുന്നു.
കുടുംബം പോയതിനു ശേഷം സംശയം തോന്നി റെസ്റ്റോറന്റ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഭക്ഷണത്തിൽ നിന്ന് കിട്ടിയ മുടിയുടെ യഥാർത്ഥ ഉറവിടം സ്വന്തം തലമുടി തന്നെയാണെന്ന് കണ്ടെത്തിയത്."ഞങ്ങളുടെ കഠിനാധ്വാനികളായ ജീവനക്കാരെയും ഷെഫിനെയും ചതിക്കാൻ വേണ്ടിയാണ് അവർ ഇത് ചെയ്തത്. സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളത്തരം ബോധ്യപ്പെട്ടത്," റെസ്റ്റോറന്റ് അധികൃതർ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വ്യാപകമായ ഷെയറുകളും പ്രതികരണങ്ങളുമാണ് ഈ സിസിടിവി വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. റസ്റ്റോറന്റുകളെ ഇത്തരം വ്യാജ പരാതികളിലൂടെ പറ്റിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ സംഭവമെന്ന് നെറ്റിസൺസ് പ്രതികരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
