കോട്ടയം: അമേരിക്കൻ മലയാളികൾ കേരളത്തിലേയ്ക്ക് അയയ്ക്കുന്ന പണം ഈ നാടിന്റെ സമസ്ത മേഖലയിലും ഉണ്ടാക്കിയ മാറ്റം അത്ഭുതകരമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രസ്താവിച്ചു. ഫോമായുടെ 9-ാം കേരളാ കൺവൻഷന്റെ കോട്ടയത്തെ സമാപന സമ്മേളനം വിൻഡ്‌സർ കാസിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ അനുഭവ പരിജ്ഞാനവും സ്‌നേഹസംഭാവനകളും രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമ്മേളനത്തിന് എത്തിയ വിശിഷ്ടാതിഥികളെ ചെണ്ടമേളം മാർഗം കളി എന്നിവ അണിനിരന്ന ഘോഷയാത്രയുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ചത്.
അമേരിക്കയിൽ ആറുതവണ എത്തിയിട്ടുള്ള തനിക്ക് ആ രാജ്യത്തെ മലയാളികളുമായി ഹൃദയബന്ധമുണ്ടെന്ന് കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരൻ തമ്പി പറഞ്ഞു.
കൺവൻഷനിൽ കീനോട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഏകദേശം 3500 പാട്ടുകൾ എഴുതിയ തനിക്ക് മതമില്ലെന്നും ക്രൈസ്തവ പാട്ടെഴുതുമ്പോൾ ക്രിസ്ത്യാനിയും ഹൈന്ദവ പാട്ടെഴുതുമ്പോൾ ഹിന്ദുവും ഇസ്ലാം ഗാനമെഴുതുമ്പോൾ മുസ്ലീമുമാണ് താനെന്നും ഈ വേദിയിൽ ഏവരെയും അഭിുഖീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളാ കൺവൻഷനെത്തിയ ഏവരെയും ഹൃദയപൂർവം ആദരിക്കുന്നുവെന്ന് പുതുവൽസരാശംസകൾ നേർന്നുകൊണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. കർമഭൂമിയിൽ കഠിനാധ്വാനത്തിലൂടെ നേടിയ ജീവിത വിജയം ജൻമനാടുമായി പങ്കുവയ്ക്കാൻ കാട്ടുന്ന മനോഭാവമാണ് ഫോമായുടെ ശക്തിയെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു.
അംഗബലത്തിലും കർമ ശേഷിയിലും പൈതൃകത്തിന്റെ കാര്യത്തിലും അമേരിക്കൻ മലയാളികളുടെ ഏറ്റവും കരുത്തുറ്റ സംഘടനയായ ഫോമായുടെ ജനപക്ഷ പ്രവർത്തനങ്ങൾ അനുകരണീയവും മാതൃകാപരവുമാണെന്ന് മോൻസ് ജോസഫ് എം.എൽ.എ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ശ്രീകുമാരൻ തമ്പി, കേരളാ കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര എന്നിവരെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. അമേരിക്കയിൽ ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എയ്രോ കൺട്രോൾസിന്റെ സി.ഇ.ഒ ജോൺ ടൈറ്റസ്, എറിക് ഷൂ കമ്പനിയുടെ സാരഥി വർക്കി എബ്രഹാം, സ്‌പോൺസർമാരായ ബിജു ലോസൺ, ലക്ഷ്മി സിൽക്‌സ്, അച്ചായൻസ് ഗോൾഡ് പ്രതിനിധികൾ എന്നിവരും ആദരിക്കപ്പെട്ടു. ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷൻ ഫോറത്തിന്റെ മലയാള ഭാഷാ പരിപോഷണ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഹ്യൂസ്റ്റൺ ജനറൽസ് കൺവൻഷൻ വേദിയിലെത്തി.
മലയാള ഭാഷാ പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്ന കേരളത്തിലെ മികച്ച രണ്ട് സ്‌കൂളുകൾക്കുള്ള സഹായധനം നൽകി. ധനസഹായം സ്‌പോൺസർ ചെയ്തത് അമേരിക്കയിലെ നാഷണൽ ക്രിക്കറ്റ് ലീഗിലെ പ്രധാന ടീമുകളിലൊന്നായ ഹ്യൂസ്റ്റൺ ജനറൽസാണെന്ന് ലാംഗ്വേജ് & എഡ്യൂക്കേഷൻ ഫോറത്തിന്റെ ചെയർ സാമുവൽ മത്തായി പറഞ്ഞു.
ജോഫിൻ സെബാസ്റ്റ്യൻ, പ്രവീൺ വർഗീസ് എന്നിവരാണ് ഹൂസ്റ്റൺ ജനറൽസിന് നേതൃത്വം നൽകുന്നത്.
ഡോ. കെ.എം ചെറിയാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രിവിലേജ് കാർഡ് ഫോമാ വിമൻസ് ഫോറം മുൻ ചെയർ പേഴ്‌സൺ ഡോ. സാറാ ഈശോ പ്രസിഡന്റ് ബേബി മണക്കുന്നേലിന് കൈമാറി. ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ സംഘടനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
മുൻ പ്രസിഡന്റുമാരായ ബേബി ഊരാളിൽ ഡോ. ജേക്കബ് തോമസ്, അനിയൻ ജോർജ്, ഐ.പി.സി.എൻ.എ പ്രസിഡന്റ് രാജു പള്ളത്ത്, സാജ് ഗ്രൂപ്പിന്റെ എം.ഡി സാജൻ വർഗീസ് ജീവകാരുണ്യ പ്രവർത്തകനും ഓർമ വില്ലേജിന്റെ സാരഥിയുമായ ജോസ് പുന്നൂസ്, മാത്യു വർഗീസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഫോമായുടെ ജനറൽ സെക്രട്ടറി ബൈജു വർഗീസ് സ്വാഗതമാശംസിച്ചു. 2.5 മില്യൺ ഡോളറിന്റെ കരുത്തുമായാണ് ഫോമായുടെ ഈ ഭരണസമിതി പ്രവർത്തനമാരംഭിച്ചതെന്ന് ട്രഷറർ സിജിൽ പാലയ്ക്കലോടി വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവരും സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പോൾ ജോസ് കൃതജ്ഞത പ്രകാശിപ്പിച്ചു. സമ്മേളനത്തിന് ശേഷം ഫാഷൻ ഷോ, കോമഡി ഷോ, സംഗീത പരിപാടി എന്നിവ അരങ്ങേറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
